ദിവ്യനാമ ശ്രവണത്തെക്കുറിച്ച് മുകളിൽ വിസ്തരിച്ചു. ഇനി നമുക്ക് ക്രമമനുസരിച്ച് രണ്ടാമത്തേതായ, ദിവ്യനാമകീർത്തനത്തെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കാം. കീർത്തനം വളരെ ഉറക്കെ നിർവഹിക്കണമെന്ന് ശുപാർശ ചെയ്തിരിക്കുന്നു. ഭഗവാൻ്റെ ദിവ്യനാമം കീർത്തനം ചെയ്തുകൊണ്ട് താൻ ലോകത്തിലുടനീളം യാതൊരു സങ്കോചവുമില്ലാതെ സഞ്ചരിച്ചു തുടങ്ങിയെന്ന് ശ്രീമദ്ഭാഗവതത്തിൽ നാരദമുനി പറഞ്ഞിട്ടുണ്ട്. അതുപോലെ, ശ്രീ ചൈതന്യ മഹാപ്രഭു ഇങ്ങനെ ഉപദേശിച്ചിട്ടുണ്ട്:
തൃണാദ് അപി സുനീചേന തരോർ അപി സഹിഷ്ണുനാ അമാനിനാ മാനദേന കീർത്തനീയഃ സദാ ഹരിഃ
ഒരു ഭക്തന്, പുൽക്കൊടിയെക്കാൾ വിനീതനായും, വൃക്ഷത്തെപ്പോലെ സഹിഷ്ണുവായും, എല്ലാവരെയും ആദരിച്ചുകൊണ്ടും അതേസമയം ആരിൽ നിന്നും ആദരവ് പ്രതീക്ഷിക്കാതെയും വളരെ സമാധാന പൂർവം ഭഗവാന്റെ ദിവ്യനാമം കീർത്തനം ചെയ്യാൻ കഴിയും. അത്തരം യോഗ്യതകൾ ഭഗവാന്റെ ദിവ്യനാമജപം വളരെ പ്രയാസരഹിതമാക്കും. കീർത്തനം ആർക്കും നിഷ്പ്രയാസം നിർവഹിക്കാൻ കഴിയും. ഒരുവൻ ശാരീരികമായി അയോഗ്യനാണെങ്കിലും, മറ്റുള്ളവരെക്കാൾ തരം താഴ്ന്നവനാണെങ്കിലും, ഭൗതികയോഗ്യതകളൊന്നുമില്ലാത്തവനാണെങ്കിലും, അല്ലെങ്കിൽ പുണ്യകർമങ്ങളാൽ ഉയർത്തപ്പെടാത്തവനാണെങ്കിലും ദിവ്യനാമ കീർത്തനം പ്രയോജനപ്രദമാണ്. ഒരു കുലീന ജന്മം, ഉന്നത വിദ്യാഭ്യാസം, സൗന്ദര്യം, ധനം അതുപോലുള്ള പുണ്യകർമഫലങ്ങളെല്ലാം ആദ്ധ്യാത്മിക പുരോഗതിക്ക് അനാവശ്യങ്ങളാണ്. ദിവ്യനാമജപം കൊണ്ടു മാത്രം ആദ്ധ്യാത്മിക പുരോഗതി നേടാം. ഈ കലിയുഗത്തിൽ ജനങ്ങൾ പൊതുവെ ആയുസ്സ് കുറഞ്ഞവരും, അത്യന്തം സ്വഭാവ ദൂഷ്യമുള്ളവരും, വ്യാജമായ ഭക്തിയുതസേവനം സ്വീകരിക്കുന്നതിൽ തത്പരരുമായിരിക്കുമെന്ന് വൈദിക സാഹിത്യത്തിന്റെ ആധികാരിക സ്രോതസ്സുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. അതിലുപരി