ബലരാമ പൂർണിമ
ബലരാമ പൂർണിമ അഥവാ ബലരാമ ജയന്തി എന്നത് ശ്രീ കൃഷ്ണ ഭഗവാന്റെ ജ്യേഷ്ഠഭ്രതാവായ ശ്രീ ബലരാമദേവന്റെ പവിത്രമായ ആവിർഭാവ ദിനമാകുന്നു. ഈ വർഷം ഈ പുണ്യദിനം 2026 ഓഗസ്റ്റ് 28 വെള്ളിഴാഴ്ചയാണ് സംജാതമാകുന്നത്. ഈ ശുഭദിനത്തിൽ ശ്രീ ബലരാമദേവനെ സ്മരിക്കുകയും പൂജിക്കുകയും ചെയ്യുന്നതിലൂടെ, തടസ്സങ്ങളെ തരണം ചെയ്യാനുള്ള ആത്മീയശക്തി ലഭിക്കുന്നതിനും, ഭക്തിസേവനത്തിൽ സ്ഥിരചിത്തരായിരിക്കുന്നതിനും, ശ്രീ കൃഷ്ണഭഗവാനോടുള്ള പ്രേമഭക്തി കൂടുതൽ ദൃഢമാകുന്നതിനുമായി ഭക്തജനങ്ങൾ പ്രാർത്ഥിക്കുന്നു.
ആരാണ് ശ്രീ ബലരാമൻ?
ശ്രീ ബലരാമദേവൻ ശ്രീ കൃഷ്ണഭഗവാന്റെ ആദിമ നിത്യപ്രകാശ രൂപമാകുന്നു (മൂല പ്രകാശ-വിഗ്രഹം). ശക്തിയിലും വീര്യത്തിലും ഇരുവരും ഭിന്നരല്ലെങ്കിലും, ശ്രീ ബലരാമദേവൻ ശ്വേതവർണ്ണത്തോടും (വെളുത്ത കാന്തിയോടെ) ശ്രീ കൃഷ്ണഭഗവാൻ ശ്യാമവർണ്ണത്തോടുംകൂടി വിരാജിക്കുന്നു. ശ്രീലാ പ്രഭുപാദർ വിവരിക്കുന്നത് പോലെ, “ബല” എന്നാൽ ആത്മീയ ശക്തിയെന്നും “രാമ” എന്നാൽ പരമമായ ആത്മീയ ആനന്ദത്തിന്റെ ഉറവിടമെന്നുമാണ് അർത്ഥമാക്കുന്നത്.
ശ്രീ ബലരാമദേവന്റെ ആത്മീയ ശക്തിയുടെ കരുണ ലഭിക്കാതെ ഏതൊരു ജീവാത്മാവിനും പരമാനന്ദമോ ആത്മീയ പൂർണ്ണതയോ പ്രാപിക്കുവാൻ സാധ്യമല്ല. അതുകൊണ്ട്, ഭൗതിക ദുഃഖങ്ങൾക്ക് അതീതമായ നിത്യവും സത്യവുമായ ഭഗവതാനന്ദം അനുഭവിക്കുവാൻ ജീവാത്മാവിനെ പ്രാപ്തനാക്കുന്ന ദിവ്യചൈതന്യത്തിന്റെ അക്ഷയസ്രോതസ്സാണ് ശ്രീ ബലരാമൻ.
ശ്രീ ബലരാമദേവന്റെ ആവിർഭാവം
ശ്രാവണ മാസത്തിലെ പൗർണ്ണമി തിഥിയിലാണ് ശ്രീ ബലരാമദേവൻ ആവിർഭവിച്ചത്. ആദ്യം ദേവകീദേവിയുടെ ഗർഭത്തിൽ ഏഴാമത്തെ സന്താനമായി പ്രവേശിച്ച ഭഗവാനെ, യോഗമായാദേവിയുടെ പ്രഭാവത്താൽ ഗോകുലത്തിലുള്ള രോഹിണീദേവിയുടെ ഗർഭപാത്രത്തിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. ഒരു ഗർഭപാത്രത്തിൽ നിന്നും മറ്റൊന്നിലേക്ക് ആകർഷിക്കപ്പെട്ട് മാറ്റപ്പെട്ടതിനാൽ ഭഗവാന് ‘സങ്കർഷണൻ’ എന്ന തിരുനാമം സിദ്ധിച്ചു.
