അന്തിമമായ ജീവിത ലക്ഷ്യത്തിനു വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണത്തെ സംബന്ധിച്ച് ചൈതന്യ മഹാപ്രഭു ശ്രീമദ് ഭാഗവതത്തിലെ അഞ്ചാം സ്കന്ധം മാധ്വഭാഷ്യത്തിൽ നിന്ന് (അദ്ധ്യായം 5.5.10-13) ഒരു കഥ വിവരിക്കുന്നു. സർവജ്ഞൻ എന്ന ജ്യോതിഷികൻ ഭാവിയെപ്പറ്റി പ്രവചനം നടത്താൻ വന്ന ഒരു ദരിദ്രനായ ആൾക്ക് നൽകിയ നിർദ്ദേശങ്ങളാണ് ഈ കഥ ഉൾക്കൊള്ളുന്നത്. സർവ്വജ്ഞൻ ആ മനുഷ്യന്റെ ജാതകം കണ്ടപ്പോൾ അയാൾ ഇത്രയേറെ ദരിദ്രനായതിൽ അത്ഭുതപ്പെട്ടുകൊണ്ട് പറഞ്ഞു “നിങ്ങൾ എന്തിനാണ് ഇത്ര ദുഃഖിതനായിരിക്കുന്നത്? നിങ്ങളുടെ അച്ഛൻ നിങ്ങൾക്കായി ഒരു നിധി ഒളിച്ചുവച്ചിരിക്കുന്നുണ്ട് എന്ന് നിങ്ങളുടെ ജാതകത്തിൽ നിന്ന് എനിക്ക് കാണുവാൻ കഴിയുന്നു. എന്നാൽ നിങ്ങളുടെ അച്ഛൻ വിദേശത്തുവച്ച് മരിച്ചതിനാൽ അദ്ദേഹത്തിന് ആ വിവരം നിങ്ങളെ അറിയിക്കാൻ കഴിയാതെ പോയി എന്നും ഈ ജാതകം സൂചിപ്പിക്കുന്നു. എന്തായാലും നിങ്ങൾക്ക് ഈ നിധി തിരഞ്ഞു കണ്ടുപിടിച്ച് സുഖമായി ജീവിക്കാം.”
ഈ കഥ ഉന്നയിക്കുന്നത് എന്തുകൊണ്ടെന്നാൽ ജീവസത്ത തന്റെ പരമ പിതാവായ കൃഷ്ണനാകുന്ന ഒളിച്ചുവയ്ക്കപ്പെട്ട നിധിയെപ്പറ്റിയുള്ള അജ്ഞത മൂലം ദുഃഖം അനുഭവിക്കുന്നു. ആ നിധി ദൈവപ്രേമമത്രെ. ഓരോ വൈദിക ഗ്രന്ഥത്തിലും ജീവാത്മാവ് അത് തേടി കണ്ടുപിടിക്കണം എന്ന ഉപദേശം നൽകപ്പെട്ടിരിക്കുന്നു. ഭഗവത്ഗീതയിൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ ആത്മാവ് ഏറ്റവും ധനികനായ വ്യക്തിയുടെ, ആ പരമ ദിവ്യോത്തമ പുരുഷന്റെ പുത്രനാണ് എങ്കിലും അയാൾ അത് അറിയുന്നില്ല. അതുകൊണ്ട് തന്റെ പിതാവിനെയും, പൈതൃകധനത്തെയും കണ്ടുപിടിക്കുവാൻ അയാളെ സഹായിക്കുവാനായി വൈദിക സാഹിത്യങ്ങൾ അയാൾക്ക് നൽകപ്പെട്ടിരിക്കുന്നു.
ജ്യോതിഷികനായ സർവജ്ഞൻ ദരിദ്രനായ മനുഷ്യനെ വീണ്ടും ഉപദേശിച്ചു: “കണ്ടുപിടിക്കാനായി നിങ്ങളുടെ വീടിന്റെ തെക്കുഭാഗത്ത് നോക്കരുത്. എന്തുകൊണ്ടെന്നാൽ, അങ്ങനെ ചെയ്യുന്ന പക്ഷം ഒരു വിഷമുള്ള കടന്നൽ നിങ്ങളെ ആക്രമിക്കുകയും നിങ്ങളുടെ ശ്രമം വിഫലമാവുകയും ചെയ്യുന്നു. കിഴക്കുവശത്ത് വേണം തിരച്ചിൽ നടത്തുവാൻ. അവിടെ ഭക്തിയുത സേവനം അഥവാ കൃഷ്ണബോധം എന്ന് വിളിക്കപ്പെടുന്ന പ്രകാശമുണ്ട്. തെക്കുവശത്ത് വൈദിക ചടങ്ങുകളും പടിഞ്ഞാറുവശത്ത് മാനസിക ഊഹാപോഹങ്ങളും, വടക്കുവശത്ത് ധ്യാനാത്മകമായ യോഗവുമാണുള്ളത്.”
