ശ്രീല പ്രഭുപദർ : ആളുകൾ എല്ലാവിധത്തിലുമുള്ള നിരോധിക്കപ്പെട്ട കാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുന്നു. എന്തുകൊണ്ട് ? എന്താണ് കാര്യം ? നൂനം പ്രമത്തഃ കുരുതേ വികർമ യദിന്ദ്രിയപ്രീതയ. ഇന്ദ്രിയപ്രീണനമാണ് ഏകകാരണം. താൻ ചെയ്യുന്ന പാപകർമങ്ങളെല്ലാം ഇന്ദ്രിയപ്രീണനത്തിനാണെന്നും തൽഫലമായി താഴേക്കിടയിലുള്ള ഒരു ശരീരം സ്വീകരിക്കേണ്ടിവരുമെന്നും ദുഷ്കൃതികൾ ചിന്തിക്കുന്നില്ല. അതവർ അറിയുന്നില്ല. ഇപ്പോൾത്തന്നെ താഴേക്കിടയിലെ ശരീരമാറോമിൽ വച്ചു നടന്ന സംഭാഷണത്തിൽ നിന്നാണുള്ളത്, അതിനാൽ ദുരിതമനുഭവിക്കുകയാണ്. മാത്രമല്ല, തൻ്റെ ഇപ്പോഴുള്ള പ്രവൃത്തികൾമൂലം വീണ്ടും താഴേക്കിടയിലെ മറ്റൊരു ശരീരം സ്വീകരിക്കേണ്ടിവരുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു – കൂടുതൽ ദുരിതം. എന്നിരുന്നാലും ഇന്ദ്രിയപ്രീണനത്തിനായി കൂടുതൽ പ്രയത്നിക്കും.
ശ്രീമദ് ഭാഗവതം അത്തരക്കാർക്ക് താക്കീത് നൽകുന്നു, ‘ന സാധു മാന്യേ യതോ’ആത്മനോയം’ : “അതു നല്ലതല്ല, ഇത്തരം പ്രവൃത്തികൾ ഇപ്പോൾ തന്നെ ആത്മാവിനെ ദുരിതപൂർണമായ ശരീരത്താൽ ആവരണം ചെയ്തു കഴിഞ്ഞിരിക്കുന്നു.”
“പക്ഷേ ഈ ശരീരം നശ്വരമാണ്. അതിനാൽ ഞാൻ വിഷമിക്കുകയില്ല.” (എന്ന് ചിലർ പറഞ്ഞേക്കാം)
“അങ്ങനെയെങ്കിൽ മറ്റൊരു ശരീരം സ്വീകരിക്കേണ്ടി വരും. ഈ ശരീരം നശ്വരമാണ്, പക്ഷേ, ഇതിന് ശേഷം മറ്റൊരു ശരീരം സ്വീകരിക്കേണ്ടിവരും, ഏറ്റവും അധമമായ ശരീരം. എന്നിരിക്കെ എന്തിന് നിങ്ങൾ ഇത്തരത്തിലുള്ള അസംബന്ധങ്ങൾ പ്രവർത്തിക്കുന്നു ? ഈ ശരീരം നശ്വരമാണ്, പക്ഷേ, ഇതു “ക്ലേശദ” – അഥവാ ഈ ഭൗതികലോകത്തിലെ ദുഷ്കരമായ നിബന്ധനകൾക്ക് വിധേയമാണ്.
ഈ ശരീരം ദുരിതപൂർണമാണെന്ന് നിങ്ങൾക്കറിയാം, ലഭ്യമാകുന്ന മറ്റു ശരീരങ്ങളും ദുരിതപൂർണമാണെന്ന് നിങ്ങൾക്കറിയാം. അങ്ങനെയാണെങ്കിൽ എന്തിനാണ് നിങ്ങൾ വീണ്ടും വീണ്ടും ശരീരങ്ങൾ സ്വീകരിക്കുന്നത്? ഈ പ്രവൃത്തികളെല്ലാം നിറുത്തുക.” ഇതാണ് കൃഷ്ണാവബോധം.
