പാദസേവന പ്രക്രിയയ്ക്കുശേഷം അർച്ചനം അഥവാ വിഗ്രഹാരാധനവരുന്നു. ഒരുവന് അർച്ചന പ്രക്രിയയിൽ താത്പര്യമുളള പക്ഷം അവൻ ഒരു യഥാർത്ഥ ആദ്ധ്യാത്മിക ഗുരുവിനെ ശരണം പ്രാപിച്ച് ഈ പ്രക്രിയയെക്കുറിച്ച് പഠിക്കുന്നത് അനുകൂലമായിരിക്കും അർച്ചനത്തെപ്പറ്റി പ്രതിപാദിക്കുന്ന ധാരാളം ഗ്രന്ഥങ്ങളുണ്ട്, വിശേഷിച്ചും നാരദ പഞ്ചരാത്രം. ഈ യുഗത്തിൽ അർച്ചാവിഗ്രങ്ങളുടെ ആരാധനയ്ക്ക് പഞ്ചരാത്ര സമ്പ്രദായം പ്രത്യേകം ശുപാർശ ചെയ്യപ്പെടുന്നു. അർച്ചനത്തിന് രണ്ട് സമ്പ്രദായങ്ങളുണ്ട് – ഭാഗവത സമ്പ്രദായവും പാഞ്ചരാത്രിക സമ്പ്രദായവും. ശ്രീമദ്ഭാഗവതത്തിൽ പാഞ്ചരാത്രിക ആരാധന ശുപാർശ ചെയ്തിട്ടില്ല, എന്തുകൊണ്ടെന്നാൽ, ഈ കലിയുഗത്തിൽ വിഗ്രഹാരാധനയില്ലാതെതന്നെ ശ്രവണ, കീർത്തന, സ്മരണങ്ങളിലൂടെയും, ഭഗവാന്റെ പാദപങ്കജങ്ങളുടെ ആരാധനയിലൂടെയും എല്ലാം പരിപൂർണമായി നിർവഹിക്കപ്പെടും. രൂപഗോസ്വാമി ഇങ്ങനെ പറയുന്നു:
ശ്രീ-വിഷ്ണോഃ ശ്രവണേ പരീക്ഷിത് അഭവദ് വൈയാസകിഃ കീർത്തനേ
പ്രഹ്ലാദഃ സ്മരണേ തദ്-അങ്ഘ്രി- ഭജനേ ലക്ഷ്മീഃ പൃഥുഃ പൂജനേ
അക്രൂരസ് ത്വ അഭിവന്ദനേ കപി-പതിർ ദാസ്യേ fഥ സഖ്യേ f ർജുനഃ
സർവസ്വാത്മ-നിവേദനേ ബലിർ അഭൂത് കൃഷ്ണാപ്തിർ ഏഷം പരം
“പരീക്ഷിത് മഹാരാജാവ് ശ്രവണത്തിലൂടെ മാത്രം മോക്ഷം പ്രാപിച്ചു. ശുകദേവ ഗോസ്വാമി കീർത്തനത്തിലൂടെയും. പ്രഹ്ലാദൻ ഭഗവദ് സ്മരണത്തിലൂടെ പരമഗതി പുൽകി. ഭാഗ്യദേവതയായ ലക്ഷ്മീദേവി, പാദസേവനത്തിലൂടെ പരിപൂർണതനേടി. പൃഥു മഹാരാജാവ് അർച്ചനത്തിലൂടെ മോചനം നേടി. അക്രൂരൻ വന്ദനത്തിലൂടെയും, ഹനുമാൻ ദാസ്യത്തിലൂടെയും, അർജുനൻ സഖ്യത്തിലൂടെയും, ബലി മഹാരാജാവ് ആത്മനിവേദനത്തിലൂടെയും പരമാഗതി പ്രാപിച്ചു.” ഈ മഹാഭക്തന്മാരെല്ലാം ഓരോ പ്രത്യേക പ്രക്രിയയിലൂടെയാണ് ഭഗവാന് സേവനമനുഷ്ഠിച്ചതെങ്കിലും, എല്ലാവരും മോക്ഷം പ്രാപിക്കുകയും ഭഗവദ് ധാമത്തിലേക്ക് മടങ്ങിപ്പോകാൻ അർഹരായിത്തീരുകയും ചെയ്തു. ഇത് ശ്രീമദ് ഭാഗവതത്തിൽ വിശദീകരിച്ചിട്ടുണ്ട്.
