ശ്രീ വക്രേശ്വര പണ്ഡിതൻ ശ്രീചൈതന്യ മഹാപ്രഭുവിനൊപ്പം നവദ്വീപിൽ സന്നിഹിതനായിരുന്നു. മഹാപ്രഭു സന്യാസം സ്വീകരിച്ച ശേഷം ജഗന്നാഥപുരിയിലേക്ക് പോയപ്പോൾ അദ്ദേഹം കൂടെ ചേർന്നിരുന്നു. പുരിയിൽ മഹാപ്രഭു താമസിച്ച കാലത്ത്, ശ്രീ വക്രേശ്വര പണ്ഡിതനും അവിടെ അദ്ദേഹത്തിന്റെ കൂടെ താമസിച്ചു.
ശ്രീ വക്രേശ്വര പണ്ഡിതൻ ജനിച്ചത് ഗുപ്തിപാരയിലെ ത്രിവേണി ഗ്രാമത്തിൽ ആയിരുന്നു. അദ്ദേഹം മികച്ച നർത്തകനും കീർത്തനീയനുമായിരുന്നു. — തുടർച്ചയായി 72 മണിക്കൂർ വരെ നൃത്തം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു!
നവദ്വീപിൽ ശ്രീ ചൈതന്യ മഹാപ്രഭു സംയുക്ത ഹരിനാമ സങ്കീര്ത്തനത്തിന്റെ ലീലകൾ ആരംഭിച്ചപ്പോൾ, ആ ദിവ്യ സംഘത്തിലെ പ്രധാന ഗായകനും-നർത്തകനു മായിരുന്നു വക്രേശ്വര പണ്ഡിതൻ. മഹാപ്രഭുവിന്റെ ഭക്തനായ ശ്രീവാസ പണ്ഡിതനെ അപമാനിച്ചുവെന്ന കുറ്റത്തിൽ, ഭാഗവതം പഠിപ്പിക്കുന്നതിൽ പ്രസിദ്ധനായിരുന്ന ദേവാനന്ദ പണ്ഡിതന് മഹാപ്രഭുവിന്റെ കോപം നേരിടേണ്ടിവന്നിരുന്നു. എന്നാൽ, വക്രേശ്വര പണ്ഡിതന്റെ കൃപ കൊണ്ട് അദ്ദേഹം മോചിക്കപ്പെടുകയും ചെയ്തു. ദേവാനന്ദ പണ്ഡിതൻ ഉത്തമനായ ഭാഗവത പ്രാസംഗികൻ ആയി അറിയപ്പെട്ടിരുന്നു. ഒരിക്കൽ ശ്രീവാസ് പണ്ഡിറ്റ് അദ്ദേഹത്തിന്റെ ഭാഗവത പ്രവചനം ശ്രവിക്കുവാനായി പോയി. ഭാഗവത ശ്രവണ സമയം ശ്രീവാസ് പണ്ഡിതന് ആനന്ദാശ്രു വരികയും, ഇതു കണ്ട ദേവാനന്ദ പണ്ഡിറ്റിന്റെ ചില ശിഷ്യന്മാർ ശ്രീവാസ് പണ്ഡിറ്റ് കുഴപ്പം സൃഷ്ടിക്കുക ആണെന്ന് കരുതി അദ്ദേഹത്തെ സഭയിൽ നിന്നും പുറത്താക്കി. ദേവാനന്ദ പണ്ഡിറ്റിന്റെ മുന്നിൽ വച്ചാണ് ഇത് സംഭവിക്കുന്നതെങ്കിലും, ഒരു ഭാഗവതനു നേരെ ഇങ്ങനെ അപമാനിക്കുന്ന രീതിയിൽ പ്രവൃത്തിക്കുന്നത് കണ്ടിട്ടും ദേവാനന്ദ പണ്ഡിറ്റ് അത് തടയാൻ ശ്രമിച്ചില്ല.
രണ്ടു തരം ഭാഗവതം ഉണ്ട്.
ഭാഗവതം എന്ന ഗ്രന്ഥവും, അതേപോലെ ഭക്തനായ ഭാഗവതനും ചേർന്ന്, രണ്ട് തരത്തിലുള്ള ഭാഗവതമുണ്ട്. ഈ സത്യത്തെ മഹാപ്രഭു പ്രത്യേകം ഊന്നിപ്പറഞ്ഞു. ഭാഗവത ഗ്രന്ഥം പഠിച്ചാലും, ഭക്തഭാഗവതനെ മാനിക്കാത്തവർക്കു കൃഷ്ണഭക്തി ലഭിക്കില്ലെന്നും അദ്ദേഹം ഉപദേശിച്ചു.
