ശ്രീപ്രഹാദ ഉവാച
ശ്രവണം കീർത്തനം വിഷ്ണോഃ സ്മരണം പാദസേവനം
അർച്ചനം വന്ദനം ദാസ്യം സഖ്യമാത്മനിവേദനം
ഇതി പുംസാർപ്പിതാ വിഷ്ണൗ ഭക്തിശന്നവലക്ഷണാ
ക്രിയതേ ഭഗവത്യദ്ധാ തന്മന്യേ ധീതമുത്തമം
വിവർത്തനം
ശ്രീപ്രഹ്ലാദൻ പറഞ്ഞു: വിഷ്ണുഭഗവാൻ്റെ അതീന്ദ്രിയ ദിവ്യനാമം, രൂപം, ഗുണങ്ങൾ, അനുസാരികൾ, ലീലകൾ എന്നിവകളെക്കുറിച്ച് ശ്രവിക്കുകയും, കീർത്തിക്കുകയും, അവ സ്മരിക്കുകയും ചെയ്യുക, ഭഗവാന്റെ പാദകമലങ്ങൾ സേവിക്കുക; പതിനാറു തരം അനുസാരികളോടുകൂടി ഭഗവാന് ആരാധനകളർപ്പിക്കുക, ഭഗവാന് പ്രർത്ഥനകൾ അർപ്പിക്കുക, അദ്ദേഹത്തിൻ്റെ ദാസനായിത്തീരുക, ഭഗവാനെ ഉത്തമ സുഹൃത്തായി കാണുക, എല്ലാം അദ്ദേഹത്തിന് സമർപ്പിക്കുക (മറ്റു വാക്കുകളിൽ അദ്ദേത്തെ ശരീരവും മനസ്സും വാക്കുകളും കൊണ്ട് സേവിക്കുക) – ഈ ഒമ്പത് പ്രക്രിയകൾ പരിശുദ്ധ ഭക്തിയുതസേവനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ ഒമ്പതു രീതികളിൽ കൃഷ്ണഭഗവാന് സേവനം ചെയ്യുവാൻ ജീവിതം സമർപ്പിക്കുന്നവനാണ് ഏറ്റവും പാണ്ഡിത്യമുള്ള വ്യക്തി, എന്തുകൊണ്ടെന്നാൽ, അവൻ സമ്പൂർണ ജ്ഞാനം ആർജിച്ചവനാണ്.
ഭാവാർത്ഥം
പ്രഹ്ലാദനോട് അവൻ അഭ്യസിച്ച വിദ്യകളിൽ ഏറ്റവും ശ്രേഷ്ഠമായത് പറയുവാൻ പിതാവ് ആവശ്യപ്പെട്ടപ്പോൾ, ആദ്ധ്യാത്മിക ഗുരുവിൽ നിന്ന് ലഭിച്ച ഉപദേശങ്ങളാണ് ഏറ്റവും ശ്രേഷ്ഠമെന്നും ഭൗതിക ഗുരുക്കന്മാരായ ശണ്ഡനും അമർക്കനും അഭ്യസിപ്പിച്ച നയതന്ത്രം ഉപയോഗശൂന്യമാണെന്നും അവൻ കരുതി. ഭക്തി പരേശാനുഭവോ വിരക്തിർ അന്യത്ര ച (ഭാഗ. 11.2.42). പവിത്രമായ ഭക്തിയുതസേവനത്തിൻ്റെ ലക്ഷണം ഇതാണ്. നിർമലനായ ഒരു ഭക്തന് ഭക്തിയുതസേവനത്തിൽ മാത്രമാണ് താത്പര്യം, ഭൗതിക കാര്യങ്ങളിലല്ല. ഭക്തിയുതസേവന നിർവഹണത്തിന് ഒരുവൻ എല്ലായ്പ്പോഴും കൃഷ്ണനെക്കുറിച്ച്, അഥവാ വിഷ്ണുവിനെക്കുറിച്ച് ശ്രവിക്കുകയും കീർത്തിക്കുകയും ചെയ്യണം. ക്ഷേത്രത്തിലെ ആരാധനാ പ്രക്രിയ അർച്ചനയെന്നു വിളിക്കപ്പെടുന്നു. അർചന എങ്ങനെയാണ് അനുഷ്ഠിക്കേണ്ടതെന്ന് ഇവിടെ വിശദീകരിക്കുന്നുണ്ട്. താൻ എല്ലാവരുടെയും ക്ഷേമകാംക്ഷിയായ സുഹൃത്താണെന്ന (സുഹൃദം സർവ-ഭൂതാനാം) കൃഷ്ണന്റെ വാക്കുകളിൽ ഒരുവന് അടിയുറച്ച വിശ്വാസം വേണം. ഭക്തൻ, കൃഷ്ണനെ മാത്രം തൻ്റെ സുഹൃത്തായി കാണണം. ഇതിനെയാണ് സഖ്യമെന്നു വിളിക്കുന്നത്. പുംസാർപ്പിതാ വിഷ്ണൗ. പുംസാ എന്ന വാക്കിനർത്ഥം ‘എല്ലാ ജീവസത്തകളാലും’ എന്നാണ്. ഒരു വ്യക്തിയെ മാത്രം, അല്ലെങ്കിൽ ഒരു ബ്രാഹ്മണനെ മാത്രമേ ഭഗവദ്സേവനം നിർവഹിക്കാൻ അനുവദിക്കുകയുള്ളൂ എന്ന് യാതൊരു വകതിരിവുമില്ല. എല്ലാവർക്കും അത് ചെയ്യാൻ കഴിയും. ഭഗവദ്ഗീത(9.32)യിൽ സ്ഥിരീകരിച്ചിട്ടുളളതു പോലെ, സ്ത്രിയോ വൈശ്യാസ് തഥാ ശൂദ്രാസ് തേ f പി യാന്തി പരാം ഗതിം: സ്ത്രീകളും വൈശ്യരും ശൂദ്രരും അല്പ്പബുദ്ധികളായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും അവർക്കും ഭക്തരാകാനും ഭഗവാനിലേക്ക് മടങ്ങിപ്പോകാനും കഴിയും.