അതുകൊണ്ട്, ദീക്ഷ സ്വീകരിച്ച ഭക്തന്മാർ ക്ഷേത്രത്തിലെ വിഗ്രഹാരാധനയിലൂടെ നാരദ പഞ്ചരാത്ര തത്ത്വങ്ങൾ പിന്തുടരണമെന്ന് ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ചും ഭൗതിക സമ്പത്തുകളാൽ ഐശ്വര്യവാനായ ഗൃഹസ്ഥ ഭക്തന് വിഗ്രഹാരാധന കർശനമായി ശുപാർശ ചെയ്തിരിക്കുന്നു. കഠിനാധ്വാനം ചെയ്തു സമ്പാദിച്ച പണം ഭഗവാൻ്റെ ആരാധനയ്ക്കു വേണ്ടി ചെലവഴിക്കാത്ത ഗൃഹസ്ഥ ഭക്തൻ ലുബ്ധനെന്നുവിളിക്കപ്പെടുന്നു. ആരും വിഗ്രഹാരാധനയ്ക്ക് ശമ്പളം നൽകി ബ്രാഹ്മണരെ നിയമിക്കരുത്. ഒരുവൻ നേരിട്ട് വിഗ്രഹാരാധന നടത്താതെ ശമ്പളക്കാരനെ നിയമിക്കുന്ന പക്ഷം അവനെ അലസനായും അവൻ്റെ ആരാധന കൃത്രിമമായും കരുതപ്പെടുന്നു. ഐശ്വര്യ സമ്പന്നനായ ഒരു ഗൃഹസ്ഥന് വിഗ്രഹാരാധനയക്ക് ആവശ്യമായ ആഢംബര സാമഗ്രികൾ ശേഖരിക്കാൻ കഴിയും, അതിനാൽ ഗൃഹസ്ഥ ഭക്തർക്ക് വിഗ്രഹാരാധന നിർബന്ധമാണ്. ഞങ്ങളുടെ കൃഷ്ണാവബോധ പ്രസ്ഥാനത്തിൽ ബ്രഹ്മചാരികളും, ഗൃഹസ്ഥാശ്രമികളും, വാനപ്രസ്ഥരും, സന്ന്യാസിമാരുമുണ്ട്. എങ്കിലും ക്ഷേത്രത്തിലെ വിഗ്രഹാരാധന നിർവഹിക്കേണ്ടത് പ്രത്യേകിച്ചും ഗൃഹസ്ഥാശ്രമികളാണ്. ബ്രഹ്മചാരികൾക്ക് സന്ന്യാസിമാർക്കൊപ്പം പ്രഭാഷണത്തിന് പോകാം, വാനപ്രസ്ഥന് അടുത്ത ജീവിതക്രമമായ സന്ന്യാസത്തിനു വേണ്ടിയുള്ള തയ്യാ റെടുപ്പിൽ മുഴുകാം. ഗൃഹസ്ഥ ഭക്തന്മാർ ഭൗതികകർമങ്ങളിൽ വ്യാപരിക്കുന്നവരാകയാൽ, വിഗ്രഹാരാധന സ്വീകരിക്കാത്തപക്ഷം അവർക്ക് പതനം ഉറപ്പാണ്. നിയമങ്ങളും ക്രമങ്ങളും നിഷ്കർഷയോടെ പാലിക്കപ്പെടുക എന്നതാണ് വിഗ്രാഹാരാധനയുടെ ലക്ഷ്യം. അത് ഒരുവനെ ഭക്തിയുതസേവനത്തിൽ ഇളക്കമില്ലാതെ നിലനിർത്തും. ഗൃഹസ്ഥർക്ക് പൊതുവെ സന്താനങ്ങളുണ്ടാകും. അവരുടെ പത്നിമാർ, നഴ്സറി വിദ്യാലയങ്ങളിലെ അദ്ധ്യാപികമാർ സംരക്ഷിക്കുന്നതുപോലെ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ വ്യാപൃതരാകണ
ഗൃഹസ്ഥ ഭക്തന്മാർ അർച്ചനവിധി, അഥവാ ആദ്ധ്യാത്മിക ഗുരുവിൻ്റെ നിർദേശങ്ങളും അനുയോജ്യമായ ക്രമീകരണങ്ങളുമനുസരിച്ചുള്ള വിഗ്രഹാരാധന നടത്തണം. ക്ഷേത്രത്തിൽ വിഗ്രഹാരാധന ചെയ്യാൻ കഴിയാത്തവർ കുറഞ്ഞപക്ഷം വിഗ്രഹാരാധന ദർശിക്കുകയെങ്കിലും വേണമെന്നും, അതവർക്ക് ശ്രേയസ്സുണ്ടാക്കുമെന്നും അഗ്നിപുരാണത്തിൽ പറയുന്നു. ഒരുവനെ എപ്പോഴും ശുദ്ധിയുള്ളവനാക്കുക എന്നതാണ് വിഗ്രഹാരാധനയുടെ പ്രത്യേകലക്ഷ്യം. ശുചിത്വത്തിന് യഥാർത്ഥ മാതൃകകളായിരിക്കണം ഗൃഹസ്ഥാശ്രമികൾ.
