ശ്രീശ്രീ രാധാദാമോദരന്മാരുടെ മാധുര്യപൂർണ്ണമായ ജുലനലീല
“ഝൂലാ ഝൂലേ രാധാ ദാമോദര വൃന്ദാവൻ മേം
കൈസീ ഛായീ ഹരിയാലീ അലീ കുഞ്ചൻ മേം”
(“വൃന്ദാവനത്തിലെ പുഷ്പിത ലതാഗൃഹങ്ങളിൽ, പച്ചപ്പുനിറഞ്ഞ മനോഹര കുഞ്ചങ്ങളിൽ ശ്രീശ്രീ രാധാദാമോദരന്മാർ പ്രേമപൂർവ്വം ഊഞ്ഞാലാടുന്നു. ഹേ പ്രിയസഖീ, ഈ വൃന്ദാവനഭൂമി എത്രയോ ശോഭായമാനമായിരിക്കുന്നു!”)
ഗ്രീഷ്മത്തിലെ കഠിനമായ ഉഷ്ണത്തിനുശേഷം, ആകാശത്തു കാർമേഘങ്ങൾ തിങ്ങിനിറഞ്ഞ് ഇടിമിന്നലോടു കൂടി വർഷഋതുവിന്റെ വരവറിയിക്കുന്നു. താപമെല്ലാം അകന്ന് കുളിർമഴ പെയ്യാൻ പോകുന്നതിന്റെ ആനന്ദത്തിൽ സർവ്വജീവികളുടെയും ഹൃദയം പുളകം കൊള്ളുന്നു. മയിലുകൾ നൃത്തമാടുന്നു, പക്ഷികൾ കളകൂജനം ചെയ്യുന്നു, വന്യജീവികൾ വാനിൽ നിന്നും പെയ്യുന്ന തണുത്ത മഴത്തുള്ളികളെ പ്രതീക്ഷിച്ച് ആനന്ദനൃത്തം ചെയ്യുന്നു. മഴ പെയ്തിറങ്ങുമ്പോൾ വൃന്ദാവനം വീണ്ടും നവജീവൻ കൈവരിക്കുന്നു.”
മഴവെള്ളത്തിൽ കഴുകി ശുദ്ധമാക്കപ്പെട്ട കാടിന്റെ ശോഭ കണ്ണുകൾക്കും ഹൃദയത്തിനും ഒരുപോലെ കുളിർമ്മയേകുന്നു. വൃക്ഷങ്ങളിൽ പുതിയ തളിരുകളും സുഗന്ധപുഷ്പങ്ങളും വിരിയുന്നു, പൂന്തേൻ നുകരാൻ വണ്ടുകൾ പൂക്കൾക്കു മുകളിൽ മൂളിപ്പറക്കുന്നു. തടാകങ്ങളും സരോവരങ്ങളും നിർമ്മലമായ തണുത്ത ജലത്താൽ നിറയുകയും, അവയിൽ താമരപ്പൂക്കൾ വിരിഞ്ഞ് അന്തരീക്ഷത്തിലാകെ ദിവ്യസുഗന്ധം പരത്തുകയും ചെയ്യുന്നു. തേനറകളിൽ നിന്ന് ഇറ്റിറ്റുവീഴുന്ന ദിവ്യമായ മധു പാനം ചെയ്ത് ഭൃംഗങ്ങൾ ഉന്മത്തരാകുന്നു; വൃക്ഷങ്ങളിൽ തേൻപോലെ മധുരിക്കുന്ന പഴങ്ങൾ സമൃദ്ധമായി തൂങ്ങിനിൽക്കുന്നു. ഇപ്രകാരം, രാധികാരമണന്റെ ലീലാരംഗമായ അത്യന്തം മനോഹരമായ വൃന്ദാവനകാടുകൾ വർഷഋതുവിൽ അതീവ ശോഭയോടെ വിളങ്ങുന്നു; ഇത് വ്രജത്തിലെ ലതാഗൃഹങ്ങളിൽ ദിവ്യലീലകൾ ആസ്വദിക്കാൻ കൃഷ്ണനിലും ഗോപികമാരിലും കൗതുകമുണർത്തുന്നു.