ഗോകുലത്തിൽ ശ്രീ കൃഷ്ണഭഗവാന്റെ ദിവ്യലീലകൾക്ക് ഭൂമികയൊരുക്കിക്കൊണ്ട്, ഭഗവാന്റെ അവതാരത്തിന് തൊട്ടുമുമ്പായിരുന്നു ശ്രീ ബലരാമന്റെ ആവിർഭാവം. ഗോകുലവാസികൾ ശ്രീ കൃഷ്ണഭഗവാനെ എന്നപോലെ തന്നെ സമമായ അനുരാഗത്തോടെ ശ്രീ ബലരാമനെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഇരു സഹോദരന്മാരും വ്രജവാസികളുടെ പ്രാണമനോഹരന്മാരായിരുന്നു.
ശ്രീ ബലരാമ പ്രണാമ മന്ത്രം
നമസ്തേ ഹലഗ്രാഹ
നമസ്തേ മുസലായുധ
നമസ്തേ രേവതീ കാന്ത
നമസ്തേ ഭക്തവത്സല
നമസ്തേ ധരണിധര
നമസ്തേ ബലനാം ശ്രേഷ്ഠ
പ്രലംബാരേ നമസ്തേ അസ്തു
ഏഹി മാം കൃഷ്ണപൂർവ്വജ
പരിഭാഷ:
ഹലായുധമേന്തിയ ഭഗവാനേ, അങ്ങേക്ക് പ്രണാമം. മുസലായുധം ധരിച്ചവനേ, അങ്ങേക്ക് പ്രണാമം. രേവതീദേവിയുടെ പ്രാണനാഥനായവനേ, അങ്ങേക്ക് പ്രണാമം. ഭക്തജനവത്സലനായ ഭഗവാനേ, അങ്ങേക്ക് പ്രണാമം. ഭൂമീദേവിയെ താങ്ങിനിർത്തുന്നവനേ, അങ്ങേക്ക് പ്രണാമം. ബലവാന്മാരിൽ അഗ്രഗണ്യനായ ഭഗവാനേ, അങ്ങേക്ക് പ്രണാമം. പ്രലംബാസുരന്റെ സംഹാരകനായവനേ, അങ്ങേക്ക് പ്രണാമം. ശ്രീ കൃഷ്ണന്റെ ജ്യേഷ്ഠഭ്രാതാവേ, അങ്ങ് എന്നിലേക്ക് എഴുന്നള്ളിയാലും.
പ്രധാന ലീലകൾ
ധേനുകാസുര വധം
താലവനത്തിൽ പഴുത്തുപാകമായ പനമ്പഴങ്ങൾ ഭക്ഷിക്കുവാൻ ഗോപബാലന്മാർ ആഗ്രഹിച്ചുവെങ്കിലും, ഗർദ്ദഭാസുരനായ ധേനുകാസുരൻ അവരെ ഭയപ്പെടുത്തിയിരുന്നു. ശ്രീ ബലരാമദേവൻ താലവനത്തിൽ പ്രവേശിച്ച് തന്റെ തൃക്കൈകളാൽ പനമരങ്ങൾ കുലുക്കി പഴങ്ങൾ താഴെയിടുവാൻ തുടങ്ങി. ധേനുകാസുരൻ ആക്രമിച്ചപ്പോൾ, ബലരാമദേവൻ അസുരന്റെ പിൻകാലുകളിൽ പിടിച്ച് ചുഴറ്റി പനമരത്തിലേക്ക് അടിച്ചേൽപ്പിച്ച് അവന്റെ പ്രാണനെ അപഹരിച്ചു. തുടർന്ന് അസുരന്റെ കൂട്ടാളികളായ മറ്റു അസുരന്മാരെയും അപ്രകാരം തന്നെ സംഹരിച്ചു.
പ്രലംബാസുര നിഗ്രഹം
പരാജിതരായവർ വിജയിച്ചവരെ ചുമക്കണമെന്ന വ്യവസ്ഥയോടെ കുമാരന്മാർ മല്ലയുദ്ധത്തിൽ ഏർപ്പെട്ടിരിക്കെ, ബലരാമദേവനെ തട്ടിയെടുക്കാനായി പ്രലംബാസുരൻ ഒരു ഗോപബാലന്റെ വേഷത്തിൽ എത്തിച്ചേർന്നു. അസുരൻ ബലരാമദേവനെയും പേറി ഓടിയപ്പോൾ, ഭഗവാന് ഒരു പർവ്വതത്തോളം ഭാരം അനുഭവപ്പെട്ടു. മേഘാവൃതമായ ആകാശത്തിൽ മിന്നൽപ്പിണരെന്നപോലെ അസുരൻ തന്റെ ഭയാനകമായ നിജരൂപം പ്രാപിച്ചപ്പോൾ, അവന്റെ പുറത്തിരുന്ന ബലരാമദേവൻ പൂർണ്ണചന്ദ്രനെപ്പോലെ ശോഭിച്ചു. അസുരന്റെ ദുരുദ്ദേശം മനസ്സിലാക്കിയ ബലരാമദേവൻ തന്റെ ശക്തിയേറിയ മുഷ്ടികൊണ്ട് അവന്റെ ശിരസ്സിലടിച്ച് തൽക്ഷണം നിഗ്രഹിച്ചു.
