ഹനുമാൻ ( ഭാഗം1)
അവതാരം
അടർന്നുനിൽക്കുന്ന കൊടുംകാടുകൾക്ക് മധ്യേ സുപർവ്വഗിരിയെന്ന പ്രശസ്തമായ പർവ്വതനിരകൾ സ്ഥിതിചെയ്യുന്നു. ഏതാണ്ട് അറുപതിനായിരത്തോളം വാനരന്മാർ വസിച്ചിരുന്ന ആ വനപ്രദേശത്തെ അടക്കിവാണിരുന്ന ശക്തനായ രാജാവായിരുന്നു കേസരി. അഞ്ജനാദേവിയായിരുന്നു അദ്ദേഹത്തിന്റെ പ്രിയപത്നി. ഏറെക്കാലമായി സന്താനഭാഗ്യമില്ലാതിരുന്ന ആ ദമ്പതികൾ അതിയായ ദുഃഖത്തിലായിരുന്നു. ഒടുവിൽ വായുദേവനെ തപസ്സുചെയ്ത് പ്രസാദിപ്പിച്ച് ഒരു പുത്രനെ നേടാൻ അഞ്ജനാദേവി തീരുമാനിച്ചു. തന്റെ പത്നിക്ക് തപസ്സുചെയ്യാനാവശ്യമായ മന്ത്രങ്ങൾ കേസരി ഉപദേശിച്ചുകൊടുത്തു. തപശ്ചര്യകൾക്കായി പുഞ്ജകസ്ഥലമെന്ന പുണ്യസ്ഥലത്തേക്ക് പോകാൻ അദ്ദേഹം അവളോട് നിർദ്ദേശിച്ചു.
തുടർന്ന് ഒരു വർഷക്കാലം അഞ്ജനാദേവി വായുദേവനെ ധ്യാനിച്ച് കഠിനമായ തപസ്സനുഷ്ഠിച്ചു. അവളുടെ ഭക്തിയുടെ ആഴമറിയാൻ വായുഭഗവാൻ പല പരീക്ഷണങ്ങളും നടത്തി. ഭീതിജനകമായ ഇടിമിന്നലും ഭൂമികുലുക്കവും പ്രളയസമാനമായ കൊടുങ്കാറ്റും അദ്ദേഹം സൃഷ്ടിച്ചു. മരങ്ങൾ വേരോടെ പിഴുതെറിയപ്പെട്ടു; പറവകളും മൃഗങ്ങളും പ്രാണരക്ഷാർത്ഥം പരക്കംപാഞ്ഞു. വീടുകൾ പലതും തകർന്ന് വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.
ഇത്രയേറെ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായിട്ടും അഞ്ജനാദേവി തെല്ലും പതറിയില്ല. അവൾ തന്റെ മനസ്സിനെ വായുദേവനിൽ മാത്രം ഏകാഗ്രമാക്കി തപസ്സ് തുടർന്നു. ഒടുവിൽ അവളുടെ ഉറച്ച ഭക്തിയിൽ സംപ്രീതനായ വായുഭഗവാൻ അഞ്ജനയുടെ മുന്നിൽ പ്രത്യക്ഷനായി. ‘ദേവീ, നിന്റെ കഠിനമായ തപസ്സിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. നിനക്ക് ആവശ്യമുള്ള വരം ചോദിച്ചുകൊള്ളുക’ എന്ന് അരുളിച്ചെയ്തു. ‘ഭഗവാനേ, ദീർഘകാലമായി ഞങ്ങൾക്കൊരു സന്താനമില്ലാത്തതിൽ ഞാൻ ദുഃഖിതയാണ്. അവിടുത്തെപ്പോലെ സർവ്വശക്തനായ ഒരു പുത്രനെ എനിക്ക് നൽകി അനുഗ്രഹിക്കണം’ എന്ന് അഞ്ജനാദേവി പ്രാർത്ഥിച്ചു.
’നിന്റെ ആഗ്രഹം സഫലമാകും. ബുദ്ധിശക്തിയും അപാരമായ കരുത്തും സൗന്ദര്യവും സദ്ഗുണങ്ങളുമുള്ള ഒരു പുത്രൻ നിനക്ക് ജനിക്കും. അവൻ ലോകത്തിന്റെ രക്ഷകനായിത്തീരും. ഭക്തജനങ്ങളാൽ പൂജിക്കപ്പെടുന്ന ദിവ്യത്വമുള്ളവനായിരിക്കും നിന്റെ മകൻ. എന്റെ അംശത്തോടൊപ്പം സാക്ഷാൽ പരമശിവന്റെ ചൈതന്യവും ചേർന്നൊരു ദിവ്യശിശുവാകും നിനക്ക് പിറക്കുക’ എന്ന് വായുഭഗവാൻ അനുഗ്രഹിച്ചു.
വായുദേവന്റെ വരം ലഭിച്ച അഞ്ജന അതീവ സന്തോഷത്തോടെ തിരികെ ഭർത്താവിന്റെ അരികിലെത്തി. വിവരങ്ങളറിഞ്ഞ കേസരിയുടെ ആനന്ദത്തിന് അതിരുകളില്ലായിരുന്നു.

കൃത്യം ഒരു വർഷം തികഞ്ഞപ്പോൾ അഞ്ജനാദേവിക്ക് തേജസ്വിയായ ഒരു ആൺകുഞ്ഞ് ജനിച്ചു. ആ പുണ്യനിമിഷത്തിൽ വാനലോകത്ത് ദേവന്മാർ പുഷ്പവൃഷ്ടി നടത്തുകയും മംഗളവാദ്യങ്ങൾ മുഴക്കുകയും ചെയ്തു. ഏവരുടെയും ഉള്ളം ആനന്ദത്താൽ നിറഞ്ഞു. അഞ്ജനയുടെ പുത്രനായതുകൊണ്ട് ആ ശിശു ആഞ്ജനേയൻ എന്ന് വിളിക്കപ്പെട്ടു. കേസരിയുടെ പുത്രനായതിനാൽ കേസരിനന്ദനൻ എന്നും വായുദേവന്റെ അനുഗ്രഹത്താൽ ജനിച്ചതിനാൽ വായുപുത്രൻ, പവനകുമാരൻ, മാരുതി (വായുവിന് മരുത് എന്നും പേരുണ്ട്) എന്നും ആ ബാലൻ അറിയപ്പെട്ടു.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഭാഗം 2 . . തുടരും . . .
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
