ഉത്പന്ന ഏകാദശിയുടെ മാഹാത്മ്യങ്ങൾ ഭവിഷ്യോത്തര പുരാണത്തിലെ ശ്രീകൃഷ്ണ ഭഗവാനും അർജുനനും തമ്മിലുള്ള സംഭാഷണത്തിൽ വിവരിക്കുന്നു. ശ്രീ സൂത ഗോസ്വാമി സന്നിഹിതരായ ബ്രാഹ്മണരോടും സാധുക്കളോടും പറഞ്ഞു, ‘ഒരുവൻ വിശ്വാസത്തോടും ഭക്തിയോടുകൂടി ശ്രീകൃഷ്ണ ഭഗവാൻ വിശദീകരിച്ച ഈ ഏകാദശി മാഹാത്മ്യങ്ങൾ കേൾക്കുകയാണെങ്കിൽ അദ്ദേഹം ഈ ജീവിതത്തിൽ സന്തോഷവാൻ ആവുകയും അടുത്ത ജന്മം ഭഗവദ് ധാമത്തിലേക്ക് തിരിച്ചുപോവുകയും ചെയ്യുന്നു’.
ഒരിക്കൽ അർജുനൻ ഭഗവാനോട് ചോദിച്ചു, “ഹേ ജനാർദനാ, ഏകാദശി ദിവസം, പൂർണ ഉപവാസം, രാത്രി മാത്രമുള്ള ഭക്ഷണം, അല്ലെങ്കിൽ മദ്ധ്യാഹ്നം ഒരിക്കൽ മാത്രം കഴിക്കുന്നത് തുടങ്ങിയവയുടെ ഗുണങ്ങൾ വിശദീകരിച്ചാലും.
ഇതിന് മറുപടിയായി, ഭഗവാൻ പറഞ്ഞു, “ഹേ അർജുനാ, ശരത്കാലത്തിന്റെ തുടക്കത്തിൽ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശി ദിവസം, പുലർകാലെ തന്നെ ഏകാദശി വൃതത്തിന്റെ പ്രതിജ്ഞ സ്വീകരിക്കേണ്ടതാണ്. മധ്യാഹ്നത്തിൽ(ഉച്ചയ്ക്ക്) ഒരുവൻ സ്നാനം ചെയ്തു കൊണ്ട് സ്വയം പരിശുദ്ധീകരിക്കണം. കുളിക്കുന്ന സമയം ഈ രീതിയിൽ പ്രാർത്ഥിക്കേണ്ടതാണ്: ‘ഹേ അശ്വക്രന്തേ! ഹേ രഥക്രന്തേ! ഹേ വിഷ്ണുക്രന്തേ! ഹേ വസുന്ധരെ! ഹേ മൃട്ടികെ! ഹേ ഭൂമി മാതാവേ! എന്റെ പൂർവജന്മങ്ങളിൽ ചെയ്ത എല്ലാ പാപകർമ്മ ഫലങ്ങളും ഇല്ലാതാക്കി തന്നാലും, അതു വഴി എനിക്ക് ഭഗവദ് ധാമത്തിലേക്ക് തിരിച്ചു പോകാൻ സാധിക്കുന്നു. സ്നാനത്തിന് ശേഷം ആ വ്യക്തി ഗോവിന്ദനെ ഭജിക്കേണ്ടതാണ്.
ഒരിക്കൽ ദേവേന്ദ്രൻ, ദേവന്മാരുടെ കൂടെ പരമ പുരുഷനായ ഭഗവാനെ സമീപിച്ചതിനു ശേഷം പ്രാർത്ഥിച്ചു. “ഹേ ജഗന്നാഥാ, പരമദിവ്യോത്തമ പുരുഷനായ ഭഗവാനേ, അങ്ങേയ്ക്ക് ഞങ്ങളുടെ സാദര പ്രണാമങ്ങൾ. ശരണാഗതരുടെ സംരക്ഷകനേ, ദേവന്മാരുടെ പ്രഭുവേ, യോഗേശ്വരാ! ദേവന്മാരെ അസുരന്മാർ സ്വർഗ്ഗ ലോകത്തിൽ നിന്നും സ്ഥാന ഭ്രഷ്ടരാക്കിയിരിക്കുന്നു. ഞങ്ങൾ അങ്ങയുടെ പാദ പദ്മങ്ങളിൽ ശരണം പ്രാപിച്ചിരിക്കുന്നു. ദയവായി സംരക്ഷണം നൽകിയാലും.
