ഹരിഭക്തിസുധോദയത്തിലെ പതിനെട്ടാം അധ്യായത്തിൽ നിന്നുള്ള ഒരു പുണ്യകഥ.
പണ്ടൊരിക്കൽ, ഭാഗവതകഥാശ്രവണകീർത്തനങ്ങൾക്കായി മഹർഷിമാർ കൂട്ടമായി ഗംഗാതീരത്ത് ഒത്തുചേർന്നു. സപ്തകല്പങ്ങളുടെ ആയുസ്സുള്ള മഹാതപസ്വിയായ മാർക്കണ്ഡേയമഹർഷി ആ സദസ്സിലേക്ക് എഴുന്നള്ളിയപ്പോൾ, അവിടെയുണ്ടായിരുന്നവരെല്ലാം അദ്ദേഹത്തെ പ്രണമിക്കുകയും ആദരവോടെ ഉചിതമായ ആസനം നൽകി ഇരുത്തുകയും ചെയ്തു (ഒരു കല്പം എന്നാൽ ഏകദേശം 432 കോടി വർഷങ്ങളാണ്). അപ്പോൾ, തൻ്റെ പിതാവിൻ്റെ മടിയിലിരിക്കുന്ന പരാശരൻ എന്ന ബാലനെ മാർക്കണ്ഡേയമുനി ശ്രദ്ധിച്ചു. ആ കുഞ്ഞിന് കേവലം ഏഴു വയസ്സേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, മാർക്കണ്ഡേയമുനി ആസനത്തിൽ നിന്നിറങ്ങി ആ ബാലൻ്റെ കാൽക്കൽ വീണ് നമസ്കരിച്ചു. ഇതുകണ്ട് അവിടെയുണ്ടായിരുന്ന മുനിമാരെല്ലാം അത്യന്തം വിസ്മയഭരിതരും പരിഭ്രാന്തരുമായിത്തീർന്നു.
ഉടനെതന്നെ പരാശരബാലൻ മടിയിൽ നിന്നിറങ്ങി വൃദ്ധനായ മാർക്കണ്ഡേയമുനിയുടെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു. മാർക്കണ്ഡേയമുനി ആ കുട്ടിയെ വാരിയെടുത്ത് മടിയിലിരുത്തിക്കൊണ്ട് ഇപ്രകാരം അരുളിച്ചെയ്തു: “നീയത്രേ ഞങ്ങളേക്കാളെല്ലാം പ്രായം ചെന്നവൻ; അതിനാൽ ഞങ്ങൾ നിന്നെ വണങ്ങുന്നു. ദയവായി നിൻ്റെ യഥാർത്ഥ പ്രായം എത്രയെന്ന് ഞങ്ങൾക്ക് പറഞ്ഞുതന്നാലും.”
ഇതുകേട്ട് ബാലനായ പരാശരൻ വിനയത്തോടെ ചോദിച്ചു: “ഇതെന്തൊരു അത്ഭുതപ്രതിഭാസമാണ്? സപ്തകല്പങ്ങളുടെ ആയുസ്സുള്ളവരാണ് അങ്ങ്. ഞാനോ കേവലം ഏഴു വയസ്സുമാത്രമുള്ള ഒരു ചെറിയ ബാലനും!”
മാർക്കണ്ഡേയോ അഥ വിഹസൻ പ്രാഹ മധ്യേ തപസ്വിനാം
ആയുഷോ ഗണനം നൈവം ബ്രഹ്മംസ്തച്ഛൃണു തത്ത്വതഃ
യാവന്തോ ഹി ക്ഷണാ ജാതാ ഹരിസ്മൃത്യൈവ ദേഹിനാം
ഏകീകൃത്യൈവ താനേവ ഗണനം കാര്യമായുഷഃ
മാർക്കണ്ഡേയമുനി മന്ദഹസിച്ചുകൊണ്ട് ആ മഹർഷിസദസ്സിനോടായി ഇപ്രകാരം അരുളിച്ചെയ്തു: “ഒരു ജീവൻ്റെ ആയുസ്സ് എങ്ങനെയാണ് കണക്കാക്കേണ്ടത്? ഹേ മഹർഷിമാരേ, ഞാൻ പരമാർത്ഥം പറയാം. സമസ്ത ജീവജാലങ്ങളും ഭൗതികശരീരത്തോടെയാണ് ജനിക്കുന്നത്. എന്നാൽ ഒരുവൻ ഹരിഭജനത്തിനായി എത്രമാത്രം സമയം ചെലവഴിക്കുന്നുവോ, അതുമാത്രമേ അവൻ്റെ യഥാർത്ഥ ആയുസ്സായി കണക്കാക്കാൻ പാടുള്ളൂ.” (ശ്ലോകം 19-20)
നെല്ല് കുത്തി ഉമി ഊതിപ്പറത്തുമ്പോൾ അതിൽ ധാന്യമണികൾ ഒന്നും അവശേഷിക്കാത്തതുപോലെ, ഭഗവാൻ്റെ സ്മരണയില്ലാതെ കടന്നുപോകുന്ന ആയുസ്സിനെ ജ്ഞാനികൾ ഒരിക്കലും ജീവിച്ചിരിക്കുന്ന കാലമായി കണക്കാക്കില്ല. തുടർന്ന് പരാശരനെ അഭിസംബോധന ചെയ്തുകൊണ്ട് മാർക്കണ്ഡേയമുനി ഇപ്രകാരം പറഞ്ഞു: “നീയോ ഒരു ക്ഷണം പോലും നാരായണസ്മരണയില്ലാതെ ഇരിക്കുന്നില്ല. ആ നിലയ്ക്ക് നോക്കിയാൽ നീ ഞങ്ങളേക്കാളെല്ലാം പ്രായം ചെന്നവനും ഞങ്ങൾക്ക് ഏവർക്കും പുജ്യനുമാകുന്നു. ഞങ്ങളാകട്ടെ ഹരിഭജനത്തിൽ അത്രമാത്രം വിമുഖരാണ്. ഭഗവത്സ്മരണയുള്ള സമയം മാത്രമാണ് ആയുസ്സെങ്കിൽ ഞങ്ങളിൽ ആർക്കും അഞ്ചു വയസ്സ് തികയുകപോലുമില്ല.”
