സൃഷ്ടി ഒരു സ്രഷ്ടാവിനെ സൂചിപ്പിക്കുന്നു
ഓരോ പൂന്തോട്ടത്തിനും ഒരു തോട്ടക്കാരനുണ്ട്; ഓരോ ഘടികാരത്തിനും അത് നിർമ്മിച്ച ഒരു ശില്പിയുണ്ട്; ഓരോ രൂപകല്പനയ്ക്കു പിന്നിലും ഒരു രൂപകല്പനാകർത്താവുണ്ട്. ഒരു ഡിസൈൻ ഉണ്ടെങ്കിൽ അതിനൊരു ഡിസൈനർ ഉണ്ടെന്നത് ഏവരും അംഗീകരിക്കുന്ന സത്യമാണ്. അതുപോലെ, ഈ സൃഷ്ടി അതിന്റെ സ്രഷ്ടാവായ സർവ്വേശ്വരനെ വെളിപ്പെടുത്തുന്നു. ഈ പ്രപഞ്ചവും അതിലുള്ള സകലതും അതിവിശിഷ്ടമായ രീതിയിലാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഇത് പരമോന്നതനായ ഒരു നിയന്താവിന്റെ, അതായത് ഭഗവാന്റെ അസ്തിത്വത്തെയാണ് വ്യക്തമാക്കുന്നത്.
ഭൂമി സൂര്യനിൽ നിന്ന് കൃത്യമായ അകലത്തിലാണ് സ്ഥിതിചെയ്യുന്നത്. ഭൂമി സൂര്യനിൽ നിന്ന് കുറച്ചുകൂടി അകലെയായിരുന്നെങ്കിൽ നാമെല്ലാം തണുത്തുറഞ്ഞുപോയേനെ; കുറച്ചുകൂടി അടുത്തായിരുന്നെങ്കിൽ നാമെല്ലാം വെന്തുരുകിയേനെ. സൂര്യനിൽ നിന്നുള്ള ഭൂമിയുടെ സ്ഥാനത്തിൽ നേരിയൊരു വ്യത്യാസം വന്നാൽപോലും ഭൂമിയിലെ ജീവന്റെ നിലനിൽപ്പ് അസാധ്യമായിത്തീരും. മണിക്കൂറിൽ 67,000 (mph) മൈലോളം വേഗതയിൽ സൂര്യനെ വലംവെക്കുമ്പോഴും ഭൂമി സൂര്യനിൽ നിന്നുള്ള ഈ കൃത്യമായ അകലം നിലനിർത്തുന്നു. തന്നെയുമല്ല, ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നതുകൊണ്ടാണ് ഭൂതലമാകെ ദിനംപ്രതി യഥാക്രമം ചൂടുപിടിക്കുന്നതിനും തണുക്കുന്നതിനും സാധിക്കുന്നത്.
നമ്മുടെ ശരീരത്തിലെ ഓരോ അവയവവും ഒരു കമ്പ്യൂട്ടറിനേക്കാൾ സങ്കീർണ്ണവും അതിവിശിഷ്ടവുമാണ്
ഒരു കമ്പ്യൂട്ടറിന് സ്വയം രൂപപ്പെടാൻ കഴിയില്ലെങ്കിൽ, ഇത്രയേറെ സങ്കീർണ്ണമായ അവയവങ്ങളുടെ പൂർണ്ണമായ സമാഹാരമായ ഒരു ശരീരം എങ്ങനെ യാദൃച്ഛികമായി ഉണ്ടാകും?
ഗ്രഹങ്ങൾ എങ്ങനെയാണ് പൂർണ്ണമായ ക്രമത്തിൽ അന്തരീക്ഷത്തിൽ നിലനിൽക്കുന്നത്?
