ഭിദ്യതേ ഹൃദയഗ്രന്ഥിശിദ്യന്തേ സർവസംശയാഃ ക്ഷീയന്തേ ചാസ്യ കർമ്മാണി ദൃഷ്ട ഏവാത്മനീശ്വരേ
“അപ്രകാരം ഹൃദയബന്ധങ്ങൾ ഭേദിക്കപ്പെടുകയും, സർവആശങ്കകളും ഖണ്ഡം ഖണ്ഡമായി ഛേദിക്കപ്പെടുകയും ചെയ്യുന്നു. ആത്മാവിനെ യജമാനനായി ദർശിക്കുമ്പോൾ ഫലങ്ങളുളവാക്കുന്ന കർമശൃംഖല അവസാനിക്കുന്നു.” (ശ്രീമദ് ഭാഗവതം 1.2.21)
ഇതാണ് പൂർണമായും മുക്തിപദത്തിലെത്തിയ അവസ്ഥ. ഇതിൻ്റെ മുമ്പത്തെ ശ്ലോകം “ഭഗവദ്തത്ത്വവിജ്ഞാനം മുക്തസംഗസ്യ ജായതെ” എന്നതാണ്. ദൈവത്തെക്കുറിച്ചുള്ള ശാസ്ത്രം അതിന്റെ പൂർണതയിൽ വെളിവാക്കപ്പെടുന്നത് മുക്തനായ ആത്മാവിനാണ്. ആത്മീയതയിൽ ഏറെ മുന്നിലെത്തിയ വിധം ചിലർ അഭിനയിക്കുന്നതായികാണാം. എന്നാൽ ഇത്തരക്കാർ പുകവലിക്കുന്നു. യഥാർത്ഥത്തിൽ ആത്മീയത രുചിച്ചറിഞ്ഞ ആൾ എല്ലാതരം അനർത്ഥങ്ങളിൽ നിന്നും മുക്തി പ്രാപിച്ചയാളായിരിക്കും. ‘അനർത്ഥ നിവൃത്തി സ്യാത്.’ മുക്തസംഗ എന്നാൽ യാതൊരു വിധ ഭൗതിക ആസക്തിയും ഇല്ലാത്ത ആൾ എന്നർത്ഥം. യഥാർത്ഥമുക്തി പ്രാപ്യമാക്കിയ ജീവാത്മാവിൽ യാതൊരുവിധത്തിലുള്ള ആവശ്യമില്ലാത്ത സംഗതികളും കാണാൻ കഴിയില്ല.
ഹൃദയഗ്രന്ഥി’ ഭൗതികജീവിതം ആവിർഭവിക്കുന്നത് ഹൃദയത്തിൽ ഒരു ഗ്രന്ഥിയോടെയാണ്. ഇതാണ് കാമാസക്തി. പുരുഷൻ സ്ത്രീയുടെ പുറകെയും, സ്ത്രീ പുരുഷൻ്റെ പുറകെയും. ഈ ബന്ധനമാണ് ഭൗതിക ജീവിതത്തിന്റെ തുടക്കം. എല്ലാ ജീവജാലങ്ങളിലും ഈ കാമാസക്തി പ്രകടമാണ്. ആയതിനാൽ വേദസംസ്കാരപ്രകാരം ഒരു ശിഷ്യന് ആദ്യമായി കൊടുക്കുന്ന ഉപദേശം ബ്രഹ്മചാരി ആവാനാണ്. എങ്ങിനെ ഈ ലൈംഗികജീവിതത്തിൽ നിന്നും മുക്തി പ്രാപിക്കാം എന്നുള്ളത്. ‘തപസാ ബ്രഹ്മചര്യേന’ (ഭാഗവതം 6.1.13) മനസ്സിനെയും മറ്റ് ഇന്ദ്രിയങ്ങളെയും എങ്ങിനെ അധീനതയിൽ കൊണ്ടുവരാം എന്ന് പരിശീലിക്കണം. ഇതാണ് ബ്രഹ്മചര്യം. ഇതിന് തപസ്യ ആവശ്യമാണ്. ഇക്കാലത്ത് എല്ലാവിധ സുഖസൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. പിന്നെ ഇവർക്കെങ്ങിനെ ബ്രഹ്മചര്യം പരിശീലിക്കാൻ കഴിയും? പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരു മുറിയിൽ ഒന്നിച്ചിരുന്ന് പഠിക്കുമ്പോൾ.