ഏതു തരം ശരീരം സ്വീകരിച്ചാലും അവയെല്ലാം ദുരിതം നൽകുന്നവയാണെന്ന് ആളുകൾ മനസ്സിലാക്കുന്നില്ല. ഉദാഹരണത്തിന് നിങ്ങൾ സൗകര്യങ്ങൾ നിറഞ്ഞ ഈ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നു, പക്ഷേ, ഏതാനും മണിക്കൂർ നേരത്തേക്ക് അസഹ്യമായ തണപ്പുണ്ടായെന്നിരിക്കട്ടെ, ആളുകൾ മരിച്ചേക്കാം, ഈ കെട്ടിടത്തിനകത്തുപോലും. ശരിയല്ലേ ? അതായത്, നിങ്ങൾ ഏതുതരം ഭൗതികാവസ്ഥയിലായിരുന്നാലും ദുരിതാനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. മാത്രമല്ല, ഇത്രയും ഉയരമുള്ള ഒരു കെട്ടിടം പണികഴിപ്പിക്കാൻ എത്ര മാത്രം കഷ്ടപ്പെടണം. അപ്പോൾ ഉടമസ്ഥൻ പറഞ്ഞേക്കാം, “സാർ, ഞാൻ ബുദ്ധിമുട്ടുന്നില്ല, ജോലിക്കാരാണ് ബുദ്ധിമുട്ടുന്നത്.” എന്ന്. പക്ഷേ, അവർക്കു കൊടുക്കാനുള്ള പണം നിങ്ങളുണ്ടാക്കണം. ജോലിക്കാർക്ക് കൊടുക്കാനുള്ള പണമുണ്ടാക്കാൻ എത്ര കഷ്ടപ്പെടണം ?
ആളുകൾ പണത്തിൽ ആകൃഷ്ടരാകുകയാണ്. വാസ്തവത്തിൽ ഈ പ്രക്രിയ പൂർണമായും ദുരിതം നിറഞ്ഞതുതന്നെയാണ്. ചിലപ്പോൾ ഉയർന്ന കെട്ടിടങ്ങൾ പണിയുമ്പോൾ ജോലിക്കാർ വീണ് മരിക്കാറില്ലേ ? മാത്രമല്ല, ന്യൂയോർക്കിലെ ചില കെട്ടിടങ്ങളിൽ വാടകക്ക് താമസിക്കാനാളില്ലത്രെ. അതു മറ്റൊരു ബുദ്ധിമുട്ട്. ആ കെട്ടിടത്തിൻ്റെ ഉടമസ്ഥൻ കഷ്ടതയിലാണ്. “ഞാനിത്രയും പണം ചിലവഴിച്ചു, പക്ഷേ, വാടകക്കാരില്ല” എന്നയാൾ വിഷമിക്കുന്നു. ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ കഴിഞ്ഞ ആറേഴു വർഷങ്ങളായി താമസക്കാരില്ലത്രെ.
ശിഷ്യൻ : ടോട്ടൻഹാം കോർട്ട് റോഡിലുള്ളതാണ്, ആ വലിയ കെട്ടിടം.
ശ്രീല പ്രഭുപാദർ : (ചിരിച്ചുകൊണ്ട്) വാടകക്കാർ താമസിച്ചാലും കെട്ടിടത്തിൻ്റെ ഉടമസ്ഥന് ബുദ്ധിമുട്ടാണ്, താമസിക്കാൻ ആളില്ലെങ്കിലും ബുദ്ധിമുട്ടാണ്. അങ്ങനെയല്ലേ ? അതെ. ആളുകൾ താമസിച്ചാൽ പലവിധത്തിലുള്ള നികുതികൾ അടക്കേണ്ടിവരുമെന്നതിനാൽ അയാൾ ആളുകളെ താമസിപ്പിക്കുന്നില്ല. അതുകൊണ്ടയാൾ അതൊഴിവാക്കുന്നു. ചുരുക്കത്തിൽ, കെട്ടിടം പണികഴിപ്പിക്കുന്നതും പിന്നീടതു പരിപാലിക്കുന്നതും ബുദ്ധിമുട്ടാണ്. സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നതിനിടക്ക് ആളുകൾ എന്തൊക്കെയോ നിർമിക്കുന്നു അതുമിതുമെല്ലാം. എന്നിട്ടും, അവർക്കതാസ്വദിക്കാൻ കഴിയുന്നില്ല. ഏതാനും നിമിഷങ്ങൾ അവർക്കതാസ്വദിക്കാൻ കഴിഞ്ഞേക്കാം, നിമിഷങ്ങൾക്ക് ശേഷം അതുപയോഗശൂന്യമാകുന്നു.