വിഗ്രഹാരാധന ശ്രവണകീർത്തനങ്ങൾക്കൊപ്പം തുടരണം. അതിനാൽ ഓരോ മന്ത്രവും നമഃ എന്ന പദത്തിന് മുന്നിലായിവരുന്നു. എല്ലാ മന്ത്രങ്ങൾക്കും പ്രത്യേക ശക്തികളുണ്ട്. ഗൃഹസ്ഥ ഭക്തന്മാർ അവയുടെ പ്രയോജനങ്ങൾ നേടണം. നമഃ എന്ന പദത്തിനു മുന്നിലായിവരുന്ന ധാരാളം മന്ത്രങ്ങളുണ്ട്, പക്ഷേ ഒരുവൻ ഭഗവാൻ്റെ ദിവ്യനാമങ്ങൾ ജപിക്കുന്നപക്ഷം അവന് അനവധി തവണ നമഃ ജപിക്കുന്നതിൻ്റെ ഫലം ലഭിക്കും. ഭഗവാന്റെ ദിവ്യനാമങ്ങൾ ജപിക്കുന്നതിലൂടെ ഒരുവന് ഭഗവദ്പ്രേമത്തിന്റെ തലത്തിൽ എത്തിച്ചേരാൻ കഴിയും. അപ്പോൾ, മന്ത്രദീക്ഷ സ്വീകരിക്കേണ്ട ആവശ്യമെന്തെന്ന് ഒരാൾ ചോദിച്ചേക്കാം. ഒരുവന് ആദ്ധ്യാത്മിക ജീവിതത്തിൽ ഗവദ് പ്രേമത്തിൻ്റെ തലത്തിലേക്കുയരുന്ന പുരോഗതിയുണ്ടാകാൻ ദിവ്യനാമജപം ധാരാളം പര്യാപ്തമാണെങ്കിലും, അവനൊരു ഭൗതിക ശരീരമുളളതിനാൽ കളങ്കപ്പെടുമോയെന്ന് സംശയമുണ്ടെന്നുമാണ് ഉത്തരം. പരിണതഫലമായി അർച്ചന വിധിയിൽ പ്രത്യേകം ഊന്നൽ നൽകുന്നു. ഒരുവൻ അതിനാൽ പതിവായി ഭാഗവത പ്രക്രിയയുടെയും പാഞ്ചരാത്രിക പ്രക്രിയയുടെയും പ്രയോജനം നേടണം.
വിഗ്രഹാരാധനയ്ക്ക് രണ്ടു വിഭാഗങ്ങളുണ്ട്, പരിശുദ്ധവും ഫലേച്ചാ കർമങ്ങൾ കലർന്നതും. ചാഞ്ചല്യമില്ലാത്ത ഒരുവന് വിഗ്രഹാരാധന നിർബന്ധമാണ്. ശ്രീ-ജന്മാഷ്ടമി, രാമനവമി, നരസിംഹ-ചതുർദശി തുടങ്ങിയ ഉത്സവാചാരങ്ങളും വിഗ്രഹാരാധന പ്രക്രിയയിൽ ഉൾപ്പെടുന്നു. മറ്റുവാക്കുകളിൽ, ഈ ഉത്സവാചാരങ്ങൾ ഗൃഹസ്ഥ ഭക്തന് നിർബന്ധമാണ്.