ഇന്ദ്രന്റെ ദയനീയമായ പ്രാർഥന കേട്ട ഭഗവാൻ വിഷ്ണു ചോദിച്ചു, ആരാണ് ദേവന്മാരെ പോലും തോൽപിച്ച ആ അജയ്യനായ അസുരൻ?
ഇന്ദ്രൻ മറുപടി പറഞ്ഞു, “ഹേ ഭഗവാനേ, ബ്രാഹ്മണ കുലത്തിൽ ജനിച്ച നധിജംഗാ എന്ന ദുഷ്ടനായ രാക്ഷസന് അത്ര തന്നെ ശക്തനും ദുഷ്ടനുമായ മുര എന്ന മകൻ ജനിച്ചു. അവൻ ദേവലോകങ്ങളിൽ നിന്നും ഞങ്ങളെ ഓടിക്കുകയും, ഇന്ദ്രൻ, അഗ്നി, യമൻ, വരുണൻ തുടങ്ങിയ എല്ലാ സ്ഥാനങ്ങളും തട്ടി എടുത്തു. ദേവന്മാർ എല്ലാവരും ചേർന്നിട്ടു പോലും അവനെ തോൽപിക്കാൻ സാധിക്കുന്നില്ല. ഹേ ഭഗവാനേ, ഈ അസുരനെ നിഗ്രഹിച്ചു ദേവന്മാർക്ക് സംരക്ഷണം നൽകേണമേ.
ഇതു കേട്ട ഭഗവാൻ മറുപടി പറഞ്ഞു, “ഹേ ദേവേന്ദ്രാ, ഞാൻ ഈ അസുരനെ നേരിട്ട് വധിക്കുന്നതായിരിക്കും. ഇപ്പോൾ നിങ്ങൾ എല്ലാവരും ചന്ദ്രവതി നഗരത്തിലേക്ക് തിരിച്ചു പോകൂ, ശേഷം ഭഗവാൻ വിഷ്ണുവിന്റെ കൂടെ എല്ലാ ദേവന്മാരും ചന്ദ്രവതി നഗരത്തിലേക്ക് പുറപ്പെട്ടു. യുദ്ധത്തിനായി വിവിധ ആയുധങ്ങൾ തയ്യാറാക്കിയ ദേവന്മാർ ഒരു ഭാഗത്തും, അസംഖ്യമായ എണ്ണത്തോട് കൂടിയ അസുരന്മാരുടെ സൈന്യത്തിന്റെ കൂടെ അലറുന്ന മുര എന്ന അസുരൻ മറു ഭാഗത്തും നിലകൊണ്ടു.
ഭഗവാൻ മറ്റുള്ള എല്ലാ അസുരന്മാരെയും എളുപ്പത്തിൽ പരാജയപ്പെടുത്തി എങ്കിലും, അദ്ദേഹത്തിന് മുരാ അസുരനെ പരാജയപ്പെടുത്തുന്നതിൽ പ്രയാസമുള്ളതായി തോന്നി. എല്ലാ ആയുധങ്ങൾ ഉപയോഗിച്ചിട്ടും മുരാ അസുരനെ കൊല്ലാൻ സാധിക്കാത്തത് കണ്ടപ്പോൾ ഭഗവാൻ അവനുമായി പതിനായിരം വർഷത്തേക്ക് മല്ലയുദ്ധം നടത്തി. അവസാനം ഭഗവാൻ ആ അസുരനെ തോല്പിച്ചതിന് ശേഷം ബദ്രികാശ്രമത്തിലേക്ക് പുറപ്പെട്ടു. അവിടെ ഭഗവാൻ, ഹേമവതി എന്ന നാമത്തോട് കൂടിയ മനോഹരമായ ഗുഹയിൽ വിശ്രമിച്ചു.”
