ആഷാഢ മാസത്തിലെ (ജൂൺ-ജൂലൈ) ശുക്ലപക്ഷത്തിലെ ശയന ഏകാദശി നാൾ മുതൽ ചാതുർമാസ്യക്കാലം ആരംഭിക്കുന്നു. ഈ കാലയളവ് കാർത്തിക മാസത്തിലെ (ഒക്ടോബർ-നവംബർ) ശുക്ലപക്ഷത്തിൽ വരുന്ന ഉത്ഥാന ഏകാദശി നാളിൽ അവസാനിക്കുന്നു. ഈ നാല് മാസക്കാലം ചാതുർമാസ്യം എന്നറിയപ്പെടുന്നു. ചില വൈഷ്ണവർ ആഷാഢത്തിലെ പൗർണ്ണമി മുതൽ കാർത്തികയിലെ പൗർണ്ണമി വരെയും ഇതാചരിക്കുന്നു. ഈ കാലയളവും നാല് മാസമാണ്. ചാന്ദ്രമാസങ്ങളുടെ അടിസ്ഥാനത്തിൽ കണക്കാക്കപ്പെടുന്നതാണ് ഈ ചാതുർമാസ്യം. പക്ഷേ മറ്റു ചിലർ ശ്രാവണം മുതൽ കാർത്തികവരെയുള്ള സൂര്യമാസങ്ങളുടെ അടിസ്ഥാനത്തിലും ചാതുർമാസ്യം ആചരിക്കുന്നു. ചാന്ദ്രമാസങ്ങളുടെ അടിസ്ഥാനത്തിലായാലും സൂര്യമാസങ്ങളുടെ അടിസ്ഥാനത്തിലായാലും ഈ കാലയളവ് വരുന്നത് വർഷകാലത്താണ്. എല്ലാ വിഭാഗം ജനങ്ങളും ചാതുർമാസ്യം ആചരിക്കേണ്ടതാണ്. എല്ലാ ആശ്രമങ്ങളിലുള്ളവരും ഇതാചരിക്കണം. ഇന്ദ്രിയസുഖത്തിന്റെ അളവ് പരിമിതപ്പെടുത്തുകയാണ് ഈ നാലുമാസത്തെ വ്രതാചരണത്തിന്റെ മുഖ്യ ലക്ഷ്യം. ഇത് വളരെ പ്രയാസമുള്ളതല്ല. വ്രതം അനുഷ്ഠിക്കുന്ന വ്യക്തി ശ്രാവണമാസത്തിൽ ചീരയും, ഭാദ്ര മാസത്തിൽ തൈരും ഭക്ഷിക്കരുത്, ആശ്വിനത്തിൽ പാൽ കുടിക്കുകയും ചെയ്യരുത്. കാർത്തിക മാസത്തിൽ മത്സ്യമോ മറ്റേതെങ്കിലും സസ്യേതര ആഹാരമോ ഭക്ഷിക്കരുത്. സസ്യേതര ഭക്ഷണമെന്നാൽ മത്സ്യവും മാംസവും എന്നാണർഥം. അതുപോലെ മസൂർ പരിപ്പും ഉഴുന്നും സസ്യേതരമായി കണക്കാക്കപ്പെടുന്നു. ഈ രണ്ട് പരിപ്പുകളിലും വർധിച്ച അളവിൽ മാംസ്യം (പ്രോട്ടീൻ) അടങ്ങിയിട്ടുണ്ട്. മാംസ്യത്തിന്റെ അളവ് കൂടുതലുള്ള ആഹാരത്തെ സസ്യേതര ഭക്ഷണമായി പരിഗണിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ചാതുർമാസ്യത്തിന്റെ നാല് മാസം ഒരുവൻ ഇന്ദ്രിയാസ്വാദനത്തിനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ ഭക്ഷണങ്ങളും വർജിക്കണം.
ശ്രീ ചൈതന്യ ചരിതാമൃതം – മദ്ധ്യലീല 4.169 (ഭാവാർത്ഥം)
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
