ചൈതന്യ രത്നമാല (ഭാഗം 2)
മഹാ പ്രഭുവിന്റെ അളവറ്റ കാരുണ്യം
തത്ത്വവിചാരങ്ങൾ നിറഞ്ഞ അവിദ്യാസാഗരത്തിൽനിന്നും രക്ഷ
ശ്രീചൈതന്യപ്രഭം വന്ദേ ബാലോ/പി യദനുഗ്രഹാത്
തരേൻ നാനാമതഗ്രാഹ വ്യാപ്തം സിദ്ധാന്തസാഗരം
വിവർത്തനം
ആരുടെ കാരുണ്യത്താൽ ഒരു ചെറുബാലകനുപോലും നാനാവിധ മുതലകൾ നിറഞ്ഞ സിദ്ധാന്ത സാഗരത്തെ നീന്തിക്കടക്കാൻ കഴിയുന്നു വോ, ആ ശ്രീചൈതന്യമഹാപ്രഭുവിനെ ഞാൻ വന്ദിക്കുന്നു.
ഭാവാർത്ഥം
പരമദിവ്യോത്തമപുരുഷനായ ശ്രീചൈതന്യമഹാപ്രഭുവിൻ്റെ കാരുണ്യത്താൽ, വിദ്യാഭ്യാസ സംസ്കാരമോ അനുഭവജ്ഞാനമോ ഇല്ലാത്ത ഒരു ബാലകനുപോലും അപകടകാരികളായ ജലജന്തുക്കളെപ്പോലുളള നാനവിധ തത്ത്വവിചാരങ്ങൾ നിറഞ്ഞ അവിദ്യാസാഗരത്തിൽനിന്നും രക്ഷ നേടാൻ സാധിക്കും. ബുദ്ധൻ്റെ തത്ത്വശാസ്ത്രം, ജ്ഞാനികളുടെ വിവാദസ്വഭാവമുള്ള പ്രതിപാദനങ്ങൾ, പതഞ്ജലിയുടെയും ഗൗതമന്റെയും യോഗസമ്പ്രദായങ്ങൾ, കണാദനെയും കപിലനെയും ദത്താത്രേയനെയും പോലുളള തത്ത്വജ്ഞാനികളുടെ സമ്പ്രദായങ്ങൾ ഇവയെല്ലാം അവിദ്യാ സാഗരത്തിലെ അപകടകാരികളായ ജന്തുക്കളാണ്. ശ്രീചൈതന്യമഹാപ്രഭൂവിന്റെ കാരുണ്യത്താൽ ഈ വിഭാഗീയ വീക്ഷണങ്ങളെ ഒഴിവാക്കി കൃഷ്ണന്റെ പാദപത്മങ്ങളെ ജീവിതത്തിൻ്റെ അന്തിമ ലക്ഷ്യമായി സ്വീകരിക്കുന്നതിലൂടെ, യഥാർത്ഥ ജ്ഞാനത്തിൻ്റെ സാരാംശം ഗ്രഹിക്കാൻ ഒരുവന് കഴിയുന്നു. ബദ്ധാത്മാക്കളോടുളള അവിടുത്തെ മഹത്തായ കാരു ണ്യത്തിനായി നമുക്കെല്ലാം ശ്രീ ചൈതന്യമഹാപ്രഭുവിനെ ഭജിക്കാം.
(ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, 2.1)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമരാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