സർവ്വജ്ഞന്റെ ഉപദേശം എല്ലാവരും അവധാനപൂർവ്വം ശ്രദ്ധിക്കണം. ഒരുവൻ അന്തിമ ലക്ഷ്യത്തിനുവേണ്ടി അനുഷ്ഠാനപരമായ പ്രക്രിയയിലൂടെ അന്വേഷിച്ചാൽ തീർച്ചയായും പരാജയപ്പെടുകയേ ഉള്ളൂ. അത്തരം പ്രക്രിയ ഒരു പുരോഹിതന്റെ മാർഗ്ഗനിർദ്ദേശമനുസരിച്ചുള്ള ചടങ്ങുകളുടെ നിർവഹണം ഉൾക്കൊള്ളുന്നു. അയാൾ തന്റെ സേവനത്തിനു പകരമായി പണം വാങ്ങുകയും ചെയ്യും. അത്തരം ചടങ്ങുകൾ നിർവഹിക്കുന്നത് കൊണ്ട് തനിക്ക് സുഖം ലഭിക്കും എന്ന് ഒരാൾ വിചാരിച്ചേക്കാം. എന്നാൽ യഥാർത്ഥത്തിൽ അയാൾക്ക് അവയിൽ നിന്ന് എന്തെങ്കിലും ഫലം കിട്ടുക തന്നെ ചെയ്തു എന്നു വന്നാലും അത് താൽക്കാലികം മാത്രമായിരിക്കും. അയാളുടെ ഭൗതിക യാതനകൾ തുടർന്നും നിലനിൽക്കും. അങ്ങനെ അയാൾക്ക് അനുഷ്ഠാനപരമായ പ്രക്രിയ അനുവർത്തിക്കുന്നത് കൊണ്ട് യഥാർത്ഥ സുഖം ലഭിക്കുകയില്ല. പകരം അയാൾ തന്റെ ഭൗതിക യാതന ഒന്നിനൊന്നു വർദ്ധിപ്പിക്കുകയേയുള്ളൂ.
വടക്കുവശത്ത് കുഴിച്ചു നോക്കുന്നത് ധ്യാനാത്മക യോഗത്തിലെ മാർഗ്ഗം അവലംബിച്ച് നിധിക്കു വേണ്ടി തിരയുന്നത് സംബന്ധിച്ച് ഇതുതന്നെ പറയാവുന്നതാണ്. ഈ കർമ്മപദ്ധതിയിലൂടെ ഒരാൾ പരമപ്രഭുവുമായി ഐക്യം കൈവരിക്കാം എന്ന് വിചാരിക്കുന്നു. എന്നാൽ പരമപുരുഷനിലുള്ള ഈ വിലയനം ഒരു വലിയ സർപ്പത്താൽ വിഴുങ്ങപ്പെടുന്നതിന് സമമാണ്. ചിലപ്പോൾ ഒരു വലിയ സർപ്പം അതിനേക്കാൾ ചെറിയ ഒന്നിനെ വിഴുങ്ങാറുണ്ട്. പരമപുരുഷന്റെ ആധ്യാത്മിക അസ്തിത്വത്തിൽ വിലയിക്കുക എന്നത് അതിനു സമാനമായ ഒന്നാകുന്നു. ചെറിയ സർപ്പം പൂർണ്ണതയ്ക്കുവേണ്ടി തിരയവേ അവൻ ഗ്രസ്തനായിത്തീരുന്നു. വ്യക്തമായും ഇവിടെ പ്രശ്നപരിഹാരമില്ല.
പടിഞ്ഞാറുവശത്തും ഒരു യക്ഷന്റെ നിധി കാക്കുന്ന ദുർഭൂതത്തിന്റെ രൂപത്തിലുള്ള വിഘാതമുണ്ട്. നിഗൂഢമായ നിധി അത് കരസ്ഥമാക്കുവാനായി ഒരു യക്ഷന്റെ സന്മനോഭാവം ആവശ്യപ്പെടുന്ന ഒരാൾക്ക് ഒരിക്കലും കണ്ടെത്താനാവില്ല എന്നതാണ് വിവക്ഷിതം. അതിന്റെ ഫലം അയാൾ വെറുതെ കൊല്ലപ്പെടും എന്നതാണ്. ഈ യക്ഷൻ, ഊഹാപോഹ നിർഭരമായ മനസ്സ് തന്നെ. ഇക്കാര്യത്തിൽ ആത്മസാക്ഷാത്കാരത്തിനുള്ള ഊഹാപോഹപരമായ പ്രക്രിയയും അഥവാ ജ്ഞാനമാർഗ്ഗവും ആത്മഹത്യാപരമാണ്.