അതുകൊണ്ട് ഇക്കാലത്ത് ബ്രഹ്മചര്യം ഇല്ല. കാമാതുരത അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഒരാൾ കൃഷ്ണാവബോധത്തിൽ വന്നുകഴിഞ്ഞാൽ ഈ വക അനർത്ഥങ്ങളിൽ നിന്നൊക്കെ പരിശീലനം വഴി മുക്തനാവാൻ കഴിയും.
‘പുംസ സ്ത്രീയാ മൈഥുനീം ഭാവം’ ഇതാണ് ഹൃദയത്തിലെ ബന്ധനം. ഇവർ ഒന്നിക്കുമ്പോൾ ഈ കെട്ട് കൂടുതൽ ശക്തമാകുന്നു. എന്നാൽ കൃഷ്ണാവബോധത്തിൽ ഏർപ്പെടുമ്പോൾ ഇതിൻ്റെ ശക്തികുറയുന്നു.
നമ്മൾ ഇപ്പോൾ കുഴഞ്ഞുമറിഞ്ഞ ഒരു അവസ്ഥയിലാണ്. നമ്മുടെ യഥാർത്ഥ അവസ്ഥ നമുക്കറിയില്ല. ഭഗവാൻ ആരെന്നോ നമുക്ക് ഭഗവാനുമായുള്ള ബന്ധം എന്താണെന്നോ ആർക്കുമറിയില്ല. എല്ലാവരും ഓരോന്ന് അനുമാനിക്കുകയാണ്. അതുകൊണ്ടുതന്നെ കർമികളുണ്ട്, ജ്ഞാനികളുണ്ട്, യോഗികളുണ്ട്. ഇവരിലൊക്കെ വീണ്ടും നൂറുകണക്കിന് വിഭാഗങ്ങൾ. ആയതിനാൽ ഈ ഹൃദയഗ്രന്ഥിയിൽ നിന്നും മോചിതനാവാൻ സാധ്യമായാൽ നമ്മുടെ യഥാർത്ഥ സ്വരൂപം വെളിവാക്കപ്പെടുന്നതാണ്.
അതുകൊണ്ട് രണ്ട് കാര്യങ്ങൾ സമാനമായി നടന്നു പോകേണ്ടതായുണ്ട്. ഒരു ഭാഗത്ത് വ്യക്തി കൃഷ്ണാവബോധം വളർത്തിക്കൊണ്ടുവരികയും അതോടൊപ്പം തന്നെ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ത്യജിക്കുകയും വേണം. ഉദാഹരണത്തിന് അസുഖം വന്നാൽ ഡോക്ടർ മരുന്ന് കുറിച്ചുകൊടുക്കുന്നു. അതോടൊപ്പം തന്നെ ചില കാര്യങ്ങളൊക്കെ ചെയ്യാതിരിക്കണം എന്നും ഡോക്ടർ ഉപദേശിക്കുന്നു. ഇപ്രകാരം തന്നെ എന്തും, ഏതും ചെയ്തുകൊണ്ട്, എന്തും ഏതും ഭക്ഷിച്ചു കൊണ്ട് ആത്മീയ മാർഗത്തിൽ മുന്നേറാൻ പറ്റില്ല. “തപസ്യബ്രഹ്മചര്യേന (ഭാഗവതം 6.1.13) തപസ്യപരിശീലിക്കണം. തപസ്യ എന്നാൽ സ്വമേധയാ ചില അസൗകര്യങ്ങൾ ഏറ്റെടുക്കുക എന്നർത്ഥം. ഉദാഹരണത്തിന് ബ്രഹ്മചാരികൾ വെറും തറയിലാണ് കിടക്കുന്നത്. സന്യാസികളും ഇപ്രകാരം തന്നെ. മൂന്ന് തവണ നിത്യേന സ്നാനം ചെയ്യുന്നത് പോലെയുള്ള മറ്റ് നിയമാവലികൾ. പല നിയമങ്ങളും ഈ കലിയുഗത്തിൽ പ്രാവർത്തികമല്ലെങ്കിലും പുലർച്ചെ 4 മണിക്ക് മുമ്പായി ഉറക്കമുണരുക എന്നത് കൃഷ്ണാവബോധപരിശീലകർ അത്യന്തം പാലിക്കേണ്ട നിയമമാണ്. ഉണർന്നെണീറ്റ് കുളിച്ച് മംഗളാരതിയിൽ പങ്കെടുക്കണം. ഇതൊക്കെയാണ് തപസ്യ. ‘തപസാ ബ്രഹ്മചര്യേന ശമേനച ദമേനച (ഭാഗവ തം 6.1.13) ത്യാഗേന എന്നാൽ പരിത്യജിക്കുക എന്നാണർത്ഥം. എനിക്ക് ഒരു സാധനം ഇഷ്ടമാണ്. എന്നാൽ ഞാനത് സ്വമേധയാവർജിക്കുന്നു. ഇതാണ് തപസ്യ. കൃഷ്ണാവബോധ പാത പിന്തുടരുന്ന ഒരാൾക്ക് ശ്രീ കൃഷ്ണപരമാത്മാവ് ഇത്തരം കാര്യങ്ങളിൽ സഹായം നൽകുമെന്നതിൽ യാതൊരു സംശയവുമില്ല.
