കൃഷ്ണേര സ്വരൂപ വിചാര സുന, സനാതന
അദ്വയ ജ്ഞാന തത്ത്വ വ്രജേ വ്രജേന്ദ്ര നന്ദന
സര്‍വ ആദി സര്‍വ അംശി കിശോര ശേഖര
ചിദാനന്ദ ദേഹ സര്വാശ്രയ, സര്‍വേശ്വര
ഈശ്വര പരമകൃഷ്ണഃ
സച്ചിദാനന്ദ വിഗ്രഹഃ
അനാദിര്‍ ആദി ഗോവിന്ദഃ
സര്‍വ കാരണകാരണം
അല്ലയോ സനാതനാ, ദയവായി കൃഷ്ണന്റെ ശാശ്വതസ്വരൂപത്തെക്കുറിച്ചു ശ്രവിക്കുക. അവിടുന്ന് നിരപേക്ഷ തത്ത്വമാണ്, അദ്വയനാണ്, പക്ഷേ വൃന്ദാവനത്തില്‍ നന്ദമഹാരാജാവിന്റെ പുത്രനായി വിരാജിക്കുന്നു. എല്ലാറ്റിന്റേയും യഥാര്‍ഥ ഉറവിടവും, എല്ലാറ്റിന്റേയും ആകെത്തുകയും കൃഷ്ണന് തന്നെയാണ്. അവിടുന്ന് പരമനായ യുവാവായി അവതരിക്കുന്നു, അവിടുത്തെ ശരീരം ആത്മീയാനന്ദത്താല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഗോവിന്ദനെന്നറിയപ്പെടൂന്ന കൃഷ്ണന് പരമേശ്വരനാണ്. അവിടുന്നിന് ശാശ്വതവും, ആനന്ദമയവുമായ ദിവ്യശരീരമുണ്ട്. അവിടുന്ന് എല്ലാറ്റിന്റേയും ഉറവിടമാണ്. അവിടുന്നിന് ഉറവിടമില്ല, കാരണം അവിടുന്നാണ് എല്ലാ കാരണങ്ങളുടേയും കാരണം. (ശ്രീ ചൈതന്യ ചരിതാമൃതം, മദ്ധ്യലീല 20.152 – 154)
ശ്രീല പ്രഭുപാദര് : ശ്രീ ചൈതന്യദേവന്‍ ശ്രീകൃഷ്ണന്റെ വ്യക്തിഗതരൂപത്തെ വര്‍ണ്ണിക്കുകയാണ്. കൃഷ്ണഭഗവാന്റെ അവ്യക്തിഗതരൂപം, ഭഗവദ് ഗീതയില്‍ വിശദീകരിക്കപ്പെട്ടിട്ടുള്ളതു പോലെ അവിടുത്തെ ഭൗതികശക്തിയുടെ പ്രതിഫലനമാണ്. ഇവിടെ ചൈതന്യ ചരിതാമൃതത്തില്‍ ശ്രീ ചൈതന്യദേവന്‍ വിവരിക്കുന്ന വ്യക്തിഗതരൂപം അവിടുത്തെ ദിവ്യപ്രകൃതിയാണ്.
ഭഗവാന് രണ്ടു പ്രകൃതികളുണ്ടെന്ന് ഭഗവദ് ഗീതയില്‍ നാം പഠിച്ചിട്ടുണ്ട്: ഭൗതികവും ആത്മീയവും, അഥവാ ഉത്കൃഷ്ടമായതും, അധീനപ്പെട്ടതും. ഭഗവാന് ഉത്കൃഷ്ടവും അധീനപ്പെട്ടതും ബാധകമല്ലെന്നതും ശരിയാണ്. പക്ഷേ നമുക്ക് ഉത്കൃഷ്ടവും അധീനപ്പെട്ടതുമുണ്ട്. എല്ലാം ഭഗവാന്റെ ശക്തിയായതിനാല്‍ അതില്‍ ഉയര്‍ന്നതും താഴ്ന്നതുമായി ഒന്നുമില്ലെന്ന് പറയാന്‍ കഴിയുകയില്ല. അതു സാധ്യമല്ല. ഉന്നതമായ ശക്തിയും താഴ്ന്ന ശക്തിയുമുണ്ട്.
ഉദാഹരണത്തിന് കൃഷ്ണന് പറയുന്ന, ‘ഈശ്വരഃ സര്‍വഭൂതാനാം ഹൃദ്ദേശേ അര്‍ജുന തിഷ്ഠതി’: പരമപുരുഷനായ ഈശ്വരന് എല്ലാവരുടേയും ഹൃദയത്തില്‍ കുടികൊള്ളുന്നു. (ഭഗവദ് ഗീത 18.61) ഭഗവാന് പന്നിയുടേയും നായയുടേയും ബ്രാഹ്മണന്റേയും ഹൃദയത്തിലുണ്ട്. അദ്ദേഹത്തിന് പന്നിയെന്നോ നായയെന്നോ ബ്രാഹ്മണനെന്നോ ഉള്ള വ്യത്യാസമില്ല. അദ്ദേഹം നിരപേക്ഷനാണ്. പക്ഷേ, കുറഞ്ഞ പക്ഷം ഭൗതികശരീരത്തിന്റെ തലത്തിലെങ്കിലും പന്നിയേയും നായയേയും നാം തിരിച്ചറിയേണ്ടതുണ്ട്.
