സാലോക്യസാർഷ്ടി സാമീപ്യസാരുകത്വമപുത
ദീയമാനം ന ഗൃഹ്ണന്തി വിനാമത്സേവനം ജനാഃ
വിവർത്തനം
ഒരു പരിശുദ്ധ ഭക്തൻ ഏതു തരത്തിലുള്ള മുക്തിയും – സാലോക്യം, സാർഷ്ടി, സാമീപ്യം, സാരൂപ്യം, ഏകത്വം പരമദിവ്യോത്തമപുരുഷനായ ഭഗവാൻ വാഗ്ദാനം നൽകിയാൽപ്പോലും സ്വീകരിക്കില്ല.
ഭാവാർത്ഥം
നൈസർഗികമായ ഭക്തിയിൽ നിന്ന് പരമദിവ്യോത്തമപരുഷനായ ഭഗവാനുവേണ്ടിയുള്ള ഭക്തിയുതസേവനം നിർവഹിക്കുന്നത് എങ്ങനെയെന്ന് ചൈതന്യ ഭഗവാൻ നമ്മെ പഠിപ്പിക്കുന്നു. ശിക്ഷാഷ്ടകത്തിൽ അദ്ദേഹം ഭഗവാനോട് പ്രാർത്ഥിക്കുന്നു: “ഓ ഭഗവാനേ, ഞാൻ അങ്ങയിൽ നിന്ന് എന്തെങ്കിലും സമ്പത്ത് നേടാൻ ആഗ്രഹിക്കുന്നില്ല, അല്ലെങ്കിൽ സുന്ദരിയായ ഭാര്യയെ വേണമെന്നാഗ്രഹിക്കുന്നില്ല, അതുമല്ലെങ്കിൽ ധാരാളം അനുയായികളെ വേണമെന്നാഗ്രഹിക്കുന്നില്ല. ഓരോ ജീവിതം കഴിയുമ്പോഴും അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഒരു പരിശുദ്ധ ഭക്തനായി തുടരണമെന്നു മാത്രമാണെന്റെ ആഗ്രഹം.” ചൈതന്യ ഭഗവാൻ്റെ പ്രാർത്ഥനകളും ശ്രീമദ്ഭാഗവതത്തിലെ പ്രസ്താവനകളും തമ്മിൽ സാമ്യമുണ്ട്. ഒരു ഭക്തൻ ജനിമൃതികളുടെ ആവർത്തന ചക്രങ്ങളുടെ വിരാമം പോലും ആഗ്രഹിക്കുന്നില്ലെന്നാണ്, ഓരോ ജീവിതം കഴിയുമ്പോഴുമെന്ന ചൈതന്യ ഭഗവാൻ്റെ പ്രാർത്ഥന സൂചിപ്പിക്കുന്നത്. യോഗികളും സൈദ്ധാന്തിക തത്ത്വജ്ഞാനികളും ജനനമരണ പ്രക്രിയയുടെ ആവർത്തനത്തിന് വിരാമം ആഗ്രഹിക്കുമ്പോൾ, ഒരു ഭക്തൻ ഭക്തിയുതസേവന നിർവഹണത്തിനുവേണ്ടി ഈ ഭൗതികലോകത്തിൽ തുടരുന്നതിൽപ്പോലും സംതൃപ്തനാകുന്നു.
അവ്യക്തിഗതവാദികളും, മാനസികാഭ്യൂഹികളും, ധ്യാനികളും ആഗ്രഹിക്കുന്നതുപോലെ ഒരു പരിശുദ്ധ ഭക്തൻ പരമോന്നതനായ ഭഗവാനുമായി ഏകീഭവിക്കാൻ, ഒന്നാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇവിടെ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. പരിശുദ്ധനായ ഭക്തനെ സംബന്ധിച്ച് പരമോന്നതനായ ഭഗവാൻ്റെ ഒപ്പമെത്തുകയെന്നത് അവൻ്റെ സ്വപ്നത്തിൽപ്പോലും കാണുന്നില്ല. അവൻ ചിലപ്പോൾ വൈകുണ് ഗ്രഹങ്ങളിൽ പരമോന്നതനായ ഭഗവാനെ സേവിക്കുന്നതിന് അവിടങ്ങളിലേക്കുളള സ്ഥാനക്കയറ്റം സ്വീകരിച്ചെന്നു വരാം, പക്ഷേ അവൻ നരകീയമായി പരിഗണിക്കുന്ന ബ്രഹ്മതേജസിൽ അലിഞ്ഞുചേരലിനെ ഒരിക്കലും അംഗീകരിക്കില്ല. അത്തരം ഏകത്വം, അഥവാ പരമോന്നതനായ ഭഗവാന്റെ തേജസിൽ അലിഞ്ഞുചേരൽ കൈവല്യമെന്നു വിളിക്കപ്പെടുന്നു. പക്ഷേ കൈവല്യത്തിൽ നിന്ന് ലഭ്യമാകുന്ന സന്തോഷത്തെ പരിശുദ്ധ ഭക്തൻ നരകതുല്യമായാണ് പരിഗണിക്കുന്നത്. ഭക്തൻ, പരമോന്നതനായ ഭഗവാനുവേണ്ടി ഭക്തിയുതസേവനം നിർവഹിക്കാൻ അത്രമേൽ ആസക്തനാകയാൽ അഞ്ചുതരം മോചനങ്ങൾക്കും പ്രാധാന്യം കൽപിക്കുന്നില്ല. ഒരുവൻ ഭഗവാനുവേണ്ടിയുള്ള പരിശുദ്ധമായ അതീന്ദ്രിയ ഭക്തിയുതസേവനത്തിൽ മുഴുകുന്നപക്ഷം, അവൻ അഞ്ചു തരം മോചനവും നേടിക്കഴിഞ്ഞതായി മനസിലാക്കണം.
