മഹാപ്രഭുവിന്റെ ദീക്ഷാസ്വീകരണം
പിതാവായ ജഗന്നാഥ മിശ്രന്റെ ശ്രാദ്ധകർമ്മങ്ങൾ നിർവ്വഹിക്കുന്നതിനായാണ് നിമായി തന്റെ ശിഷ്യന്മാരോടൊപ്പം ഗയയിലേക്ക് യാത്ര തിരിച്ചത്. അവിടെ വെച്ച് അദ്ദേഹം ഈശ്വര പുരി എന്ന മഹാത്മാവിനെ കണ്ടുമുട്ടി. മുൻപ് നവദീപിൽ വെച്ചും അവർ തമ്മിൽ കണ്ടിട്ടുണ്ടായിരുന്നു. ഗയയിൽ വെച്ച് ഈശ്വര പുരി നിമായിക്ക് ദീക്ഷ നൽകുകയും സദാസമയവും കൃഷ്ണനാമം ജപിക്കാൻ ഉപദേശിക്കുകയും ചെയ്തു. സകല ജ്ഞാനത്തിന്റെയും ഉറവിടവും ആദികാരണവുമായ പരമപുരുഷ ഭഗവാനാണെങ്കിലും, ഒരു ആത്മീയ ഗുരുവിനെ സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ലോകത്തിന് കാണിച്ചുകൊടുക്കാനായി നിമായി ഈശ്വര പുരിയെ ഗുരുവായി സ്വീകരിച്ചു.
ഗുരു ഉപദേശിച്ച തിരുനാമങ്ങൾ ജപിച്ച നിമായി ഭക്തിയുടെ പരകോടിയിലായി. താമസിയാതെ അദ്ദേഹം ഒരു ചോദ്യവുമായി ഗുരുവിന്റെ അടുത്തെത്തി: “പ്രഭോ! അങ്ങ് എനിക്കു നൽകിയത് എങ്ങനെയുള്ള മന്ത്രമാണ്? ഇത് എന്നെ ഒരു ഭ്രാന്തനെപ്പോലെയാക്കിയിരിക്കുന്നു. ഹരേ കൃഷ്ണ മന്ത്രം ജപിക്കുമ്പോൾ ചിലപ്പോൾ ഞാൻ നൃത്തം ചെയ്യുന്നു, ചിലപ്പോൾ കരയുന്നു, മറ്റു ചിലപ്പോൾ ബോധരഹിതനായി നിലത്തു വീഴുന്നു.” ഇതുകേട്ട് സന്തുഷ്ടനായ ഈശ്വര പുരി പുഞ്ചിരിയോടെ മറുപടി നൽകി: “പ്രിയ വത്സാ, ഹരേ കൃഷ്ണ മന്ത്രജപത്തിലൂടെ നീ ജീവിതത്തിന്റെ പൂർണ്ണത കൈവരിച്ചിരിക്കുന്നു എന്നത് സന്തോഷകരമാണ്. ഈ മഹാമന്ത്രം ജപിക്കുന്നവരിൽ കൃഷ്ണനോടുള്ള പ്രേമം വർദ്ധിക്കും എന്നത് ഇതിന്റെ സ്വാഭാവികമായ ഗുണമാണ്. നീ ഇത് തുടരുക! മറ്റുള്ളവരെക്കൊണ്ടും ഇത് ജപിപ്പിക്കുക!”
നിമായിയിലുണ്ടായ മാറ്റം
ദീക്ഷ സ്വീകരിച്ചതിനുശേഷം നിമായി തന്റെ പാണ്ഡിത്യത്തിലുള്ള അഹംഭാവമെല്ലാം വെടിഞ്ഞ് കൃഷ്ണപ്രേമത്തിൽ പൂർണ്ണമായും മുഴുകി. നവദീപിലേക്കുള്ള മടക്കയാത്രയിലുടനീളം അദ്ദേഹം പരവശനായി ഹരേ കൃഷ്ണ മന്ത്രം പാടിക്കൊണ്ടിരുന്നു. തിരികെ വീട്ടിലെത്തിയ നിമായി പാടെ മാറിപ്പോയിരുന്നു. തന്റെ ഹൃദയനാഥനായ കൃഷ്ണന്റെ വിരഹത്താൽ അദ്ദേഹം വിങ്ങിപ്പൊട്ടി. ചിലപ്പോൾ കൃഷ്ണനാമങ്ങൾ പാടിക്കൊണ്ടും, ഭഗവാന്റെ രൂപലാവണ്യത്തെയും ഗുണഗണങ്ങളെയും ലീലകളെയും കുറിച്ച് ഹൃദയസ്പർശിയായി സംസാരിച്ചുകൊണ്ടും അദ്ദേഹം സമയം ചെലവഴിച്ചു.