ചിലപ്പോൾ ഒരു വ്യക്തി യജ്ഞങ്ങളനുഷ്ഠിച്ചതിനുശേഷം ഫലേച്ഛാ കർമങ്ങളിൽ വ്യാപൃതനാവുകയും ഫലങ്ങൾ മാമൂലനുസരിച്ച് വിഷ്ണ ഭഗവാന് സമർപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇവിടെ ഇപ്രകാരം പറഞ്ഞിരിക്കുന്നു, ഭഗവതി അദ്ധാഃ ഒരുവൻ എല്ലാം നേരിൽ വിഷ്ണുവിന് സമർപ്പിക്കണം. ഇതിനെ സന്ന്യാസം എന്നുവിളിക്കുന്നു (വെറും സന്യാസമല്ല). ഒരു ത്രിദണ്ഡി സന്ന്യാസി കായ-മനോ-വാക്യ അതായത് ശരീരം, മനസ്സ്, വാക്കുകൾ എന്നിവയെ ധ്വനിപ്പിക്കുന്ന ത്രിദണ്ഡുകൾ വഹിക്കുന്നു. ഇവയെല്ലാം വിഷ്ണുവിന് സമർപ്പിക്കണം, അതിനുശേഷം ഭക്തിയുതസേവനം ആരംഭിക്കണം. ഫലങ്ങൾ പ്രതീക്ഷിച്ച് കർമം ചെയ്യുന്നവർ ആദ്യം ചില പുണ്യകർമങ്ങൾ ചെയ്യുകയും അവയുടെ ഫലങ്ങൾ പിന്നീട് ഉപചാരത്തിനുവേണ്ടി, അല്ലെങ്കിൽ ഔദ്യോഗികമായി വിഷ്ണുവിന് സമർപ്പിക്കുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥ ഭക്തൻ തൻ്റെ ശരീരവും മനസ്സും വാക്കുകളും കൃഷ്ണന് സമർപ്പിക്കുകയും, അതിനുശേഷം ശരീരവും മനസ്സും വാക്കുകളും കൊണ്ട് കൃഷ്ണൻ ആഗ്രഹിക്കുന്നതുപോലെ കൃഷ്ണനുവേണ്ടി സേവനം നിർവഹിക്കുകയും ചെയ്യുന്നു.
ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി ഠാകുറ അദ്ദേഹത്തിൻ്റെ ‘തഥ്യ’യിൽ താഴെ കൊടുത്തിട്ടുള്ള വിശദീകരണങ്ങൾ നൽകിയിരിക്കുന്നു. ശ്രവണം എന്ന പദം ശ്രീമദ്ഭാഗവതത്തിലും, ഭഗവദ്ഗീതയിലും, മറ്റ് പ്രാമാണിക വേദശാസ്ത്ര ഗ്രന്ഥങ്ങളിലുമുള്ള ഭഗവാൻ്റെ ദിവ്യനാമങ്ങളുടെയും, രൂപങ്ങളുടെയും, ഗുണങ്ങളുടെയും, അനുചരന്മാരുടെയും, ലീലകളുടെയും വിശദീകരണങ്ങൾ കേൾക്കുന്നതിലൂടെ സ്വീകരിക്കുന്നതിനെ പ്രതിപാദിക്കുന്നു. കേഴ്വിയിലൂടെ ഈ സന്ദേശങ്ങൾ സ്വീകരിച്ചതിനുശേഷം ഒരുവൻ ഈ സ്പന്ദനങ്ങൾ സ്മരണയിലൂടെ ആവർത്തിക്കണം (കീർത്തനം). സ്മരണമെന്നാൽ പരമോന്നതനായ ഭഗവാനെക്കുറിച്ച് കൂടുതൽ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുക എന്നാണർത്ഥം, പാദസേവനമെന്നാൽ സമയത്തിനും സാഹചര്യത്തിനുമനുസരിച്ച് ഭഗവാൻ്റെ പാദപങ്കജങ്ങളുടെ സേവനത്തിൽ സ്വയം മുഴുകുകയെന്നും. അർച്ചനമെന്നാൽ ഒരുവൻ വിഷ്ണു ഭഗവാനെ ക്ഷേത്രത്തിൽ ആരാധിക്കുന്നതുപോലെ ആരാധിക്കുകയെന്നുമാണ് അർത്ഥം, വന്ദനമെന്നാൽ ആദരപ്രണാമങ്ങൾ അർപ്പിക്കുകയെന്നും സാരം. മൻ-മനാ ഭവ മദ്-ഭക്തോ മദ്-യാജീ മാം നമസ്കുരു. നമസ്കാരങ്ങൾ, അല്ലെങ്കിൽ പ്രാർത്ഥനകൾ അർപ്പിക്കുകയെന്നാണ് വന്ദനത്തിന്റെ അർത്ഥം. താൻ നിത്യ-കൃഷ്ണ-ദാസ, എന്നെന്നും കൃഷ്ണന്റെ ദാസനാണെന്ന് സ്വയം വിചാരിക്കുന്നതിനെയാണ് ദാസ്യമെന്നു വിളിക്കുന്നത്. സഖ്യമെന്നാൽ കൃഷ്ണൻ്റെ അഭ്യുദയകാംക്ഷിയാകുക എന്നർത്ഥം. സർവരും സ്വരൂപാവസ്ഥയിൽ കൃഷ്ണൻ്റെ ദാസന്മാരാകയാൽ എല്ലാവരും തന്നെ ശരണം പ്രാപിക്കണമെന്ന് കൃഷ്ണൻ ആഗ്രഹിക്കുന്നു. ആകയാൽ കൃഷ്ണന്റെ ഒരാത്മാർത്ഥ സുഹൃത്തെന്ന നിലയിൽ ഒരുവൻ ഈ തത്ത്വശാസ്ത്രം, കൃഷ്ണന് ആത്മസമർപ്പണം ചെയ്യണമെന്ന അഭ്യർത്ഥന പ്രഭാഷണം ചെയ്യണം. ഒരുവൻ സ്വന്തം ശരീരവും മനസും ബുദ്ധിയും ഉൾപ്പെടെ തനിക്കുളളതെല്ലാം കൃഷ്ണന് സമർപ്പിക്കണമെന്നാണ് ആത്മനിവേദനം എന്ന വാക്കിന്റെ അർത്ഥം.
ഭക്തിയുതസേവനത്തിൻ്റെ ഈ ഒമ്പതു പ്രക്രിയകളും അനുഷ്ഠിക്കുന്നതിനുളള ആത്മാർത്ഥമായ ഉദ്യമം സാങ്കേതികമായി ഭക്തിയെന്നു വിളിക്കപ്പെടുന്നു. അദ്ധാ എന്ന വാക്കിന് നേരിട്ട് എന്നാണർത്ഥം. ഒരുവൻ, പുണ്യകർമങ്ങൾ അനുഷ്ഠിച്ചിട്ട് ഫലങ്ങൾ ഔപചാരികമായി കൃഷ്ണനു സമർപ്പിക്കുന്ന കർമികളെപ്പോലെ ആകരുത്. അത് കർമകാണ്ഡമാകുന്നു. ഒരുവൻ തന്റെ പുണ്യകർമങ്ങളുടെ ഫലങ്ങൾ ആഗ്രഹിക്കാതെ സ്വയം സമ്പൂർണമായി അത്മസമർപ്പണം ചെയ്യുകയും അതിനുശേഷം പുണ്യപൂർവം പ്രവർത്തിക്കുകയും വേണം. മറ്റു വാക്കുകളിൽ ഒരുവൻ വിഷ്ണുഭഗവാന്റെ സംതൃപ്തിക്കുവേണ്ടി പ്രവർത്തിക്കണം, തൻ്റെ സ്വന്തം ഇന്ദ്രിയ സംതൃപ്തിക്കുവേണ്ടിയാകരുത്. അദ്ധാ, നേരിട്ട് എന്ന വാക്കിൻ്റെ പൊരുൾ അതാണ്.
