കൃഷ്ണന്റെ അഘാസുരവധമെന്ന ലീലയാണ് ഈ അധ്യായത്തിൽ വിസ്തരിച്ചു വർണിക്കുന്നത്.
ഒരു ദിവസം കൃഷ്ണൻ വനഭോജനമാസ്വദിക്കണമെന്നാഗ്രഹിച്ച് ഗോപബാലകന്മാരും അവരുടെ കാലിക്കൂട്ടങ്ങളുമായി അതികാലത്തെ കാട്ടിനുള്ളിലേയ്ക്ക് പോയി. അവരുടെ കാനനഭോജനാഘോഷത്തിനിടയിലേയ്ക്ക് കൃഷ്ണനെയും കൂട്ടരെയും വധിക്കാനാഗ്രഹിച്ച് പൂതനയുടെയും ബകാസുരൻ്റെയും ഇളയസഹോദരനായ അഘാസുരൻ കടന്നുവന്നു. കംസൻ പറഞ്ഞയച്ച ഈ അസുരൻ ഒരു പെരുമ്പാമ്പിൻ്റെ രൂപമെടുത്തു. അപ്പോഴവന് എട്ടുമൈൽ നീളവും ഒരു പർവ്വതത്തിൻ്റെ ഉയരവുമുണ്ടായിരുന്നു. അവൻ്റെ വായ് ഭൂതലം തൊട്ട് സ്വർഗതലം വരെ വ്യാപിച്ചിരുന്നതായി തോന്നിച്ചു. എന്നിട്ടവനങ്ങനെ വനപാതയിൽ കിടന്നു. വൃന്ദാവനത്തിലെ മനോഹരമായ ഇടമാണിതെന്ന് കൃഷ്ണൻ്റെ കൂട്ടുകാരായ ഗോപബാലന്മാർ കരുതി. അങ്ങനെ ഈ ഭീമാകാരനായ പെരുമ്പാമ്പിൻ്റെ വായ്ക്കുള്ളിൽ പ്രവേശിക്കാൻ അവർക്കാഗ്രഹം ഉണ്ടായി. ആ പെരുമ്പാമ്പിൻ്റെ ഭീമാകാരം പുണ്ടരൂപം അവർക്ക് ചിരിച്ച് കളിച്ച് രസിക്കാനൊരിടമായി. ഇതിലെന്തെങ്കിലും അപകടമുണ്ടെങ്കിൽ തന്നെ കൃഷ്ണനുണ്ടല്ലോ തങ്ങളെ രക്ഷിക്കാൻ എന്ന വിശ്വാസത്തോടെ അവർ ആ ഭീമസർപ്പത്തിൻ്റെ വായ്ക്കുള്ളിലേയ്ക്ക് നീങ്ങി.
അഘാസുരനെക്കുറിച്ച് സർവ്വവുമറിയുന്ന കൃഷ്ണന് അസുരൻ്റെ വായിൽ കടക്കുന്നതിൽ നിന്ന് കൂട്ടുകാരെ തടയണമെന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും എല്ലാ ഗോപബാലന്മാരും അവരുടെ കാലിക്കിടാങ്ങളും ആ ഭീമരൂപത്തിൻ്റെ വായ്ക്കുള്ളിൽ കടന്നു കഴിഞ്ഞിരുന്നു. പുറത്തു നിൽക്കുന്ന കൃഷ്ണൻ കൂടി ഉള്ളിൽ കടന്നുകഴിഞ്ഞാൽ വായ് അടയ്ക്കാമെന്നും അങ്ങനെ എല്ലാവരുടെയും കഥ കഴിക്കാമെന്നും കാത്ത് അഘാസുരൻ കിടന്നു. കൃഷ്ണനെ പ്രതീക്ഷിച്ച് കുട്ടികളെ വിഴുങ്ങാതെ കാക്കുകയായിരുന്നു അവൻ. എങ്ങനെ കുട്ടികളെ രക്ഷിച്ച് ഇവനെ കൊല്ലാമെന്നാണ് കൃഷ്ണൻ ചിന്തിച്ചുകൊണ്ടിരുന്നത്. കൃഷ്ണൻ അഘാസുരൻ്റെ വായിൽ കടന്ന് കുട്ടികളോടൊപ്പമായിക്കഴിഞ്ഞപ്പോൾ സ്വയം വികസിക്കാൻ തുടങ്ങി. അഘാസുരൻ ശ്വാസം മുട്ടിച്ചാവും വരെ അതുതുടർന്നു. അഘാസുരൻ മരണമടഞ്ഞപ്പോൾ കൃഷ്ണൻ അമൃതോപമമായ തൻ്റെ കടാക്ഷം കുട്ടികൾക്കു മേൽ ചൊരിഞ്ഞ് അവരെ ജീവിപ്പിച്ച് ഒരു പരിക്കുമില്ലാതെ സന്തോഷത്തോടുകൂടി അവർ പുറത്തുവന്നു. ഇങ്ങനെ കൃഷ്ണൻ ദേവന്മാരെയൊക്കെ ഉത്തേജിപ്പിക്കുകയും അവർ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. വക്രബുദ്ധിയും പാപിയുമായ ഒരുവന് സായുജ്യമുക്തി അഥവാ കൃഷ്ണൻ്റെ തേജസ്സിൽ അലിഞ്ഞു ചേരുക എന്നത് സാധാരണഗതിയിൽ സാദ്ധ്യമല്ല. പക്ഷേ പരമദിവ്യോത്തമപുരുഷൻ അഘാസുരൻ്റെ ശരീരത്തിൽ പ്രവേശിച്ച് ആ സ്പർശം ലഭിച്ചതുമൂലം അവന് ബ്രഹ്മജ്യോതിസ്സിൽ അലിഞ്ഞ് സായുജ്യമുക്തി ലഭിക്കാൻ അവസരം ലഭിച്ചു.
ഈ ലീല നടക്കുമ്പോൾ കൃഷ്ണന് അഞ്ചുവയസ്സേ ഉണ്ടായിരുന്നുള്ളൂ. ഒരു വർഷത്തിനു ശേഷം ആറുവയസ്സ് തികഞ്ഞ് ഭഗവാൻ പൗഗണ്ഡകാലഘട്ടത്തിൽ പദമൂന്നിയപ്പോഴാണ് വ്രജവാസികൾ ഈ സംഭവത്തെക്കുറിച്ചറിഞ്ഞത്. ഇതു കേട്ട പരിക്ഷിത്ത് മഹാരാജാവ് ചോദിക്കുന്നു, “ഒരു വർഷത്തിനുശേഷം മാത്രമാണ് ഇക്കഥ കേട്ടതെങ്കിൽ അതേ ദിവസം തന്നെയാണ് അതു നടന്നതെന്ന് വ്രജവാസികൾക്കു തോന്നിയതെന്തുകൊണ്ട് ?” ഈ ചോദ്യത്തോടു കൂടി പന്ത്രണ്ടാം അധ്യായം അവസാനിക്കുന്നു.
ശ്രീല ഭക്തിവിനോദ ഠാക്കൂർ തന്റെ ചൈതന്യ ശിക്ഷാമൃതത്തിൽ അഘാസുരനെ സാധുജനങ്ങളോടുള്ള അക്രമത്തോടും ക്രൂരതയോടും ഉപമിച്ചിരിക്കുന്നു.
ശ്രീമദ് ഭാഗവതം 10.12
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