നൈതദ് ബതാധീശി പദം തവേപ്സിതം
യന്മായയാ നസ്തനുഷേ ഭൂതസൂക്ഷ്മം
അനുഗ്രഹായാസ്ത്വപി യർഹി മായയാ
ലസത്തുളസ്യാ തനുവാ വിലക്ഷിതഃ
വിവർത്തനം
എന്റെ പ്രിയപ്പെട്ട ഭഗവാനേ, അത് അവിടുത്തെ ഇച്ഛയല്ലെങ്കിലും, അവിടുന്ന് ഞങ്ങളുടെ ഇന്ദ്രിയ സംതൃപ്തിക്കുവേണ്ടി സ്ഥൂലവും സൂക്ഷ്മവുമായ ഘടകങ്ങളുടെ ഈ സൃഷ്ടി ആവിഷ്കരിച്ചു. മനോഹരമായൊരു തുളസീദലഹാരത്താൽ അലങ്കാരിതനായി സ്വന്തം ശാശ്വതരൂപത്തിൽ ഞങ്ങൾക്കു മുന്നിൽ പ്രത്യക്ഷനായ അവിടുന്ന് അകാരണമായ കാരുണ്യം ഞങ്ങൾക്കു മേൽ ചൊരിയണം.
ഭാവാർഥം
പരമോന്നതനായ ഭഗവാൻ്റെ വ്യക്തിപരമായ ഇച്ഛയാലല്ല ഭൗതികലോകം സൃഷ്ടിക്കപ്പെട്ടതെന്ന് ഇവിടെ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. ജീവസത്തകൾക്ക് ആസ്വദിക്കുന്നതിനുവേണ്ടി അദ്ദേഹത്തിൻ്റെ ബാഹ്യശക്തിയാലാണത് സൃഷ്ടിക്കപ്പെട്ടത്. ശാശ്വതമായി കൃഷ്ണാവബോധത്തിലുള്ളവർക്കും നിരന്തരമായി അതീന്ദ്രിയ ഭക്തിയുതസേവനത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്കും ഇന്ദ്രിയാസ്വാദനം കാംക്ഷിക്കാത്തവർക്കും വേണ്ടിയല്ല ഈ ഭൗതിക പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അവരെ സംബന്ധിച്ച്, ആദ്ധ്യാത്മിക ലോകത്തിന് അനശ്വരമായ അസ്തിത്വമുണ്ട്. അവർ ആ ലോകം ആസ്വദിക്കുന്നു. പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ കമലപാദങ്ങളിൽ അഭയം തേടിയിട്ടുള്ളവർക്ക് ഈ ഭൗതിക ലോകമേ ഉപയോഗശൂന്യമാണെന്ന് ശ്രീമദ് ഭാഗവതത്തിൽ മറ്റൊരിടത്ത് പ്രസ്താവിച്ചിട്ടുണ്ട്. ഓരോ ചുവടുവയ്പിലും അപകടം പതിയിരിക്കുന്ന ഭൗതിക ലോകം, അതിന്മേൽ സ്വന്തം ഉത്തരവാദിത്തത്തിൽ ഉടമസ്ഥത നേടാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടിയുള്ളതാണ്. ഭക്തന്മാർക്കു വേണ്ടിയുള്ളതല്ല. കൃഷ്ണൻ അതീവ കാരുണ്യവാനാകയാൽ ഇന്ദ്രിയ സംതൃപ്തി കാംക്ഷിക്കുന്നവർക്ക് യഥേഷ്ടം ആസ്വദിക്കുവാൻ ഒരു പ്രത്യേകലോകം സൃഷ്ടിച്ചു. എന്നിട്ടും അദ്ദേഹം തൻ്റെ വ്യക്തിരൂപത്തിൽ അവിടെത്തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്തു. സ്വമനസാലെയല്ലാതെ ഭൗതിക ലോകം സൃഷ്ടിച്ച ഭഗവാൻ, ജീവസത്തകൾക്ക് നിർദേശങ്ങൾ നൽകുന്നതിന് സ്വയം വ്യക്തിരൂപത്തിൽ ഇവിടേക്കിറങ്ങിവരികയോ, വിശ്വസ്തരായ സ്വന്തം പുത്രന്മാരെയോ, സേവകരെയോ വ്യാസദേവനെപ്പോലുള്ള ആധികാരികരായ ഗ്രന്ഥ കാരന്മാരെയോ ഇവിടേക്ക് വരുത്തുകയോ ചെയ്യുന്നു. ഭഗവദ്ഗീതാ വചനങ്ങളിലൂടെ അദ്ദേഹം നേരിട്ടുതന്നെ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. തെറ്റായി മാർഗനിർദേശം ചെയ്യപ്പെടുന്നതു നിമിത്തം ഭൗതിക ലോകത്തിൽ ജന്മങ്ങൾ തോറും ഒഴുകിനടക്കാൻ വിധിക്കപ്പെടുന്ന ജീവസത്തകളെ തന്നിലേക്ക് തിരിച്ചുകൊണ്ടുവരുവാനും തനിക്ക് സമർപ്പിതരാക്കുവാനും വേണ്ടി, സൃഷ്ടിയോടൊപ്പം ഈ പ്രചരണവും നിരന്തരം അവിടുന്ന് നടത്തിവരുന്നു. അതുകൊണ്ട്, ഭഗവദ്ഗീതയിലെ അദ്ദേഹത്തിൻ്റെ അവസാന നിർദേശം ഇങ്ങനെയാണ്. “ഭൗതിക ലോകത്തിലെ ഉത്പാദിതങ്ങളായ എല്ലാ പ്രവത്തികളും ഉപേക്ഷിച്ച് നീ എനിക്ക് സമർപ്പിതനാവുക. ഞാൻ നിന്നെ എല്ലാ പാപപ്രതികരണങ്ങളിൽ നിന്നും സംരക്ഷിച്ചുകൊള്ളാം.”
ശ്രീമദ് ഭാഗവതം 3.21.20
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