ശിഷ്യൻ : ചിലപ്പോൾ ആളുകൾ ചിന്തിക്കാറുണ്ട്,”ഞാനൊരു പക്ഷിയോ നായയോ ആയി ജനിക്കുമെന്ന് എന്താണുറപ്പ് ?”
ശ്രീല പ്രഭുപാദർ : ഈ പക്ഷികളും നായകളും എവിടെ നിന്നുണ്ടാകുന്നു ? ഇവർ അതിനുത്തരം പറയട്ടെ. ഈ പക്ഷികളും നായകളും എവിടെ നിന്നുണ്ടാകുന്നു ?
ശിഷ്യൻ : അതു മറ്റു പക്ഷികളിൽ നിന്നും നായകളിൽ നിന്നും എന്ന ഉത്തരമാണ് ഭൂരിഭാഗം ആളുകളും പറയുന്നത്.
ശ്രീല പ്രഭുപാദർ : അങ്ങനെ നിങ്ങൾ ചിന്തിക്കുന്നു, പക്ഷേ, നിങ്ങൾക്ക് പ്രകൃതിയുടെ നിയമത്തെക്കുറിച്ചറിയില്ല. പ്രകൃതിയാണ് ഈ ശരീരങ്ങൾ പ്രദാനം ചെയ്യുന്നത്, നിങ്ങളുടെ മുൻകാലകർമങ്ങൾ നിങ്ങളെ ഈ ശരീരങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാക്കുന്നു. ഈ അപ്പാർട്ടുമെൻ്റിൻ്റെ കാര്യമെടുക്കുക. ഇതു നിങ്ങളെടുത്തേയ്ക്കാം, അല്ലെങ്കിൽ മറ്റാരെങ്കിലും അതെടുക്കും. അതുപോലെ തന്നെ ഈ ശരീരവും – പ്രകൃതിനൽകുന്നു, നാം സ്വീകരിച്ചേ മതിയാകൂ. നാമെല്ലാവരും ആത്മീയസത്തകളാണ്, പ്രകൃതിയുടെ നിർദേശത്തിൻകീഴിൽ നാം ഭൗതികശരീരങ്ങൾ മാറുന്നു. എൻ്റെ മുൻകാലപ്രവൃത്തികൾ എന്നെ ഒരു പ്രത്യേകതരം ശരീരം സ്വീകരിക്കാൻ നിർബന്ധിതനാക്കുന്നു. മറ്റൊരാളടെ മുൻ കാലപ്രവൃത്തികൾ അയാളെ മറ്റൊരു തരം ശരീരം സ്വീകരിക്കാൻ നിർബന്ധിതനാക്കുന്നു. അസ്വീകര്യമായ വ്യവസ്ഥയാണോ അത്? അടുത്ത ജന്മത്തിൽ ആ വ്യക്തി എൻ്റേതു പോലെയുള്ള ശരീരം സ്വീകരിച്ചേക്കാം, ഞാൻ അയാളുടേതുപോലെയുള്ള ശരീരവും. ഇതു വീടു മാറുന്നതു പോലെയേയുള്ളൂ. ഞാൻ ഒരു വീട്ടിലേക്കു മാറുന്നു, മറ്റൊരാൾ മറ്റൊരു വീട്ടിലേക്കുമാറുന്നു. എന്തു തന്നെയായാലും പ്രകൃതി പലതരം വീടുകൾ നൽകുന്നു.
