ഗംഗാസാഗർ മേളയും ഗംഗാദേവിയുടെ അവതരണവും
കുംഭമേള കഴിഞ്ഞാൽ പ്രാധാന്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന മഹാമേളയാണ് ഗംഗാസാഗർ മേള. പശ്ചിമബംഗാളിലെ സാഗർദ്വീപിൽ (സാഗര ദ്വീപ്) വെച്ച് നടക്കുന്ന ഈ ഉത്സവം ഭാരതത്തിലെ ഏറ്റവും വലിയ തീർത്ഥാടനക്കൂട്ടായ്മകളിൽ ഒന്നാണ്. ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഇവിടെ ഒത്തുചേരുന്നത്. അളവറ്റ ആവേശത്തോടും ഭക്തിയോടും കൂടി കൊണ്ടാടുന്ന ഈ ഉത്സവം സാംസ്കാരികമായും ആത്മീയമായും അതീവ പ്രാധാന്യമർഹിക്കുന്നു. പുണ്യനദിയായ ഗംഗാദേവിയുടെ ജലത്തിൽ ആത്മാവിനെ ശുദ്ധീകരിക്കാനായി ഭക്തർ പുണ്യസ്നാനം ചെയ്യുന്നു.
ശൈത്യകാലത്താണ് ഈ മേള നടക്കുന്നത്. തീർത്ഥാടകരുടെ വാർഷിക സംഗമമാണിത്. സാഗർദ്വീപിന്റെ പരിസരങ്ങളിൽ മന്ത്രോച്ചാരണങ്ങളും ദീപങ്ങൾ തെളിച്ചുള്ള ചടങ്ങുകളും ഉൾപ്പെടെ നിരവധി ആചാരങ്ങൾ ഇതിന്റെ ഭാഗമായി നടക്കുന്നു.
ഫെസ്റ്റിവൽസ്, ഫെയേഴ്സ് ആൻഡ് ഫാസ്റ്റ്സ് ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തിൽ ഗംഗാസാഗർ മേളയെക്കുറിച്ച് ഇപ്രകാരം പറയുന്നു: “ബംഗാളിൽ, മകരസംക്രാന്തി നാളിലാണ് (മകരം രാശിയിൽ സൂര്യൻ പ്രവേശിക്കുന്ന ജനുവരി 15 ന്) ഗംഗാസാഗര ഉത്സവം (മേള) ആഘോഷിക്കുന്നത്. നദീതീരത്ത് നിന്ന് ദൂരെ ദിക്കുകളിൽ നിന്നും ഭക്തർ ഇവിടെ എത്തി സ്നാനം ചെയ്യുന്നു. സ്നാനത്തിനു ശേഷം ഗംഗാ മായെ അഥവാ ഗംഗാദേവിയെ പൂജിക്കുന്നു. ദ്വീപിലാണ് ഈ തീർത്ഥാടനകേന്ദ്രമുള്ളത്. സാഗരന്റെ അറുപതിനായിരം പുത്രന്മാരുടെ അസ്ഥികൾ ശുദ്ധീകരിക്കുന്നതിനായി ഗംഗാദേവി ഈ സ്ഥാനത്തുവെച്ച് സമുദ്രത്തിലേക്ക് പ്രവേശിച്ചു എന്നാണ് വിശ്വാസം. കപിലമഹർഷിയുടെ ശാപത്താൽ മരിച്ച ഈ പുത്രന്മാരുടെ ഓർമ്മയ്ക്കാണ് ദ്വീപ് പുണ്യമായി കണക്കാക്കുന്നത്.”
