രഘു ദാസ് – ഭഗവാൻ ജഗന്നാഥന്റെ പ്രിയസുഹൃത്ത്
ഒരുപാട് വർഷങ്ങൾക്ക് മുൻപ് പുരിയിൽ രഘു ദാസ് എന്ന് പേരായ വലിയ ഭഗവത്ഭക്തൻ ഉണ്ടായിരുന്നു. അദ്ദേഹം പുരിയിലെ ജഗന്നാഥക്ഷേത്രത്തിൻ്റെ സിംഹദ്വാരത്തിനടുത്ത് ഒരു കുടിലിൽ വസിച്ചിരുന്നു. രഘു ദാസ്, ശ്രീരാമഭഗവാൻ്റെ ഭക്തനായിരുന്നു.
ഒരു ദിവസം ജഗന്നാഥക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ, ഗർഭഗൃഹത്തിൽ ശ്രീരാമൻ, ലക്ഷ്മണൻ, സീതാദേവി എന്നിവരെ അദ്ദേഹം ദർശിച്ചു. അന്നുമുതൽ രഘു ദാസ് മനസ്സിൽ ഉറച്ചു വിശ്വസിച്ചു – ജഗന്നാഥനും ശ്രീരാമനും ഒരേ ഭഗവാനാണ് എന്ന്. രഘുവിനുള്ളിൽ ജഗന്നാഥനോട് സൗഹൃദഭാവം (സാഖ്യ രസം) വളരാൻ തുടങ്ങി.
സ്നേഹപൂർവ്വം സമർപ്പിച്ച പുഷ്പമാല്യം
ഒരു ദിവസം രഘു ദാസ് തന്റെ പ്രിയഭഗവാനായ ജഗന്നാഥനു വേണ്ടി ഒരു പുഷ്പമാല്യം സ്നേഹത്തോടെ തയ്യാറാക്കി. വാഴനാര് ഉപയോഗിച്ചാണ് അദ്ദേഹം ആ മാല കൊരുത്തത്. പൂമാല്യം ഭഗവാന് അർപ്പിക്കാനായി ക്ഷേത്രത്തിലെ പൂജാരിക്കു കൊടുത്തു.
എന്നാൽ പൂജാരി പറഞ്ഞു – വാഴനാര് ഉപയോഗിക്കുന്നത് ക്ഷേത്രത്തിൽഅനുമതിയില്ലാത്തതാണെന്ന്.അതുകൊണ്ട് അദ്ദേഹം മാല അർപ്പിച്ചില്ല. രഘു ദാസ് ഇതു കേട്ട് വല്ലാതെ ദുഃഖിതനായി. കനത്ത ഹൃദയത്തോടെ അദ്ദേഹം ക്ഷേത്രം വിട്ട് വെളിയിൽ പോയി…
എന്നും സന്ധ്യാ പൂജയ്ക്ക് ശേഷം പള്ളിയുറങ്ങുന്നതിനു മുൻപ് ഭഗവാൻ ജഗന്നാഥനെ ബഡാ ശൃംഗാര വേഷം എന്നറിയപ്പെടുന്ന സവിശേഷമായ വേഷമണിയിക്കും. അന്നത്തെ ദിവസം ഭഗവാനെ വസ്ത്രമണിയിച്ചതിനു ശേഷം പൂജാരി അവിടുത്തെ തിരുവുടൽ മുഴുവനും സുഗന്ധ പുഷ്പങ്ങളാൽ അലങ്കരിക്കുവാൻ ആരംഭിച്ചു. അത്ഭുതമെന്നു പറയട്ടെ ഒരു പൂ പോലും ഭഗവാൻറെ ദേഹത്തിൽ ചേർന്നു നിന്നില്ല. എല്ലാ പുഷ്പങ്ങളും നിലം പതിച്ചു. തങ്ങൾ ചെയ്ത പൂജയിൽ ഏതോ അപരാധം ഉണ്ടായിരുന്നതിനാൽ ആണ് അപ്രകാരം സംഭവിച്ചത് എന്ന് ചിന്തിച്ച പൂജാരികൾ വല്ലാതെ പരിഭ്രമിച്ചു പോയി. തങ്ങൾ ചെയ്ത പൂജയിൽ സംഭവിച്ച പിഴ മനസ്സിലാക്കാൻ വേണ്ടി എല്ലാ പൂജാരിമാരും ഉപവാസമെടുത്ത് അന്നത്തെ രാത്രി ക്ഷേത്രത്തിൽ തന്നെ ഉറങ്ങാൻ കിടന്നു.