ചൈതന്യദേവന്‍ ഇവിടെ സനാതനഗോസ്വാമിയെ അഭിസംബോധന ചെയ്യുകയാണ്. ‘സനാതനഗോസ്വാമിക്ക് നല്കപ്പെട്ട ശിക്ഷണങ്ങള്‍’ എന്ന ഈ അദ്ധ്യായം തുടങ്ങുന്നത് ഭൗതികജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം സനാതനഗോസ്വാമി ബനാറസില്‍ വച്ച് ഭഗവാനെ കാണുകയും, ശരണം പ്രാപിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന സംഭവം മുതലാണ്.
“ഞാനാരാണ്?” എന്ന ആ ചോദ്യത്തിന്റെ ഉത്തരമായി ചൈതന്യദേവന്‍ ജീവസത്തയും കൃഷ്ണനും തമ്മിലുള്ള ബന്ധം വിശദീകരിക്കുകയാണ്.
ജീവാത്മാവ്, അഥവാ ജീവസത്ത കൃഷ്ണന്റെ ശാശ്വതസേവകനാണ്. ഒരുവന് തന്റെ യജമാനന്റെ സ്വഭാവം മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ സേവനമനോഭാവവും സ്നേഹവും കൂടുതല്‍ ഉറ്റതാവുകയുള്ളൂ. ഞാന്‍ ഒരിടത്തു സേവനമനഷ്ഠിക്കുകയാണെന്നിരിക്കട്ടെ. ഞാന്‍ ഒരു യജമാനന്റെ സേവനത്തിലേര്‍പ്പെട്ടിരിക്കുന്നു, എന്നാല്‍ യജമാനന്റെ മഹത്വത്തെക്കുറിച്ച് എനിക്കൊന്നുമറിയില്ല. പക്ഷേ എന്റെ യജമാനന്റെ ഐശ്വര്യവും, പ്രഭാവവും, മഹത്വവും ഞാന്‍ മനസ്സിലാക്കുമ്പോള്‍ എനിക്ക് കൂടുതല്‍ അര്പ്പണബോധമുണ്ടാകുന്നു: “ഹാ, എന്റെ യജമാനന് എത്ര മഹാനാണ് !”
“ദൈവം മഹാനാണ്, എനിക്ക് ദൈവവുമായി എന്തോ ബന്ധമുണ്ട്” എന്ന് മാത്രം അറിയുന്നത് പര്യാപ്തമല്ല. അദ്ദേഹം എത്ര മഹാനാണ് എന്നറിയണം. പൂര്‍ണമായും കണക്കിടാന്‍ നമുക്ക് കഴിയുകയില്ലായെങ്കിലും കഴിയുന്നത്രയും അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കാന്‍ ശ്രമിക്കണം.
ഇവിടെ ചൈതന്യദേവന്‍ ശ്രീകൃഷ്ണഭഗവാന്റെ മഹത്വം തന്റെ ശിഷ്യനായ സനാതനഗോസ്വാമിയെ പഠിപ്പിക്കുകയാണ്. അദ്വയജ്ഞാന തത്ത്വ, വ്രജേ വ്രജേന്ദ്രനന്ദന. അദ്വയജ്ഞാനതത്ത്വമെന്നാല് കൃഷ്ണന് നിരപേക്ഷനാണ് എന്നര്‍ഥം. അദ്ദേഹം ആപേക്ഷികതലത്തിലല്ല. ഇവിടെ എല്ലാം ആപേക്ഷികമാണ്, പക്ഷേ ദൈവമെന്നാല്‍ നിരപേക്ഷനാണ്. അദ്ദേഹം ഒന്നിനേയും ആശ്രയിക്കുന്നില്ല. ഇവിടെ നാമെല്ലാം ആശ്ശ്രിതരാണ്. വെളിച്ചമെന്താണെന്ന് മനസ്സിലാക്കാന്‍ ഇരുട്ടെന്താണെന്ന് മനസ്സിലാക്കണം. നല്ലതെന്താണെന്ന് മനസ്സിലാക്കാന്‍ ചീത്തയെന്താണെന്ന് പഠിക്കണം.
ഇവിടെയെല്ലാം ദ്വന്ദ്വമാണ്. പക്ഷേ കൃഷ്ണന് നിരപേക്ഷനാണ്. കൃഷ്ണനില്‍ ദ്വന്ദ്വമില്ല എന്നതാണ് ആദ്യപാഠം. കൃഷ്ണനും, അദ്ദേഹത്തിന്റെ നാമവും, യശസ്സും ലീലകളും ഗുണങ്ങളും പാര്ഷദരുമെല്ലാം ഒന്നാണ്.
എപ്പോഴും ഓര്‍ക്കുക, കൃഷ്ണനില്‍ ഒന്നും ഒന്നും ചേരുമ്പോള്‍ ഒന്നു തന്നെയാണ്. കൃഷ്ണനും കൃഷ്ണന്റെ നാമവും തമ്മില്‍ അന്തരമില്ല. അതാണ് നിരപേക്ഷതത്ത്വത്തിന്റെ സ്വഭാവം. ഇവിടെ വസ്തുവും അതിന്റെ നാമവും തമ്മിലന്തരമുണ്ടെന്നാണ് നമ്മുടെ അനുഭവം. ഇതാ ഒരു ഗ്ലാസ് വെള്ളം. എനിക്ക് ദാഹിക്കുന്നുവെന്നിരിക്കട്ടെ. എന്നാല്‍ ഞാന്‍ “വെള്ളം വെള്ളം വെള്ളം വെള്ളം വെള്ളം” എന്നു പറയുന്നതു കൊണ്ടു മാത്രം എന്റെ ദാഹം ശമിക്കുകയില്ല. എനിക്ക് ആ വസ്തു പ്രാപ്യമാകണം, എങ്കില്‍ മാത്രമേ അതു ഫലിക്കുകയുള്ളൂ. പക്ഷേ കൃഷ്ണന് അദ്വയജ്ഞാനനാണ്. അതുകൊണ്ട് കൃഷ്ണന്റെ നാമം ശ്രവിക്കുമ്പോള്‍ “കൃഷ്ണന് ശബ്ദരൂപത്തില്‍ എന്റെ മുന്നിലുണ്ട്, അദ്ദേഹം ശബ്ദരൂപത്തില്‍ സന്നിഹിതനാണ്, കാരണം അദ്ദേഹം എല്ലാറ്റിലുമുണ്ട്,” എന്ന് മനസ്സിലാക്കണം.
