ഭഗവാൻ്റെ ദിവ്യനാമങ്ങളുടെ ശ്രവണമാണ് (കേൾവി) ഭക്തിയുതസേവനത്തിൻ്റെ ആരംഭം. ഒമ്പത് പ്രക്രിയകളിൽ ഏതെങ്കിലുമൊന്ന് പര്യാപ്തമാണെങ്കിൽപോലും കാലാനുക്രമത്തിലുളള ചിട്ടപ്രകാരം ശ്രവണമാണ് തുടക്കം. തീർച്ചയായും അത് അത്യാവശ്യമാണ്. ഭഗവാൻ ശ്രീ ചൈതന്യ മഹാപ്രഭുവിനാൽ പ്രാമാണികമായി പ്രഖ്യാപിക്കപ്പെട്ടതുപോലെ, ചേതോ-ദർപ്പണ-മാർജനം: ഭഗവാൻ്റെ ദിവ്യനാമ കീർത്തനത്തിലൂടെ ഭൗതികപ്രകൃതിയുടെ ദുർഗുണങ്ങൾ ഹേതുവായുള്ള ജീവിതത്തിന്റെ ഭൗതിക സങ്കല്പങ്ങളിൽ നിന്ന് ഒരുവൻ ശുദ്ധീകരിക്കപ്പെടും. ഒരുവൻ്റെ ഹൃദയമാലിന്യങ്ങൾ നീക്കപ്പെടുമ്പോൾ അവന് ഭഗവാൻ്റെ രൂപം സാക്ഷാത് കരിക്കാൻ കഴിയും – ഈശ്വരഃ പരമഃ കൃഷ്ണഃ സച്ചിദാനന്ദവിഗ്രഹഃ അപ്രകാരം ദിവ്യനാമ ശ്രവണത്തിലൂടെ ഭഗവാൻ്റെ വ്യക്തിഗതരൂപം മനസ്സിലാക്കാൻ കഴിയുന്ന തലത്തിലേക്ക് വരാൻ സാധിക്കും. ഭഗവാന്റെ രൂപം സാക്ഷാത്കരിച്ചു കഴിഞ്ഞാൽ അവന് ഭഗവാൻ്റെ അതീന്ദ്രിയ ഗുണങ്ങളും, അതീന്ദ്രിയ ഗുണങ്ങൾ സാക്ഷാത്കരിച്ചു കഴിഞ്ഞാൽ ഭഗവാന്റെ സഹചാരികളെ മനസ്സിലാക്കാനും സാധിക്കും. ഈ രീതിയിൽ ഭഗവാനെ മനസ്സിലാക്കുന്നതിലേക്ക് അധികമധികം പുരോഗതി പ്രാപിക്കുന്ന ഭക്തൻ തന്റെ ഉണർവിനനുസരിച്ച് അദ്ദേഹത്തിൻ്റെ ദിവ്യനാമം, അതീന്ദ്രിയ രൂപവും ഗുണങ്ങളും, അനുസാരികൾ – അദ്ദേഹത്തെ സംബന്ധിച്ചുള്ള എന്തും – സാക്ഷാത്കരിക്കും. അതുകൊണ്ട് ശ്രവണം കീർത്തനം വിഷ്ണോഃ കാലാനു ക്രമത്തിലുളള പ്രക്രിയയാകുന്നു. കീർത്തനത്തിലും സ്മരണത്തിലും ഇതേ കാലാനുക്രമ ചിട്ട ശരിയാണ്. ദിവ്യനാമം, രൂപം, ഗുണങ്ങൾ, അനുസാരികൾ എന്നിവകളുടെ കീർത്തനങ്ങൾ ഒരു വിശുദ്ധ ഭക്തൻ്റെ മുഖത്തു നിന്ന് ശ്രവിക്കുമ്പോൾ ഒരുവൻ്റെ ശ്രവണവും കീർത്തനവും തൃപ്തികരമാവും. ഒരു ഭക്തന്റെയോ, കൃത്രിമ ഭക്തൻ്റെയോ കീർത്തനം ഒരിക്കലും ശ്രവിക്കരുതെന്ന് ശ്രീല സനാതന ഗോസ്വാമി നമ്മെ വിലക്കുന്നു.
