ഒരു ദിവസം പണിക്കാരികളൊക്കെ ഓരോ ജോലിയിലേർപ്പെട്ടിരിക്കുന്നതിനാൽ തൈരു കടഞ്ഞ് വെണ്ണയെടുക്കുന്ന ജോലി യശോദാമാതാവ്തന്നെ ഏറ്റെടുത്തു. ആ സമയത്ത് കൃഷ്ണൻ വന്ന് മുലപ്പാലാവശ്യപ്പെട്ടു. യശോദാമാതാവ് അപ്പോൾ തന്നെ കുട്ടിക്കു മുല കൊടുത്തു. പക്ഷേ അടുപ്പത്ത് പാൽ തിളച്ചുമറിയുന്നത് കണ്ടപ്പോൾ മുലകൊടുക്കുന്നത് നിർത്തിവെച്ച് യശോദാമാതാവ് അടുപ്പിനടുത്തേയ്ക്ക് പാൽ മാറ്റിവയ്ക്കാൻ പോയി. തന്റെ പാലുകുടി തടസ്സപ്പെട്ടപ്പോൾ കൃഷ്ണനു വല്ലാതെ കോപം വന്നു. ഒരു കല്ല് എടുത്തിട്ട് തൈർ കടയുന്ന കലം ഉടച്ചിട്ട് അകത്തൊരു മുറിയിൽ ചെന്നിരുന്ന് പൂത്തനായി കടഞ്ഞെടുത്ത വെണ്ണ ഉണ്ണാൻ തുടങ്ങി. പാലെടുത്തു മാറ്റിവെച്ച് മടങ്ങിവന്ന യശോദാമാതാവ് ഉടഞ്ഞ തൈർക്കുടം കാണുകയും ഇത് കണ്ണൻ്റെ പണിയാണെന്നു മനസ്സിലാവുകയും ചെയ്തപ്പോൾ കൃഷ്ണനെ തിരക്കിച്ചെന്നു. മുറിയിൽ കടന്ന യശോദാമാതാവ് കണ്ടത് ഒരു ഉരലിന്മേൽ (ഉലൂഖലം) കൃഷ്ണൻ നിൽക്കുന്നതാണ്. ഉരൽ കീഴ്മേലാക്കി മറിച്ചിട്ട് അതിന്മേൽ കയറി ഉറിയിൽ തൂക്കിയിട്ട വെണ്ണകട്ട് കുരങ്ങന്മാർക്കു വീതിക്കുകയായിരുന്നു കണ്ണൻ. അമ്മ വന്നതുകണ്ട് കൃഷ്ണൻ ഉടൻതന്നെ ഓടാൻ തുടങ്ങി. അമ്മ പിന്നാലെയും. അല്പസമ യത്തിനുള്ളിൽ അമ്മ കണ്ണനെ പിടികൂടി കുറ്റം ചെയ്ത കൃഷ്ണൻ കരച്ചിൽതുടങ്ങി. ഇനിയുമിങ്ങനെ ചെയ്താൽ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യശോദാമാതാവ് ഇക്കുറി മകനെ കെട്ടിയിടാൻ നിശ്ചയിച്ചു. കയറുകൊണ്ട് ചുറ്റിയിട്ട് രണ്ടറ്റവും കൂട്ടിക്കെട്ടാൻ തുടങ്ങുമ്പോൾ രണ്ടംഗുലം നീളം കുറവ്. നീളം കൂട്ടാനായി മറ്റൊരു കയർക്കഷണം കൂട്ടിക്കെട്ടിയിട്ട് നോക്കുമ്പോൾ വീണ്ടും രണ്ടംഗുലം നീളം തികയുന്നില്ല. യശോദാമാതാവ് വീണ്ടും വീണ്ടും ശ്രമിക്കുകയും ഓരോതവണയും കയറിന് രണ്ടംഗുലം നീളം കുറവായിക്കാണുകയും ചെയ്തു. അങ്ങനെ അമ്മ തീരെ അവശയായി. പ്രിയപ്പെട്ട അമ്മയെ അവശയായിക്കണ്ടപ്പോൾ കൃഷ്ണൻ തന്നെ ബന്ധിക്കാനനുവദിച്ചു. ദയ കാരണം തൻ്റെ അളവില്ലാത്ത ശക്തി കൃഷ്ണൻ പ്രദർശി പ്പിച്ചില്ല. യശോദാമാതാവ് മകനെ കെട്ടിയിട്ട് വീട്ടുപണികൾക്ക് പോയപ്പോൾ കൃഷ്ണൻ രണ്ട് യമലാർജുനവൃക്ഷങ്ങളെ കണ്ടു. നാരദമുനിയുടെ ശാപത്താൽ മരങ്ങളായിത്തീർന്ന കുബേരപുത്രന്മാരായ നളകൂവരനും മണിഗ്രീവനുമായിരുന്നു അവർ. നാരദമുനിയുടെ ആഗ്രഹം നിറവേറ്റാനായി കാരുണ്യമൂർത്തിയായ കൃഷ്ണൻ ആ മരങ്ങൾക്കു നേരെ നീങ്ങാൻ തുടങ്ങി.
( ആധാരം – ശ്രീമദ് ഭാഗവതം / ദശമസ്കന്ദം / അദ്ധ്യായം 9 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