എന്തുകൊണ്ടു ശബ്ദം കൃഷ്ണനായിക്കൂടാ ? കൃഷ്ണന് എല്ലാമാണെങ്കില്‍ ശബ്ദവും കൃഷ്ണനാണ്. ആ വിശേഷപ്രകൃതിയാണ് അദ്വയജ്ഞാനമെന്നറിയപ്പെടുന്നത്.
അതു പോലെ തന്നെ ഭഗവദ് ഗീതയും കൃഷ്ണനാണ്. നാമെല്ലാറ്റിനേയും ബഹുമാനിക്കണം, അവയ്ക്ക് കൃഷ്ണനമായുള്ള ബന്ധം മനസ്സിലാക്കിക്കൊണ്ട്. കൃഷ്ണന്റെ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ നാം കൃഷ്ണനുമായി ബന്ധം പുലര്‍ത്തുകയാണ് എന്ന് മനസ്സിലാക്കണം. കൃഷ്ണനുമായി ബന്ധമുള്ളതെല്ലാം കൃഷ്ണനാണ്. കൃഷ്ണാവബോധത്തിന്റെ ഉന്നതതലത്തിലുള്ള ധാരണയുള്ളവര്‍ കൃഷ്ണനെയല്ലാതെ മറ്റൊന്നിനേയും കാണുന്നില്ല. അത് അനുകരിക്കരുത്.
ഭൗതികവസ്തു കൃഷ്ണന്റെ ശക്തിയാണ്. ശക്തിയും അതിന്റെ സ്രോതസ്സും വ്യത്യസ്തമല്ലാത്തതിനാല്‍ ഉന്നതതലത്തിലുള്ള ഭക്തന് ഭൗതികലോകത്തിലും കൃഷ്ണനെ കാണുന്നു. അത്തരത്തിലുള്ള ഭക്തന് ഭൗതികമായി ഒന്നുമില്ല, എല്ലാം ആത്മീയമാണ്. കൃഷ്ണന് ഭൗതികമായതും ആത്മീയമായതും തമ്മില്‍ വ്യത്യാസം കാണുന്നില്ല, പക്ഷേ നമ്മുടെ ബദ്ധാവസ്ഥയില്‍ നമുക്ക് ഉന്നതമായതും ഉന്നതമല്ലാത്തതും തമ്മില്‍ വ്യത്യാസം പ്രകടമാകുന്നു. പക്ഷേ നിരപേക്ഷസത്യത്തിന്റെ ഉന്നതമായ തലത്തിലെത്തുമ്പോള്‍, കൃഷ്ണന്റെ പരിശുദ്ധഭക്തിയുതസേവനത്തിലേപ്പെടുമ്പോള് , എല്ലാം കൃഷ്ണനാണെന്നു നമുക്കു കാണാം. ഉദാഹരണത്തിന്, നാം കൃഷ്ണനു നിവേദിച്ച കൃഷ്ണപ്രസാദത്തെ സേവിക്കുന്നു. എന്തുകൊണ്ട് ? കാരണം പ്രസാദം കൃഷ്ണനാണ്. പ്രസാദം സേവിക്കുന്നതിന് മുന്‍പ് നാം നമസ്ക്കരിക്കുന്നു. പ്രസാദം സ്വീകരിക്കുന്നതിലൂടെ ഞാന്‍ കൃഷ്ണനുമായി ബന്ധം സ്ഥാപിക്കുന്നു. കൃഷ്ണനെക്കുറിച്ചു കേള്‍ക്കുന്നതിലൂടെ നാം കൃഷ്ണനുമായി ബന്ധപ്പെടുന്നു. കൃഷ്ണനു വേണ്ടി പ്രവര്‍ത്തിക്കുന്നതിലൂടെ ഞാന്‍ കൃഷ്ണനുമായി ബന്ധപ്പെടൂന്നു. അതാണ് നിരപേക്ഷതത്ത്വം.
ശാശ്വതവും ആനന്ദമയവുമായ ശരീരം
ചൈതന്യദേവന്‍ പറയുന്നു, ‘കൃഷ്ണ അദ്വയജ്ഞാനതത്ത്വ’: കൃഷ്ണന് നിരപേക്ഷസത്യമാണ്. വ്രജേ വ്രജേന്ദ്രനന്ദന. വ്രജമെന്നറിയപ്പെടുന്ന ധാമത്തില്‍ അഥവാ കൃഷ്ണലോകത്തില്‍ അഥവാ വൃന്ദാവനത്തില്‍ അദ്ദേഹത്തിന്റെ ഭക്തര്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളായിരുന്നു. അദ്ദേഹം ഒരു പതിനാറുവയസ്സുകാരനെപ്പോലെയാണ് – വ്രജേന്ദ്രനന്ദനന്.
