ശ്രീമദ് ഗൗരപ്രിയ ലോകനാഥ പദാബ്ജ- സത് പദം
രാധാ- കൃഷ്ണ രസോന്മത്തം വന്ദേ ശ്രീമാൻ നരോത്തം
ശ്രീ ചൈതന്യ മഹാപ്രഭുവിന് ഏറെ പ്രിയപ്പെട്ട ശ്രീമദ് ലോകനാഥ ഗോസ്വാമിയുടെ പാദകമലങ്ങളിലെ തേനീച്ചയായ ശ്രീല നരോത്തമ ദാസ് താക്കൂറിനെ ഞാൻ ആരാധിക്കുന്നു. രാധാ- കൃഷ്ണ പ്രേമത്തിൽ അദ്ദേഹം സദാ മുഴുകിയിരുന്നു.
ഭഗവാൻ ചൈതന്യൻ കിഴക്കൻ ബംഗാളിൽ
ഒരിക്കൽ ചൈതന്യ മഹാപ്രഭു തന്റെ എല്ലാ സഹചാരികളോടൊത്തും കിഴക്കൻ ബംഗാളിലെ ഖേത്തൂരി സന്ദർശിക്കുകയായിരുന്നു. പെട്ടെന്ന് ചൈതന്യ ഭഗവാൻ കരഞ്ഞു തുടങ്ങി, “നരോത്തമാ, നരോത്തമാ, എന്റെ പ്രിയപ്പെട്ട നരോത്തമാ, നീ എവിടെയാണ്?” ഭഗവാന്റെ സഹചാരികൾ വളരെ ആശ്ചര്യപ്പെട്ടു, കാരണം അവർക്ക് നരോത്തമൻ എന്ന് വിളിക്കപ്പെടുന്ന ആരെയും അറിയില്ലായിരുന്നു. “ആരാണ് നരോത്തമൻ?” അവർ ചോദിച്ചു.
ഭഗവാൻ മറുപടി പറഞ്ഞു, “ഭാവിയിൽ നരോത്തമൻ വരും.” അടുത്ത ദിവസം ചൈതന്യ പത്മാ നദിയിൽ കുളിച്ചപ്പോൾ, അദ്ദേഹം തന്റെ ദിവ്യസ്നേഹം നദിക്ക് നൽകി, ഭാവിയിൽ നരോത്തമന് നൽകണമെന്ന് നദിയോട് അഭ്യർത്ഥിച്ചു.
നരോത്തമനെ എങ്ങനെ തിരിച്ചറിയാനാകുമെന്ന് പത്മാ നദി ചോദിച്ചു, ഭഗവാൻ പറഞ്ഞു, “നരോത്തമൻ വരുമ്പോൾ നിങ്ങളുടെ ഹൃദയം നിറഞ്ഞ് വെള്ളം കവിഞ്ഞൊഴുകും, നിങ്ങൾക്ക് പരമാനന്ദം അനുഭവപ്പെടും.”

നരോത്തമദാസ് താക്കൂറിന്റെ ആഗമനം
കുറച്ച് വർഷങ്ങൾക്ക് ശേഷം, നരോത്തം ദാസ് ഠാക്കൂർ ഖേതുരിയിൽ ഒരു പൗർണ്ണമി ദിനത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് കൃഷ്ണാനന്ദ ദത്ത, കായസ്ത-ശൂദ്രവർഗ്ഗത്തിലെ അതിസമ്പന്നനായ ഒരു രാജാവായിരുന്നു. കുട്ടിക്കാലത്ത് നരോത്തത്തിന് ആകർഷകമായ സവിശേഷതകളും കറുത്ത നിറവുമായിരുന്നു. ചൈതന്യ മഹാപ്രഭുവിൻറെ അദ്ധ്യാപകരിൽ നിന്ന് നിരവധി ലീലകൾ കേട്ട അദ്ദേഹം മഹാപ്രഭുവിൻറെ ഭക്തനായി. ഒരു ദിവസം അദ്ദേഹം കൊട്ടാരം വിട്ട് പത്മ നദിയിൽ കുളിക്കാൻ പോയി. വളരെ നേരം കഴിഞ്ഞ് കാണാതായാപ്പോൾ അദ്ദേഹത്തിന്റെ കുടുംബം വിഷമിച്ചു. നരോത്തം എവിടെ?