അന്ന് രാത്രി, ക്ഷേത്രത്തിലെ പ്രധാന പൂജാരിയുടെ സ്വപ്നത്തിൽ ഭഗവാൻ ജഗന്നാഥൻ പ്രത്യക്ഷപ്പെട്ടു.
ഭഗവാൻ പറഞ്ഞു:
“എൻ്റെ പ്രിയഭക്തൻ രഘു ദാസ് നിറഞ്ഞ സ്നേഹത്തോടെ പൂമാല ഉണ്ടാക്കി. നീ അത് എനിക്ക് സമർപ്പിച്ചില്ല. അവൻ ഇപ്പോൾ തൻ്റെ മുന്നിൻ വച്ചിരിക്കുന്ന മാലയെ നോക്കി കരഞ്ഞു കൊണ്ടിരിക്കുകയാണ്. ഭക്ഷണം കഴിച്ചില്ല, ഉറങ്ങുന്നുമില്ല. ഞാൻ അവൻ്റെ സ്നേഹ സമ്മാനം സ്വീകരിച്ചില്ലെങ്കിൽ എനിക്ക് വിശ്രമം കിട്ടുമോ?” ഉടൻതന്നെ പ്രധാന പൂജാരിയും മറ്റു പൂജാരികളും ചേർന്ന് രഘുദാസനെ സന്ദർശിച്ചു. പൂജാരിമാർ രഘുദാസനോട് ക്ഷമ ചോദിച്ചു. ഭഗവാന് സമർപ്പിക്കുവാനായി ആ പുഷ്പമാല്യം തരുവാൻ അവർ അപേക്ഷിച്ചു. ഭഗവാന്റെ കാരുണ്യമോർത്ത് രഘു ദാസൻ ആനന്ദഭരിതനായി. അവൻ ആ പുഷ്പമാല്യം പൂജാരികൾക്ക് കൊടുത്തു.
ഭക്തനെ സേവിച്ച ഭഗവാൻ
ഒരിക്കൽ രഘുദാസനെ മാരകമായ ഒരു രോഗം ബാധിച്ചു. നാൾതോറും രോഗാവസ്ഥ അവസ്ഥ കൂടുതൽ വഷളായിക്കൊണ്ടിരുന്നു. കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ കഴിയാത്ത വിധം അദ്ദേഹം ക്ഷീണിതനായി പോയി. പലപ്പോഴും അബോധാവസ്ഥയിലേക്ക് വഴുതി വീണു കൊണ്ടിരുന്ന രഘുദാസൻ താൻ അറിയാതെ തന്നെ മലമൂത്ര വിസർജനാദികൾ കിടക്കയിൽ തന്നെ നടത്തിയിരുന്നു. അതിനാൽ തന്നെ ആ പരിസരം മുഴുവനും ദുർഗന്ധം പരന്നിരുന്നു. ഒരുനാൾ ഒരു ബാലകൻ രഘുദാസിനെ സന്ദർശിച്ചു. രഘുദാസന്റെ ദയനീയ അവസ്ഥ കണ്ട ആ ബാലകൻ അന്നുമുതൽ ദിവസേന അദ്ദേഹത്തിനെ പരിചരിക്കാൻ വരുമായിരുന്നു. ആ ചെറു ബാലകൻ മല മൂത്രം പുരണ്ട രഘുദാസന്റെ ദേഹം വൃത്തിയാക്കി ദുർഗന്ധം അകറ്റുവാനായി ചന്ദനം മുതലായ സുഗന്ധദ്രവ്യങ്ങൾ അദ്ദേഹത്തിൻറെ ശരീരത്തിൽ ലേപനം ചെയ്യുമായിരുന്നു. രഘുദാസൻ അബോധാവസ്ഥയിൽ നിന്നും മോചിതനായപ്പോൾ, തന്നെ ശുശ്രൂഷിച്ചിരുന്ന ആ ബാലകൻ ജഗന്നാഥൻ ആണെന്ന് തിരിച്ചറിഞ്ഞു. അശ്രുക്കൾ നിറഞ്ഞ നേത്രങ്ങളോടെ അദ്ദേഹം ജഗന്നാഥനോട് ഇപ്രകാരം ആരാഞ്ഞു. “എൻറെ പ്രിയ ഭഗവാനെ അങ്ങ് എന്തിനാണ് എനിക്ക് സേവനം ചെയ്യുന്നത്? ഇപ്രകാരം ചെയ്യുന്നത് വഴി അങ്ങ് എന്നെ ഒരു അപരാധിയാക്കുകയാണ്. അങ്ങയുടെ സേവനം സ്വീകരിക്കുക വഴി ഞാൻ ഇനിയും പാപം കൂടുതൽ സഞ്ചയിക്കുകയാണ്. അല്ലയോ ഭഗവാനെ അങ്ങ് കാരുണ്യ മൂർത്തിയാണ്. അങ്ങ് ഈ പ്രപഞ്ചത്തിന്റെ നാഥനാണ്. അങ്ങേക്ക് എന്തുവേണമെങ്കിലും ചെയ്യുവാൻ കഴിയും. അവിടുന്ന് ഇച്ഛിക്കുകയാണെങ്കിൽ എന്നെ ഈ രോഗാവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ സാധിക്കുമായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അപ്രകാരം പ്രവർത്തിക്കാതെ സ്വയം ഈ കഷ്ടപ്പാടെല്ലാം സഹിച്ചത്?”