അതാണ് കൃഷ്ണന്റെ യഥാര്‍ത്ഥ പ്രകൃതം. ഒരിക്കലും കൃഷ്ണനെ ഒരു വൃദ്ധനായി കാണുവാന്‍ കഴിയുകയില്ല. അതു സാധ്യമല്ല. കൃഷ്ണന്റെ ശരീരം സച്ചിദാനന്ദമാണ് – ശാശ്വതവും ജ്ഞാനസമ്പൂര്ണവും ആനന്ദമയവും. അദ്ദേഹം കയ്യിലൊരു പുല്ലാംകുഴലേന്തിക്കൊണ്ട് കൈശോരപ്രായത്തിലുള്ള പതിനാറുവയസ്സുകാരനെപ്പോലെ നില്ക്കുന്നു. കൈശോരമെന്നാല് പത്തു മുതല്‍ പതിനാറുവയസ്സു വരെയുള്ള പ്രായമാണ്. പതിനാറു വയസ്സു കഴിയുമ്പോള്‍ അതു യൗവ്വനത്തിന്റെ ആരംഭമാണ്. കൃഷ്ണന് എപ്പോഴും കൈശോരാവസ്ഥയിലാണ്, അതായത് അദ്ദേഹം എപ്പോഴും പതിനഞ്ച് അല്ലെങ്കില്‍ പതിനാറുവയസ്സുള്ള ബാലനെപ്പോലെ കാണപ്പെടുന്നു. വ്രജേന്ദ്രനന്ദനന്. അതേ സമയം അടുത്ത ശ്ലോകത്തില്‍ അദ്ദേഹം സര്‍വ-ആദിയാണെന്ന് ചൈതന്യദേവന്‍ പറയുന്നു. അതായത് എല്ലാറ്റിന്റേയും ഉറവിടം,നിങ്ങള്‍ കാണുന്നതെന്തും, അതു ഭൗതികലോകത്തിലായാലും ആത്മീയലോകത്തിലായാലും. അദ്ദേഹം ഏറ്റവും പുരാതനനാണ്, പക്ഷേ യുവാവായി കാണപ്പെടുന്നു.
ബ്രഹ്മസംഹിതയില്‍ (5.33) കൃഷ്ണനെ അദ്വൈതനായും അച്യുതനായും വര്‍ണിച്ചിരിക്കുന്നു. അദ്വൈത എന്നാല്‍ നിരപേക്ഷന്‍, അച്യുതനെന്നാല്‍ വീഴ്ച്ചയില്ലാത്തവന് അഥവാ ബ്രഹ്മന്‍. അദ്ദേഹം പരം ബ്രഹ്മനാണ്. നാമും ബ്രഹ്മനാണ്, ആത്മീയസ്ഫുലിംഗമാണ്, പക്ഷേ ഭൗതികാവസ്ഥയിലേക്ക് നിപതിച്ചിരിക്കുന്നു. പക്ഷേ കൃഷ്ണന് ഒരിക്കലും ഭൗതികാവസ്ഥയിലേക്ക് നിപതിക്കുന്നില്ല. അദ്ദേഹം നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, നമ്മെപ്പോലെ പതിതാനാണ് ഭഗവാനും എന്നു ചിന്തിക്കരുത്. മൂഢന്മാര് അപ്രകാരം ചിന്തിക്കുന്നു. അവജാനന്തി മാം മൂഢഃ (ഭഗവദ് ഗീത 9.11) മൂഢഃ എന്നാല്‍ ബുദ്ധിയില്ലാത്തവരെന്നര്ത്ഥം. മൂഢന്മാര് കൃഷ്ണനെ സാധാരണ വ്യക്തിയായി കണക്കാക്കുന്നു. പരം ഭാവം അജാനന്തഃ. മൂഢന്മാര് ഭഗവാന്റെ അപ്രമേയമായ ശക്തിവൈഭത്തെക്കുറിച്ച് അജ്ഞരാണ്. ആയതിനാല്‍ അവര്‍ കൃഷ്ണനും തങ്ങളെപ്പോലെയാണെന്നു ചിന്തിക്കുന്നു.
കൃഷ്ണന് സര്‍വാദി അഥവാ പ്രഥമപുരാതനനാണ്. സര്വാംശിയെന്നാല് എല്ലാവരും അദ്ദേഹത്തിന്റെ അംശങ്ങളാണെന്നര്‍ത്ഥം. നാമും കൃഷ്ണന്റെ അംശങ്ങളാണ്, കൈകള്‍ ശരീരത്തിന്റെ ഭാഗമെന്ന പോലെ. സമ്പൂര്‍ണമായ ഒന്നിനെക്കുറിച്ചും അതിന്റെ ഭാഗങ്ങളെക്കുറിച്ചും എല്ലാവര്ക്കും അറിവുണ്ട്. ഭഗവാന് പൂര്ണനും മറ്റുള്ളതെല്ലാം അദ്ദേഹത്തിന്റെ അംശങ്ങളുമാണ്.