കൃഷ്ണവബോധപ്രക്രിയ സ്വീകരിക്കാത്തിടത്തോളം കാലം നമുക്ക് എന്തിന് ഇപ്രകാരം ചെയ്യണം അല്ലെങ്കിൽ എന്തിനത് ചെയ്യണം എന്നു തുടങ്ങി നിരവധി സംശയങ്ങളായിരിക്കും. എന്നാൽ സത്വഗുണത്തിൽ എത്തിക്കഴിഞ്ഞ് ഭഗവദ്തത്ത്വം മനസ്സിലാക്കിക്കഴിഞ്ഞാൽ സ്വയമേവ അയാൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്നും മുക്തനായിത്തീരുന്നതാണ്. ‘കർമാണി നിർദഹതി കിന്തുച ഭക്തിഭാജാം(ബ്രഹ്മസംഹിത 5.54). ഈ ലോകത്തിൽ നാം ബന്ധനസ്ഥരാവുന്നത് നമ്മുടെ കർമങ്ങൾ മൂലമാണ്. എൻ്റെ മുജ്ജന്മകർമങ്ങൾക്കനുസരിച്ച് എനിക്ക് ഈ ശരീരം ലഭ്യമാവുന്നു. അതുപോലെ ഈ ജന്മത്തിലെ പ്രവൃത്തികൾക്കനുസൃതമായി അടുത്ത ശരീരം ലഭിക്കുന്നു. ‘കർമണാ ദൈവ നേത്രേന’ (ഭാഗവതം 3.31.1). എത്രയോ ശരീരങ്ങളുണ്ട്. ഓരോന്നും മറ്റുള്ളതിൽ നിന്ന് വ്യത്യസ്തമാണ്. ഒരേപോലെയുള്ള രണ്ട് ശരീരങ്ങൾ ഒരിക്കലും കാണാൻ പറ്റില്ല. കാരണം ഓരോരുത്തരുടെയും കർമം വ്യത്യസ്തമാണെന്നതുതന്നെ. കർമങ്ങൾക്കനുസരിച്ച് ശരീരം ലഭ്യമാകുന്നതുകൊണ്ട് നമ്മൾ ഈ കർമം ഉപേക്ഷിക്കണം. എങ്ങിനെയാണ് ഇത് സാധ്യമാകുക? ‘യജ്ഞാർത്തെ കർമണോ അന്യത്ര കർമബന്ധന’ ശ്രീകൃഷ്ണന് വേണ്ടി നമ്മൾ പ്രവൃത്തിചെയ്താൽ അതിൻ്റെ ഫലത്തിൽ നിന്ന് നമ്മൾ മോചിതരാവുന്നു. എന്തുചെയ്യുമ്പോഴും അത് ഭഗവാന് സമർപ്പിക്കുക. ‘യജ്ഞ’ എന്നാൽ വിഷ്ണുവാണ്. എന്നാൽ വിഷ്ണുതത്ത്വത്തിൻ്റെ ഉറവിടം കൃഷ്ണനാണ്. അപ്പോൾ കൃഷ്ണന് വേണ്ടിയുള്ള കർമങ്ങളിൽ നിങ്ങൾ ബന്ധനസ്ഥരാവുന്നില്ല. നേരെമറിച്ച് മറ്റെന്ത് കർമമായാലും അത് നല്ലതോ, ചീത്തയോ ആയിരിക്കട്ടെ – അതിൻ്റെ ഫലത്തിൽ നിങ്ങൾ ബന്ധിതനാവുന്നു.