ഭാരതീയ ആചാരപ്രകാരം, വർഷത്തിലെ ഈ വിശേഷസമയത്ത് വിവാഹിതരായ പെൺകുട്ടികൾ തങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ വരുന്ന സഹോദരന്മാർക്കൊപ്പം പിതൃഗൃഹത്തിലേക്ക് പോകുന്നത് പതിവാണ്. ജടിലയുടെയും കുടിലയുടെയും ക്രൂരമായ കണ്ണുവെട്ടിച്ച് ഭഗവാൻ ശ്രീകൃഷ്ണനെ കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ, ശ്രീമതി രാധാറാണി തന്നെ കൂട്ടിക്കൊണ്ടുപോകാനായി ശ്രീദാമൻ വരുമെന്നു കരുതി കാത്തിരിക്കുന്നു. എന്നാൽ വർഷഋതുവിന്റെ തുടക്കത്തിൽ അവൻ വരാതിരിക്കുമ്പോൾ, രാധാറാണി ഉൽക്കണ്ഠാകുലയായി ബർസാനയിൽ നിന്നുള്ള വഴിയിലേക്ക് പ്രതീക്ഷയോടെ നോക്കിനിൽക്കുന്നു. ഒടുവിൽ, ജടിലയെയും കുടിലയെയും പ്രീതിപ്പെടുത്താൻ നാനാവിധ ഉപഹാരങ്ങളുമായി ശ്രീദാമൻ എത്തുമ്പോൾ, “എന്തുകൊണ്ടാണ് ഇത്രയും വൈകിയത്?” എന്ന് ആകുലതയോടെ ചോദിച്ച് രാധാറാണി തന്റെ വിഷമം പങ്കുവെക്കുന്നു. തുടർന്ന്, വൃഷഭാനുമഹാരാജാവിന്റെയും കീർത്തിദാദേവിയുടെയും ഹൃദയത്തിൽ പരമാനന്ദം നിറച്ചുകൊണ്ട് ശ്രീമതി രാധാറാണി സന്തോഷപൂർവ്വം തന്റെ പിതൃഗൃഹത്തിലേക്ക് യാത്രയാകുന്നു.
വൃഷഭാനുപുരത്ത് ശ്രീമതി രാധിക എത്തിച്ചേർന്നതിനുശേഷം, സഖിമാരെല്ലാം കൊട്ടാരത്തിനു ചുറ്റുമുള്ള കാട്ടിലെ കടമ്പമരത്തിൽ മനോഹരമായ ഊഞ്ഞാൽ കെട്ടി ഊഞ്ഞാൽ മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നു. ഭക്തിശാസ്ത്രങ്ങളിൽ വിവിധ തരത്തിലുള്ള ഊഞ്ഞാലുകളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. രാധാശ്യാമസുന്ദരന്മാർ ഒരുമിച്ചിരിക്കുന്ന സാധാരണ ഊഞ്ഞാൽ, ഇരുവരും അഭിമുഖമായിരിക്കുന്ന ഊഞ്ഞാൽ, കൂടാതെ മധ്യത്തിൽ രാധാകൃഷ്ണന്മാരും എട്ടു ദളങ്ങളിൽ അഷ്ടസഖിമാരും ഇരിക്കുന്ന വിശേഷപ്പെട്ട പത്മരൂപത്തിലുള്ള ഊഞ്ഞാൽ എന്നിവ അവയിൽ ചിലതാണ്. ഇപ്രകാരം സഖിമാർ ഉൽസവത്തിനായി പലവിധ സജ്ജീകരണങ്ങൾ ചെയ്യുന്നു. കൃഷ്ണൻ സങ്കേതസ്ഥലത്ത് എത്തുമ്പോൾ, സഖിമാർ ശ്രീമതി രാധികയോട് ഊഞ്ഞാലിൽ ഇരിക്കാൻ അഭ്യർത്ഥിക്കുന്നു. ഇതിനെക്കുറിച്ച് പ്രശസ്തമായ ഒരു വ്രജവാസി ഭജനയുണ്ട്:
“രാധേ ഝൂലനാ പധാരോ ഝുക ആയേ ബദരാ
ഝുക ആയേ ബദരാ, ഗിര ആയേ ബദരാ”
(“ഹേ രാധേ, അങ്ങ് എഴുഴുന്നള്ളി ഊഞ്ഞാലിൽ ഇരുന്നരുളിയാലും. ആകാശത്ത് മഴമേഘങ്ങൾ തിങ്ങിനിറഞ്ഞു താണുനിൽക്കുന്നു.”)
