ഒരുനാൾ അവരിങ്ങനെ അതീന്ദ്രിയ ലീലകളിൽ ലയിച്ചിരിക്കുമ്പോൾ പ്രലംബനെന്നുപേരുള്ള പ്രബലനായ ഒരസൂരൻ അവരുടെ കൂടെ ചേർന്നു. കൃഷ്ണനെയും ബലരാമനെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു അവന്റെ ലക്ഷ്യം. ഗോപബാലനായി കേളിയാടുകയാണെങ്കിലും കൃഷ്ണൻ പരംപൊരുളായ ഭഗവാനെന്ന നിലയിൽ ത്രികാല ജ്ഞാനിയായിരുന്നു. അതിനാൽ പ്രലംബാസുരൻ തങ്ങളുടെ കൂട്ടത്തിൽ ചേർന്നപ്പോൾ അവനെ എങ്ങനെ നിഗ്രഹിക്കണമെന്നായിരുന്നു കൃഷ്ണൻ്റെ ചിന്ത. എന്നാൽ പുറമേയ്ക്ക് അവനെ സുഹൃത്തായി സ്വീകരിക്കുകയും ചെയ്തു; “ഹായ്, പ്രിയപ്പെട്ട ചങ്ങാതീ, നിങ്ങൾ ഞങ്ങളുടെ ലീലകളിൽ പങ്കുചേരാൻ വന്നതു വളരെ നന്നായി.” തുടർന്ന് കൂട്ടുകാരെ മുഴുവൻ വിളിച്ചു കൂട്ടി അവരോടായി പറഞ്ഞു. “ഇനി നമുക്ക് നമ്മൾ ജോഡികളായി തിരിഞ്ഞ് പരസ്പരം മത്സരിക്കാം.” എല്ലാവരും ഈ നിർദ്ദേശത്തോടു യോജിച്ചു. ചിലർ കൃഷ്ണൻ പക്ഷത്തും മററു ചിലർ ബലരാമൻ്റെ പക്ഷത്തും ചേർന്നു. ദ്വന്ദ്വയുദ്ധത്തിൽ പരാജയപ്പെടുന്നവർ വിജയികളെ മുതകിലേറ്റി നടക്കണം. അവർ കളിതുടങ്ങി, ഒപ്പം ഭാണ്ഡീര വനത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന പശുക്കളുടെ കാര്യം ശ്രദ്ധിക്കുകയും ചെയ്തു. ശ്രീദാമനും വൃഷദനും ഉൾപ്പെട്ട ബലരാമന്റെ കക്ഷിയാണു മത്സരത്തിൽ ജയിച്ചത്. അതിനാൽ കൃഷ്ണൻ കക്ഷിക്കാർക്ക് ഇവരെ ഭാണ്ഡീരവനത്തിലൂടെ മുതുകിലേറ്റി കൊണ്ടു പോകേണ്ടി വന്നു. പരംപൊരുളായ ഭഗവാൻ്റെ മുതുകിൽ ശ്രീദാമനായിരുന്നു. ഭദ്രസേനനെ ചുമന്നതു വൃഷഭൻ, അവരുടെ ക്രീഡകളെ അനുകരിച്ച്, ഗോപകുമാരന്റെ രൂപത്തിൽ കൃഷ്ണൻ്റെ സംഘത്തിലുണ്ടായിരുന്ന പ്രലംബാസുരനു മുതുകിലേറേണ്ടി വന്നത് ബലരാമനെയാണ്. അസുരന്മാരിൽ വമ്പനായിരുന്നു പ്രലംബൻ. കൃഷ്ണനാണ് ഏററവും വലിയ ശക്തൻ എന്ന് അവൻ കണക്കാക്കിയിരുന്നു.