സൂര്യൻ എങ്ങനെയാണ് പ്രപഞ്ചത്തിലുടനീളം എല്ലാ ദിശകളിലേക്കും പ്രകാശം പരത്തുന്നത്? ഭൂമിയിലെ ജീവജാലങ്ങൾ എങ്ങനെയാണ് വളരുന്നതും ജനിക്കുന്നതും? നാം ഭക്ഷണം കഴിക്കുമ്പോൾ അത് എങ്ങനെയാണ് ദഹിക്കുന്നത്? നാം തിരിയുന്നിടത്തെല്ലാം ഭഗവാൻ തന്റെ അദ്ഭുതങ്ങൾ നമുക്ക് കാട്ടിത്തരുന്നുണ്ട്. ജീവിതം ഈശ്വരന്റെ അദ്ഭുതങ്ങളാൽ സമൃദ്ധമാണ്; എന്നാൽ അത് കാണാൻ കഴിയാത്തവിധം നാം അന്ധരായിപ്പോയിരിക്കുന്നു. ഒരു കുട്ടി വളരുന്നു എന്നത് തന്നെ ഒരു അദ്ഭുതമാണ്. ഭക്ഷണം കഴിക്കുമ്പോൾ അവന് എങ്ങനെ ഊർജ്ജം ലഭിക്കുന്നു എന്നതും അദ്ഭുതമാണ്. ഒരു മനുഷ്യനും ഒരിക്കലും ഇത് സൃഷ്ടിക്കാൻ കഴിയില്ല.
ഈ അദ്ഭുതകരമായ കാര്യങ്ങളെല്ലാം സൃഷ്ടിച്ച ഒരു സ്രഷ്ടാവ് തീർച്ചയായും ഉണ്ടായിരിക്കണം.
പ്രപഞ്ചം പ്രകൃതിനിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും, ശാസ്ത്രജ്ഞന്മാർ ഇത്തരം നിയമങ്ങൾ കണ്ടെത്തുക മാത്രമാണ് ചെയ്യുന്നതെന്നും നിരീശ്വരവാദികൾ വാദിച്ചേക്കാം. എന്നാൽ പ്രധാനപ്പെട്ട ചോദ്യമിതാണ്: ആരാണ് ഈ നിയമങ്ങൾ ഉണ്ടാക്കിയത്? ആരാണ് ഇവ നടപ്പിലാക്കുന്നത്? റോഡിലെ ട്രാഫിക് സിഗ്നൽ സ്വയം ഉണ്ടാകുന്നതാണോ? ‘ചുവപ്പ്’ എന്നാൽ നിൽക്കണമെന്നും ‘പച്ച’ എന്നാൽ പോകണമെന്നും ആരോ നിശ്ചയിച്ചിട്ടുണ്ടെന്നും, ഈ നിയമങ്ങൾ നടപ്പിലാക്കാൻ ആരെങ്കിലും (പോലീസ്) വേണമെന്നും ഉള്ളത് കേവലമായ സാമാന്യബുദ്ധിയല്ലേ? അതിനാൽ, പ്രപഞ്ചത്തിലെ ഈ ‘പ്രകൃതിനിയമങ്ങൾക്ക്’ പിന്നിൽ സർവ്വജ്ഞനും സർവ്വശക്തനുമായ ഒരു നിയമനിർമ്മാതാവുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.
ഭഗവാന്റെ മഹിമ ദർശിക്കാനുള്ള ദിവ്യദൃഷ്ടി ലഭിക്കുമ്പോൾ, അത് നമ്മുടെ മനസ്സിനെ ഭഗവാനുമായുള്ള പ്രേമപൂർണ്ണമായ ബന്ധത്തിലേക്ക് തിരികെ ആകർഷിക്കുന്നു.

സൃഷ്ടിയിലെ അദൃശ്യമായ നൂൽ
ഒരു മുത്തുമാലയിൽ, മുത്തുകളെല്ലാം അവയെ കോർത്തിരിക്കുന്ന ഒരു നൂലിലാണ് നിലനിൽക്കുന്നത്. ആ നൂൽ നമുക്ക് കാണാൻ കഴിയില്ലെങ്കിലും, മുത്തുകൾ ചിതറിപ്പോകാതെ കൃത്യമായി ക്രമീകരിച്ചിരിക്കുന്നത് കാണുമ്പോൾ തന്നെ അവിടെയൊരു നൂലുണ്ടെന്ന് നാം അറിയുന്നു. അതുപോലെ, ഭഗവാനാണ് ഈ പ്രപഞ്ചത്തിന്റെ അദൃശ്യമായ ആധാരം. അവിടുത്തെ സന്നിധിയാലാണ് എല്ലാ ഗ്രഹങ്ങളും താഴെ വീണുപോകാതെയോ പരസ്പരം കൂട്ടിയിടിക്കാതെയോ അവയുടെ കൃത്യമായ ഭ്രമണപഥങ്ങളിൽ സ്ഥിതിചെയ്യുന്നതും ചലിക്കുന്നതും.