ആത്മീയോന്നതിക്കായി വിനിയോഗിക്കുന്ന സമയം മാത്രമാണ് ജീവിതത്തിൻ്റെ യഥാർത്ഥ മൂല്യം. കേവലം ഇന്ദ്രിയസുഖങ്ങളിൽ മുഴുകി അധാർമ്മിക ജീവിതം നയിക്കുന്ന ഒരാൾ, ആഹാര-നിദ്രാ-ഭയ-മൈഥുനാദികളിൽ ഏർപ്പെടുന്ന മൃഗത്തേക്കാൾ എങ്ങനെ ശ്രേഷ്ഠനാകും? സമസ്ത ജീവജാലങ്ങളും ആഹാരം കഴിക്കുകയും ഉറങ്ങുകയും മോഹങ്ങളിൽ പെടുകയും ലൈംഗികസുഖങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. ഒടുവിൽ അവയെല്ലാം ക്രോധം, ദുഃഖം, വിദ്വേഷം എന്നിവയ്ക്ക് അടിപ്പെടുകയും ചെയ്യുന്നു. ഇവയെല്ലാം എല്ലാ ജീവികൾക്കും പൊതുവായുള്ളവയാണ്. എന്നാൽ സച്ചിദാനന്ദസ്വരൂപനായ നാരായണൻ്റെ ചരണാരവിന്ദങ്ങളെ ധ്യാനിക്കാനുള്ള പരമമായ ഭാഗ്യം മനുഷ്യജന്മത്തിന് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ശ്രീനാരായണൻ്റെ തൃപ്പാദങ്ങളിൽ അചഞ്ചലമായ ഭക്തിയുണ്ടാവുക എന്നത് മാത്രമാണ് ജന്മസാഫല്യത്തിനുള്ള ഏക വഴി. നാരായണഭക്തിയില്ലാത്ത ഒരുവനെ ജീവനുള്ള മനുഷ്യനായി ജ്ഞാനികൾ കണക്കാക്കുന്നതേയില്ല.
ദാരു കിം ന ചലത്യംഗം കിം ന ശ്വസിതി ഭസ്ത്രിക്കാ
കിം സ്വിദ് വീണാ ന വദതി സജീവത്വം ന താവതാ
വൃക്ഷങ്ങൾ വളരുന്നില്ലേ? കൊല്ലൻ്റെ തുരുത്തി ശ്വാസമെടുക്കുന്നില്ലേ? വീണ മനോഹരമായ സംഗീതം പൊഴിക്കുന്നില്ലേ? എന്നാൽ ഇവയ്ക്കൊക്കെ ജീവനുണ്ടെന്ന് നാം കരുതുമോ? (ശ്ലോകം 27)
ബാലോ ഭാഗവതഃ ശ്രേഷ്ഠോ വൃഥോച്ചൈശ്ചരജീവ്യപി നേതരൊരഭ്യേതി തുലസീം സുമഹാനപി വൃക്ഷകഃ
ഭഗവാൻ ശ്രീഹരിയിൽ അചഞ്ചലമായ ഭക്തിയുള്ള ഒരു ബാലനാണ് ഏറ്റവും ശ്രേഷ്ഠൻ; നേരെമറിച്ച് ഭക്തിയില്ലാതെ ദീർഘകാലം ജീവിക്കുന്ന വൃദ്ധൻ്റെ ജീവിതം വ്യർത്ഥമാകുന്നു. ആകാശമുട്ടേ വളർന്നുനിൽക്കുന്ന ഒരു വന്മരമാണോ, അതോ ഒരു ചെറിയ തുളസിത്തൈയാണോ കൂടുതൽ മഹനീയം? (ശ്ലോകം 28)
ഗ്രന്ഥസൂചി
നാരദീയപുരാണത്തിലെ ശ്രീ ഹരിഭക്തിസുധോദയ
കൃഷ്ണകഥാമൃത ബിന്ദു മാസിക (ഇസ്കോൺ ഭുവനേശ്വർ)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