ഇനി നമുക്ക് വിഗ്രഹാരാധനയിലെ അപരാധങ്ങൾ ചർച്ചചെയ്യാം. താഴെ പറയുന്നവയാണ്
അപരാധങ്ങൾ:
🌿🌿🌿🌿🌿🌿
(1) ക്ഷേത്രത്തിനുള്ളിൽ പാദരക്ഷ ധ രിച്ചുകൊണ്ട് പ്രവേശിക്കുന്നതും, പല്ലക്കിൽ വന്നിറങ്ങുന്നതും,
(2)നിർദിഷ്ട ഉത്സവങ്ങൾ ആചരിക്കാതിരിക്കുന്നത്,
(3) വിഗ്രഹത്തിനു മുമ്പിൽ പ്രണാമങ്ങൾ അർപ്പിക്കാതിരിക്കുന്നത്,
(4) ശുചിത്വമില്ലാതെയും ഭക്ഷണത്തിനുശേഷം എച്ചിലായ അവസ്ഥയിലും പ്രാർത്ഥനകൾ അർപ്പിക്കുന്നത്,
(5) ഒരു കൈകൊണ്ട് നമസ്കരിക്കുന്നത്,
(6) വിഗ്രഹത്തിൻ്റെ മുന്നിൽ പ്രദക്ഷിണം ചെയ്യുന്നത്,
(7) വിഗ്രഹത്തിനു മുന്നിൽ കാലുകൾ വിടർത്തി വയ്ക്കു ന്നത്,
(8) കണങ്കാലുകളിൽ കൈകൾ പിടിച്ച് വിഗ്രഹത്തിനു മുന്നിൽ ഇരിക്കുന്നത്,
(9) വിഗ്രഹത്തിനു മുന്നിൽ ശയിക്കുന്നത്,
(10) വിഗ്രഹത്തിനു മുന്നിലിരുന്ന് ഭക്ഷിക്കുന്നത്,
(11) വിഗ്രഹത്തിനു മുന്നിൽ കള്ളംപറയുന്നത്,
(12) വിഗ്രഹത്തിനു മുന്നിൽ നിന്ന് ആരെയെങ്കിലും ഉറക്കെ സംബോധന ചെയ്യുന്നത്,
(13) വിഗ്രഹത്തിന് മുന്നിൽ നിന്ന് വിഡ്ഢിത്തം പറയുന്നത്,
(14) വിഗ്രഹത്തിനു മുന്നിൽ കരയുന്നത്,
(15) വിഗ്രഹത്തിനു മുന്നിൽ വാദിക്കുന്നത്,
(16) വിഗ്രഹത്തിനു മുന്നിൽ ആരെയെങ്കിലും ശാസിക്കുന്നത്,
(17) വിഗ്രഹത്തിനു മുന്നിൽ വച്ച് ആരോടെങ്കിലും താത്പര്യം പ്രകടിപ്പിക്കുന്നത്,
(18) വിഗ്രഹത്തിനു മുന്നിൽ പരുഷവാക്കുകൾ ഉപയോഗിക്കുന്നത്,
(19) വിഗ്രഹത്തിനു മുന്നിൽ കമ്പിളിപ്പുതപ്പ് ധരിച്ചു നിൽക്കുന്നത്,
(20) വിഗ്രഹത്തിനു മുന്നിൽ നിന്ന് ആരെയെങ്കിലും നിന്ദിക്കുന്നത്,
(21) വിഗ്രഹത്തിനു മുന്നിൽ വച്ച് മറ്റാരെയെങ്കിലും ആരാധിക്കുന്നത്,
(22) വിഗ്രഹത്തിനു മുന്നിൽ അശ്ലീലഭാഷ ഉപയോഗിക്കുന്നത്,
(23) വിഗ്രഹത്തിനു മുന്നിൽനിന്ന് കീഴ്വാസം വിടുന്നത്,
(24) ഒരുവന് വളരെ ഐശ്വര്യപൂർണമായ ആരാധന നടത്താൻ കഴിവുണ്ടെങ്കിലും അതൊഴിവാക്കുന്നത്.
(25) വിഗ്രഹത്തിനു സമർപ്പിക്കാതെ എന്തെങ്കിലും ഭക്ഷിക്കുന്നത്,
(26) കാലത്തിനനുസരിച്ച് വിഗ്രഹത്തിന് പുതിയ ഫലങ്ങൾ സമർപ്പിക്കാത്തത്,
(27) നേരത്തെ ഉപയോഗിച്ചതിൻ്റെ ബാക്കിയോ, അല്ലെങ്കിൽ ആർക്കെങ്കിലും നൽകിയതിൻ്റെ ബാക്കിയോ വിഗ്രഹത്തിന് സമർപ്പിക്കുന്നത് (മറ്റുവാക്കുകളിൽ പറഞ്ഞാൽ വിഗ്രഹത്തിന് അർപ്പിക്കുന്നതിന് മുമ്പേ മറ്റാർക്കും നൽകരുത്).