ഗംഗാനദി ഭൂമിയിലേക്ക് അവതരിച്ച ചരിത്രം
രോഹിതന്റെ പുത്രൻ ഹരിതനും, ഹരിതന്റെ പുത്രൻ ചമ്പാപുരി എന്ന പട്ടണം നിർമിച്ച ചമ്പനുമായിരുന്നു. ചമ്പന്റെ പുത്രൻ സുദേവനും, സുദേ വന്റെ പുത്രൻ വിജയനും, വിജയന്റെ പുത്രൻ ഭരുകനും, ഭരുകന്റെ പുത്രൻ വൃകനുമായിരുന്നു. വൃകന്റെ പുത്രൻ ബാഹുകൻ അദ്ദേഹത്തിന്റെ ശത്രുക്കളാൽ വളരെയധികം പീഢിതനായിരുന്നതിനാൽ ഗൃഹം ഉപേക്ഷിച്ച് പത്നിയുമൊത്ത് വനത്തിലേക്ക് പോയി. അദ്ദേഹം അവിടെ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പത്നി ഭർത്താവിന്റെ ചിതയിൽ പ്രവേശിച്ച് സതി ആചരിക്കാൻ തയ്യാറായെങ്കിലും, അവൾ ഗർഭിണിയാണെന്നു കണ്ട ഔർവൻ എന്ന മുനി അതു തടഞ്ഞു. ബാഹുകന്റെ ഈ പത്നി ഗർഭിണിയാണെന്നറിഞ്ഞ അവളുടെ സപത്നിമാർ അവൾക്ക് ഭക്ഷണത്തിൽ വിഷം കൊടുത്തങ്കിലും, ഗർഭസ്ഥ ശിശു മരിക്കാതെ വിഷത്തോടു കൂടി ജനിച്ചു. അതിനാൽ അവന് “വിഷത്തോടു കൂടിയവൻ” എന്നർത്ഥമുള്ള സഗരൻ (സ എന്നാൽ ‘കൂടി’ എന്നും, ഗരം എന്നാൽ “വിഷം” എന്നും അർത്ഥം) എന്ന് നാമകരണം ചെയ്തു. ഔർവ മഹാമുനിയുടെ നിർദേശങ്ങളനുസരിച്ച് സഗര രാജാവ്, യവനന്മാർ, ശകന്മാർ, ഹൈഹയർ, ബർബരന്മാർ തുടങ്ങിയ ഗോത്രങ്ങളെ നവീകരിച്ചു. യുദ്ധത്തിൽ പരാജയപ്പെടുത്തി കീഴടക്കിയെങ്കിലും അദ്ദേഹം അവരെ വധിച്ചില്ല. വീണ്ടും ഔർവ മുനിയുടെ ഉപദേശപ്രകാരം സഗരരാജാവ് അശ്വമേധയജ്ഞങ്ങൾ നടത്തി. പക്ഷേ അത്തരമൊരു യാഗം നടത്താൻ ആവശ്യമായ കുതിരയെ സ്വർഗാധിപതി ഇന്ദ്രൻ മോഷ്ടിച്ചു കൊണ്ടു പോയി. സഗരന് സുമതിയെന്നും, കേശിനിയെന്നും പേരുള്ള രണ്ട് പത്നിമാരുണ്ടായിരുന്നു. കുതിരയെ അന്വേഷിക്കുന്നതിനിടയിൽ സുമതിയുടെ പുത്രന്മാർ ഭൂമിയുടെ ഉപരിതലം ആഴത്തിൽ കുഴിക്കുകയും, വലിയൊരു ചാലായി രൂപാന്തരപ്പെട്ട ഇത് പിന്നീട് സാഗര സമുദ്രമെന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. ഈ അന്വേഷണത്തിനിടയിൽ അവർ മഹാമുനി കപില ദേവനെ കണ്ടുമുട്ടുകയും, അദ്ദേഹമാണ് കുതിരയെ മോഷ്ടച്ചതെന്ന് കരുതുകയും ചെയ്തു. ഈ തെറ്റായ ധാരണ മൂലം കപില മുനിയെ ആ ക്രമിച്ച് അവരെല്ലാം ഭസ്മീകരിക്കപ്പെട്ടു. രാജാവ് സഗരന് രണ്ടാമത്തെ പത്നി കേശിനിയിൽ അസമഞ്ജസൻ എന്നൊരു പുത്രനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രൻ അംശുമാൻ പിന്നീട് കുതിരയെ അന്വേഷിച്ച് കണ്ടു പിടിക്കുകയും തന്റെ പിതൃക്കളെ മോചിപ്പിക്കുകയും ചെയ്തു. കപിലദേവനെ സമീപിച്ച അംശുമാൻ യാഗാശ്വത്തെയും അടുത്തു തന്നെ ഒരു ചാമ്പൽ കൂനയും കാണുകയുണ്ടായി. അംശുമാൻ കപിലദേവന് പ്രാർത്ഥനകൾ അർപ്പിക്കുകയും, അദ്ദേഹത്തിൽ സംപ്രീതനായ കപിലദേവൻ യാഗാശ്വത്തെ തിരികെ നൽകുകയും ചെയ്തു. യാഗാശ്വത്തെ ലഭിച്ചു കഴിഞ്ഞിട്ടും അംശുമാൻ തന്റെ മുൻപിൽ തന്നെ നിൽക്കവെ, അദ്ദേഹം സ്വന്തം പിതാമഹന്മാരുടെ മോചനത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണെന്ന് കപില ദേവന് മനസ്സിലായി. അപ്രകാരം അദ്ദേഹം ഗംഗാജലം കൊണ്ട് അവരെ മോചിപ്പിക്കാനുളള ഉപദേശം അംശുമാന് നൽകി. അംശുമാൻ കപിലദേവന് ആദരപ്രണാമങ്ങളർപ്പിച്ച്, അദ്ദേഹത്തെ പ്രദക്ഷിണം ചെയ്ത് യാഗാശ്വത്തെയും കൊണ്ട് അവിടെ നിന്നു പോയി. യജ്ഞം പൂർത്തിയാക്കിയ സഗര രാജാവ് രാജ്യം അംശുമാന് കൈമാറി, ഔർവ മുനിയുടെ ഉപദേശങ്ങൾ പിന്തുടർന്ന് മോക്ഷം പ്രാപിച്ചു.