കൃഷ്ണന് കൈശോരശേഖരനാണ് – ഏറ്റവും പരമമായ ബാലന്. അദ്ദേഹം ഒരു ബാലനാണ്, പക്ഷേ പരമപുരുഷനാണ്. ചിദാനന്ദദേഹ: അദ്ദേഹത്തിന്റെ ശരീരം ദിവ്യമാണ്. കൃഷ്ണന്റെ ഈ വിവരണം ശ്രദ്ധിക്കുക – ചിദാനന്ദദേഹ – അത് ദിവ്യവും ആത്മീയവുമായ ശരീരമാണ്, ഇതുപോലെ ഭൗതികമായ ശരീരമല്ല. ബുദ്ധി കുറഞ്ഞ വ്യക്തികള്‍ക്ക് വ്യക്തിത്വമുള്ള ദൈവത്തെക്കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയുകയില്ല. വ്യക്തിത്വം ഭൗതികമായ ശരീരത്തിന് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നവര്‍ ചിന്തിക്കുന്നു. ആത്മാവിന്റെ രൂപം കണ്ടെത്താന്‍ അവര്‍ക്ക് കഴിയുകയില്ല. ആതാവിന്റെ രൂപം വളരെ ചെറുതായതിനാല്‍ ഭൗതികനേത്രങ്ങള്‍ കൊണ്ടോ ഭൗതികയന്ത്രങ്ങള് കൊണ്ടോ അതിനെ കാണാന്‍ കഴിയുകയില്ല. അതുകൊണ്ട് ആത്മാവിന് രൂപമില്ല എന്നവര്‍ തീരുമാനിക്കുന്നു.
ഉദാഹരണത്തിന് ക്ഷേത്രഗണിതത്തില്‍ ബിന്ദുവിന് നീളമോ വീതിയോ ഇല്ല എന്ന പറയുന്നു, കാരണം ബിന്ദുവിനെ അളക്കാന്‍ പര്യാപ്തമായ മനുഷ്യനിര്‍മിത ഉപകരണങ്ങളില്ല. പക്ഷേ ആകാരമില്ലാത്ത ഒന്നും തന്നെയില്ല. പരമാണുവിനു പോലും അളവുണ്ട്. പക്ഷേ നമുക്ക് അളക്കാനുള്ള ശക്തിയില്ലാത്തതിനെ നാം പുറംതള്ളുന്നു: “ഹാ, അതൊന്നുമല്ല.” എന്നിട്ട് ബുദ്ധിശൂന്യമായ തീരുമാനത്തിലെത്തുന്നു, “നമുക്ക് ആത്മാവെന്താണെന്നറിയാത്തതിനാലും, രൂപമുള്ള ഭൗതികവസ്തുവിന്റെ വിപരീതസ്വഭാവമുള്ളതാണ് ആത്മാവ് എന്ന് നമുക്കു തോന്നുന്നതിനാലും, ആത്മാവിനു രൂപമുണ്ടാകാന്‍ സാധ്യതയില്ല.”
പക്ഷേ വാസ്തവത്തില്‍ അങ്ങനെയല്ല. ആകയാല്‍ നാം ആധികാരികവ്യക്തികളില് നിന്ന് ശിക്ഷണം നേടേണ്ടിയിരിക്കുന്നു. ചൈതന്യദേവന്‍ പറയുന്നു, ചിദാനന്ദദേഹ:’ കൃഷ്ണനു ദിവ്യവും ആത്മീയവുമായ ശരീരമുണ്ട്. മാത്രമല്ല, സര്വാശ്രയ – അദ്ദേഹമാണ് എല്ലാറ്റിന്റേയും ആശ്രയസ്ഥാനം.
എത്രയോ വലിയ ഗ്രഹങ്ങളും സൂര്യന;ം വായുവില്‍ പൊങ്ങിക്കിടക്കുന്നതു നിങ്ങള്‍ കാണുന്നു. സൂര്യന്റെ ആകാരം വലുതാണ്, ഭൂമിയേക്കാള്‍ എത്രയോ മടങ്ങു വലുതാണ്, അത് ആകാശത്തില്‍ പൊങ്ങിക്കിടക്കുന്നു. എങ്ങനെ ? ഇവിടെ അതു വിശദീകരിക്കപ്പെട്ടിരിക്കുന്നു – സര്വാശ്രയ – അത് കൃഷ്ണന്റെ ശക്തിയാല്‍ പൊങ്ങിക്കിടക്കുന്നു.
സര്‍വേശ്വര – ഈ ശ്ലോകത്തിലെ അടുത്ത വാക്കിന്റെ അര്‍ത്ഥം പരമപുരുഷഭഗവാന്‍ എന്നാണ്. ചൈതന്യദേവന്‍ എല്ലാം വളരെ നല്ല രീതിയില്‍ വിശദീകരിക്കുന്നു. സര്‍വ-ആദി: കൃഷ്ണന് എല്ലാറ്റിന്റേയും ഉറവിടമണ്. സര്വാംശി – എല്ലാം അദ്ദേഹത്തിന്റെ ഭാഗമാണ്. കൈശോരശേഖര ചിദാനന്ദദേഹ – നവയുവത്വം തുളുമ്പുന്ന ബാലന്. അദ്ദേഹം എല്ലാറ്റിന്റേയും ഉറവിടമാണ്. അദ്ദേഹം പരമപുരുഷഭഗവാനാണ്. അതാണ് കൃഷ്ണനെക്കുറിച്ചുള്ള വര്‍ണന.