(28) വിഗ്രഹത്തിനെ പുറന്തിരിഞ്ഞിരിക്കുന്നത്.
(29) വിഗ്രഹത്തിനു മുന്നിൽ വച്ച് മറ്റാർക്കെങ്കിലും നമസ്കാരങ്ങൾ അർപ്പിക്കുന്നത്
(30) ആദ്ധ്യാത്മിക ഗുരുവിന് പ്രണാമങ്ങളർപ്പിക്കുമ്പോൾ ശരിയായി പ്രാർത്ഥിക്കാത്തത്,
(31) വിഗ്രഹത്തിനു മുന്നിൽ നിന്ന് സ്വയം പുകഴ്ത്തുന്നത്,
(32) ദേവന്മാരെ നിന്ദിക്കുന്നത്. വിഗ്രഹാരാധനയിൽ ഈ മുപ്പത്തിരണ്ട് അപരാധങ്ങൾ ഒഴിവാക്കേണ്ടതാണ്.
വരാഹപുരാണത്തിൽ താഴെ പറയുന്ന ആപരാധങ്ങൾ സൂചിപ്പിച്ചിരിക്കുന്നു.
(1) ഒരു ധനികൻ്റെ ഭവനത്തിൽ നിന്ന് ഭക്ഷിക്കുന്നത്.
(2) വിഗ്രഹത്തിൻ്റെ മുറിയിൽ ഇരുട്ടിൽ പ്രവേശിക്കുന്നത്,
(3) ക്രമീകൃത നിയമങ്ങൾ പാലിക്കാതെ വിഗ്രഹാരാധന നടത്തുന്നത്.
(4) എന്തെങ്കിലും ശബ്ദം സ്പന്ദിപ്പിക്കാതെ വിഗ്രഹത്തിൻ്റെ മുറിയിൽ പ്രവേശിക്കുന്നത്.
(5) നായ് കണ്ട ഭക്ഷണം ശേഖരിക്കുന്നത്,
(6) വിഗ്രഹത്തിന് ആരാധനകളർപ്പിക്കുമ്പോൾ നിശബ്ദത ഭഞ്ജിക്കുന്നത്,
(7) വിഗ്രഹാരാധനയുടെ സമയത്ത് വിസർജനത്തിന് പോകുന്നത്,
(8) പുഷ്പാരാധന നടത്താതെ സാമ്പ്രാണി സമർപ്പിക്കുന്നത്,
(9) വിലക്കപ്പെട്ട പുഷ്പങ്ങളാൽ വിഗ്രഹാരാധന നടത്തുന്നത്,
(10) ദന്തശുദ്ധി വരുത്താതെ ആരാധന ആരംഭിക്കുന്നത്,
(11) ലൈംഗിക വേഴ്ചയ്ക്കുശേഷം ആരാധന ആരംഭിക്കുന്നത്,
(12) ദീപത്തെ സ്പർശിക്കുന്നത്, മൃതദേഹത്തെയോ രജസ്വലയായ സ്ത്രീയേയോ സ്പർശിക്കുന്നത്, ചുവപ്പും നീലയും, കഴുകാത്തതും മറ്റുള്ളവർ ധരിച്ചതും അഴുക്കു പുരണ്ടതുമായ വസ്ത്രങ്ങൾ ധരിക്കുന്നത്. മൃതദേഹം കണ്ടതിനുശേഷം വിഗ്രഹാരാധന നടത്തുക, വിഗ്രഹത്തിനുമുമ്പിൽ കീഴ്ശ്വാസം വിടുക, വിഗ്രഹത്തിനു മുമ്പിൽ കോപിക്കുക, ശവസംസ്കാരത്തിൽ പങ്കെടുത്തതിനു തൊട്ടു പുറകെ വിഗ്രഹാരാധന നടത്തുക എന്നിവയും അപരാധങ്ങളിൽ ഉൾപ്പെടുന്നു. ആഹാരം കഴിച്ചതിനുശേഷം അത് ദഹിക്കുന്നതിനുമുമ്പ് ആരാധന നടത്തുന്നതും തെറ്റാണ്. ചെണ്ടൂരകത്തിന്റെ എണ്ണയോ കായമോ ഭക്ഷിച്ചതിനുശേഷം വിഗ്രഹത്തെ സ്പർശിക്കുകയോ വിഗ്രഹാരാധനയിൽ ഏർപ്പെടുകയോ അരുത്. ഇവയും അപരാധങ്ങളാണ്.