പരമ ദിവ്യോത്തമ പുരുഷൻ തുടർന്നു, “ഹേ അർജുനാ! അതിനുശേഷം ആ രാക്ഷസൻ എന്നെ പിന്തുടർന്ന് ആ ഗുഹയിലേക്ക് പ്രവേശിച്ചു. ഞാൻ അവിടെ വിശ്രമിക്കുന്നത് കണ്ട അവൻ എന്നെ കൊല്ലുവാൻ തുനിഞ്ഞു. ആ സമയം എന്റെ ശരീരത്തിൽ നിന്നും പ്രഭയോടുകൂടിയ ഒരു പുത്രി ആവിർഭവിച്ചു. അവൾ ദിവ്യ ആയുധങ്ങൾ കൊണ്ട് ആ അസുരനുമായി യുദ്ധം ചെയ്തു, അവസാനം പുത്രി അവന്റെ കഴുത്ത് ഛേദിച്ചു. പിന്നീട്, ഭയത്താൽ മറ്റുള്ള എല്ലാ രാക്ഷസന്മാരും പാതാളത്തിലേക്ക് ഓടിപ്പോയി. ഭഗവാൻ വിശ്രമത്തിൽ നിന്നും ഉണർന്നപ്പോൾ മുരാ അസുരന്റെ മൃതദേഹം കാണുകയും, തൊട്ടടുത്ത് പ്രഭാ ചൈതന്യത്തോട് കൂടി തൊഴുകൈകളുമായി എളിമയോട് കൂടി നിൽക്കുന്ന ഒരു ദേവിയെയും കണ്ടു. ഉടനെ ഭഗവാൻ ചോദിച്ചു. ‘അങ്ങ് ആരാണ്?”
ദേവി മറുപടി പറഞ്ഞു, “ഹേ ഭഗവാനേ, ഞാൻ അങ്ങയുടെ ശരീരത്തിൽ നിന്നും ജനിച്ചു, മാത്രമല്ല ഞാൻ ഈ അസുരനെ കൊല്ലുകയും ചെയ്തു. അങ്ങ് ശയിക്കുന്നത് കണ്ട രാക്ഷസൻ അങ്ങയെ വധിക്കാൻ ശ്രമിച്ചു, അതിനാൽ ഞാൻ അവനെ കൊന്നു.”
“പരമദിവ്യോത്തമ പുരുഷൻ ചോദിച്ചു, ഹേ ദേവീ, നിനക്ക് എന്ത് വരം വേണമെങ്കിലും എന്നോട് ചോദിക്കാം. ദേവി വരത്തിനായി പ്രാർത്ഥിച്ചപ്പോൾ ഭഗവാൻ പറഞ്ഞു, “നീ എന്റെ ആദ്ധ്യാത്മിക ശക്തിയാണ്, നീ ഏകാദശി ദിനം ആവിർഭവിച്ചതിനാൽ ഏകാദശി എന്ന നാമത്തോട് കൂടി അറിയപ്പെടുന്നതാണ്. ഏകാദശി വൃതം സ്വീകരിക്കുന്ന ഏതൊരു വ്യക്തിയുടെയും എല്ലാ പാപപ്രതികരണങ്ങളും ഇല്ലാതാവുകയും, അവസാനിക്കാത്ത സ്വർഗീയ സന്തോഷം ലഭിക്കുകയും ചെയ്യുന്നു.’
“അന്നേ ദിവസം മുതൽ ലോകത്തിൽ ഏകാദശി ദിനത്തെ ആരാധിക്കുന്നു. ഹേ അർജുനാ, ഏകാദശി വൃതം സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് ഞാൻ പരമധാമം നൽകുന്നു. ദ്വാദശിയോട് കൂടിയ ഏകാദശി ഏറ്റവും ശ്രേഷ്ഠം ആവുന്നു. ഒരുവൻ ശാരീരിക ബന്ധം, അന്നം, തേൻ, ഓട്ടു പാത്രത്തിലുള്ള ഭക്ഷണം, എണ്ണ തേയ്ക്കൽ എന്നിവ ഏകാദശി ദിവസം വർജിക്കേണ്ടതാണ്. ഒരു വ്യക്തി ഏകാദശി വൃതം സ്വീകരിക്കുകയും, അതിന്റെ മഹിമകൾ കേൾക്കുകയും ചെയ്യുകയാണെങ്കിൽ കൂടുതൽ ഫലങ്ങൾ ലഭിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