മന്ദസ്മിതത്തോടെ ജഗന്നാഥൻ പറഞ്ഞു. “എൻ്റെ പ്രിയ രഘുദാസാ, നീ പറഞ്ഞതു പോലെ തന്നെ നിൻറെ രോഗം എനിക്ക് നിഷ്പ്രയാസം സുഖപ്പെടുത്താൻ സാധിക്കുമായിരുന്നു. പക്ഷേ ഞാൻ നിന്നെ നിന്റെ പ്രാരാബ്ദ കർമ്മത്തിൽ നിന്ന് എന്നെന്നേക്കുമായി മോചിപ്പിച്ച് ഈ ജന്മത്തിൽ തന്നെ എൻറെ ധാമത്തിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. ഒരു ഭക്തന് എപ്രകാരം എന്നെ സേവിക്കുന്നതിലൂടെ ആനന്ദം ലഭിക്കുമോ അതേപ്രകാരം എനിക്ക് എൻറെ ഭക്തന്മാരെ സേവിക്കുന്നതിലൂടെ ആനന്ദം ലഭിക്കുന്നു. ഞാൻ എപ്പോഴും നിന്നെ പരിചരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഞാനും എൻറെ ഭക്തന്മാരും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.” ഇപ്രകാരം ഭഗവാൻ ജഗന്നാഥനും രഘു ദാസനും ഗാഢമായ ഒരു സുഹൃത്ത് ബന്ധം പങ്കുവച്ചിരുന്നു.
ചക്ക മോഷ്ടാക്കൾ
ഒരു ചെറു ബാലകനെ പോലെ ലളിതവും നിഷ്കളങ്കവും ആയിട്ടുള്ള സ്വഭാവമായിരുന്നു രഘുദാസന്റേത്. ഭഗവാൻ ജഗന്നാഥനുമായി അദ്ദേഹം വച്ചുപുലർത്തിയിരുന്ന ബന്ധം ഒരു സുഹൃത്തിന്റെതായിരുന്നു. ചിലപ്പോളൊക്കെ ഭഗവാൻ ജഗന്നാഥൻ ഒരു ചെറിയ ബാലകന്റെ രൂപത്തിൽ വരുകയും രണ്ടുപേരും ഒരുമിച്ച് ക്രീഢകളിലേർപ്പെടുകയും ചെയ്യുമായിരുന്നു. ഭഗവാൻ ബാലരൂപത്തിൽ രഘു ദാസനുമായി കളിക്കാൻ വരുന്നു എന്നത് സാധാരണ ജനങ്ങൾക്ക് എല്ലാം അറിയുന്ന കാര്യമായിരുന്നു. അതിനാൽ തന്നെ ആ നിഷ്കളങ്കനായ ഭക്തനെ എല്ലാവരും ബഹുമാനിച്ചിരുന്നു. രഘുദാസൻ ‘ജഗന്നാഥന്റെ ചങ്ങാതി’ എന്ന പേരിൽ അറിയപ്പെട്ടു.
