ലക്ഷ്മീദേവി ഐശ്വര്യദേവതയാണോ?
ചോദ്യം: ഹിന്ദുക്കൾ പണത്തിനും ഐശ്വര്യത്തിനും ലക്ഷ്മീദേവിയെ പൂജിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ഹിന്ദുക്കളും ദരിദ്രരാണ്? എന്തുകൊണ്ട്? (ഇതൊരു അന്യമതവിശ്വാസി ഉയർത്തിയ ചോദ്യമാണ്.)
ഉത്തരം: ഇതിന് പല കാരണങ്ങളുണ്ട്. തങ്ങളുടെ വിശ്വാസം മറ്റുള്ളവരേക്കാൾ ഉദാത്തമാണെന്ന ചിന്തയോടെ അന്യമതസ്ഥർ നൂറ്റാണ്ടുകളോളം ഭാരതത്തെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ ഭാരതത്തിന് അമൂല്യമായ പലതും നഷ്ടമായിട്ടുണ്ട്.
നൂറു വർഷങ്ങൾക്ക് മുൻപ് ഭാരതം സന്ദർശിച്ച ഒരു വിദേശി തൻ്റെ കുറിപ്പുകളിൽ ഭാരതത്തിലെ ദാരിദ്ര്യമില്ലായ്മയെക്കുറിച്ചും ജനങ്ങളുടെ ലളിതവും സന്തുഷ്ടവുമായ ജീവിതത്തെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്.
തുടർച്ചയായി ഉണ്ടായ വിദേശികളുടെ ആക്രമണങ്ങൾ, അതിനുശേഷം ഭാരതത്തിലവർ നടത്തിയ രാജ്യഭരണം, അമൂല്യവസ്തുക്കൾ ഇവിടെ നിന്നും തങ്ങളുടെ നാട്ടിലേക്കു കടത്തൽ, ഇങ്ങനെ നീണ്ടു പോകുന്നു ഭാരതത്തിൻ്റെ ആധുനികകാലചരിത്രം. ഇതെല്ലാം കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി ഭാരതവും ഭാരതീയരും അനുഭവിച്ചിട്ടുള്ളതാണ്. ഇതിൽ ഒട്ടും അതിശയോക്തിയില്ലെന്ന് ചരിത്രം പരിശോധിക്കുന്ന ഏതൊരു നിഷ്പക്ഷമതിക്കും മനസ്സിലാകും.
ബ്രിട്ടീഷുകാർ എങ്ങനെ ചായ സൗജന്യമായി വിതരണം ചെയ്ത് ഇന്ത്യക്കാരെ ചായ അടിമകളാക്കിയെന്നതിനെക്കുറിച്ച് ശ്രീല പ്രഭുപാദർ തന്നെ പറഞ്ഞിട്ടുള്ളത് ഈയവസരത്തിൽ ഓർക്കുന്നു. അപ്രകാരം ഭാരതം ഭരിച്ച വിദേശീയർ, അവർ ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നും വന്ന് തങ്ങളുടെ ആവശ്യാനുസരണം ഇന്ത്യയെ കൊള്ളയടിച്ച ശേഷം മടങ്ങി. ഇതു ചരിത്രപരമായ അവലോകനം, ഇന്ത്യയുടെ സാമ്പത്തിക ദുരവസ്ഥക്ക് ഇതും ഒരു കാരണമെന്ന് ചൂണ്ടിക്കാണിക്കുവാൻ വേണ്ടിയാണ് ഇത്രയും പ്രതിപാദിച്ചത്.