അവർ എല്ലായ്പോഴും ഭൗതികാവസ്ഥകളാൽ അസ്വ സ്ഥരും, അങ്ങേയറ്റം നിർഭാഗ്യവാന്മാരുമാണ്. ഈ പരിതസ്ഥിതിയിൽ യജ്ഞ, ദാന, തപഃ, ക്രിയാ – യജ്ഞം, ദാനം മുതലായ – പ്രക്രിയകൾ അ നുഷ്ഠിക്കുക തികച്ചും അസാധ്യമാണ്. അതുകൊണ്ട് ഇങ്ങനെ ശുപാർശ ചെയ്തിരിക്കുന്നു:
ഹരേർ നാമ ഹരേർ നാമ ഹരേർ നാമൈവ കേവലം കലൗ നാസ്തി ഏവ നാസ്തി ഏവ നാസ്തി ഏവ ഗതിർ അന്യഥാ
“കലഹത്തിന്റെയും കാപട്യത്തിൻ്റേതുമായ ഈ യുഗത്തിൽ മോചനത്തിനുളള ഏക മാർഗം ഭഗവാൻ്റെ നാമ സങ്കീർത്തനമാണ്. മറ്റൊരുമാർഗവുമില്ല. മറ്റൊരു മാർഗവുമില്ല. മറ്റൊരു മാർഗവുമില്ല.” ഭഗവാന്റെ ദിവ്യനാമം കീർത്തനം ചെയ്യുന്നതുകൊണ്ടു മാത്രം ഒരുവൻ ആദ്ധ്യാത്മിക ജീവിതത്തിൽ പരിപൂർണമായ പുരോഗതി നേടുന്നു. ജീവിത വിജയത്തിനുള്ള ഏറ്റവും ശ്രേഷ്ഠമായ പ്രക്രിയ ഇതാണ്. മറ്റു യുഗങ്ങളിലും ദിവ്യനാമ സങ്കീർത്തനം ശക്തമായിരുന്നെങ്കിലും ഈ കലിയുഗത്തിൽ പ്രത്യേകിച്ച് ഏറ്റവും ശക്തമാണ്. കീർത്തനാദ് ഏവ കൃഷ്ണസ്യ മുക്ത-സംഗഃ പരം വ്രജേത്: കൃഷ്ണ്ണൻ്റെ ദിവ്യനാമം കീർത്തനം ചെയ്യുന്നതുകൊണ്ടുമാത്രം ഒരാൾക്ക് മോചിതനായി ഭഗവാനിലേക്ക് മടങ്ങിപ്പോകാൻ കഴിയുന്നു. അതിനാൽ ഒരാൾക്ക് മറ്റു പ്രക്രിയകൾ അനുഷ്ഠിക്കാൻ കഴിയുമെങ്കിൽ പോലും അയാൾ ആദ്ധ്യാത്മിക പുരോഗതിക്കുള്ള മുഖ്യ പ്രക്രിയയായി ഭഗവാൻ്റെ ദിവ്യനാമ സങ്കീർത്തനം സ്വീകരിക്കണം. യജ്ഞഃ സങ്കീർത്തന-പ്രായൈർ യജന്തി ഹി സുമേധസഃ ബുദ്ധികൂർമതയുള്ളവർ ഭഗവാന്റെ ഈ ദിവ്യനാമ സങ്കീർത്തനപ്രക്രിയ സ്വീകരിക്കണം. എന്നാൽ, ഒരുവൻ വേറിട്ട രീതിയിലുളള കീർത്തന പ്രക്രിയ സൃഷ്ടിക്കരുത്. വേദങ്ങൾ ശുപാർശ ചെയ്തിട്ടുളള ഈ സങ്കീർത്തന സമ്പ്രദായം, ഹരേ കൃഷ്ണ, ഹരേ കൃ ഷ്ണ, കൃഷ്ണ കൃഷ്ണ, ഹരേ ഹരേ/ ഹരേ രാമ, ഹരേ രാമ, രാമ രാമ, ഹരേ ഹരേ വളരെ ഗൗരവമായി സ്വീകരിക്കണം.