മറ്റു ചില സ്ഥങ്ങളിൽ താഴെ പറയുന്ന അപരാധങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു:
(1) വൈദിക സാഹിത്യത്തിലെ വേദാനുശാസനങ്ങൾക്ക് വിരുദ്ധമാവുക, അല്ലെങ്കിൽ ശ്രീമദ്ഭാഗവതത്തിലെ തത്ത്വങ്ങളെ ബാഹ്യമായി സ്വീകരിക്കുകയും എന്നാൽ അവയെ ഹൃദയത്തിൽ അനാദരിക്കുകയും ചെയ്യുക,
(2) ശാസ്ത്രങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത്;
(3) വിഗ്രഹത്തിനു മുന്നിൽ വെറ്റിലയും പാക്കും ചവയ്ക്കുന്നത്;
(4) ആരാധനയ്ക്കുള്ള പുഷ്പങ്ങൾ ആവണക്കിലയിൽ സൂക്ഷിക്കുന്നത്,
(5) ഉച്ചകഴിഞ്ഞ് വിഗ്രഹാരാധന നടത്തുന്നത്,
(6) ശ്രീകോവിലിൽ ഇരിക്കുന്നത്, അല്ലെങ്കിൽ വിഗ്രഹത്തെ ആരാധിക്കുന്നതിനായി തറയിൽ ഇരിക്കുന്നത്,
(7) വിഗ്രഹത്തെ സ്നാനം ചെയ്യിക്കുമ്പോൾ ഇടതുകൈ കൊണ്ട് സ്പർശിക്കുന്നത്,
(8) വാടിയതോ ഉപയോഗിച്ചതോ ആയ പുഷ്പങ്ങൾകൊണ്ട് വിഗ്രഹാരാധന നടത്തുന്നത്,
(9) വിഗ്രഹാരാധാന നടത്തുമ്പോൾ തുപ്പുന്നത്.
(10) വിഗ്രഹാരാധനയ്ക്കിടയിൽ സ്വന്തം മഹത്ത്വം വിളംബരം ചെയ്യുന്നത്,
(11) നെറ്റിയിൽ വക്രമായ രീതിയിൽ തിലകം ധരിക്കുന്നത്,
(12) പാദങ്ങൾ കഴുകാതെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്,
(13) ദീക്ഷ സ്വീകരിക്കാത്ത വ്യക്തി പാചകം ചെയ്ത് ഭക്ഷണം വിഗ്രഹത്തിന് സമർപിക്കുന്നത്,
(14) ദീക്ഷ സ്വീകരിക്കാത്ത അഥവാ അവൈഷ്ണവനായ വ്യക്തി കാൺകെ വിഗ്രഹാരാധന നടത്തുന്നതും വിഗ്രഹത്തിന് ഭോഗ്
സമർപിക്കുന്നതും,
(15) ഗണപതിയെപ്പോലുള്ള വൈകുണ്ഠ മൂർത്തികളെ ആരാധിക്കാതെ വിഗ്രഹാരാധന നടത്തുന്നത്,
(16) വിയർത്തിരിക്കുമ്പോൾ വിഗ്രഹാരാധന നടത്തുന്നത്,
(17) വിഗ്രഹത്തിനു സമർപ്പിച്ച പുഷ്പം നിരസിക്കുന്നത്,
(18) ഭഗവാന്റെ ദിവ്യനാമത്തിൽ പ്രതിജ്ഞയെടുക്കുന്നത്.
മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരപരാധം ചെയ്യുന്ന ഒരുവൻ ഭഗവദ്ഗീതയുടെ ഒരദ്ധ്യായമെങ്കിലും നിർബന്ധമായും പാരായണം ചെയ്യണം. ഇത് സ്കന്ദപുരാണത്തിലെ അവന്തീഖണ്ഡത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്, അവന്തി-ഖണ്ഡ്, അതുപോലെ വിഷ്ണു സഹസ്രനാമം ചൊല്ലുന്ന ഒരുവനും അപരാധങ്ങളിൽ നിന്ന് മുക്തനാകാൻ കഴിയുമെന്ന് പറഞ്ഞിരിക്കുന്നു. തുളസിക്ക് പ്രാർത്ഥനകൾ അർപ്പിക്കുകയോ, ഒരു തുളസിച്ചെടിയെങ്കിലും നടുകയോ ചെയ്യുന്ന ഒരുവനും സർവാപരാധങ്ങളിൽ നിന്നും മുക്തനാക-മെന്ന് അതേ സ്കന്ദപുരാണത്തിൽ രേഖാ-ഖണ്ഡത്തിൽ പറഞ്ഞിട്ടുണ്ട്. സാളഗ്രാമ ശിലാരാധനയിൽ മുഴുകുന്ന ഒരാൾക്കും പാപമുക്തി കൈവരുംശംഖിപക്രഗദാപദ്മ ധാരിയായ ചതുർഭുജ വിഷ്ണുവിനെ ആരാധിക്കുന്ന വ്യക്തിക്കും മുകളിൽ പറഞ്ഞ അപരാധങ്ങളിൽ നിന്ന് മോചനം ലഭിക്കുമെന്ന് ബ്രഹ്മാണ്ഡപുരാണവും, അപരാധിയായ ഒരുവൻ ശൗകരവം എന്നറിയപ്പെടുന്ന പുണ്യസ്ഥലത്ത് ഒരുനാൾ ഉപവസിച്ചതിനുശേഷം ഗംഗയിൽ സ്നാനം ചെയ്താൽ അവൻ അപരാധമുക്തനാകുമെന്ന് ആദിവരാഹ പുരാണവും പറയുന്നു.
വിഗ്രഹാരാധന പ്രകിയ പ്രകാരം ഒരുവന് അവൻ്റെ മനസ്സിനുള്ളിൽ വിഗ്രഹാരാധന നടത്താമെന്ന് ചിലപ്പോൾ നിർദേശിക്കപ്പെടാറുണ്ട്. പദ്മപുരാണം ഉത്തരഖണ്ഡത്തിൽ പറയുന്നു. “പൊതുവെ എല്ലാവർക്കും മനസ്സിൽ ആരാധിക്കാൻ കഴിയും.” ഗൗതമീയ തന്ത്രം പ്രസ്താവിക്കുന്നു, “ഗഹമില്ലാത്ത സന്ന്യാസിക്ക് മനസ്സിനുള്ളിൽ വിഗ്രഹാരാധന ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നു.” മനസിനുള്ളിലെ വിഗ്രഹാരാധന മാനസപൂജയെന്നു വിളിക്കപ്പെടുന്നതായി നാരദപഞ്ചരാത്രത്തിൽ നാരായണ ഭഗവാനാൽ പറയപ്പെട്ടിരിക്കുന്നു. ഈ സമ്പ്രദായത്തിലൂടെ ഒരാൾക്ക് നാലുവിധ ദുഃഖങ്ങളിൽ നിന്ന് മോചനം നേടാൻ കഴിയും. ചിലപ്പോൾ മനസ്സിൽ നിന്നുളള ആരാധന സ്വതന്ത്രമായി നിർവഹിക്കപ്പെടും. ശ്രീമദ്ഭാഗവതത്തിൽ സൂചിപ്പിച്ചിട്ടുളതുപോലെ, നവയോഗേന്ദ്രന്മാരിൽ ഒരുവനായ ആവിർഹോത്ര മുനിയുടെ ഉപദേശമനുസരിച്ച് ഒരുവന് എല്ലാ മന്ത്രങ്ങളും ഉരുവിട്ടുകൊണ്ട് വിഗ്രഹാരാധന നടത്താം. ശാസ്ത്രങ്ങളിൽ എട്ടു വിധത്തിലുള്ള വിഗ്രഹങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്, മാനസിക വിഗ്രഹം അവയിലൊന്നാണ്. ഇതു സംബന്ധിച്ച് ബ്രഹ്മവൈവർത്തത്തിൽ താഴെ കൊടുത്തിട്ടുള്ള ഒരു വിവരണം നൽകിയിട്ടുണ്ട്.