ശാസ്ത്രഗ്രന്ഥങ്ങളുടെ ആധികാരികത
ചൈതന്യദേവന്‍ ശിക്ഷണം നല്കുമ്പോള് എല്ലായ്പ്പോഴും ആധികാരികമായ ഗ്രന്ഥങ്ങളില്‍ നിന്ന് തെളിവുകള്‍ ഉദ്ധരിക്കുന്നതു നാം കണ്ടിട്ടുള്ളതാണ്. ദൈവത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന രീതിയാണത്. ദൈവത്തെക്കറിച്ചുള്ള കാര്യങ്ങള്‍ അനുമാനിക്കാന്‍ പാടില്ലെന്നു നാം മനസ്സിലാക്കണം. “ദൈവം ഇങ്ങനെയായിരിക്കും”. അത് അസംബന്ധമാണ്. നിങ്ങള്‍ക്ക് ചിന്തിക്കാനുള്ള ശക്തിയില്ല. നിങ്ങള്‍ ഭൗതികപ്രകൃതിയുടെ പിടിയിലാണ്, അതു നിങ്ങളെ ചെവിയില്‍ പിടിച്ചു വലിക്കുകയാണ്. നിങ്ങള്‍ അതിനാല്‍ ബാധിക്കപ്പെട്ടിരിക്കുകയാണ്. നിങ്ങളെ അറ്റ്ലാന്റിക് സമുദ്രത്തില്‍ എടുത്തെറിഞ്ഞ പോലെയുള്ള അവസ്ഥയാണ്.നിങ്ങള്‍ക്ക് യാതൊരു ശക്തിയുമില്ല. തിരമാലകള്‍ നിങ്ങളെ നാനാഭാഗത്തേയ്ക്ക് എടുത്തെറിയുകയാണ്. നിങ്ങള്‍ വെറുതേ ബുദ്ധിമുട്ടുന്നു. അത്രമാത്രം. അറ്റ്ലാന്റിക് സമുദ്രത്തില്‍ തിരമാലകളാല്‍ എടുത്തെറിയപ്പെടുന്ന നാം സ്വതന്ത്രരാണെന്ന് എങ്ങനെ ചിന്തിക്കാന്‍ കഴിയും ? അങ്ങനെയുള്ള ചിന്തകളെല്ലാം അസംബന്ധങ്ങളാണ്.
ദൈവത്തെക്കുറിച്ചുള്ള ആശയങ്ങള്‍ അനുമാനിക്കുകയോ കെട്ടിച്ചമയ്ക്കുകയോ ചെയ്യരുത്. ആധികാരികമായ ഗ്രന്ഥങ്ങളില്‍ നിന്ന് ശ്രവിക്കണം. അപ്പോള്‍ നമുക്ക് മനസ്സിലാക്കാം. ബ്രഹ്മസംഹിതയില്‍ നിന്ന് ആധികാരികമായ വിവരം ഇതാ:
ഈശ്വരഃ പരമ കൃഷ്ണഃ
സച്ചിദാനന്ദ വിഗ്രഹഃ
അനാദിര്‍ ആദിര്‍ ഗോവിന്ദഃ
സര്‍വ കാരണ കാരണം
(ശ്ലോകം 5.1)
“ഗോവിന്ദനെന്നറിയപ്പെടുന്ന കൃഷ്ണന് പരമപുരുഷനാണ്. അദ്ദേഹത്തിന് ശാശ്വതവും, ആനന്ദമയവുമായ ആത്മീയശരീരമുണ്ട്. അദ്ദേഹം എല്ലാറ്റിന്റേയും ഉറവിടമാണ്. അദ്ദേഹത്തിന് ആദിയില്ല, അദ്ദേഹം എല്ലാറ്റിന്റേയും കാരണമാണ്.”
എത്രയോ പ്രഭുക്കന്മാരുണ്ട്. നമുക്ക് അനുഭവമുണ്ട്. ഇംഗ്ലണ്ടില്‍ എത്രയോ പ്രഭുക്കന്മാരുണ്ട്. എന്റെ ചെറുപ്പത്തില്‍ സെറ്റ്ലന്റ് പ്രഭുവിനെ ചില അവസരങ്ങളില്‍ കണ്ടുമുട്ടിയിട്ടുണ്ട്. നിങ്ങളുടെ രാജ്യത്തിലും (അമേരിക്ക) ധാരാളം പ്രഭുക്കളുണ്ട്. പണമുള്ളവരെല്ലാം പ്രഭുക്കന്മാര്. പക്ഷേ കൃഷ്ണന് അങ്ങനെയുള്ള പ്രഭുവല്ല. ഈ പ്രഭുക്കള്‍ ഭൗതികപ്രകൃതിയുടെ പിടിയിലാണ്. അവര്‍ പേരിനു മാത്രം പ്രഭുക്കളാണ്. ഭൗതികപ്രകൃതിയുടെ ഒരു പ്രഹരം ലഭിച്ചാല്‍ അയാളുടെ ‘പ്രഭുത്വം’ ഉടനടി ഇല്ലാതാകും, എല്ലാം തീരും.