ഗോപിമാരായ സഖിമാരുടെ അഭ്യർത്ഥന സ്വീകരിച്ച്, രാസേശ്വരിയായ ശ്രീമതി രാധിക രത്നഖചിതവും പുഷ്പാലംകൃതവുമായ ഊഞ്ഞാലിൽ എഴുന്നള്ളിയിരിക്കുന്നു; രസരാജനായ ശ്രീകൃഷ്ണൻ ഊഞ്ഞാൽ ആട്ടുവാൻ തുടങ്ങുന്നു. അത്യന്തം മനോഹരിയായ രാധാറാണിയെ ആലിംഗനം ചെയ്യണമെന്ന ആഗ്രഹത്താൽ ശ്രീകൃഷ്ണൻ അതിവേഗത്തിൽ ഊഞ്ഞാൽ ആട്ടുന്നു. ഭയം കൊണ്ട് രാധാറാണി കൃഷ്ണനെ വിളിക്കുന്നു; കൃഷ്ണൻ ഉടൻ തന്നെ ഊഞ്ഞാലിലേക്ക് കയറുന്നു. തൽക്ഷണം ശ്രീമതി രാധിക ഭഗവാനെ ഗാഢമായി ആലിംഗനം ചെയ്യുകയും അവിടുന്ന് ദിവ്യമായ പരമാനന്ദസാഗരത്തിൽ ആറാടുകയും ചെയ്യുന്നു. തന്റെ പ്രാണനാഥയുടെ ആലിംഗനം നേടാനായി ശ്രീഹരി പ്രയോഗിക്കുന്ന ഈ ഉപായങ്ങൾ കണ്ട് സഖിമാരെല്ലാം അത്യധികം ആനന്ദിക്കുന്നു.
വൃന്ദാവനത്തിലെ നിത്യയൗവനയുക്തരായ ഈ ദിവ്യദമ്പതികളുടെ അപൂർവ്വ ലീലാമൃതങ്ങൾ സ്മരിച്ചുകൊണ്ട്, വൃന്ദാവനത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളുടെ പ്രീതിക്കായി മനോഹരമായ ജൂലൻ (ഊഞ്ഞാൽ) സജ്ജീകരിക്കുന്നു.
ഭക്തർക്ക് ദിവ്യദമ്പതികളെ ഊഞ്ഞാലാട്ടി സേവിക്കാനുള്ള ഭാഗ്യം ലഭിക്കുന്നു. ജഗന്നാഥപുരിയിലും ക്ഷേത്രത്തിലെ ഉത്സവമൂർത്തിയായ ശ്രീ മദനമോഹനനെ പുറത്തേക്ക് എഴുന്നള്ളിച്ച് അലങ്കരിച്ച ഊഞ്ഞാലിൽ ഇരുത്തി ആട്ടിയാരാധിക്കുന്നു.
ഇസ്കോൺ വൃന്ദാവനിൽ ഈ മഹോത്സവം ശ്രാവണമാസത്തിൽ (കർക്കടകം-ചിങ്ങം), ശുക്ലപക്ഷ ഏകാദശി മുതൽ ബലരാമപൂർണ്ണിമ വരെ അഞ്ചുദിവസം ഭക്തിസാന്ദ്രമായി ആഘോഷിക്കുന്നു. വിഗ്രഹങ്ങളുടെ മനോഹരമായി അലങ്കരിച്ച ഊഞ്ഞാൽ മുറ്റത്തേക്ക് എഴുന്നള്ളിക്കുന്നു. ശ്രീശ്രീ രാധാശ്യാമസുന്ദരന്മാരും ലളിതാ-വിശാഖാ സഖിമാരും ഭക്തരുടെ ഹൃദയപൂർവ്വമായ ഊഞ്ഞാൽസേവ സ്വീകരിക്കുന്നു. ഭക്തർ ഭഗവാന്റെ പ്രീതിക്കായി നാനാവിധ ദിവ്യഭോജ്യങ്ങൾ സമർപ്പിക്കുകയും, ഊഞ്ഞാലിൽ വിശ്രമിക്കുന്ന ഭഗവാന് ആരതി ഉഴിയുകയും ചെയ്യുന്നു. ഭക്തരും തീർത്ഥാടകരും ഒന്നൊന്നായി വന്ന് ഭഗവാനെ ഊഞ്ഞാലാട്ടുന്നു. ഈ സമയത്തെല്ലാം നിർത്താതെയുള്ള ഹരിനാമസങ്കീർത്തനം അന്തരീക്ഷത്തെ അലൗകികമാക്കുകയും, മുഴുവൻ ദൃശ്യവും ആത്മീയലോകത്തിലേക്കുള്ള ഒരു ജാലകം പോലെ അനുഭവപ്പെടുകയും ചെയ്യുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.