അപ്പോൾ പിന്നെ നിഗൂഢ നിധിക്ക് വേണ്ടി കിഴക്കുവശത്ത് പൂർണ്ണമായ കൃഷ്ണബോധത്തോടുള്ള മാർഗ്ഗത്തിലൂടെ തിരയുക എന്നതാണ് ഒരേയൊരു പോംവഴി. യഥാർത്ഥത്തിൽ സേവനത്തിന്റെ ആ പ്രക്രിയയാണ് ശാശ്വതമായ നിഗൂഢ നിധി. ഒരുവൻ അത് കരസ്ഥമാക്കി കഴിഞ്ഞാൽ അയാൾ ശാശ്വതമായി ധനവാനായിത്തീരുന്നു. ദരിദ്രനായ ഒരുവന് എപ്പോഴും ധനം ആവശ്യമുണ്ട്. ചിലപ്പോൾ അയാൾക്ക് വിഷജന്തുക്കളുടെ കടിയേൽക്കുന്നു, മറ്റു ചിലപ്പോൾ അയാൾ തത്വചിന്ത പിന്തുടരുക മൂലം സ്വന്തം വ്യക്തിസ്വഭാവം നഷ്ടപ്പെടുന്നു. ചിലപ്പോൾ അയാൾ ഒരു വലിയ സർപ്പത്താൽ ഗ്രസ്തനായിത്തീരുകയും ചെയ്യുന്നു. ഇതെല്ലാം കൈവെടിയുകയും കൃഷ്ണാവബോധത്തിൽ ഭക്തിയുത സേവനത്തിൽ പ്രതിഷ്ഠിതനായിത്തീരുകയും ചെയ്യുന്നതിലൂടെ മാത്രമേ ഒരുവന് യഥാർത്ഥത്തിൽ ജീവിതത്തിന്റെ പരിപൂർണ്ണത കൈവരിക്കാനാവുകയുള്ളൂ.
(അദ്ധ്യായം 4 / ചൈതന്യ ശിക്ഷാമൃതം)
തത്ത്വവിചാരം
ഭഗവാൻ ശ്രീസനാതന കൃഷ്ണനാകുന്ന നിഗൂഢനിധിയെ കണ്ടെത്തുന്നതിലൂടെ മാത്രമേ മനുഷ്യന് ജീവിതത്തിന്റെ അന്തിമ ലക്ഷ്യം കൈവരിക്കാനാകൂ എന്ന് ഈ ലേഖനം സമർത്ഥിക്കുന്നു. ഭൗതികമായ ദാരിദ്ര്യവും ദുഃഖവും അനുഭവിക്കുന്ന ജീവാത്മാവ് തന്റെ യഥാർത്ഥ പിതാവിനെയും പൈതൃക സ്വത്തിനെയും തിരിച്ചറിയാത്തതാണ് എല്ലാ ക്ലേശങ്ങൾക്കും കാരണം. വൈദിക സാഹിത്യങ്ങൾ വഴി ഈ പരമമായ നിധി കണ്ടെത്താൻ ഓരോ വ്യക്തിയെയും സഹായിക്കുകയാണ് ചൈതന്യ മഹാപ്രഭു ഈ വിവരണത്തിലൂടെ ലക്ഷ്യമിടുന്നത്. ശ്രീമദ് ഭാഗവതത്തിലെ അഞ്ചാം സ്കന്ധം മാധ്വഭാഷ്യത്തെ ആസ്പദമാക്കി ചൈതന്യ മഹാപ്രഭു ഈ ചരിത്രം വിവരിക്കുന്നു. സർവജ്ഞൻ എന്ന ജ്യോതിഷ പണ്ഡിതൻ തന്റെ അരികിലെത്തിയ ദരിദ്രനായ ഒരാളോട് സംവദിക്കുകയാണ്. ജാതകവശാൽ അയാൾക്ക് വലിയൊരു നിധി പിതാവ് കരുതിവെച്ചിട്ടുണ്ടെന്നും, എന്നാൽ അത് എവിടെ, എങ്ങനെ തിരയണം എന്നതിനെക്കുറിച്ചുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർവജ്ഞൻ ഈ സംഭാഷണത്തിലൂടെ നൽകുന്നു. ഭഗവാൻ ശ്രീ കൃഷ്ണനുമായുള്ള ജീവാത്മാവിന്റെ ബന്ധത്തെ പുനഃസ്ഥാപിക്കാനാവശ്യമായ ശരിയായ മാർഗ്ഗം ഏതാണെന്ന് ഈ ഉപമയിലൂടെ അദ്ദേഹം വിശദീകരിക്കുന്നു.