ശ്രീമദ്ഭാഗവതത്തിൽ നിന്നുള്ള ശ്രവണം, ശ്രവണപ്രക്രിയയിൽ ഏറ്റവും പ്രധാനപ്പെട്ടതായി പരിഗണിക്കപ്പെടുന്നു. ശ്രീമദ്ഭാഗവതം ദിവ്യനാമത്തിന്റെ ദിവ്യമായ കീർത്തനങ്ങൾ നിറഞ്ഞതാകയാൽ, ശ്രീമദ്ഭാഗവതത്തിന്റെ ശ്രവണകീർത്തനങ്ങൾ പൂർണമായും അതീന്ദ്രിയ പക്വതയും സ്നിഗ്ധതയും തികഞ്ഞവയാണ്. ദിവ്യനാമങ്ങളുടെ ശ്രവണകീർത്തനങ്ങൾ ഭക്തന്റെ താത്പര്യമനുസരിച്ചാകാം. ഒരാൾ കൃഷ്ണഭഗവാൻ ദിവ്യനാമം കീർത്തിക്കാൻ താത്പര്യപ്പെടുമ്പോൾ, മറ്റൊരാൾ രാമഭഗവാന്റെയും വേറൊരാൾ നരസിംഹദേവൻ്റെയും ദിവ്യനാമം കീർത്തനം ചെയ്യാനായിരിക്കാം ഇഷ്ടപ്പെടുന്നത് (രാമാദി മൂർത്തിഷു കലാനിയമേന തിഷ്ഠൻ). ഭഗവാന് എണ്ണമറ്റ നാമങ്ങളും രൂപങ്ങളുമുണ്ട്. ഭക്തന് തന്റെ ആകർഷണത്തിനനുസരിച്ച് ഏതെങ്കിലുമൊരു പ്രത്യേക രൂപത്തിന്മേൽ ധ്യാനിക്കുകയും കീർത്തിക്കുകയും ചെയ്യാവുന്നതാണ്. ഒരുവൻ തൻ്റെ നിലവാരത്തിലുളള ഒരു പരിശുദ്ധ ഭക്തനിൽ നിന്ന് ദിവ്യനാമരൂപാദികളുടെ കീർത്തനം ശ്രവിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. മറ്റുവാക്കുകളിൽ, കൃഷ്ണനോട് ആകർഷണമുളള ഒരുവൻ കൃഷ്ണനോട് ആകർഷണമുള്ള ഭക്തനിൽ നിന്നു തന്നെ ശ്രവണകീർത്തനങ്ങൾ നേടുന്നതാണ് ഉചിതം. ഇതേ തത്ത്വം രാമനാലും, നരസിംഹദേവനാലും, ഭഗവാൻ്റെ ഇതര രൂപങ്ങളാലും ആകർഷിക്കപ്പെടുന്നവരുടെ കാര്യത്തിലും പ്രായോഗികമാണ്. ഭഗവാൻ്റെ ആത്യന്തിക രൂപം കൃഷ്ണന്റേതാകയാൽ (കൃഷ്ണസ്തു ഭഗവാൻ സ്വയം), കൃഷ്ണന്റെ രൂപത്തോട് പ്രത്യേക ആകർഷണമുളള സാക്ഷാത്കാരം സിദ്ധിച്ച ഭക്തനിൽ നിന്ന് കൃഷ്ണൻ്റെ നാമ, രൂപ, ലീലകൾ ശ്രവിക്കുന്നതാണ് ശ്രേഷ്ഠം. ശ്രീമദ്ഭാഗവതത്തിൽ ശുകദേവ ഗോസ്വാമിയെപ്പോലുളള മഹാഭക്തന്മാർ കൃഷ്ണൻ്റെ നാമ, രൂപ, ലീലകൾ വിശേഷാൽ വർണിച്ചിട്ടുണ്ട്. ഒരുവൻ ഭഗവാന്റെ ദിവ്യനാമം, രൂപം, ഗുണങ്ങൾ എന്നിവകളെക്കുറിച്ച് ശ്രവിക്കാത്ത