ഭഗവാന്റെ ദിവ്യനാമം കീർത്തനം ചെയ്യുമ്പോൾ പത്തുവിധത്തിലുളള അപരാധങ്ങൾ ഒഴിവാക്കാൻ ഒരാൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുവൻ പലരീതികളിലും വലിയ അപരാധിയാണെങ്കിൽ പോലും ഭഗവാൻ്റെ ദിവ്യനാമത്തെ ശരണം പ്രാപിക്കുന്നപക്ഷം അവൻ എല്ലാവിധ അപരാധങ്ങളിൽ നിന്നും മുക്തനാകുമെന്ന് സനത് കുമാരനിൽ നിന്ന് അറിവായിട്ടുണ്ട്. ഒരു മനുഷ്യജീവി ഒരു ഇരുകാലി മൃഗത്തെക്കാൾ ഹീനനാണെങ്കിൽ പോലും ഭഗവാന്റെ ദിവ്യനാമത്തെ ശരണം പ്രാപിക്കുന്നപക്ഷം അവൻ മോചിപ്പിക്കപ്പെടും. അതിനാൽ ഭഗവാൻ്റെ ദിവ്യനാമത്തിനെതിരെ തെറ്റു ചെയ്യാതിരിക്കാൻ ഒരുവൻ അങ്ങേയറ്റം ശ്രദ്ധാലുവായിരിക്കണം. അപരാധങ്ങൾ താഴെ കൊടുക്കുന്നു:
(1) ഒരു ഭക്തനെ നിന്ദിക്കുന്നത്, പ്രത്യേകിച്ചും ഭഗവാന്റെ ദിവ്യനാമ മഹത്വങ്ങൾ പ്രക്ഷേപണം ചെയ്യുന്ന ഭക്തനെ
(2) മഹാദേവന്റെയോ മറ്റേതെങ്കിലും ദേവന്മാരുടെയോ നാമം പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ നാമത്തോളം ശക്തിമത്താണെന്ന് പരിഗണിക്കുന്നത് (ആരും പരമദിവ്യോത്തമപുരുഷനായ ഭഗവാന് തുല്യരല്ല, ആരും അദ്ദേഹത്തിന് മുകളിലുമല്ല),
(3) ആദ്ധ്യാത്മിക ഗുരുവിൻ്റെ ഉപദേശങ്ങൾ അനുസരിക്കാതിരിക്കുന്നത്,
(4) വൈദിക സാഹിത്യങ്ങളെയും വൈദിക സാഹിത്യങ്ങളെ അവലംബിച്ച് ചിട്ടപ്പെടുത്തിയ സാഹിത്യങ്ങളെയും നിന്ദിക്കുന്നത്,
(5) ഭഗവാൻ്റെ ദിവ്യനാമങ്ങളുടെ മഹത്ത്വങ്ങൾ അതിശയോക്തികളാണന്ന് അഭിപ്രായപ്പെടുന്നത്,
(6) ദിവ്യനാമത്തിന് ഭൗതിക വ്യാഖ്യാനങ്ങൾ നൽകുന്നത്,
(7) ദിവ്യനാമത്തിൻ്റെ ബലത്തിൽ പാപകർമങ്ങൾ ചെയ്യുന്നത്,
(8) ദിവ്യനാമ ജപത്തെ പുണ്യകർമങ്ങളോട് സാദൃശ്യപ്പെടുത്തുന്നത്,
(9)ദിവ്യ നാമത്തിൽ വിശ്വാസമില്ലാത്ത വ്യക്തിയോട് ദിവ്യനാമ മാഹാത്മ്യങ്ങൾ ഉപദേശിക്കുന്നത്,
(10) ഈ ആദ്ധ്യാത്മിക ശാസനങ്ങളെല്ലാം ശ്രവിച്ചിട്ടും തിരുനാമ ജപത്തിൽ പൂർണ വിശ്വാസം ഇല്ലാതിരിക്കുന്നത്.