യമുനാനദിയെ ആകർഷിക്കൽ
വൃന്ദാവനത്തിലെ പവിത്രമായ വനാന്തരങ്ങളിൽ ദിവ്യലീലകളിൽ മുഴുകിയിരിക്കെ, ശ്രീ ബലരാമദേവന് തന്റെ സഹചരന്മാരോടൊപ്പം ജലക്രീഡ നടത്തുവാൻ ആഗ്രഹമുണ്ടായി. തങ്ങൾക്ക് സൗകര്യപ്രദമായി ജലക്രീഡ നടത്തുന്നതിനായി ഒഴുക്കിന്റെ ഗതി മാറ്റുവാൻ ഭഗവാൻ യമുനാനദിയോട് ആവശ്യപ്പെട്ടു. എന്നാൽ യമുനാദേവി ആ അഭ്യർത്ഥന നിരാകരിച്ചപ്പോൾ, ബലരാമദേവൻ തന്റെ കലപ്പ (ഹലം) ഉപയോഗിച്ച് നദിയെ വനാന്തരത്തിലേക്ക് വലിച്ചടുത്തു. ഭഗവാന്റെ പരമമായ പ്രഭാവം തിരിച്ചറിഞ്ഞ യമുനാദേവി അവിടുത്തെ ശരണമടയുകയും വിനീതമായി പ്രാർത്ഥിക്കുകയും ചെയ്തു.
കലപ്പയുടെയും ഗദയുടെയും തത്ത്വം
ശ്രീ ബലരാമദേവൻ തന്റെ രണ്ട് ദിവ്യാഭരണങ്ങളായ കലപ്പയും (ഹലം) ഗദയും (മുസലം) കൊണ്ട് വിശേഷാൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
കലപ്പ (ഹലം)
കലപ്പ എന്നത് കൃഷിയെയും ആത്മീയമായ ഒരുക്കത്തെയും ഒരുപോലെ സൂചിപ്പിക്കുന്നു. ഒരു കർഷകൻ വിത്തുവിതയ്ക്കാൻ നിലമൊരുക്കുന്നതുപോലെ, ശ്രീ ബലരാമദേവൻ ഭക്തന്റെ കഠിനമായ ഹൃദയത്തെ ഉഴുതുമറിക്കുന്നു. കാമം, ക്രോധം, ലോഭം, മദം തുടങ്ങിയ ഭൗതികവാസനകളാകുന്ന കളകളെ അവിടുന്ന് തന്റെ ദിവ്യശക്തിയാൽ പിഴുതെറിയുകയും, ഹൃദയത്തെ ഭക്തിലതാബീജം മുളയ്ക്കാൻ അനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണാക്കി മാറ്റുകയും ചെയ്യുന്നു.
ഗദ (മുസലം)
ഗദ എന്നത് മിഥ്യാ അഹങ്കാരത്തിന്റെ വിനാശത്തെ സൂചിപ്പിക്കുന്നു. അസുരഭാവങ്ങളെയും, ജീവാത്മാവിനെ ശ്രീ കൃഷ്ണഭഗവാനിൽ ശരണമടയുന്നതിൽ നിന്നും തടയുന്ന ഹൃദയസ്ഥമായ അജ്ഞാനത്തെയും തകർത്തെറിയാനാണ് ഗദ ഉപയോഗിക്കുന്നത്. ഭക്തന്മാരുടെ നിത്യസംരക്ഷകനായ ബലരാമദേവൻ, ഭയവിപത്തുകളിൽപ്പെടാതെ ആത്മീയജീവിതത്തിൽ പുരോഗതി പ്രാപിക്കുന്നതിനാവശ്യമായ സുരക്ഷയും സ്ഥിരതയും നൽകുവാൻ ഗദയേന്തുന്നു.