കൃഷ്ണന് അത്തരത്തിലുള്ള പ്രഭുവല്ല. ഈശ്വരഃ പരമഃ – അദ്ദേഹം പ്രഭുവാണ്, പരമപ്രഭു. അദ്ദേഹം ആരുടേയും നിയന്ത്രണത്തിന് കീഴിലല്ല. ഇവിടെ റബ്ബര്‍ സ്റ്റാമ്പടിച്ച പ്രഭുക്കന്മാരെല്ലാം നിയന്ത്രിക്കപ്പെട്ടവരാണ്. ഇക്കാണുന്നതിന്റെയെല്ലാം പ്രഭുത്വം എനിക്കാണെന്നവര് പറയുമെങ്കിലും അതു വെറും വിഡ്ഢിത്തം മാത്രമാണ്. ആരും പ്രഭുവല്ല. യഥാര്‍ത്ഥ പ്രഭു കൃഷ്ണനാണ്. അതുകൊണ്ടാണ് പറഞ്ഞിരിക്കുന്നത്, ഈശ്വരഃ പരമഃ. ആരാണ് ആ പരമപ്രഭു? കൃഷ്ണന് – ഈശ്വരഃ പരമഃ കൃഷ്ണഃ
എന്തുകൊണ്ടാണ് കൃഷ്ണന് പരമപുരുഷന് ? അദ്ദേഹത്തിന്റെ ശരീരം ദിവ്യമാണ്, ആനന്ദമയമാണ്, ശാശ്വതമാണ് – ചിദാനന്ദവിഗ്രഹഃ. മാത്രമല്ല അദ്ദേഹം ‘അനാദി’ ആണ്, ആദിയില്ലാത്തവന്‍. എല്ലാറ്റിനും കാരണമുണ്ടെന്നതാണ് നമ്മുടെ അനുഭവം. ഞാന്‍ ഒരു പ്രഭുവാണെന്നിരിക്കട്ടെ. ഒന്നുകില്‍ എന്റെ പിതാവ് പ്രഭുവായിരുന്നു, അല്ലെങ്കില്‍ ഞാന്‍ കുറേ പണം സമ്പാദിച്ചു, അല്ലെങ്കില്‍ സര്‍ക്കാര്‍ എന്നെ പ്രഭുവായി അംഗീകരിച്ചു. ഞാന്‍ ചില നിബന്ധനകള്‍ക്ക് വിയേധനായിക്കൊണ്ട് പ്രഭുവാകുന്നു. പക്ഷേ കൃഷ്ണന് ആദിയാണ്. അദ്ദേഹമാണ് സ്രോതസ്സ്. അദ്ദേഹതിനപ്പുറത്തായി ഒന്നുമില്ല.
അനാദിര്‍ ആദി – എല്ലാറ്റിനും കാരണമുണ്ട്, പക്ഷേ അദ്ദേഹത്തിനു കാരണമില്ല. അദ്ദേഹം പ്രഭുവാണ്, പക്ഷേ അദ്ദേഹം പ്രഭുവായതിന് കാരണമില്ല. ഞാന്‍ പ്രഭുവാകുമ്പോള്‍ അതിനൊരു കാരണമുണ്ട്. ഒരു പക്ഷേ നിങ്ങള്‍ക്കറിയാമായിരിക്കും, ഇംഗ്ലണ്ടില്‍ ധനികര്‍ സര്‍ക്കാരില്‍ ഒരു തുക കെട്ടിവയ്ക്കുകയും തല്‍ഫലമായി സര്‍ക്കാര്‍ അവര്‍ക്ക് ‘പ്രഭു’ എന്ന സ്ഥാനപ്പേര് നല്‍കുകയും ചെയ്യുന്ന. ആ പണം കൊണ്ട് അയാളുടെ വംശം പരിപാലിക്കപ്പെടുന്നു. അയാളുടെ കാലശേഷം മൂത്ത പുത്രന് ആ സ്ഥാനം ലഭിക്കുന്നു. ഇങ്ങനെയാണ് ഞാന്‍ കേട്ടിട്ടുള്ളത്. ശരിയായി എനിക്കറിയില്ല. പക്ഷേ ഈ ‘പ്രഭു’ സര്‍ക്കാര്‍ നിര്‍മിക്കുന്നതാണ്, പണം നിക്ഷേപിക്കന്നതിലൂടെ. “ഈ കുടുംബത്തെ പ്രഭുവായി അംഗീകരിക്കാം” എന്ന് സര്‍ക്കാര്‍ തീരമാനിക്കുന്നു. ഇംഗ്ലണ്ടില്‍ ഇവ്വിധത്തില്‍ അവര്‍ കുലീനവര്ഗ്ഗത്തെ സൃഷ്ടിക്കുന്നു. അതു പോലെ തന്നെ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ ധാരാളം കുലീനവര്ഗ്ഗക്കാരെ സൃഷ്ടിച്ചു. കൃഷ്ണന് സൃഷ്ടിക്കപ്പെട്ട കുലീനവര്ഗ്ഗക്കാരനല്ല. അതു നാമറിയണം.
ഇന്ദ്രിയങ്ങള്‍ക്കും ഗോക്കള്‍ക്കും ഭൂമിക്കും പ്രീതി നല്കന്ന വ്യക്തി
അനാദിര്‍ ആദിര്‍ ഗോവിന്ദഃ – ഗോവിന്ദനെന്നത് കൃഷ്ണന്റെ പേരാണ്. ‘ഗോ’എന്ന വാക്കിന് മൂന്നര്ത്ഥങ്ങളുണ്ട് – ഇന്ദ്രിയങ്ങള്‍, പശു, ഭൂമി. കൃഷ്ണന് ഈ മൂന്നിനും ആനന്ദമേകുന്നു. അദ്ദേഹം എവിടെയുണ്ടോ ആ സ്ഥലം ആനന്ദമയമാകുന്നു. ആനന്ദമയോഭ്യാസാത്: – വേദാന്തസൂത്രം (1.1.12) പറയുന്നത് നിരപേക്ഷസത്യം ആനന്ദമയമാണ് എന്നാണ്. കൃഷ്ണന് ആനന്ദത്തിന്റെ സംഭരണിയാണ്. ആകയാല്‍ അദ്ദേഹം എവിടെയുണ്ടോ, ആ സ്ഥലം, ആ രാജ്യം, ആ ഗ്രഹം, അവിടം