മോക്ഷപ്രാപ്തിയിലെത്തിയ അവസ്ഥ എന്നാൽ ദൃഢനിശ്ചയത്തോടെ ഭക്തിയുതസേവനത്തിൽ ഏർപ്പെടുക എന്നതാണ്. ‘ഏവം പ്രസന്ന മനസോ ഭഗവദ് ഭക്തി യോഗതഃ’ (ഭാഗവതം 1.2.20) ഭക്തിയുതസേവനത്തിൻ്റെ പ്രതലത്തിലേ മോക്ഷം കൈവരിക്കാൻ പറ്റുകയുള്ളൂ. ഭക്തിയുതസേവനത്തിൽ നിന്നും വ്യതിചലിക്കുന്ന നിമിഷം മായയുടെ ബന്ധനത്തിലാവുന്നു. ഉദാഹരണത്തിന് സൂര്യപ്രകാശത്തിൻ്റെ ഒപ്പം തന്നെ നിഴലും ഉണ്ട്. സൂര്യപ്രകാശത്തിൽ നിന്നും അൽപ്പം മാറുമ്പോൾ നിഴലിൽ അകപ്പെടുന്നത് പോലെ. കൃഷ്ണനും, മായയും തൊട്ടുചേർന്ന് കിടക്കുകയാണ്. കൃഷ്ണൻ അസാന്നിധ്യത്തിൽ മായയിൽ അകപ്പെടുന്നു. അപ്പോൾ എല്ലായ്പ്പോഴും കൃഷ്ണാവബോധത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നാൽ മായയുടെ നിഴൽപോലും അടുത്തെത്തില്ല.
കൃഷ്ണ സൂര്യ സമ മായ അന്ധകാര
യഹാൻ കൃഷ്ണ തഹാൻ നഹി മായാര അധികാര
(ചൈതന്യ ചരിതാമൃതം മധ്യലീല 22.31)
കൃഷ്ണൻ സൂര്യപ്രകാശം പോലെയും മായ അന്ധകാരം പോലെയുമാണ്. സൂര്യപ്രകാശം ഉള്ളിടത്ത് ഇരുട്ടിൻ്റെ സാന്നിധ്യം പ്രകടമാവുന്നില്ല. കൃഷ്ണാവബോധം തുടർന്നു കൊണ്ടിരുന്നാൽ മായയുടെ ആക്രമണം ഉണ്ടാവുന്നില്ല.
മായയിൽ അകപ്പെട്ടുകഴിഞ്ഞാൽ ഭൗതികകർമങ്ങളിൽ ബന്ധനസ്ഥാരവുന്നു. ഭക്തിമാർഗത്തിൽ ചരിക്കുന്ന ഒരാളിൽ ഇന്ദ്രിയതൃപ്തിക്കായുള്ള വാസന ഉണ്ടാവുന്നില്ല.
ബ്രഹ്മസംഹിത പറയുന്നു.
യസ്തു ഇന്ദ്രഗോപം അഥവേന്ദ്രം അഹോ സ്വകർമ-
ബന്ധാനുരൂപ ഫലഭാജനമാതനോതി
കർമാണി നിർദ്ദഹതി കിന്തു ച ഭക്തിഭാജാം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
ഇന്ദ്ര എന്നാൽ സ്വർഗത്തിലെ രാജാവ്. അതുപോലെ ഇന്ദ്രഗോപ എന്നാൽ വളരെ സൂക്ഷ്മമായ ഒരു ജീവിയുമുണ്ട്. ദേവേന്ദ്രൻ മുതൽ വളരെ സൂക്ഷ്മമായ ജീവിവരെ കർമഫലങ്ങൾക്കനുസരിച്ച് സന്തോഷവും, ദുഃഖവും അനുഭവിക്കുന്നു. വേണ്ടത്ര ധർമനിഷ്ഠയിൽ ജീവിച്ചാൽ ആർക്കും ഇന്ദ്രനാവാം; ആവശ്യത്തിന് വിദ്യാഭ്യാസം സിദ്ധിച്ചുകഴിഞ്ഞാൽ ഹൈക്കോടതി ന്യായാധിപൻ ആവാൻ കഴിയുന്നത് പോലെ. ഈ ഇന്ദ്രനും, ബ്രഹ്മാവും മറ്റുമൊക്കെ ഇത്തരത്തിൽ അവരുടെ മഹത്തരമായ കർമങ്ങളുടെ ഫലമായി പദവി സിദ്ധിച്ചവരാണ്. (പുണ്യകർമങ്ങൾ മൂലം). അതുപോലെ പന്നികളും മറ്റു മൃഗങ്ങളും പാപകർമങ്ങളുടെ ഫലമായി ശരീരം ലഭിച്ചവരാണ്.