ശ്രീവാസ പണ്ഡിതനെ അവമതിച്ചതിന് മഹാപ്രഭു ദേവാനന്ദനെ നിരസിക്കുകയും കൃപ നൽകാതിരിക്കുകയും ചെയ്തു, അദ്ദേഹം ഭാഗവതത്തെ കുറിച്ചു ചില നിർദേശങ്ങൾ നൽകി — ഏതൊക്കെ വ്യക്തികൾ ഭക്ത ഭാഗവതനെ സേവിക്കാതെ ഭാഗവതം വായിക്കുന്നോ അവർക്ക് എത്ര യുഗങ്ങൾ കഴിഞ്ഞാലും ഭഗവദ് പ്രേമം ലഭിക്കുകയില്ല. ഭക്ത ഭാഗവതനും ഭാഗവത ഗ്രന്ഥവും തമ്മിൽ വ്യത്യാസമില്ല. ഒരുവന് ഭാഗവത ഗ്രന്ഥം മനസ്സിലാക്കുവാൻ ആദ്യം ഭക്ത ഭാഗവതനെ സേവിക്കണം. ഈ കാരണത്താൽ ദേവാനന്ദ പണ്ഡിറ്റിന് മഹാപ്രഭു കാരുണ്യം നൽകിയില്ല.
ഒരു വൈകുന്നേരം, വക്രേശ്വര പണ്ഡിതൻ ഗംഗയുടെ മറുവശത്തുള്ള കുലിയയിൽ വസിച്ചിരുന്ന ഒരു ഭക്തന്റെ വീട്ടിൽ ഹരിനാമ സങ്കീര്ത്തനത്തിനും നൃത്തത്തിനുമായി എത്തിച്ചേർന്നു. ഈ വാർത്ത കേട്ട ദേവാനന്ദ പണ്ഡിതൻ അവിടേക്കെത്തി. വക്രേശ്വര പണ്ഡിതനിൽ പ്രകടമായ ദിവ്യപ്രേമം കണ്ട അദ്ദേഹത്തിന് ആഹ്ലാദമുണ്ടായി. വലിയൊരു ജനക്കൂട്ടം അവിടെ ഒന്നിച്ചു. ദേവാനന്ദ പണ്ഡിതൻ ഒരു വടിയുമായി ആ കൂട്ടത്തെ നിയന്ത്രിച്ചുകൊണ്ട് വക്രേശ്വര പണ്ഡിതന്റെ ആനന്ദനൃത്തം തടസ്സപ്പെടാതെ നോക്കി.
നൃത്തം പൂര്ത്തിയാക്കിയ ശേഷം വക്രേശ്വര പണ്ഡിതൻ വിശ്രമിക്കുമ്പോൾ ദേവാനന്ദ പണ്ഡിതൻ അദ്ദേഹത്തിന്റെ പാദങ്ങളിൽ ദണ്ഡവദ് നമസ്കാരം ചെയ്തു. വക്രേശ്വര പണ്ഡിതൻ രണ്ട് പ്രഹരങ്ങൾ (ഏകദേശം ആറ് മണിക്കൂർ) അവിടെ നൃത്തവും, കീർത്തനവും തുടർന്നു. ഈ സേവനത്തിൽ പ്രസന്നനായ
വക്രേശ്വര പണ്ഡിതൻ ദേവാനന്ദനെ അനുഗ്രഹിച്ചു:
“കൃഷ്ണഭക്തി ഹൌക്!” — “നിനക്കു ശ്രീകൃഷ്ണഭക്തി ലഭിക്കട്ടെ!”
അന്ന് മുതൽ ദേവാനന്ദ പണ്ഡിതന്റെ ഹൃദയത്തിൽ ഭക്തിഭാവം ഉദിച്ചു. പിന്നീട് മഹാപ്രഭു നദിയയിലേക്ക് തന്റെ മാതാവിനെയും ഗംഗാ മാതാവിനെയും കാണാനായി യാത്ര ചെയ്തു. കുലിയയിൽ അദ്ദേഹം ദേവാനന്ദ പണ്ഡിതന് കൃപ നൽകി.