ഈ അപരാധങ്ങൾക്കൊന്നിനും പരിഹാരമില്ല. അതുകൊണ്ട് ഒരപരാധി ഇരുപത്തിനാലുമണിക്കൂറും ദിവ്യനാമം തുടർച്ചയായി ജപിക്കണമെന്ന് ശുപാർശ ചെയ്തിരിക്കുന്നു. ദിവ്യനാമത്തിൻ്റെ നിരന്തര ജപം ഒരുവനെ അപരാധങ്ങളിൽ നിന്ന് മുക്തനാക്കും. അപ്രകാരം അവന് പരിശുദ്ധമായ നാമജപത്തിൻ്റെ അതീന്ദ്രിയ തലത്തിലേക്ക് ഉയരാനും ഭഗവാൻ്റെ ഭക്തനായിത്തീരാനും കഴിയും.
ഒരുവൻ തെറ്റു ചെയ്താൽ പോലും അവന് ദിവ്യനാമജപം തുടരാമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. മറ്റുവാക്കുകളിൽ, ദിവ്യനാമ കീർത്തനം ഒരുവനെ അപരാധമുക്തനാക്കും. ഒരുവൻ ഒരു വൈഷ്ണവന്റെ പാദപങ്കജങ്ങളിൽ അപരാധം ചെയ്താൽ, അവൻ ആ വൈഷ്ണവന് സമർപ്പിതനാകുന്നപക്ഷം അവൻ്റെ തെറ്റ് ക്ഷമിക്കപ്പെടുമെന്ന് നാമകൗമുദി എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. അതുപോലെ, ഒരുവൻ ദിവ്യനാമ കീർത്തനത്തോട് തെറ്റുചെയ്തുപോകുന്നപക്ഷം, ദിവ്യനാമത്തിന് സമർപിതനായാൽ അവർ അപരാധമുക്തനായിത്തീരും. ഇതു സംബന്ധിച്ച് ദക്ഷൻ മഹാദേവനോട് നടത്തിയ ഒരു പ്രസ്താവനയുണ്ട് “അങ്ങയുടെ മഹത്ത്വങ്ങൾ എനിക്കറിയില്ലായിരുന്നു, ആകയാൽ ഈ തുറന്ന സഭയിൽ വച്ച് അങ്ങയുടെ പാദ സരോജങ്ങളിൽ ഞാൻ ഒരപരാധം ചെയ്തുപോയി. എന്നാൽ അങ്ങ് കാരുണ്യമുളളവനാകയാൽ എൻ്റെ തെറ്റ് കണക്കിലെടുത്തില്ല. പകരം അങ്ങയെ കുറ്റപ്പെടുത്തിയതു മൂലം ഞാൻ താഴേക്ക് പതിക്കുകയായിരുന്നപ്പോൾ അങ്ങയുടെ കൃപാകടാക്ഷത്താൽ അങ്ങെന്നെ രക്ഷിച്ചു. അങ്ങ് ഏറ്റവും വലിയ മഹാനാണ്. ദയവായി എന്നോട് ക്ഷമിക്കുകയും അങ്ങയുടെ സ്വന്തം ശ്രേഷ്ഠഗുണങ്ങളാൽ സംതൃപ്തനാവുകയും ചെയ്യേണമേ.”
ഒരുവൻ തന്റെ ആഗ്രഹങ്ങൾ സമർപ്പിക്കുമ്പോൾ വളരെ വിനീതനും ശാന്തനുമായി, ദിവ്യനാമത്തിൻ്റെ മഹത്ത്വങ്ങൾ ചിട്ടപ്പെടുത്തിയ, അയി മുക്തകുലൈർ ഉപാസ്യ മാനം, നിവൃത്ത-തർഷൈർ ഉപഗീയമാനാദ് തുടങ്ങി യപ്രാർത്ഥനകൾ ഉരുവിടണം. അത്തരം പ്രാർത്ഥനകൾ അർപ്പിക്കുന്ന ഒരുവന് ദിവ്യനാമത്തിൻ്റെ പാദപങ്കജങ്ങളിൽ ചെയ്തു പോകുന്ന അപരാധങ്ങളിൽ നിന്ന് മോചനം ലഭിക്കും.
ശ്രീമദ് ഭാഗവതം 7.5.23-24
തുടരും . . . . . . .
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമരാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