പകൽ സമയം നവദീപിലെ വൈഷ്ണവരോടൊപ്പം കൃഷ്ണകഥകൾ പറഞ്ഞും, രാത്രികാലങ്ങളിൽ അവരോടൊപ്പം ഹരേ കൃഷ്ണ കീർത്തനം നടത്തിയും നിമായി ആനന്ദം കണ്ടെത്തി. ഭക്തരെ സേവിക്കുന്നതിലെ സുഖം അനുഭവിക്കാനും സാധാരണക്കാർക്ക് മാതൃകയാകാനും വേണ്ടി അദ്ദേഹം വൈഷ്ണവർക്ക് ശുശ്രൂഷ ചെയ്യാൻ തുടങ്ങി. അവർ ഗംഗയിൽ സ്നാനത്തിന് പോകുമ്പോഴും ആരാധനയ്ക്കായി പോകുമ്പോഴും അവരുടെ വസ്ത്രങ്ങളും പൂജാസാധനങ്ങളും ചന്ദനവും പൂക്കുട്ടയുമെല്ലാം നിമായി സ്വയം ചുമന്നുകൊണ്ടുപോകുമായിരുന്നു.
കൃഷ്ണപ്രേമത്തിന്റെ ലഹരിയിൽ ഗൗരാംഗൻ കൂടുതൽ ആഴത്തിൽ മുഴുകി. മറ്റുള്ളവർ എന്തു വിചാരിക്കും എന്നതിനെക്കുറിച്ച് ചിന്തിക്കാതെ ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹം പാടുകയും നൃത്തം ചെയ്യുകയും ചിരിക്കുകയും കരയുകയും ചെയ്തു പോന്നു.

സങ്കീർത്തന പ്രസ്ഥാനത്തിന്റെ ആരംഭം
ഒരിക്കൽ, ഭഗവാൻ നരസിംഹദേവന്റെ വിഗ്രഹത്തെ ആരാധിച്ചുകൊണ്ടിരുന്ന ശ്രീവാസ പണ്ഡിതന്റെ വീട്ടിലേക്ക് നിമായി ഓടിവന്നു. “ശ്രീവാസരേ! താങ്കൾ ആരെയാണോ ആരാധിക്കുന്നത്, അദ്ദേഹം ഇപ്പോൾ താങ്കളുടെ മുന്നിലുണ്ടെന്ന് ദയവായി നോക്കൂ!” എന്ന് നിമായി പറഞ്ഞു. ശ്രീവാസർ കണ്ണുതുറന്നപ്പോൾ കണ്ടത് ശംഖ്, ചക്ര, ഗദ, പത്മങ്ങൾ ധരിച്ച ചതുർബാഹുവായ ഗൗരാംഗനെയാണ്. അത്ഭുതസ്തബ്ധനായ ശ്രീവാസ പണ്ഡിതൻ ആനന്ദത്താൽ വിതുമ്പി. നരസിംഹദേവനെ പൂജിക്കാൻ ഒരുക്കിവെച്ചിരുന്ന ദ്രവ്യങ്ങൾ കൊണ്ട് തന്നെ ആരാധിക്കാൻ ഗൗരാംഗൻ ആവശ്യപ്പെട്ടു. പൂജയ്ക്ക് ശേഷം ശ്രീവാസരും കുടുംബാംഗങ്ങളും ഭഗവാന്റെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. പ്രീതനായ ഭഗവാൻ തന്റെ താമരപ്പാദങ്ങൾ അവരുടെ ശിരസ്സിൽ വെച്ച് അനുഗ്രഹിച്ചു.