ഒരുനാൾ ജഗന്നാഥൻ രഘുദാസന്റെ അടുത്തു വരുകയും രാജാവിൻറെ പഴത്തോട്ടത്തിൽ നിന്ന് ചക്കപ്പഴം മോഷ്ടിക്കാം എന്ന് പദ്ധതിയിടുകയും ചെയ്തു. ജഗന്നാഥന്റെ ഈ പദ്ധതി കേട്ട രഘുദാസൻ പറഞ്ഞു. “ അങ്ങേയ്ക്ക് ചക്കപ്പഴം വേണമെങ്കിൽ എൻറെ അടുത്തു പറഞ്ഞാൽ പോരെ. ഞാൻ വാങ്ങിക്കൊണ്ട് തരുമായിരുന്നല്ലോ? എന്തിനാണ് മോഷ്ടിക്കുന്നത്? അപ്പോൾ ജഗന്നാഥൻ പറഞ്ഞു. “ ഞാൻ ആഗ്രഹിക്കുന്നത് എന്തും കൊണ്ടുതരാനായി എനിക്ക് ഭക്തമാരുണ്ട്. എന്നാൽ മോഷ്ടിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം! അതൊന്നു വേറെ തന്നെയാണ്!. യശോദാ മാതാവ് എനിക്ക് തൃപ്തിയാവുവോളം വെണ്ണ ഊട്ടുമായിരുന്നു .എന്നാലും മറ്റ് ഗോപികമാരുടെ വീടുകളിൽ പോയി വെണ്ണ മോഷ്ടിച്ചു കഴിക്കുമ്പോൾ കിട്ടുന്ന സുഖം! അതൊരു സവിശേഷമായ സുഖമാണ്! മോഷ്ടിക്കുമ്പോൾ കിട്ടുന്ന ആ സുഖം നീയും അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ദയവ് ചെയ്ത് എൻറെ കൂടെ വരൂ.”
നിസ്സഹായനായ രഘുവിന് ഭഗവാൻറെ ഈ ആശയത്തിനെ അംഗീകരിക്കുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല. രണ്ടുപേരും ശബ്ദം ഉണ്ടാക്കാതെ രാജാവിൻറെ പഴത്തോട്ടത്തിലേക്ക് കടന്നു. ജഗന്നാഥൻ രഘുവിനോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “നീ മരത്തിൽ കയറണം. ഞാൻ താഴെ നിൽക്കാം. ഏറ്റവും വലിയ ചക്കപ്പഴം നോക്കി അത് പറിച്ചെടുത്ത് താഴേക്കിടുക. ഞാനത് പിടിച്ചു കൊള്ളാം. പിന്നെ നമുക്ക് രണ്ടുപേർക്കും ഓടി രക്ഷപ്പെടാം. രഘുദാസൻ ഭഗവാൻ ജഗന്നാഥൻ്റെ പദ്ധതിപ്രകാരം മരത്തിൽ കയറി. രഘുദാസൻ ജഗന്നാഥനോട് ചോദിച്ചു. “അങ്ങ് തയ്യാറാണോ?” ജഗന്നാഥൻ പറഞ്ഞു. “അതെ ഞാൻ തയ്യാറാണ്. താഴെക്കിട്ടുകൊള്ളൂ…” ജഗന്നാഥൻ ആ ചക്കപ്പഴം പിടിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് രഘുദാസൻ അത് താഴേക്ക് എറിഞ്ഞു. എന്നാൽ ജഗന്നാഥൻ എവിടെ പോയി?? അദ്ദേഹം അവിടെനിന്ന് അതിവേഗത്തിൽ അപ്രത്യക്ഷനായി.ചക്കപ്പഴം പിടിക്കുവാനായി താഴെ ആരും ഉണ്ടായിരുന്നില്ല. ചക്കപ്പഴം വലിയ ശബ്ദത്തോടെ താഴെ വീണ് നൂറു കഷണങ്ങളായി ചിതറി. ശബ്ദം കേട്ട് ഓടിവന്ന പഴത്തോട്ടത്തിന്റെ കാവൽക്കാരൻ ചുറ്റുപാടും നോക്കി താഴെ കിടക്കുന്ന ചക്കപ്പഴം കണ്ടപ്പോൾ അദ്ദേഹം മേലേക്ക് നോക്കി. അവിടെ അതാ രഘുദാസൻ ഇരിക്കുന്നു ! തോട്ടക്കാരൻ ഉടനെ തന്നെ ഓടി പോയി രാജാവിനെ വിവരം അറിയിച്ചു,രഘുദാസൻ ചക്കപ്പഴം മോഷ്ടിച്ചു എന്ന്. “അദ്ദേഹം ഇപ്പോഴും ആ മരത്തിൻറെ മേലെ തന്നെ ഇരിക്കുകയാണ്.” തോട്ടക്കാരൻ രാജാവിനോട് പറഞ്ഞു. രാജാവിന് ഇത് വിശ്വസിക്കാനായില്ല. അദ്ദേഹം മന്ത്രിമാരോടൊപ്പം തോട്ടത്തിൽ വന്നു. രഘു ദാസനെ മരത്തിനു മുകളിൽ കണ്ടപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടുപോയി.രാജാവിൻറെ അഭ്യർത്ഥനപ്രകാരം രഘു ദാസൻ മരത്തിന് കീഴെ ഇറങ്ങി. “പ്രിയ പ്രഭോ ചക്കപ്പഴം വേണമെങ്കിൽ എന്നോട് ഒരു വാക്ക് ചോദിക്കാമായിരുന്നില്ലേ? അങ്ങ് എന്തിനാണ് അർദ്ധരാത്രിയിൽ ഇത്രയും കഷ്ടപ്പെട്ട് മരത്തിന് മുകളിൽ കയറിയത്? അങ്ങ് ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കിൽ ചക്കപ്പഴം അറുത്ത് ഞാൻ അങ്ങയുടെ വീട്ടിലേക്കെത്തിക്കുമായിരുന്നല്ലോ!!”