ബലരാമദേവൻ – ആദിഗുരു തത്ത്വം
ശ്രീ ബലരാമദേവൻ ‘ആദിഗുരു’വായി സനാതനധർമ്മത്തിൽ അറിയപ്പെടുന്നു. ഭഗവാന്റെ സേവനത്തെ എല്ലാ ജീവാത്മാക്കൾക്കും വെളിപ്പെടുത്തിക്കൊടുക്കുന്നതിനാൽ ഭഗവാൻ ‘സ്വയം പ്രകാശ’ തത്ത്വമാകുന്നു. അവിടുന്ന് ഭൗതികലോകമാകുന്ന അന്ധകാരത്തിൽ ഒരു ദിവ്യദീപം പോലെ ശോഭിക്കുകയും, കൃഷ്ണനിലേക്കുള്ള പാത തെളിയിച്ച് സാധകന്റെ ഹൃദയത്തിൽ പരമപുരുഷനെക്കുറിച്ചുള്ള ജ്ഞാനം ഉദിപ്പിക്കുകയും ചെയ്യുന്നു.
ഗുരുപരമ്പരയിലെ ഓരോ സദ്ഗുരുവും ശ്രീ ബലരാമദേവന്റെ കരുണാകടാക്ഷത്തിന്റെ പ്രതിനിധിയും മൂർത്തിമദ്ഭാവവുമാകുന്നു. ജനനമരണചക്രത്തിൽ നിന്നും ജീവാത്മാക്കളെ മുക്തരാക്കുന്നതിനായി ബലരാമദേവന്റെ സേവകനായി പ്രവർത്തിച്ചുകൊണ്ട്, ആത്മീയ ആചാര്യൻ ശിഷ്യന് ആവശ്യമായ ആത്മീയബലം പ്രധാനം ചെയ്യുന്നു.
ബലരാമ പൂർണ്ണിമയുടെ പ്രാധാന്യം
ശ്രീ കൃഷ്ണഭക്തർക്ക് ഈ ദിനം അത്യന്തം ആത്മീയ പ്രാധാന്യമുള്ള ഒന്നാകുന്നു. ഭക്തജനങ്ങൾക്ക് ആനന്ദം പ്രദാനം ചെയ്യുന്നതിനായി വിവിധ ലീലകൾ അവതരിപ്പിച്ച ഭഗവാന്റെ ആവിർഭാവത്തെയാണ് ഈ പുണ്യദിനം ആഘോഷിക്കുന്നത്. ഭഗവാന് മുന്നിൽ പൂർണ്ണമായി ശരണമടയുന്നതിലും അവിടുത്തെ ദിവ്യദൗത്യത്തിനായി സമർപ്പിതരാകുന്നതിലുമാണ് യഥാർത്ഥ കരുത്ത് കുടികൊള്ളുന്നത് എന്ന് അവിടുന്ന് നമ്മെ പഠിപ്പിക്കുന്നു.
ഭൗതിക വാസനകളാൽ വ്യതിചലിക്കപ്പെടാതെ ധർമ്മത്തിന്റെയും ഭക്തിയുടെയും മാർഗ്ഗത്തിൽ ദൃഢമായി സഞ്ചരിക്കുവാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഭക്തർക്ക് ഈ ദിനം. ശ്രീ ബലരാമദേവന്റെ മാതൃക സ്മരിക്കുന്നത്, കൃഷ്ണബോധത്തിൽ പുരോഗമിക്കുന്നതിന് അത്യാവശ്യമായ ക്ഷമ, ലാളിത്യം, ആത്മീയ ധൈര്യം തുടങ്ങിയ ഗുണങ്ങൾ ഹൃദയത്തിൽ വികസിപ്പിക്കുവാൻ പ്രചോദനമേകുന്നു. ലോകമെമ്പാടുമുള്ള ഇസ്കോൺ (ISKCON) ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾ എല്ലാ വർഷവും മഹത്തായ ഭക്തിയോടും ആനന്ദത്തോടും ആത്മീയ ഉത്സാഹത്തോടും കൂടെ വിവിധ ഭക്തിപൂർവ്വമായ ചടങ്ങുകളോടെ ബലരാമ പൂർണ്ണിമ ആഘോഷിക്കുന്നു. ശ്രീ കൃഷ്ണന്റെയും ശ്രീ ബലരാമന്റെയും ഭഗവദ്വിഗ്രഹങ്ങൾ (ഉത്സവ വിഗ്രഹങ്ങൾ) മനോഹരമായ പല്ലക്കിൽ എഴുന്നള്ളിച്ചുകൊണ്ടാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. നാമസങ്കീർത്തനത്തിന്റെ അകമ്പടിയോടെ ഭക്തർ പല്ലക്ക് അഭിഷേക മണ്ഡപത്തിലേക്ക് ആനയിക്കുന്നു.