തുടർന്ന്, തന്റെ കൃഷ്ണരൂപം ശ്രീവാസർക്ക് കാട്ടിക്കൊടുത്ത ഗൗരാംഗൻ ഇപ്രകാരം ഉറപ്പുനൽകി: “സങ്കീർത്തന പ്രസ്ഥാനത്തെ എതിർക്കുന്ന ആരെയും ഭയപ്പെടേണ്ടതില്ല. ഞാൻ എല്ലാവരുടെയും ഹൃദയത്തിൽ വസിക്കുന്നതിനാൽ, എന്റെ ഇഷ്ടത്തിന് വിരുദ്ധമായി ആർക്കും ഒന്നും ചെയ്യാനാവില്ല. എനിക്ക് വന്യമൃഗങ്ങളെപ്പോലും കൃഷ്ണപ്രേമത്താൽ ഉത്തേജിപ്പിക്കാൻ കഴിയും.” തന്റെ പ്രഭാവം തെളിയിക്കാനായി ശ്രീവാസന്റെ സഹോദരന്റെ നാലുവയസ്സുകാരിയായ മകൾ നാരായണിയെ അദ്ദേഹം അടുത്തുവിളിച്ചു: “നാരായണീ! ഹരേ കൃഷ്ണ എന്ന് ജപിച്ച് പ്രേമാശ്രുക്കൾ പൊഴിക്കൂ!” ഉടൻതന്നെ ആ കുട്ടി ദിവ്യാനന്ദത്താൽ നൃത്തം ചെയ്യാനും കരയാനും തുടങ്ങി. അന്നുമുതൽ ശ്രീവാസ പണ്ഡിതനും കുടുംബവും ഭഗവാൻ ചൈതന്യന്റെ പരമഭക്തരായി മാറി. എല്ലാ രാത്രികളിലും അവരുടെ വീട്ടിൽ സങ്കീർത്തനം നടന്നുപോന്നു.
കേവലം തർക്കിക്കുന്ന പണ്ഡിതന്മാരിൽ നിന്നും വ്യത്യസ്തനായി ഗൗരാംഗൻ നവദീപിൽ ഒരു വൈഷ്ണവ വിപ്ലവത്തിന് നേതൃത്വം നൽകി. നിത്യാനന്ദ പ്രഭു അദ്ദേഹത്തിന്റെ പ്രധാന സഹായിയായി. ശ്രീവാസ പണ്ഡിതന്റെ ഭവനം ഈ പ്രസ്ഥാനത്തിന്റെ ആസ്ഥാനമായി മാറി.
ഇരുപത്തിയൊന്ന് മണിക്കൂർ നീണ്ട സങ്കീർത്തനം
ഒരു ദിവസം, ശ്രീവാസന്റെ വീട്ടിലെ വിഷ്ണുപൂജാ സ്ഥാനത്ത് ഇരുന്ന ഗൗരാംഗൻ തുടർച്ചയായി ഇരുപത്തിയൊന്ന് മണിക്കൂർ അവിടെത്തന്നെ ചെലവഴിച്ചു. ഭക്തർ പുഷ്പങ്ങളും തുളസിയും ഗംഗാജലവും മധുരപലഹാരങ്ങളും അർപ്പിച്ച് അദ്ദേഹത്തെ ആരാധിച്ചു.
ശ്രീവാസന്റെ വീട്ടിലെ വേലക്കാരികളിലൊരാളായ ‘ദുക്കി’ (അർത്ഥം: സങ്കടമുള്ളവൾ), ഭഗവാന്റെ അഭിഷേകത്തിനായി തളരാതെ ഗംഗയിൽ നിന്ന് വെള്ളം എത്തിച്ചുകൊണ്ടിരുന്നു. അവളുടെ ഭക്തിയിൽ സംപ്രീതനായ ഗൗരാംഗൻ അവളുടെ പേര് ‘സുഖി’ (അർത്ഥം: സന്തോഷവതി) എന്ന് മാറ്റി. ഭക്തർ ഭഗവാൻ ചൈതന്യന്റെ വിവിധ അവതാരലീലകളെ വാഴ്ത്തിപ്പാടി. തന്റെ ഐശ്വര്യവും സൗന്ദര്യവും ശക്തിയും വെളിപ്പെടുത്തിയ ഭഗവാൻ, ഓരോ ഭക്തനും താൻ ഇഷ്ടപ്പെടുന്ന രൂപത്തിൽ (കൃഷ്ണൻ, നാരായണൻ, രാമൻ തുടങ്ങിയവ) ദർശനം നൽകി.