ആനന്ദമയമായിത്തീരുന്നു. അദ്ദേഹം ഗോവിന്ദനാണ്. ഒരു ഗോപബാലനേപ്പോലെ വിളയാടുന്നു, പശുക്കളോടൊത്തു വിളയാടുന്ന പതിനാറുകാരനായ ബാലന്. അദ്ദേഹത്തിന്റെ പിതാവിന് ധാരളം പശുക്കളുണ്ട്. അദ്ദേഹം പശുക്കളേയും കൂട്ടി സഖാക്കളുമൊത്ത് ഉല്ലാസയാത്ര പോകുന്നു. അതാണ് കൃഷ്ണന്റെ വ്യാപാരം. അദ്ദേഹം ഏതെങ്കിലും ഓഫീസിലേക്കോ ഫാക്റ്ററിയിലേക്കോ പോകുന്നില്ല. നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ ? അദ്ദേഹം പുറത്തു പോകുന്നു, അദ്ദേഹത്തിന്റെ മാതാവ് ധാരാളം ഭക്ഷണപദാര്‍ഥങ്ങള്‍ നല്കുന്നു. അദ്ദേഹം പ്രാതലിന് ശേഷം തന്റെ പുല്ലാംകുഴലുമേന്തി സഖാക്കളേയും പശുക്കളയും കൂട്ടി ഉല്ലാസയാത്ര പോകുന്നു. അതാണ് കൃഷ്ണന്റെ വ്യാപാരം. ആകയാല്‍ അദ്ദേഹം ഗോവിന്ദനാണ്. പശുക്കളോ, കൃഷ്ണനെ കാണന്ന മാത്രയില്‍ അദ്ദേഹത്തിന്റെ മുഖത്തും ശരീരത്തിലും നക്കുന്നു. ഓരോ പശുവിനും പേരുണ്ട്. അദ്ദേഹം പേര് വിളിക്കുമ്പോള്‍ പശു വന്ന് പാല് ചുരത്തുന്നു. ആ പശുക്കള്‍ ദിവ്യമാണ്. അതും ബ്രഹ്മസംഹിതയില്‍ പറയുന്നു (5.29)’സുരഭീര് അഭിപാലയന്തം. കൃഷ്ണന് സുരഭിപ്പശുക്കളെ പരിപാലിക്കുന്നു. സുരഭി പശുക്കള്‍ക്ക് ഒരിക്കലും പാല് വറ്റുകയില്ല. നിങ്ങള്‍ക്ക് വേണ്ടുന്നത്ര പാല് അവ നല്‍കും. ഭൗതികലോകത്തിലെ പശുക്കള്‍ക്ക് പരിമിതിയുണ്ട്. പാല് കറന്നെടുക്കാന്‍ നിശ്ചിതസമയമുണ്ട്, രാവിലെയും വൈകിട്ടും. പക്ഷേ സുരഭിപ്പശുക്കളില് നിന്ന് ഏതു സമയത്തും പാല് ലഭിക്കും. വേണ്ടത്ര നിങ്ങള്‍ക്ക് കറന്നെടുക്കാം.
കൃഷ്ണന് ഗോവിന്ദനാണ്. അദ്ദേഹം എല്ലാവര്ക്കും ആനന്ദമേകുന്നു. ഗോ എന്നാല്‍ ഇന്ദ്രിയമെന്നും അര്‍ത്ഥമുണ്ട്. നാം ഇന്ദ്രിയസുഖം ഇച്ഛിക്കുന്നു. ഇന്ദ്രിയസുഖമെന്നാല് രണ്ടു പേര് തമ്മിലുള്ള പരസ്പരപ്രകടനങ്ങള്. ഞാന്‍ സുന്ദരിയായ സ്ത്രീയെ കാണാന്‍ ആഗ്രഹിക്കുന്നു. അതിന്റെയര്‍ത്ഥം രണ്ടു പേരുണ്ട്. അല്ലെങ്കില്‍, ഞാന്‍ സുന്ദരനായ പുരുഷനെ കാണാന്‍ ആഗ്രഹിക്കുന്നു. അതിന്റെയര്‍ത്ഥം രണ്ടു പേര്. രണ്ടു പേരില്ലെങ്കില്‍ ഇന്ദ്രിയസുഖം സാധ്യമല്ല. എനിക്ക് സ്വാദിഷ്ടമായ എന്തെങ്കിലും ഭക്ഷിക്കണം. അതിലും രണ്ടു വസ്തുക്കളുണ്ട്. കുറഞ്ഞപക്ഷം ഭക്ഷണത്തില്‍ ധാരാളം വൈവിധ്യമെങ്കിലും ഉണ്ടായിരിക്കണം.
അവ്യക്തിഗതാവസ്ഥയില് യഥാര്‍ഥസുഖം ഒട്ടുമില്ല. കൃഷ്ണമായുള്ള നമ്മുടെ ബന്ധം, കൃഷ്ണനു നാം ചെയ്യുന്ന സേവനം, അതാണ് ആനന്ദം. ഗോവിന്ദ – അതാണ് യഥാര്‍ത്ഥ ഇന്ദ്രിയസുഖം. കൃഷ്ണനെ കാണുക, കൃഷ്ണനെ രുചിക്കുക, കൃഷ്ണന്റെ സുഗന്ധം മണത്തറിയുക, കൃഷ്ണനെ സ്പര്‍ശിക്കുക, അതാണ് ഇന്ദ്രിയസുഖം. അതാണ് നമ്മുടെ യഥാര്‍ത്ഥ ആനന്ദം.
കൃഷ്ണന് ഗോവിന്ദനും സര്വകാരണങ്ങള്ക്കും കാരണവുമാണ്. അദ്ദേഹത്തിനപ്പുറം ഒരു കാരണവുമില്ല. ഇതാണ് ചൈതന്യദേവന്‍ നല്കുന്ന വിവരണം. ക്രമേണ നമുക്ക് മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം.
വളരെ നന്ദി.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