കൃഷ്ണനെ അകറ്റി നിർത്താൻ വേണ്ടി പ്രലംബൻ ബലരാമനെയും വഹിച്ചു കൊണ്ട് അതിവേഗം മുന്നോട്ടുപോയി. പ്രലംബൻ നല്ല കരുത്തനായിരുന്നു. കരുത്തിൽ പർവ്വതതുല്യനായ ബലരാമനായിരുന്നു അവൻ്റെ കഴുത്തിൽ. അതിനാൽ അല്പദൂരം ചെന്നപ്പോഴേക്കും ഭാരം അസഹനീയമായി അവനു തോന്നി. അപ്പോൾ അവൻ തൻ്റെ യഥാർത്ഥ രൂപം കൈക്കൊണ്ടു. ആ രൂപത്തിൽ, കനക കിരീടവും രത്നകുണ്ഡലവുമണിഞ്ഞു നിൽക്കുന്ന അവൻ, ചന്ദ്രബിംബത്തെ വഹിക്കുന്ന കരിമേഘം പോലെ കാണപ്പെട്ടു. അവൻ്റെ ശരീരം മേഘ മാർഗ്ഗത്തോളം വളർന്നിരിക്കുന്നതായി ബലരാമനു തോന്നി. അവൻ്റെ കണ്ണുകൾ ജ്വലിക്കുന്ന അഗ്നിപോലെ കാണപ്പെട്ടു, വായിൽ കൂർത്തു മൂർത്ത ദംഷ്ട്രകൾ മിന്നിത്തിളങ്ങി. ഈ രൂപമാററം ബലരാമനിൽ ആദ്യം അല്പമൊരു അദ്ഭുതമുള വാക്കി. “ഇതെന്തു പറ്റി? ഈ വാഹകന് ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു രൂപഭേദം?” എന്നാൽ തന്നെ വധിക്കാൻ വേണ്ടി ഒരസുരൻ കൂട്ടുകാരിൽ നിന്ന് തന്നെ അകറ്റിക്കൊണ്ടു പോകുകയാണെന്ന സത്യം ബലരാമനു മനസ്സിലായി. തൽക്ഷണം അവൻ മുഷ്ടിചുരിട്ടി അസുരൻ്റെ തലയ്ക്കിടിച്ചു. ഇന്ദ്രൻ പർവ്വതത്തിനു നേരെ വജ്രായുധം പ്രയോഗിച്ചത് പോലെയായിരുന്നു ആ ഇടി. ബലരാമൻ്റെ ഇടിയേററ അസുരൻ തല തകർന്ന സർപ്പത്തെപ്പോലെ ചത്തുവീണു. അവൻ്റെ വായിൽ നിന്ന് ചോരയൊഴുകി. ചത്തു വീഴുമ്പോൾ അസുരൻ ദിഗന്തങ്ങൾ നടുങ്ങുമാറ് അലറി വിളിച്ചിരുന്നു. ഇന്ദ്രൻ്റെ വജ്രായുധമേറ്റ് പർവ്വതം തകർന്നു വീഴുമ്പോൾ ഉണ്ടായ കഠോര ശബ്ദം പോലെയായിരുന്നു ആ അലർച്ച. കുട്ടികൾ മുഴുവനും ഇതുകേട്ട് അവിടെ ഓടിയെത്തി. ആ ബീഭത്സരംഗം കണ്ട് അവർ ബലരാമനെ അനുമോദിച്ചു “ഭേഷ്, ബലേ ഭേഷ്. നന്നായി വളരെ നന്നായി” അത്യന്തം വാത്സല്യത്തോടെ അവർ ബലരാമനെ ആശ്ലേഷിച്ചു. ബലരാമൻ മരണത്തിൻ്റെ വായിൽ നിന്നു മടങ്ങി വന്നതായി അവർ കരുതി. അവർ അവന് ആശിസ്സുകളർപ്പിച്ചു, സന്തുഷ്ടരായ ദേവഗണങ്ങൾ ബലരാമൻ്റെ അതീന്ദ്രിയ ശരീരത്തിൽ പുഷ്പവൃഷ്ടി ചെയ്തു. ഒപ്പം ആശിസ്സുകൾ നൽകി അനുഗ്രഹിക്കുകയും ചെയ്തു.
ശ്രീമദ് ഭാഗവതം .18
🔆🔆🔆🔆🔆🔆🔆
പ്രലംബാസുരൻ നമ്മുടെ ഉള്ളിൽ കുടി കൊണ്ടിരിക്കുന്ന കാമതൃഷ്ണകളെയും, പദവിയും പ്രശസ്തിയും നേടുവാനുള്ള ഇച്ഛയേയും സൂചിപ്പിക്കുന്നുവെന്ന് ഭക്തി വിനോദ് ഠാക്കൂർ തൻറെ ചൈതന്യ ശിക്ഷാമൃതത്തിൻറെ ഭാവാർത്ഥത്തിൽ വിശദീകരിക്കുന്നു.