ഭഗവാൻ തന്റെ ബാല്യകാല സുഹൃത്തായ മുകുന്ദ ദത്തനെ അവിടേക്ക് വിളിച്ചില്ല. ഭക്തർ അതിന്റെ കാരണം തിരക്കിയപ്പോൾ ഭഗവാൻ പറഞ്ഞു: “പരമസത്യത്തിന് രൂപമോ നാമമോ ഗുണമോ ഇല്ലെന്ന് വാദിക്കുന്ന മായാവാദികളുമായി മുകുന്ദൻ സമ്പർക്കം പുലർത്തുന്നുണ്ട്. അതുകൊണ്ട് അവനെ അകത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ല.” ഇതുകേട്ട് പുറത്തുനിന്നിരുന്ന മുകുന്ദന്റെ ഹൃദയം തകർന്നു. “ഇനി എപ്പോഴാണ് എനിക്ക് ഭഗവാനെ ദർശിക്കാൻ സാധിക്കുക?” എന്ന് അദ്ദേഹം ഭക്തർ മുഖേന ചോദിച്ചു. “കോടി ജന്മങ്ങൾക്ക് ശേഷം” എന്നായിരുന്നു ഭഗവാന്റെ മറുപടി. എന്നാൽ ഇതുകേട്ട മുകുന്ദൻ ആനന്ദനൃത്തം ചവിട്ടി. “കോടി ജന്മങ്ങൾക്ക് ശേഷമാണെങ്കിലും എന്റെ മഹാപ്രഭുവിനെ എനിക്ക് വീണ്ടും കാണാൻ സാധിക്കുമല്ലോ!” എന്ന് അദ്ദേഹം ചിന്തിച്ചു. തന്റെ ദർശനത്തിനായി ഇത്രയേറെ ക്ഷമയോടെ കാത്തിരിക്കാനുള്ള മുകുന്ദന്റെ സന്നദ്ധത കണ്ട ഗൗരാംഗൻ ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുവിളിച്ചു. കൃഷ്ണനോട് അസൂയയുള്ളവരുമായി ഇനി സമ്പർക്കം പുലർത്തരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് അദ്ദേഹത്തിന്റെ എല്ലാ അപരാധങ്ങളും ഭഗവാൻ ക്ഷമിച്ചു.
ശ്രീവാസന്റെ മകന്റെ വിയോഗം
ഒരു സായാഹ്നത്തിൽ സങ്കീർത്തനം നടന്നുകൊണ്ടിരിക്കെ ശ്രീവാസ പണ്ഡിതന്റെ മകൻ അന്തരിച്ചു. എന്നാൽ പരമാനന്ദത്തിന്റെ ഉച്ചത്തിൽ ലയിച്ചിരുന്ന ഭഗവാൻറെ ഭാവത്തിന് ഭംഗം വരാതിരിക്കുവാനായി ശ്രീവാസർ കുടുംബാംഗങ്ങളെ കരയുന്നതിൽ നിന്ന് വിലക്കി. അർദ്ധരാത്രിയിൽ വിവരം അറിഞ്ഞ ഗൗരാംഗൻ ഉടൻ തന്നെ കുട്ടിയുടെ ശരീരത്തിനടുത്തെത്തി. അപ്പോൾ ആ ജീവൻ വീണ്ടും ആ ശരീരത്തിൽ പ്രവേശിക്കുകയും തന്റെ മണത്തെക്കുറിച്ച് ഇപ്രകാരം വിവരിക്കുകയും ചെയ്തു: “ഞാൻ ഒരു ആത്മാവാണ്. ഭഗവാന്റെ ഇഷ്ടപ്രകാരം ശ്രീവാസ പണ്ഡിതന്റെയും മാലിനീദേവിയുടെയും മകനായി ഞാൻ ഇവിടെ വന്നു. ഭഗവാന്റെ ഇഷ്ടപ്രകാരം തന്നെ എന്റെ ആയുസ്സും അവസാനിച്ചു. ഇപ്പോൾ ഞാൻ മറ്റൊരു ലോകത്തേക്ക് യാത്രയാവുകയാണ്. എൻറെ ഭഗവാനെ! എവിടെ ജനിച്ചാലും അങ്ങയുടെ നിത്യദാസനായിരിക്കാൻ എന്നെ അനുഗ്രഹിച്ചാലും.” മഹാ പ്രഭുവിന്റെ അനുഗ്രഹം ലഭിച്ച ആത്മാവ് ഭക്തന്മാർ നാമസങ്കീർത്തനം നടത്തിക്കൊണ്ടിരിക്കെ തൻറെ ദേഹം വെടിഞ്ഞു. ഈ അതിശയകരമായ സംഭവത്തിന് സാക്ഷിയായ ശ്രീവാസന്റെ കുടുംബം പുത്രവിയോഗത്തിന്റെ കനത്ത ദുഃഖത്തിൽ നിന്നും മോചിതരായി.