ഭക്തജനങ്ങൾ ഭഗവാന് പഞ്ചാമൃതം (പാൽ, തൈര്, നെയ്, തേൻ, മധുരജലം), പഞ്ചഗവ്യം (ഗോമയം, ഗോമൂത്രം, പാൽ, നെയ്, തൈര്), വിവിധ തരം ഫലവർഗ്ഗങ്ങളുടെ രസങ്ങൾ എന്നിവയാൽ മഹാഅഭിഷേകം നടത്തുന്നു. അഭിഷേകം ആരംഭിക്കുന്നതിന് മുൻപ്, വൈദിക മന്ത്രങ്ങളും ഹരേ കൃഷ്ണ മഹാമന്ത്രവും ജപിച്ചുകൊണ്ട് പവിത്രവും ഭക്തിനിർഭരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
മഹാഅഭിഷേകത്തിന് ശേഷം, ഭഗവദ്വിഗ്രഹങ്ങൾ ആദരവോടെ വീണ്ടും പല്ലക്കിലേക്ക് എഴുന്നള്ളിക്കുകയും, സന്തുഷ്ടഭരിതമായ ഘോഷയാത്രയോടെ ക്ഷേത്രമണ്ഡപത്തിലേക്ക് ആനയിക്കുകയും ചെയ്യുന്നു. പല്ലക്ക് उत्सव സമയത്ത് കീർത്തനാലാപനത്തോടും നൃത്തത്തോടും കൂടെ ഭക്തർ ഭഗവാന്റെ മേൽ പുഷ്പവൃഷ്ടി നടത്തുന്നു. തുടർന്ന് ഭക്തർക്ക് പ്രസാദവിതരണം നടത്തുന്നതോടെ ആഘോഷങ്ങൾ സമംഗളം പര്യവസാനിക്കുന്നു.
ബലരാമ പൂർണ്ണിമയെക്കുറിച്ച് ശ്രീലാ പ്രഭുപാദർ
ശ്രീ കൃഷ്ണഭഗവാനും ബലരാമദേവനും ഭിന്നരായ രണ്ട് ഈശ്വരസത്തകളല്ല. ഭഗവാൻ അദ്വിതീയനാണ് (ഒന്നേയുള്ളൂ), എന്നാൽ പരസ്പരം വേർപിരിയാതെ അവിടുന്ന് അനേകം രൂപങ്ങളിൽ സ്വയം വികസിക്കുന്നു. അവയെല്ലാം ഭഗവാന്റെ പൂർണ്ണാംശ അവതാരങ്ങളാകുന്നു.
ശ്രീ കൃഷ്ണഭഗവാന്റെ സാക്ഷാത്ത് ആദ്യ വികാസമാണ് ബലദേവൻ; ഗർഭോദകശായീ വിഷ്ണുവിന്റെ നാഭികമലത്തിൽ നിന്നും ആവിർഭവിച്ച ബ്രഹ്മാവ് ബലദേവന്റെ ഒരു വികാസമാകുന്നു. കൃഷ്ണനും ബലദേവനും ഈ പ്രപഞ്ച നിയമങ്ങൾക്ക് വിധേയരല്ലെന്നും, മറിച്ച് അഖില പ്രപഞ്ചവും അവിടുത്തെ നിയന്ത്രണത്തിലാണെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.
ഉപസംഹാരം
ഒരു ഭക്തന്റെ ജീവിതത്തിൽ ബലരാമ പൂർണ്ണിമയ്ക്ക് വലിയ പ്രാധാന്യമുണ്ട്; കാരണം ഭഗവാന് അർപ്പിക്കുന്ന അല്പമാത്രമായ ഭക്തിസേവനം പോലും നമ്മുടെ ഭക്തിയെ സുദൃഢമാക്കും. ശ്രീ ബലരാമദേവന്റെ കാരുണ്യമില്ലാതെ ആർക്കും പരമപുരുഷ ഭഗവാനെ ശരിയായി മനസ്സിലാക്കാനോ യഥാർത്ഥ ആത്മീയ പുരോഗതി കൈവരിക്കാനോ സാധ്യമല്ല. അതിനാൽ, ഈ വിശുദ്ധ വേളയിൽ ഭക്തിമാർഗ്ഗത്തിലെ ഓരോ ചുവടുവെപ്പിലും ഭഗവാന്റെ കരുണയ്ക്കായും മാർഗ്ഗദർശനത്തിനായും നാം പ്രാർത്ഥിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.