അവർ എല്ലായിടത്തും തിരഞ്ഞു, പക്ഷേ കണ്ടെത്താനായില്ല. ഒടുവിൽ, നദീതീരത്ത് അവർ സ്വർണ്ണ നിറമുള്ള ബാലൻ ഉന്മത്തനായി കരഞ്ഞ് നൃത്തം ചെയ്യുന്ന ഒരു കണ്ടു. അവനെ സമീപിച്ചപ്പോൾ അത് യഥാർത്ഥത്തിൽ നരോത്തനാണെന്ന് അവർക്ക് മനസ്സിലായി. നരോത്തമൻ പത്മാ നദിയിൽ കുളിച്ചപ്പോൾ, ചൈതന്യ ഭഗവാൻ അവിടെ ഏൽപ്പിച്ച് പോയ ഭഗവദ് സ്നേഹം അദ്ദേഹത്തിന് നൽകി. തൽഫലമായി, അദ്ദേഹത്തിന്റെ നിറം കറുപ്പിൽ നിന്ന്, ഭഗവാന്റെ നിറത്തോട് സാമ്യമുള്ള സ്വർണ്ണ നിറത്തിലേക്ക് മാറി.
ഇത് അറിയാത്ത അദ്ദേഹത്തിന്റെ മാതാപിതാക്കൾ, തങ്ങളുടെ മകൻ ഭ്രാന്തനായി എന്ന് കരുതി. ഒരു ശുദ്ധ ഭഗവദ് ഭക്തന്റെ ഇങ്ങനെയുള്ള പെരുമാറ്റം സ്വാഭാവീകമാണെന്ന് അവർക്ക് മനസ്സിലായില്ല. ഒടുവിൽ നരോത്തം ശാന്തനായപ്പോൾ വീട്ടിലേക്ക് കൊണ്ടുപോയി.
പക്ഷേ അന്നുമുതൽ അദ്ദേഹത്തിന്റെ ചിന്ത വൃന്ദാവനത്തിലേക്ക് പോകുന്നതിനെക്കുറിച്ച് മാത്രമായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് അവരുടെ മകനെക്കുറിച്ച് വലിയ പദ്ധതികൾ ഉണ്ടായിരുന്നു. പിതാവിനുശേഷം അവൻ രാജാവാകണം, അതിനാൽ അവനെ കൊട്ടാരത്തിൽ നിർത്താൻ അവർ ആവുന്നതെല്ലാം ചെയ്തു. പക്ഷേ നരോത്തം തന്റെ മനസ്സ് മാറ്റിയില്ല. അവൻ സമ്പത്തിനെയോ ലൗകിക സുഖങ്ങളെയോ പരിഗണിച്ചില്ല. ആദ്യ അവസരത്തിൽ തന്നെ അദ്ദേഹം ഓടിപ്പോയി. ഒരു രാജാവിന്റെ മകനാണെങ്കിലും, അദ്ദേഹം വൃന്ദാവനത്തിലേക്കുള്ള വഴി മുഴുവൻ നഗ്നപാദനായി ഓടി

വൃന്ദാവനത്തിൽ
പുണ്യ ധാമമായ വൃന്ദാവനത്തിലെത്തിയ നരോത്തമൻ മഹാഭക്തനായിരുന്ന ലോകനാഥ ഗോസ്വാമിയോട് വളരെ അടുപ്പമായി. അദ്ദേഹത്തെ തന്റെ ഗുരുവായി ലഭിക്കുവാൻ ആഗ്രഹിക്കുകയും ചെയ്തു. ലോകനാഥ ഗോസ്വാമി ചൈതന്യ ഭഗവാന്റെ നേരിട്ടുള്ള സഹചാരി ആയിരുന്നു, ഇപ്പോൾ വളരെ പ്രായമായി. വിനയം കാരണം, അവൻ ഒരിക്കലും ശിഷ്യരെ സ്വീകരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. എന്നിരുന്നാലും, നരോത്തമൻ ദൃഢനിശ്ചയം ചെയ്യുകയും പ്രതീക്ഷ കൈവിടാൻ വിസമ്മതിക്കുകയും ചെയ്തു. എല്ലാ ദിവസവും അദ്ദേഹം രഹസ്യമായി ലോകനാഥ ഗോസ്വാമി പ്രഭാതകൃത്യങ്ങൾക്കായി ഉപയോഗിച്ച സ്ഥലം (ശൗചാലയം)വൃത്തിയാക്കി.