താങ്കൾ വക്രേശ്വര പണ്ഡിറ്റിനെ സേവിച്ചത് ഞാൻ ശ്രദ്ധിച്ചു. വക്രേശ്വര പണ്ഡിറ്റ് ഭഗവാന്റെ അതീന്ദ്രിയ ശക്തികളാൽ നിറഞ്ഞ വ്യക്തിയാണ്. ആരാണോ അദ്ദേഹത്തെ സേവിക്കുന്നത് അവർക്ക് ശ്രീകൃഷ്ണ ഭഗവാന്റെ പാദപദ്മങ്ങളിൽ അഭയം ലഭിക്കുന്നു. അദ്ദേഹത്തിന്റെ ഹൃദയം ഭഗവാന്റെ ധാമം ആണ്. എവിടെ വച്ചാണോ വക്രേശ്വര പണ്ഡിറ്റിന്റെ സത്സംഗം ലഭിക്കുന്നത് ആ സ്ഥലം എല്ലാ തീർത്ത സ്ഥാനങ്ങളും കൂടിച്ചേർന്നതാവുന്നു, അത് വൈകുണ്ഠത്തിന് തുല്യമാകുന്നു.
ശ്രീ വക്രേശ്വര പണ്ഡിതന്റെ ശിഷ്യൻ ആയിരുന്ന ഗോപാല ഗുരുഗോസ്വാമിയുടെ ശിഷ്യനായിരുന്നു ധ്യാൻചന്ദ് ഗോസ്വാമി. അദ്ദേഹത്തിന്റെ ധ്യാൻചന്ദ്ര പദ്ധതി എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.:
“ഗാനം, നൃത്തം എന്നിവയിൽ പ്രഗത്ഭയായ തുംഗവിദ്യ എന്ന ഗോപി ആണ് ഇപ്പോൾ വക്രേശ്വര പണ്ഡിതനായി ലോകത്തിൽ പ്രസിദ്ധനായിരിക്കുന്നത്.”
അദ്ദേഹം ആഷാഢ മാസത്തിലെ (ജൂൺ-ജൂലൈ) അമാവാസ്യയോടു ചേർന്ന അഞ്ചാം തീയതിയിലാണ് ആവിർഭാവം ചെയ്തത്. അദ്ദേഹം ആഷാഢ മാസത്തിലെ പൗർണമിയുടെ ആറാം ദിനത്തിൽ തിരോഭാവം ചെയ്തു.
വക്രേശ്വര പണ്ഡിതൻ നൃത്തം ചെയ്യുമ്പോൾ, മഹാപ്രഭു കീർത്തനം ചെയ്യാറുണ്ടായിരുന്നു. അപ്പോൾ വക്രേശ്വര പണ്ഡിതൻ മഹാപ്രഭുവിന്റെ പാദപദ്മങ്ങളിൽ പിടിച്ചു കൊണ്ടു പറഞ്ഞു:
“ഹേ ചന്ദ്രസമാന മുഖമുള്ള ഭഗവാനേ, എനിക്ക് പത്തായിരം ഗന്ധർവന്മാരെ നല്കണമേ. അവരുടെ കീർത്തനത്തിൽ ഞാൻ നൃത്തം ചെയ്യട്ടെ. അപ്പോൾ ഞാൻ സന്തോഷവാനാകും.”
ഇത് കേട്ട മഹാപ്രഭു പറഞ്ഞു:
“അങ്ങ് എന്റെ ഒരു ചിറകാണ്. അങ്ങയെ പോലെ മറ്റൊരാളെ കൂടി കിട്ടിയാൽ ഞാൻ ആകാശത്തിലേക്ക് പറക്കുമായിരുന്നു.”
ശ്രീ വക്രേശ്വര പണ്ഡിതൻ പുരിയിലെ കാശിമിശ്രയുടെ ഭവനത്തിലെ രാധാ-കാന്ത ഭഗവാനെ ആയിരുന്നു ആരാധിച്ചിരുന്നത്. അവിടെ തന്നെ ആയിരുന്നു ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ വാസസ്ഥലവും(ഗംഭീര). ഇന്നും അവിടെ ഈ വിഗ്രഹത്തെ ആരാധിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