അപ്പോൾ രഘുദാസൻ എങ്ങനെയാണ് താൻ ജഗന്നാഥനാൽ വഞ്ചിക്കപ്പെട്ടത് എന്ന് വിശദീകരിച്ചു. “എന്നെ പറ്റിച്ചത് ജഗന്നാഥൻ തന്നെയാണ്” ഭക്തവത്സലനായ ഭഗവാൻറെ ഈ ലീല കേട്ട് എല്ലാവരും അറിയാതെ ചിരിച്ചുപോയി.എല്ലാവരും രഘുദാസന്റെ അപാരമായ ഭക്തിയെ പുകഴ്ത്തി.
രഥയാത്രയിലെ അത്ഭുതം
ഒരു ഭക്തൻ രഘു ദാസൻ്റേയും ഭഗവാന്റെയും ഒരു ലീലയെ നേരിട്ട് കണ്ടിട്ടുള്ള അനുഭവം പങ്കുവെച്ചിരുന്നു. ഒരിക്കൽ രഥയാത്ര സമയത്ത് ജഗന്നാഥ ബലദേവ് സുഭദ്ര വിഗ്രഹങ്ങളെ രഥത്തിൽ ആസനസ്ഥരാക്കി. രഥത്തിന് മുന്നിലുള്ള വിശാലമായ പാത രാജാവ് വൃത്തിയാക്കിയതിനു ശേഷം എല്ലാവരും രഥം വലിക്കാനായി തയ്യാറായി നിന്നു. ആയിരക്കണക്കിന് ജനങ്ങൾ ശക്തിയോടെ വലിച്ചിട്ടും രഥം ഒരു തരി പോലും നീങ്ങിയില്ല. ആ സാഹചര്യം മനസ്സിലാക്കിയ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഒരു ശക്തി ശാലിയായ ആനയെ കൊണ്ട് ആ രഥം വലിപ്പിച്ചു. എന്നിട്ട് പോലും രഥം ഒരു തരി പോലും നീങ്ങിയില്ല. ആ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ പരിഹാസത്തോടെ രഘുദാസനോട് പറഞ്ഞു “ രഘു ദാസ് ജി നിങ്ങളുടെ ഭഗവാൻ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്? ഞാൻ ശക്തിശാലികളായ ആനകളെ പോലും നിയോഗിച്ചു എന്നിട്ട് പോലും രഥം നീങ്ങുന്നില്ല.” ഇത് കേട്ട് രഘുദാസൻ രഥത്തിൽ കയറുകയും ജഗന്നാഥൻറെ കാതുകളിൽ എന്തോ മന്ത്രിക്കുകയും ചെയ്തു. ഉടനെ തന്നെ രഥം നീങ്ങാൻ തുടങ്ങി. അത്ഭുതപ്പെട്ട ആ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ രഘുദാസനോട് പറഞ്ഞു. “നിങ്ങൾ ഉത്തമനാണ് നിങ്ങളുടെ ഭഗവാനും ഉത്തമനാണ് .
രഘുദാസൻ എപ്പോഴും താൻ താമസിക്കുന്ന കുടിലിനു വെളിയിൽ ഒരു ചെറിയ പാത്രത്തിൽ ജഗന്നാഥ പ്രസാദം വയ്ക്കുമായിരുന്നു.പക്ഷിമൃഗങ്ങളോ മനുഷ്യരോ ആർക്ക് വേണമെങ്കിലുംആ പ്രസാദം കഴിക്കാം. അദ്ദേഹവും സ്വയം അതിൽ നിന്നാണ് കഴിക്കുക.ഇത് അദ്ദേഹത്തിൻ്റെ അതിശയകരമായ സ്വഭാവസവിശേഷതയാണ്. അദ്ദേഹം ജഗന്നാഥന് ഏറ്റവും പ്രിയപ്പെട്ട ഭക്തനായിരുന്നു….