ശ്രീമദ്ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണഭഗവാൻ അരുളിച്ചെയ്യുന്നു:
(ഭഗവദ്ഗീത 7.7)
മത്തഃ പരതരം നാന്യത് കിഞ്ചിദസ്തി ധനഞ്ജയ
മയി സർവ്വമിദം പ്രോതം സൂത്രേ മണിഗണാ ഇവ
“ഹേ ധനഞ്ജയാ, എന്നെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നുമില്ല. മുത്തുകൾ നൂലിൽ കോർത്തിട്ടിരിക്കുന്നതുപോലെ ഇതെല്ലാം എന്നിലാണ് സ്ഥിതിചെയ്യുന്നത്.”
ഭഗവാന്റെ പ്രത്യക്ഷാനുഭവം
ശ്രീമദ് ഭഗവദ്ഗീതയിൽ (11.54) ശ്രീക്രിഷ്ണഭഗവാൻ പറയുന്നു:
“പ്രിയപ്പെട്ട അർജ്ജുനാ, അനന്യമായ ഭക്തിപൂർവ്വമായ സേവനത്തിലൂടെ മാത്രമേ നിന്റെ മുന്നിൽ നിൽക്കുന്ന എന്നെ യഥാതഥമായി മനസ്സിലാക്കാനും പ്രത്യക്ഷമായി ദർശിക്കാനും സാധിക്കൂ. ഈ വഴിയിലൂടെ മാത്രമേ ഒരാൾക്ക് എന്റെ തത്ത്വത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ.”
അതുകൊണ്ട്, ഭഗവാന്റെ പ്രത്യക്ഷാനുഭവവും സാക്ഷാത്കാരവുമാണ് ഈശ്വരന്റെ അസ്തിത്വത്തിനുള്ള ഏറ്റവും വ്യക്തമായ തെളിവ്.
“എനിക്ക് ദൈവത്തെ കാണിച്ചുതരൂ” എന്ന് ആളുകൾ പറയാറുണ്ട്. എന്നാൽ ഭഗവാനെ കാണാനുള്ള കണ്ണുകൾ അവർക്കുണ്ടോ? അവർ അതിന് യോഗ്യരാണോ? കാണാനുള്ള നമ്മുടെ കണ്ണുകളുടെ ശേഷി എന്താണ്? ഇരുട്ടിൽ സ്വന്തം കൈകൾ പോലും നമുക്ക് കാണാൻ കഴിയില്ല. അതിനാൽ, പ്രമാണബദ്ധമായ ആദ്ധ്യാത്മിക മാർഗ്ഗം പിന്തുടർന്ന് ഒരാൾ ആദ്ധ്യാത്മിക ദൃഷ്ടി വളർത്തിയെടുക്കണം. അപ്പോൾ മാത്രമേ ഭഗവാനെ ദർശിക്കാൻ ഒരാൾ യോഗ്യനാകൂ.
ഭഗവാനെ “എല്ലാറ്റിന്റെയും ഉറവിടം” എന്ന് നിർവ്വചിക്കാം. എല്ലാറ്റിനും ഒരു ഉറവിടമുണ്ട്. എന്നാൽ സകലതിന്റെയും ഉറവിടമായി നിലകൊള്ളുന്നവനാണ് ഭഗവാൻ. അവിടുന്ന് സർവ്വകാരണകാരണനാണ്. അവിടുത്തേക്ക് അപ്പുറമായി മറ്റൊരു കാരണവുമില്ല.
ഭഗവാൻ: സൃഷ്ടികർത്താവ്, പരിപാലകൻ, സംഹാരകൻ (Generator, Operator, Destroyer)
പരമോന്നത നിയന്താവ്
സർവ്വജ്ഞൻ – എല്ലാം അറിയുന്നവൻ
സർവ്വശക്തൻ – സർവ്വ വല്ലഭൻ
സർവ്വവ്യാപി – എങ്ങും നിറഞ്ഞുനിൽക്കുന്നവൻ
– എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദരുടെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലേഖനം.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.