ഒരു ഭക്തൻ ആത്മീയലോകത്തിലേക്ക്, വൈകുണ്ഠത്തിലേക്ക് ഉയർത്തപ്പെടുമ്പോൾ അവന് നാലുവിധ സൗകര്യങ്ങൾ ലഭ്യമാകും. പരമോന്നത വ്യക്തി വസിക്കുന്ന അതേ ഗ്രഹത്തിൽ വസിക്കാൻ സാധിക്കുന്ന ‘സാലോക്യ’മാണ് ഇതിലൊന്ന്. പരമോന്നത വ്യക്തി അദ്ദേഹത്തിന്റെ വ്യത്യസ്ത സമഗ്ര വിസ്തരണങ്ങളിൽ എണ്ണമറ്റ വൈകുണ്ഠ ഗ്രഹങ്ങളിൽ ജീവിക്കുന്നു. കൃഷ്ണലോകമാണ് അവയിൽ മുഖ്യഗ്രഹം. ഭൗതികലോകത്തിൽ സൂര്യൻ മുഖ്യ ഗ്രഹമായിരിക്കുന്നതുപോലെ ആത്മീയലോകത്തിൽ കൃഷ്ണലോകമാണ് പ്രധാന ഗ്രഹം.
ആത്മീയലോകത്തിൽ നിന്ന് ഭഗവാൻ കൃഷ്ണൻ്റെ ശാരീരികതേജസ് ആത്മീയലോകത്തിൽ മാത്രമല്ല ഭൗതികലോകത്തിലും വിതരണം ചെയ്യപ്പെടുന്നു; ഭൗതികലോകത്തിൽ അത് പദാർത്ഥത്താൽ മറയ്ക്കപ്പെട്ടതാണെങ്കിലും, ആത്മീയലോകത്തിൽ എണ്ണമറ്റ വൈകുണ്ഠ ഗ്രഹങ്ങളുണ്ട്. അവയിൽ ഓരോന്നിലും ഭഗവാനാണ് സർവപ്രബലനായ മൂർത്തി. ഒരു ഭക്തന് പരമദിവ്യോത്തമപുരുഷനായ ഭഗവാനൊപ്പം ജീവിക്കുവാൻ അത്തരം ഗ്രഹത്തിലേക്ക് ഉയരാൻ കഴിയും
സാർഷ്ടി മോചനത്തിൽ ഭക്തൻ്റെ ഐശ്വര്യം പരമോന്നത ഭഗവാന്റെ ഐശ്വര്യത്തിന് തുല്യമായിരിക്കും. സാമീപ്യo എന്നാൽ പരമോന്നതനായ ഭഗവാന്റെ വൈയക്തിക സഹവാസിയായിത്തീരുക എന്നാണർത്ഥം. സാരൂപ്യ മുക്തിയിൽ ഭക്തൻ്റെ ശാരീരികഘടനകൾ തികച്ചും പരമോന്നത വ്യക്തിയുടേതിന് തുല്യമായിരിക്കുമെങ്കിലും, എന്നാൽ ഭഗവാൻ്റെ അതീന്ദ്രിയ ശരീരത്തിൽ രണ്ടോ മൂന്നോ പ്രത്യേക അടയാളങ്ങൾ കാണപ്പെടും. ഉദാഹരണത്തിന്, ഭഗവാൻ്റെ വക്ഷസിലെ രോമമായ ശ്രീവത്സം അദ്ദേഹത്തെ തന്റെ ഭക്തന്മാരിൽ നിന്ന് പ്രത്യേകം വേർതിരിച്ചു നിർത്തുന്നു.
ഒരു പരിശുദ്ധ ഭക്തൻ, തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടാൽപ്പോലും ഈ അഞ്ച് ആത്മീയ അസ്തിത്വങ്ങളും സ്വീകരിക്കുകയില്ലെന്നു മാത്രമല്ല, ആത്മീയ പ്രയോജനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിരർത്ഥകങ്ങളായ ഭൗതിക നേട്ടങ്ങൾക്കു പിന്നാലെ പരക്കം പായുകയുമില്ല. തനിക്ക് ചില ഭൗതിക പ്രയോജനങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ, പ്രഹ്ളാദ മഹാരാജാവ് പറഞ്ഞു: “എൻ്റെ പ്രിയപ്പെട്ട ഭഗവാനേ, എൻ്റെ പിതാവ് എല്ലാ വിധ ഭൗതിക പ്രയോജനങ്ങളും നേടിയത് ഞാൻ ദർശിച്ചു, ദേവന്മാർ പോലും അദ്ദേഹത്തിൻ്റെ ഐശ്വര്യങ്ങളിൽ ഭയന്നു, എന്നിട്ടും പക്ഷേ, അങ്ങ് ഒറ്റനിമിഷംകൊണ്ട് അദ്ദേഹത്തിൻ്റെ ഭൗതികാഭിവൃദ്ധികളും ജീവിതവും ഇല്ലാതാക്കി.” ഒരു ഭക്തനെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുളള ഭൗതികമോ ആത്മീയമോ ആയ അഭിവൃദ്ധി ആഗ്രഹിക്കുന്ന പ്രശ്നമേ ഇല്ല. അവൻ വെറുതെ ഭഗവാനെ സേവിക്കുവാൻ ആഗ്രഹിക്കും. അതാണ് അവൻ്റെ ഏറ്റവും വലിയ സന്തോഷം.
(ശ്രീമദ് ഭാഗവതം 3.29.13 / ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