പണ്ട്, പ്രതിഷ്ഠാനപുരം എന്ന നഗരത്തിൽ ഒരു ബ്രാഹ്മണൻ പാർത്തിരുന്നു. ദരിദ്രനായിരുന്നെങ്കിലും അതിൽ നിരാശയില്ലാത്തവനും നിഷ്ക്കളങ്കനുമായിരുന്നു അവൻ. ഒരുനാൾ ബ്രാഹ്മണരുടെ ഒരു സഭയിൽ, ക്ഷേത്രത്തിലെ വിഗ്രഹാരാധന എങ്ങനെ നടത്തണം എന്നതിനെ സംബന്ധിച്ചു നടന്ന ഒരു സംവാദം അവൻ കേൾക്കുകയുണ്ടായി. വിഗ്രഹത്തെ മനസ്സിനുള്ളിലും ആരാധിക്കാമെന്നും ആ സംവാദത്തിൽ അയാൾ ശ്രവിച്ചു. ആ സംഭവത്തിനുശേഷം ബ്രാഹ്മണൻ ഗോദാവരി നദിയിൽ സ്നാനം ചെയ്ത് മനസ്സിനുള്ളിൽ വിഗ്രഹാരാധന ചെയ്തു തുടങ്ങി. അദ്ദേഹം ആദ്യം മനസ്സിനുള്ളിലെ സങ്കൽപക്ഷേത്രം ധ്യാനത്തിൽ കഴുകി ശുദ്ധിയാക്കി. അനന്തരം ഭാവനയിൽത്തന്നെ ആരാധനയ്ക്കുള്ള ജലം പുണ്യനദികളിൽ നിന്ന് സ്വർണ കുംഭങ്ങളിലും വെള്ളിക്കുടങ്ങളിലും നിറച്ചുകൊണ്ടുവന്നു. ആരാധനയ്ക്കാവശ്യമായ വിലപ്പെട്ട അനുസാരികൾ ശേഖരിച്ച്, വിഗ്രഹത്തെ സ്നാനം ചെയ്യിക്കുന്നതു മുതൽ ആരതി ഉഴിയുന്നതു വരെയുള്ള പൂജകൾ വിധിപ്രകാരം നിർവഹിച്ചു. അങ്ങനെ നിത്യവും സങ്കല്പ പൂജയിലൂടെ അവൻ അടിക്കടി വർദ്ധിച്ച ആനന്ദം അനുഭവിച്ചുകൊണ്ടിരുന്നു വർഷങ്ങൾ കടന്നുപോയി. ഒരുനാൾ അവൻ വിഗ്രഹത്തിനു നിവേദിക്കുന്നതിനു വേണ്ടി മനസ്സിൽ ഹൃദ്യമായ പായസം നെയ്യുപയോഗിച്ച് പാചകം ചെയ്തു. അവനാ ആ പായസം മനസ്സുകൊണ്ട് സ്വർണത്തളികയിൽ കൃഷ്ണനു സമർപ്പിച്ചു. പെട്ടെന്ന് പായസത്തിനു ചൂടു കൂടുതലാണെന്നു തോന്നിയ അവനത് വിരൽകൊണ്ടൊന്നു തൊട്ടു നോക്കി. പെട്ടെന്ന് പായസത്തിന്റെ ചൂടുകൊണ്ട് വിരൽ പൊള്ളിയതായി തോന്നുകയും ബ്രാഹ്മണൻ വേദനിച്ചു നിലവിളിക്കാൻ തുടങ്ങുകയും ചെയ്തു. ആ സമയം വൈകുണ്ഠത്തിലിരുന്ന് അതു കാണുകയായിരുന്ന വിഷ്ണുഭഗവാൻ മന്ദഹസിച്ചു. അപ്പോൾ അദ്ദേഹത്തിൻ്റെ പത്നിയും ഭാഗ്യദേവതയുമായ ലക്ഷ്മീദേവി ഭഗവാന്റെ പുഞ്ചിരിയുടെ കാരണമന്വേഷിച്ചു. വിഷ്ണു ഭഗവാൻ അപ്പോൾ തന്റെ സഹായികളെ വിളിച്ച് ആ ബ്രാഹ്മണനെ വൈകുണ്ഠത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ആജ്ഞാപിച്ചു. അപ്രകാരം ആ ബ്രാഹ്മണന് സാമീപ്യമുക്തി അഥവാ പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ സമീപത്ത് ശാശ്വതമായി ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു.
ശ്രീമദ് ഭാഗവതം 7.5.23-24
തുടരും . . . . . . .
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമരാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