ഈ സംഭവം ശ്രീല ഭക്തിവിനോദ ഠാക്കൂർ തൻ്റെ അമൃതപ്രവാഹ ഭാഷ്യത്തിൽ ഇപ്രകാരം വിവരിച്ചിരിക്കുന്നു. ഒരു രാത്രിയിൽ ശ്രീചൈതന്യ മഹാപ്രഭു ഭക്തന്മാരോടൊപ്പം ശ്രീവാസൻ്റെ ഭവനത്തിൽ നൃത്തം ചെയ്തു കൊണ്ടിരിക്കുമ്പോൾ, ശ്രീവാസ ഠാക്കൂറിൻ്റെ രോഗബാധിതനായിരുന്ന ഒരു പുത്രൻ മരണമടഞ്ഞു. ക്ഷമാശാലിയായ ശ്രീവാസ ഠാക്കൂർ മരണദുഃഖത്തിൽ മനംനൊന്ത് കരയാൻ കുടുംബത്തിലെ ആരെയും അനുവദിച്ചില്ല. കാരണം, അവിടെ നടന്നുകൊണ്ടിരുന്ന കീർത്തനത്തിന് തടസ്സം നേരിടരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അപ്രകാരം വിലാപത്തിൻ്റെ ഒരു ശബ്ദവുമില്ലാതെ കീർത്തനം തുടർന്നു. പക്ഷേ കീർത്തനം അവസാനിച്ചപ്പോൾ, സംഭവം ഗ്രഹിച്ച ശ്രീചൈതന്യമഹാപ്രഭു ഇപ്രകാരം പ്രഖ്യാപിച്ചു, “ഈ ഭവനത്തിൽ തീർച്ചയായും ഒരു ദുരന്തം സംഭവിച്ചിട്ടുണ്ടാവണം.” ശ്രീവാസ ഠാക്കൂറിൻ്റെ പുത്രൻ മരിച്ച വിവരം അറിയിച്ചപ്പോൾ, ഈ വൃത്താന്തം എന്തു കൊണ്ട് എന്നെ നേരത്തെ അറിയിച്ചില്ല എന്ന് ചോദിച്ച് അവിടുന്ന് തന്റെ ദുഃഖം പ്രകടിപ്പിച്ചു. പുത്രൻ മരിച്ചു കിടക്കുന്ന സ്ഥലത്തേക്ക് ചെന്ന അവിടുന്ന് അവനോട് ചോദിച്ചു. “എൻ്റെ പ്രിയപ്പെട്ട കുട്ടീ, നീ എന്തു കൊണ്ടാണ് ശ്രീവാസൻ്റെ ഭവനം ഉപേക്ഷിക്കുന്നത്?” മരിച്ച പുത്രൻ തൽക്ഷണം മറുപടി പറഞ്ഞു. “ഈ ഭവനത്തിൽ കഴിയാൻ എനിക്ക് വിധിക്കപ്പെട്ടതുവരെയുള്ള കാലം ഞാൻ ജീവിച്ചു. ഇപ്പോൾ ആ സമയം കഴിഞ്ഞിരിക്കുന്നു, ഞാൻ അങ്ങയുടെ നിർദേശമനുസരിച്ച് മറ്റൊരിടത്തേക്ക് പോവുകയാണ്. ഞാൻ അങ്ങയുടെ ശാശ്വത ഭൃത്യനാണ്,ആശ്രിതനായ ഒരു ജീവൻ. യജമാനനായ അങ്ങയുടെ ഇച്ഛാനുസൃതം മാത്രമേ എനിക്ക് പ്രവർത്തിക്കാനാകൂ. അങ്ങയുടെ ഇച്ഛയ്ക്ക് അതീതമായി എനിക്കൊന്നും ചെയ്യാൻ കഴിയില്ല. എനിക്ക് അതിനുള്ള ശക്തിയില്ല.” മരിച്ച പുത്രന്റെ ഈ വാക്കുകൾ കേട്ട ശ്രീവാസ ഠാക്കൂറിൻ്റെ കുടുംബാംഗങ്ങൾക്കെല്ലാം ആത്മ ജ്ഞാനം ലഭിച്ചു. അതുകൊണ്ട് അവിടെ വിലാപത്തിന് കാരണമുണ്ടായിരുന്നില്ല. ഈ ആത്മജ്ഞാനം ഭഗവദ്ഗീതയിൽ (2.13) വിവരിച്ചിട്ടുണ്ട്:
“തഥാ ദേഹാന്തരപ്രാപ്തിർ ധീരസ് ത ന മുഹ്യതി”
ഒരുവൻ മരിക്കുമ്പോൾ മറ്റൊരു ശരീരം സ്വീകരിക്കുന്നു, അതിനാൽ സമചിത്തരായവർ ഈ പരിണാമത്തിൽ വിലപിക്കുന്നില്ല. മരിച്ച കുട്ടിയും മഹാപ്രഭുവും തമ്മിലുളള ഈ സംഭാഷണത്തിനുശേഷം മൃതശരീരത്തിൻ്റെ സംസ്കാര ചടങ്ങുകൾ നടത്തി. അനന്തരം അവിടുന്ന് ശ്രീവാസനോട് പറഞ്ഞു, “താങ്കൾക്ക് ഒരു പുത്രനെ നഷ്ടപ്പെട്ടു, പക്ഷേ നിത്യാനന്ദ പ്രഭുവും ഞാനും താങ്കളുടെ അനശ്വരരായ പുത്രന്മാരാണ്. ഞങ്ങൾക്ക് അങ്ങയുടെ ചങ്ങാത്തം ഒരിക്കലും ഉപേക്ഷിക്കാനാവില്ല.” കൃഷ്ണനുമായുള്ള അതീന്ദ്രിയ ബന്ധത്തിൻ്റെ ഒരുദാഹരണമാണിത്. നമുക്ക് കൃഷ്ണനുമായി ദാസന്മാരായോ, സുഹൃത്തുക്കളായോ, മാതാപിതാക്കളായോ, പുത്രന്മാരായോ അല്ലെങ്കിൽ പ്രണേതാക്കളായോ ശാശ്വതമായ ആത്മബന്ധമുണ്ട്. അതേ ബന്ധങ്ങൾ ഈ ഭൗതിക ലോകത്തിൽ തലതിരിഞ്ഞ് പ്രതിഫലിക്കുമ്പോൾ നമുക്ക് പുത്രന്മാർ, മാതാപിതാക്കൾ, സുഹൃത്തുക്കൾ, കമിതാവ്, യജമാനന്മാർ, അന്യരുടെ സേവകന്മാർ തുടങ്ങിയ നിലകളിലെല്ലാമുളള ബന്ധങ്ങളുണ്ടാകുന്നു, പക്ഷേ ഈ ബന്ധങ്ങളെല്ലാം നശ്വരമാണ്. നാം കൃഷ്ണനുമായുളള നമ്മുടെ ബന്ധം പുനരുജ്ജീവിപ്പിക്കുകയാണെങ്കിൽ ശ്രീചൈതന്യ മഹാപ്രഭുവിൻ്റെ കാരുണ്യത്താൽ ആ ശാശ്വതമായ ബന്ധം വിലാപത്തിന് ഹേതുവാകുംവിധം ഒരിക്കലും മുറിയുകയില്ല.
ശ്രീ ചൈതന്യ ചരിതാമൃതം – ആദിലീല 17.229.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