ഈ വീടു ഞാൻ സ്വീകരിക്കില്ല എന്ന് നിങ്ങൾ പറയുമ്പോൾ പ്രകൃതി മറുപടി നൽകും,”അതു നിങ്ങളുടെ തീരുമാനമല്ല. നിങ്ങളുടെ വീടിനായി നൽകാൻ എത്ര പണം (സത്കർമങ്ങൾ) നിങ്ങളുടെ കയ്യിലുണ്ട് ?”
“എൻ്റെ കയ്യിൽ ഒന്നുമില്ല.’
“അങ്ങനെയെങ്കിൽ ഈ വീട്ടിലേയ്ക്ക് പോവുക.”
അപ്പോൾ ആ വീടു തന്നെ നിങ്ങൾ സ്വീകരിക്കേണ്ടിവരും.
കർമണാ ദൈവനേത്രേണ – നിങ്ങളുടെ മുൻകാല കർമങ്ങളനുസരിച്ച് ഏതു തരം വീട് നിങ്ങൾക്ക് ലഭിക്കുമെന്ന് നിശ്ചയിക്കപ്പെടുന്നു. അതു നിങ്ങളുടെ തീരുമാനമല്ല.
മനുഷ്യശരീരം ലഭിച്ചുകഴിഞ്ഞാൽ പിന്നീടൊരിക്കലും മൃഗശരീരത്തിലേക്കുതരം താഴ്ത്തപ്പെടുകയില്ലെന്നാണ് പല ദുഷ്കൃതികളും ധരിച്ചു വച്ചിരിക്കുന്നത്. പക്ഷേ, നായയുടേയും പൂച്ചയുടേയും ശരീരം സ്വീകരിക്കാൻ പ്രകൃതി അയാളെ നിർബന്ധിതനാക്കും. തീരുമാനം നിങ്ങളുടേതല്ല – മറിച്ച് ഉന്നതസ്ഥാനീയരുടേതാണ് – ഓഫീസിലെന്നപോലെ നിങ്ങൾക്ക് പ്രൊമോഷൻ നൽകണോ അതോ തരം താഴ്ത്തപ്പെടുത്തണമോ എന്ന് തീരുമാനിക്കുന്നത് നിങ്ങളല്ല, മറിച്ച് ഡയറക്ടർമാരാണ്. ‘എനിക്ക് ഈ പോസ്റ്റ് സ്വീകാര്യമല്ല’ എന്ന് പറയാൻ നിങ്ങൾക്കു കഴിയില്ല, നിങ്ങൾ സ്വീകരിക്കുക തന്നെ വേണം.
കാരണം ഗുണ സംഗഃ അസ്യ സദസദ്ജന്മയോനിഷു : ഭൂതകാലങ്ങളിൽ നിങ്ങൾക്ക് പ്രകൃതിയുടെ വിവിധ ഗുണങ്ങളുമായുള്ള സംസർഗം മൂലമാണ് ഈ ശരീരങ്ങൾ ലഭിക്കുന്നത്. അല്ലാത്ത പക്ഷം എന്തിനിത്ര വൈവിധ്യങ്ങൾ ? ഒരാൾ കാക്കയാകുന്നു, മറ്റൊരാൾ കുരുവിയാകുന്നു, മറ്റൊരാൾ നായയാകുന്നു, വേറൊരാൾ പൂച്ചയാകുന്നു, മറ്റൊരാൾ മരമാകുന്നു, മറ്റൊരാൾ പുൽക്കൊടിയാകുന്നു. പ്രകൃതി വളരെ വിദഗ്ധയാണ്, ദുരിതങ്ങളുടെ ഇത്രയധികം വൈവിധ്യത്തിലും അവയെ ഒന്നിച്ചാക്കി സുന്ദരമായി അവതരിപ്പിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