ചതുർയുഗാന്തേ കാലേന ഗ്രസ്താൻ ശ്രുതിഗണാനൃഥാ
തപസാ ഋഷയോ പശ്യന്യതോ ധർമഃ സനാതനഃ
വിവർത്തനം
ഓരോ ചതുർയുഗത്തിന്റെയും അന്ത്യത്തിൽ മനുഷ്യവർഗത്തിൻ്റെ ശാശ്വതമായ ധർമം ദുരുപയോഗം ചെയ്യപ്പെട്ടതായി കാണുന്ന മഹാമുനിമാർ ധാർമിക തത്ത്വങ്ങൾ പുനഃസ്ഥാപിക്കുന്നു.
ഭാവാർത്ഥം
ഈ ശ്ലോകത്തിലെ ധർമഃ, സനാതനഃ എന്നീവാക്കുകൾക്ക് വളരെ പ്രാധാന്യമുണ്ട്. സനാതനഃ എന്നാൽ “ശാശ്വതം” എന്നും, ധർമഃ എന്നാൽ “ധർമങ്ങൾ” എന്നുമാണ് അർത്ഥം. സത്യയുഗം മുതൽ കലിയുഗം വരെ ധാർമികതത്ത്വങ്ങൾ ക്രമേണ നശിക്കുന്നു. സത്യയുഗത്തിൽ ധാർമിക തത്ത്വങ്ങൾ മുഴുവനും വ്യതിയാനം കൂടാതെ പാലിക്കപ്പെട്ടിരുന്നു. ത്രേതാ യുഗത്തിൽ, എങ്ങനെതന്നെയായാലും, ഈ തത്ത്വങ്ങൾ ഏറെക്കുറെ അവഗണിക്കപ്പെടുകയും, ധാർമിക ചുമതലകളുടെ നിർവഹണം നാലിൽ മൂന്ന് മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു. ദ്വാപരയുഗത്തിൽ ധാർമിക തത്ത്വങ്ങളുടെ പാലനം പാതിയേ തുടരുന്നുള്ളു. കലിയുഗത്തിൽ അത് നാലിലൊന്നായി ചുരുങ്ങുകയും ക്രമേണ അപ്രത്യക്ഷമായി തുടങ്ങുകയും ചെയ്യുന്നു. കലിയുഗത്തിൻ്റെ അന്ത്യമാകുമ്പോൾ ധാർമിക തത്ത്വങ്ങൾ, അഥവാ മനുഷ്യവർഗത്തിൻ്റെ ധർമങ്ങൾ മിക്കവാറും പൂർണമായും നഷ്ടമാകുന്നു. ഈ കലിയുഗത്തിലൂടെ നാം കേവലം അയ്യായിരം വർഷം മാത്രമേ കടന്നുപോന്നിട്ടുള്ളു, എങ്കിലും ഇതിനകം സനാതനധർമത്തിൻ്റെ ശോഷണം വളരെ പ്രബലമായിക്കഴിഞ്ഞു. അതുകൊണ്ട് സനാതന ധർമത്തെ ഗൗരവമായി കണക്കിലെടുക്കുകയും, മനുഷ്യസമൂഹത്തിൻ്റെ മുഴുവൻ നന്മയ്ക്കും വേണ്ടി അത് പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടത് വിശുദ്ധരായ വ്യക്തികളുടെ കടമയാണ്. ഈ തത്ത്വത്തിൻ്റെ അടിസ്ഥാനത്തിലാണ് കൃഷ്ണാവബോധ പ്രസ്ഥാനം ആരംഭിച്ചത്. ശ്രീമദ്ഭാഗവത(12.3.51)ത്തിൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ:
കലേർ ദോഷ-നിധേ രാജൻ അസ്തി ഹി ഏകോ മഹാൻ ഗുണഃ
കീർത്തനാദ് ഏവ കൃഷ്ണസ്യ മുക്ത-സംഗഃ പരം വ്രജേത്
കലിയുഗം പൂർണമായും തെറ്റുകളുടേതാണ്. അപരാധങ്ങളുടെ അപരിമേയമായ ഒരു സമുദ്രം പോലെയാണത്. പക്ഷേ കൃഷ്ണാവബോധ പ്രസ്ഥാനം വളരെ അംഗീകൃതമാണ്. അതിനാൽ അഞ്ഞൂറു സംവത്സരം മുമ്പ് സങ്കീർത്തന, കൃഷ്ണകീർത്തന പ്രസ്ഥാനത്തിന് ആരംഭം കുറിച്ച ശ്രീ ചൈതന്യ മഹാപ്രഭുവിൻ്റെ കാലടികൾ പിന്തുടർന്ന്, പരമമായ ആജ്ഞകളനുസരിച്ച് ലോകത്തിലെമ്പാടും ഈ പ്രസ്ഥാനം പ്രചരിപ്പിക്കാൻ ഞങ്ങൾ യത്നിക്കുന്നു. ഇപ്പോൾ ഈ പ്രസ്ഥാനത്തിൻ്റെ പ്രചാരകർ നിയാമക തത്ത്വങ്ങൾ കർശനമായി പിന്തുടരുകയും, മനുഷ്യ സമൂഹത്തിന്റെ പ്രയോജനത്തിനു വേണ്ടി ഈ പ്രസ്ഥാനത്തെ വ്യാപകമാക്കുകയും ചെയ്യുന്ന പക്ഷം, അവർ സനാതനധർമം, മനുഷ്യ സമൂഹത്തിൻ്റെ ശാശ്വതമായ ധർമം പുനഃസ്ഥാപിക്കുന്നതിലൂടെ തീർച്ചയായും പുതിയൊരു ജീവിത രീതിയിലേയ്ക്ക് നയിക്കും. ഒരു മനുഷ്യൻ്റെ സനാതനമായ ധർമം കൃഷ്ണനെ സേവിക്കുക എന്നതാണ്. ജീവേര ‘സ്വരൂപ’ ഹയ-കൃഷ്ണേര ‘നിത്യദാസ.’ സനാതന ധർമത്തിൻ്റെ ഭാവാർത്ഥം ഇതാണ്. സനാതനമെന്നാൽ നിത്യമായത്, അഥവാ ശാശ്വതമായത് എന്നും, കൃഷ്ണദാസ എന്നാൽ ‘കൃഷ്ണൻ്റെ ഭൃത്യൻ’ എന്നുമാണർത്ഥം. മനുഷ്യൻ്റെ നിത്യധർമം കൃഷ്ണനെ സേവിക്കുകയാണ്. കൃഷ്ണാവബോധ പ്രസ്ഥാനത്തിന്റെ രത്നചുരുക്കം ഇതാണ്.
(ശ്രീമദ് ഭാഗവതം 8.14.4 )