ഇനി ലക്ഷ്മീദേവി ഐശ്വര്യദേവതയാണോ എന്ന ചോദ്യം പരിശോധിക്കാം. തീർച്ചയായും ലക്ഷ്മീദേവി ഐശ്വര്യദേവതയാണ്, ലക്ഷ്മീദേവിയെ ആരാധിക്കുന്നവർക്ക് ലക്ഷ്മി അഥവാ ധനം ലഭിക്കുന്നുമുണ്ട്. പക്ഷേ, ലക്ഷ്മീദേവിയെ യഥാവിധി ആരാധിക്കേണ്ടതുണ്ട്. ലക്ഷ്മീദേവിയെ ആരാധിക്കുന്നത് പൊതുവേ മാനസികമായ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ്. വൈദികശാസ്ത്രങ്ങൾക്കനുസൃതമായ ആരാധനയല്ല പൊതുവേ ആളുകൾ പിൻതുടരുന്നത്. ആയതിനാൽ തന്നെ ഫലവും ലഭിക്കുന്നില്ല.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ലക്ഷ്മീദേവിയുടെ അനുഗ്രഹം ഭൗതികമായ ഐശ്വര്യത്തിൻ്റെ തലത്തിലല്ല, മറിച്ച് ആദ്ധ്യാത്മികമായ ഐശ്വര്യത്തിൻ്റെ തലത്തിലാണ്. ആധ്യാത്മികമായ ഐശ്വര്യത്തിനും പുരോഗതിക്കുമുള്ള അവസരം ഇന്നും ഭാരതത്തിൽ നിലവിലുണ്ട്, അതു സുലഭവുമാണ്. അതുകൊണ്ടു തന്നെയാണ് ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നും ആളുകൾ ആദ്ധ്യാത്മികമായ ഐശ്വര്യവും ഉന്നമനവും തേടി ഇന്ത്യയിലേക്ക് ഇന്നും വരുന്നത്. വൃന്ദാവനത്തിലോ ഹരിദ്വാറിലോ പോയാൽ ആയിരക്കണക്കിന് സന്ദർശകരെ കാണാം, അവരെല്ലാം എന്തിനാണ് വരുന്നത്? ആത്മീയമൂല്യങ്ങൾ തേടിയാണ് അവർ വരുന്നത്, അവർക്കത് ലഭിക്കുന്നുമുണ്ട്. ആകയാൽ ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ലഭ്യമാകുന്ന ഐശ്വര്യം ആത്യന്തികമായി ആത്മീയസ്വഭാവമുള്ളതാണ്.
ഭൗതികമായ ദാരിദ്ര്യത്തിനുമപ്പുറം ആത്മീയമായ ഐശ്വര്യം ഭാരതത്തിൽ ഇന്നും സുലഭമാണെന്നതിൻ്റെ തെളിവാണ് ഇന്നും അതും തേടിയുള്ള, വിദേശികളുടെ ഭാരതസന്ദർശനം.
ധർമാർത്ഥകാമമോക്ഷത്തിൻ്റെ പാതയെക്കുറിച്ച് വൈദികസാഹിത്യത്തിലും പ്രതിപാദ്യങ്ങളുണ്ട്. ധാർമികമായ ചര്യകളിലൂടെ അർഥസമ്പാദനത്തിനുള്ള വഴി വേദങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതു ശരിയായി അവലംബിക്കുന്നപക്ഷം അർത്ഥസമ്പാദനം സാധ്യമാണ്. അതിൽ സംശയം വേണ്ട.
മറിച്ച് ലക്ഷ്മീദേവിയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതിന് താത്ത്വികമായ സാധൂകരണമില്ല. സാമൂഹികവും ചരിത്രപരവുമായ വിശകലനത്തിലൂടെയോ അല്ലെങ്കിൽ വൈദികശാസ്ത്രങ്ങളുടെ അവലോകനത്തിൽക്കൂടെയോ പരിശോധിക്കുമ്പോൾ മേൽപ്പറഞ്ഞ ആരോപണത്തിൻ്റെ മുനയൊടിയുന്നതായി കാണാം. മാത്രമല്ല, ദരിദ്രാവസ്ഥയും തുടരെയുള്ള ആക്രമണങ്ങളും കൊള്ളയുമെല്ലാം നേരിട്ട ശേഷവും ഭാരതവും ഭാരതീയരും സാമ്പത്തികമായി പുരോഗമിക്കുന്നുവെന്നതു തന്നെ ലക്ഷ്മീദേവിയുടെ കടാക്ഷമായി കാണാം എന്ന മറുപടിയും നൽകാൻ കഴിയും.
ഉറവിടം – ഭഗവദ് ദർശനം, ഒക്ടോബർ 2015
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