വിഷയം
▪️അജ്ഞത മൂലമുള്ള ദാരിദ്ര്യം: ജീവാത്മാവ് ഏറ്റവും ധനികനായ പരമ ദിവ്യോത്തമ പുരുഷന്റെ പുത്രനാണെങ്കിലും, തന്റെ പിതാവിനെക്കുറിച്ചും പിതാവ് കരുതിവെച്ചിട്ടുള്ള ‘ദൈവപ്രേമം’ എന്ന നിധിയെക്കുറിച്ചും അജ്ഞനായതിനാൽ സംസാരസാഗരത്തിൽ ദുഃഖം അനുഭവിക്കുന്നു.
▪️തെക്ക് വശത്തെ വിഘാതം (കർമ്മകാണ്ഡം): നിധി തേടി തെക്ക് വശത്തേക്ക് പോകുന്നത് വൈദിക ചടങ്ങുകളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും സുഖം തേടുന്നതിന് തുല്യമാണ്. അവിടെ ‘വിഷമുള്ള കടന്നൽ’ ആക്രമിക്കുന്നത് പോലെ, അത്തരം ചടങ്ങുകൾ താൽക്കാലിക ഫലം നൽകിയേക്കാമെങ്കിലും ഭൗതിക യാതനകൾ വർദ്ധിപ്പിക്കുകയേ ഉള്ളൂ.
▪️പടിഞ്ഞാറ് വശത്തെ വിഘാതം (ജ്ഞാനമാർഗ്ഗം): പടിഞ്ഞാറ് വശത്ത് നിധി കാക്കുന്ന ‘യക്ഷൻ’ എന്ന ദുർഭൂതമുണ്ട്. ഇത് മാനസികമായ ഊഹാപോഹങ്ങളെയും ജ്ഞാനമാർഗ്ഗത്തെയും സൂചിപ്പിക്കുന്നു. ഈ വഴി സ്വീകരിക്കുന്നത് ആത്മഹത്യാപരമാണ്, ഇത് ജീവന്റെ വ്യക്തിത്വത്തെ തന്നെ ഇല്ലാതാക്കുന്നു.
▪️വടക്ക് വശത്തെ വിഘാതം (യോഗമാർഗ്ഗം): വടക്ക് ഭാഗത്ത് നിധി തിരയുന്നത് ധ്യാനാത്മക യോഗത്തിലൂടെ ഭഗവാനിൽ ലയിക്കാൻ ശ്രമിക്കുന്നതിന് തുല്യമാണ്. ഇത് ഒരു ചെറിയ സർപ്പത്തെ വലിയ സർപ്പം വിഴുങ്ങുന്നതുപോലെയാണ്; ഇതിലൂടെ യഥാർത്ഥ പരിഹാരം ലഭ്യമല്ല.
▪️കിഴക്ക് വശത്തെ പ്രകാശം (ഭക്തിയോഗം): നിധി കണ്ടെത്താനുള്ള ഏക മാർഗ്ഗം കിഴക്ക് വശമാണ്. ഇത് ഭക്തിയുത സേവനത്തെ അഥവാ കൃഷ്ണബോധത്തെ സൂചിപ്പിക്കുന്നു. ഈ മാർഗ്ഗത്തിലൂടെ മാത്രമേ നിഗൂഢമായ ആത്മീയ നിധി സുരക്ഷിതമായി കരസ്ഥമാക്കാൻ സാധിക്കൂ.
ഭൗതികമായ മറ്റ് കർമ്മ-ജ്ഞാന-യോഗ മാർഗ്ഗങ്ങൾ ജീവാത്മാവിന് അപകടങ്ങളും പരാജയങ്ങളും മാത്രമേ നൽകുകയുള്ളൂ എന്ന് ഈ ലേഖനം വ്യക്തമാക്കുന്നു. ഭഗവാൻ ശ്രീ കൃഷ്ണനോടുള്ള ശുദ്ധമായ ഭക്തിയുത സേവനത്തിൽ പ്രതിഷ്ഠിതനാകുന്നതിലൂടെ മാത്രമേ ഒരുവന് തന്റെ യഥാർത്ഥ പൈതൃക ധനം ലഭിക്കുകയുള്ളൂ. കൃഷ്ണാവബോധത്തിലൂടെ കൈവരുന്ന ഈ പരിപൂർണ്ണതയാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