അന്യാഭിലാഷിതാ-ശൂന്യം ജ്ഞാന-കർമാദി-അനാവൃതം ആനുകൂല്യേന കൃഷ്ണാനുശീലനം ഭക്തിർ ഉത്തമാ
“കാമ്യ കർമങ്ങളിലൂടെയോ തത്ത്വശാസ്ത്രപരമായ ഊഹാപോഹങ്ങളിലൂടെയോ ഭൗതിക നേട്ടങ്ങൾ ആഗ്രഹിക്കാതെ കൃഷ്ണന് പ്രീതിയുളവാക്കുന്നരീതിയിൽ ചെയ്യുന്ന പ്രേമഭരിതമായ ഭഗവദ്സേവനമാണ് ഉത്തമഭക്തി. സ്വാർത്ഥതാല്പര്യങ്ങളാൽ സ്വാധീനിക്കപ്പെടാത കൃഷ്ണനെ സംതൃപ്തിപ്പെടുത്തുക മാത്രമാണ് ലക്ഷ്യം.”
പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ ഭക്തിഭരിതസേവനത്തിൽ വ്യാപൃതനാകുന്നതാണ് ഭക്തിയെന്നവാക്കുകൊണ്ട് അർത്ഥമാക്കുന്നത്. മറ്റാരുടേയുമല്ലെന്ന് ഗോപാല-താപനി ഉപനിഷത്ത് പറയുന്നു. ഭക്തി പരമദിവ്യോത്തമപുരുഷനായ ഭഗവാനുവേണ്ടിയുള്ള അർപ്പണമാണെന്ന് ഈ ഉപനിഷത്ത് പറയുന്നു. ഭക്തിയുതസേവനം നിർവഹിക്കുന്നതിന് ഒരുവൻ ജീവിതത്തിന്റെ ശരീര സങ്കല്പങ്ങളിൽ നിന്നും, ഊർധ്വലോകങ്ങളിലേക്ക് ഉയർത്തപ്പെടുന്നതിലൂടെ സന്തോഷം ലഭിക്കണമെന്നുള്ള ആഗ്രഹങ്ങളിൽ നിന്നും മോചനം നേടണം. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ഭൗതിക പ്രയോജനങ്ങളൊന്നും പ്രതീക്ഷിക്കാതെ ഭഗവദ് പ്രീതിക്കുവേണ്ടി മാത്രം അനുഷ്ഠിക്കുന്ന പ്രവൃത്തിയെ ഭക്തിയെന്നുവിളിക്കുന്നു. ഭക്തിയെ നിഷ്കർമമെന്നും വിളിക്കാറുണ്ട്. ഫലേച്ഛകളിൽ നിന്നുള്ള മോചനം എന്നാണിതിനർത്ഥം. ഭക്തിയും നിഷ്കർമവും ഒരേ തലത്തിലാണ്, ഭക്തിയുതസേവനവും ഫലേച്ഛാ കർമവും മിക്കവാറും ഒരു പോലെ കാണപ്പെടുന്നുവെങ്കിലും.
പ്രഹ്ലാദ മഹാരാജാവ് നാരദമുനിയിൽ നിന്ന് സ്വായത്തമാക്കി അവതരിപ്പിച്ച ഒമ്പത് വ്യത്യസ്ത പ്രക്രിയകൾ മുഴുവനും ഭക്തിയുതസേവനാനുഷ്ഠാനത്തിന് ആവശ്യമല്ലെന്നു വന്നേക്കാം; ഒരുവൻ ഈ ഒമ്പതു പ്രക്രിയകളിൽ ഒന്നെങ്കിലും ഭ്രംശം സംഭവിക്കാതെ അനുഷ്ഠിക്കുന്നപക്ഷം അയാൾക്ക് ഭഗവദ് കാരുണ്യമാർജിക്കാൻ കഴിയും. ചിലപ്പോൾ ഒരുവൻ ഒരു പ്രക്രിയ അനുഷ്ഠിക്കുമ്പോൾ മറ്റുള്ളവയും ഇടകലരുന്നതായി കാണപ്പെടാറുണ്ട്. ഒരു ഭക്തനെ സംബന്ധിച്ച് ഇത് അനുചിതമല്ല. ഒരുവൻ ഒമ്പതു പ്രക്രിയകളിൽ (നവലക്ഷണങ്ങളിൽ) ഒന്നു മാത്രം നിർവഹിക്കുമ്പോൾ ഇത് പര്യാപ്തമാണ്; മറ്റ് എട്ടു പ്രക്രിയകളും അതിൽ ഉൾക്കൊണ്ടിരിക്കും. ഇനി നമുക്ക് ഈ ഒമ്പതു പ്രക്രിയകൾ ചർച്ച ചെയ്യാം.
ശ്രീമദ് ഭാഗവതം 7.5.23-24
തുടരും . . . . . . .