പക്ഷം അവന് ഭക്തിയുതസേവനത്തിൻ്റെ മറ്റു പ്രക്രിയകൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയുകയില്ല. അതുകൊണ്ട് ഒരുവൻ കൃഷ്ണന്റെ ദിവ്യനാമം കീർത്തനം ചെയ്യുവാൻ ശ്രീ ചൈതന്യ മഹാപ്രഭു ശുപാർശ ചെയ്യുന്നു. പരം വിജയതേ ശ്രീ-കൃഷ്ണ-സങ്കീർത്തനം. ഒരുവന് സാക്ഷാത്കാരം സിദ്ധിച്ച ഒരു ഭക്തന്റെ മുഖത്തു നിന്ന് ശ്രവിക്കാൻ ഭാഗ്യമുണ്ടാകുന്നപക്ഷം ആ വ്യക്തി ഭക്തിയുതസേവന പാതയിൽ വളരെ അനായാസം വിജയം പ്രാപിക്കും. ആകയാൽ ഭഗവാൻ്റെ ദിവ്യനാമം, രൂപം, ഗുണങ്ങൾ എന്നിവയുടെ ശ്രവണം അനിവാര്യമാണ്.
ശ്രീമദ്ഭാഗവതത്തിൽ (1.5.11) ഈ ശ്ലോകം കാണാം:
തദ്-വാഗ്-വിസർഗോ ജനതാഘ-വിപ്ളവോ
യസ്മിൻ പ്രതി-ശ്ലോകം അബദ്ധവതി അപി
നാമാനി അനന്തസ്യ യശോ-fങ്കിതാനി യത്
ശ്രണ്വന്തി ഗായന്തി ഗൃണന്തി സാധവഃ
“അപരിമേയനും അനന്തദേവൻ്റെ നാമ, രൂപ, ഗുണങ്ങൾ വിവരിച്ചിട്ടുളള ശ്ലോകങ്ങൾ സമഗ്ര ലോകത്തിൻ്റെയും പാപഫലങ്ങൾ തുടച്ചു നീക്കാൻ കഴിവുളളവയാണ്. അതിനാൽ അത്തരം സമുചിതമായി ചിട്ടപ്പെടുത്തിയവയല്ലെങ്കിൽ പോലും ഭക്തന്മാർ അവയെ ആധികാരികമായി കരുതി ശ്രവിക്കുകയും വർണിക്കുകയും സ്വീകരിക്കുകയും ചെയ്യണം.” ഒരുപരിശുദ്ധ ഭക്തൻ മറ്റൊരു പരിശുദ്ധ ഭക്തനിൽ നിന്ന് ഭഗവാന്റെ ദിവ്യനാമം, രൂപം, ഗുണങ്ങൾ എന്നിവകളെക്കുറിച്ച് ശ്രവണം ചെയ്ത് പ്രയോജനമുണ്ടാക്കാൻ ശ്രമിക്കണമെന്ന് ഇതു സംബന്ധിച്ച് ശ്രീധര സ്വാമി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം അവസരങ്ങളൊന്നും ലഭിക്കാത്തപക്ഷം അയാൾ സ്വയം ഭഗവാന്റെ ദിവ്യനാമം കീർത്തിക്കുകയും ശ്രവിക്കുകയും ചെയ്യണം.
ശ്രീമദ് ഭാഗവതം 7.5.23-24
തുടരും . . . . . . .
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമരാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