മറ്റൊരു അത്ഭുത ലീല
ഒരു ദിവസം മഹാപ്രഭു തന്റെ എല്ലാ ഭക്തന്മാരോടുമൊപ്പം നാമസങ്കീർത്തനം നിർവഹിക്കുകയും, നന്നേ ക്ഷീണിതരായപ്പോൾ അവരെല്ലാം നിലത്ത് ഇരിക്കുകയും ചെയ്തു. അനന്തരം മഹാപ്രഭു അങ്കണത്തിൽ ഒരു മാവിന്റെ വിത്ത് നട്ടു, വിത്ത് തൽക്ഷണം മുളയ്ക്കുകയും ഒരു വൃക്ഷമായി വളരാൻ ആരംഭിക്കുകയും ചെയ്തു. എല്ലാവരും നോക്കി നിൽക്കേ വൃക്ഷം പരിപക്വഫലങ്ങളോടെ വളർന്നു. ഇത് എല്ലാവരെയും അദ്ഭുതസ്തബ്ധരാക്കി. മഹാപ്രഭു തൽക്ഷണം ഇരുനൂറ് ഫലങ്ങൾ പറിക്കുകയും അവ കഴുകിയതിനു ശേഷം കൃഷ്ണന് നിവേദിക്കുകയും ചെയ്തു. ഫലങ്ങളെല്ലാം ചുവപ്പും മഞ്ഞയും നിറമുള്ളവയും, അകത്ത് വിത്തും പുറത്ത് തോലും ഇല്ലാത്തവയും, ഒരെണ്ണം ഭക്ഷിച്ചാൽ ഒരുവന്റെ വയർ നിറയുന്ന തരത്തിലുള്ളവയുമായിരുന്നു. ഈ മാമ്പഴങ്ങളുടെ ഗുണം കണ്ട് സന്തുഷ്ടനായ ശചീനന്ദൻ ആദ്യം ഭക്ഷിക്കുകയും പിന്നീട് മറ്റുള്ള ഭക്തന്മാരെയെല്ലാം ഭക്ഷിപ്പിക്കുകയും ചെയ്തു. ഫലങ്ങൾക്ക് വിത്തോ തോലോ ഇല്ലായിരുന്നു. അമൃതതുല്യമായ രസം നിറഞ്ഞ അവ വളരെ മധുരമുള്ളവയായിരുന്നു, അവയിൽ ഒരെണ്ണം ഭക്ഷിച്ചാൽ വയറു നിറയും. ഇപ്രകാരം പന്ത്രണ്ട് മാസവും ദിനംപ്രതി വൃക്ഷത്തിൽ ഫലങ്ങളുണ്ടായി, ഇത് ഭഗവാനെ വളരെയധികം സംതൃപ്തിപ്പെടുത്തി. വൈഷ്ണവർ പതിവായി അവ ഭക്ഷിക്കുകയും ചെയ്തു. ഇവ ശചീനന്ദന്റെ രഹസ്യലീലകളായിരുന്നു. ഈ സംഭവത്തെപ്പറ്റി ഭക്തന്മാരൊഴികെ മറ്റാരും അറിഞ്ഞില്ല. അഭക്തന്മാർക്ക് ഈ സംഭവം വിശ്വസിക്കാൻ കഴിയില്ല, ഈ വൃക്ഷം വളർന്ന സ്ഥലം ഇപ്പോഴും മായാപൂരിൽ നിലനിൽക്കുന്നുണ്ട്. ആ സ്ഥലം ആമഘട്ടം, അല്ലെങ്കിൽ ആമാഘാടാ എന്നു വിളിക്കപ്പെടുന്നു.

നാളെ: ജഗായിയുടെയും മാധായിയുടെയും മോചനം
(തുടരും)
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