ലോകനാഥ് ഗോസ്വാമി വളരെ ആശ്ചര്യപ്പെട്ടു, പക്ഷേ ആരാണ് ഇത് ചെയ്യുന്നതെന്ന് മനസിലായില്ല. ഒരു ദിവസം അത് നരോത്തനാണെന്നറിഞ്ഞപ്പോൾ അദ്ദേഹം അസ്വസ്ഥനും ലജ്ജിതനുമായി. എല്ലാത്തിനുമുപരി, ഒരു രാജാവിന്റെ മകൻ എപ്പോഴാണ് ശൗചാലയം വൃത്തിയാക്കുന്ന പരിചാരകനായത്? ലോകനാഥ ഗോസ്വാമിയുടെ ഹൃദയം കീഴടക്കിയ നരോത്തമൻ അദ്ദേഹത്തിന്റെ ഏക ശിഷ്യനായി മാറിയത് ഇങ്ങനെയാണ്. ലോകനാഥ് അദ്ദേഹത്തോട് പറഞ്ഞു, “നിങ്ങളുടെ നിശ്ചയദാർഢ്യം എന്റേതിനേക്കാൾ ശക്തമാണ്. അതിനുപുറമെ, നിങ്ങളെപ്പോലുള്ള ഒരു ശിഷ്യനെ ലഭിക്കുന്നത് എനിക്ക് അനുഗ്രഹമായിരിക്കും.”
കിഴക്കൻ ബംഗാളിലേക്കുള്ള മടക്കം
ഗുരുവിന്റെ ആജ്ഞയെത്തുടർന്ന്, നരോത്തമൻ ശ്രീനിവാസ് ആചാര്യർ, ശ്യമാനന്ദ പണ്ഡിതൻ എന്നിവരുമായി ചേർന്ന് ജീവ ഗോസ്വാമിയുടെ കീഴിൽ പഠിച്ചു. മുമ്പ് വിവരിച്ചതുപോലെ, വൃന്ദാവനത്തിലെ ഗോസ്വാമികൾ എഴുതിയ എല്ലാ പുസ്തകങ്ങളും ബംഗാളിലേക്ക് കൊണ്ടുപോകാൻ ഈ മൂന്ന് ബുദ്ധിമാനായ വിദ്യാർത്ഥികളോട് ജീവ ഗോസ്വാമി ഉത്തരവിട്ടു. അവിടെ താമസക്കാരായ വൈഷ്ണവർക്ക് അവ പകർത്തി പഠിക്കാനാകും. കാളവണ്ടിയിൽ പുസ്തകങ്ങളുടെ വലിയ ശേഖരം എത്തിച്ചതിനുശേഷം, നരോത്തമൻ സ്വന്തം പട്ടണമായ ഖേതുരിയിലേക്ക് മടങ്ങി. തന്റെ പിതാവ് മരിച്ചുവെന്നും ചൈതന്യമഹേപ്രഭുവിന്റെ ഭക്തനായ തന്റെ ബന്ധു ഇപ്പോൾ രാജാവാണെന്നും അദ്ദേഹം കണ്ടെത്തി.
തനിക്കായി ഒരു ലളിതമായ ജീവിതം ഇഷ്ടപ്പെട്ട നരോത്തമൻ സമ്പന്നമായ കൊട്ടാരത്തിൽ ജീവിക്കാൻ ആഗ്രഹിച്ചില്ല. രാജാവ് ദയയോടെ അദ്ദേഹത്തിന് ചണ്ടി-മണ്ഡപ എന്ന സ്ഥലത്ത് ഒരു കുടിൽ നൽകി. നരോത്തം തന്റെ കൂടുതൽ സമയവും അവിടെ കൃഷ്ണാവബോധം പ്രചരിപ്പിക്കുകയും, വൈദിക ആചാരങ്ങൾ ചെയ്യുന്നതിൽ വിദഗ്ദ്ധരും അതേ സമയം ഭഗവാൻ കൃഷ്ണനോട് ഭക്തിയില്ലാത്ത, സ്മാർത്ത ബ്രാഹ്മണരെ പരാജയപ്പെടുത്തുകയും ചെയ്തു.