അപ്പോൾ എല്ലാവരുടേയും സന്തോഷവും, ദുഃഖവും കർമങ്ങളുടെ ഫലമായി സിദ്ധിക്കുന്നതാണ്. ഇത് മനസ്സിലാക്കാൻ വളരെ എളുപ്പമാണ്. ‘കർമാണി നിർദ ഹതി കിന്തു ചഭക്തി ഭാജാം ( ബ്രഹ്മസംഹിത 5.54). കൃഷ്ണാവബോധത്തിൽ ബന്ധപ്പെട്ടുകഴിഞ്ഞാൽ കർമം വിഛേദിക്കപ്പെടുന്നു. പിന്നീട് അതിന് ഫലമുണ്ടാവുന്നില്ല. ഉദാഹരണത്തിന് കടലവിത്ത് വയലിൽ വിതച്ചാൽ ഒരു ചെടിയായി വളരുന്നു. എന്നാൽ ഈ വിത്ത് വറുത്തതിന് ശേഷം വിതച്ചാൽ അത് മുളയ്ക്കുന്നില്ല. ഇതേപോലെ നമ്മുടെ കർമങ്ങൾ ഭക്തിയുതസേവനത്തിൽ വറുക്കപ്പെടണം. അപ്പോൾ അതിന് ഫലം ഉണ്ടാവുന്നില്ല. കൃഷ്ണൻ ഗീതയിൽ പറയുന്നു. ‘അഹം ത്വാം സർവ്വപാപേഭോ മോക്ഷായിഷ്യാമി മാശുചഃ (ഭഗവത് ഗീത 18.66). ഭക്തരുടെ പ്രവൃത്തികൾക്ക് വിപരീത ഫലം ഉണ്ടാവുന്നില്ല. അപ്പോൾ കർമഫലങ്ങൾ മുഴുവനായും ഇല്ലാതായാൽ മാത്രമെ നമുക്ക് ആത്മീയലോകത്തിൽ പ്രവേശനമുള്ളൂ. ഭൗതിക കർമങ്ങൾ തുടർച്ചയായി നടന്നുകൊണ്ടിരുന്നാൽ അതിനനുസരിച്ച ഭൗതിക ശരീരം ലഭിച്ചുകൊണ്ടേയിരിക്കും.
(ശ്രീമദ് ഭാഗവതം 5.5.4)…
കർമങ്ങളുടെ ഫലമായാണ് നമുക്ക് താത്ക്കാലിക മായി ഓരോ ശരീരങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നത്. ഈ ശരീരത്തിൽ അടക്കപ്പെടുന്ന നിമിഷം മുതൽ നമ്മൾ ത്രിവിധ ക്ലേശങ്ങൾക്ക് അടിമയാവുന്നു.കർമങ്ങളുടെ ഫലമായാണ് നമുക്ക് താത്ക്കാലിക – മായി ഓരോ ശരീരങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നത്. ഈ ശരീരത്തിൽ അടക്കപ്പെടുന്ന നിമിഷം മുതൽ നമ്മൾ ത്രിവിധ ക്ലേശങ്ങൾക്ക് അടിമയാവുന്നു.
ഒരു ഭക്തന് കർമം ഇല്ലാത്തതുകൊണ്ട് ഭൗതികശരീരം ലഭിക്കുന്നില്ല. കൃഷ്ണൻ ഗീതയിൽ പറയുന്നു “ത്യക്ത്വാദേഹം പുനർജ്ജന്മ നൈതി മാം’ (ഭ.ഗീ. 4.9) ഈ ശരീരം വെടിഞ്ഞതിന് ശേഷം ഒരു ഭക്തന് പുതിയൊരു ശരീരം ലഭിക്കുന്നില്ല. ആത്മീയ ശരീരത്തിൽ അയാൾ ആത്മീയലോകത്തേക്ക് യാത്രയാവുന്നു. ഭഗവാനുമായുള്ള ബന്ധം അയാൾക്ക് ശരിക്കും മനസ്സിലാവുന്നു. കൃഷ്ണൻ്റെ ശാശ്വതനായ സേവകനാണ് താനെന്ന സത്യം അറിയാനിടയാവുന്നു. ‘ജീവേര സ്വരൂപ ഹയ നി ത്യേര കൃഷ്ണ ദാസ’ (ചൈതന്യ ചരിതാമൃതം മദ്ധ്യലീല 20.108-109) ഇപ്രകാരം മനസ്സിലാക്കികഴിയുമ്പോൾ അതിനനുസൃതമായ പ്രവൃത്തിപഥത്തിൽ ഏർപ്പെട്ട് ജീ വിതം അതിൻ്റെ പരിപൂർണതയിൽ എത്തിക്കാൻ കഴിയുന്നു.🔹
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