മറ്റൊരു ദിവസം കുഞ്ഞിനെ മടിയിൽവച്ച് ഇരിക്കുകയായിരുന്ന യശോദക്ക് പ്രപഞ്ചത്തിൻ്റെ ഭാരം മുഴുവൻ അവൻ ഏറ്റുവാങ്ങിയതായി തോന്നി. അത്ഭുതപ്പെട്ട് യശോദ കുഞ്ഞിനെ താഴെക്കിടത്തിയ മാത്രയിൽ കംസൻ്റെ സേവകരിലൊരുവനായ തൃണാവർത്തൻ ഒരു ചുഴലിക്കാറ്റായി അവിടെ പ്രത്യക്ഷപ്പെടുകയും കുഞ്ഞിനെ തട്ടിയെടുക്കുകയും ചെയ്തു. ഗോകുലം എന്നറിയപ്പെടുന്ന പ്രദേശം മുഴുവൻ പൊടി കൊണ്ടു മൂടുകയും കുഞ്ഞെവിടെയെന്ന് ആർക്കും കാണാൻ പറ്റാതാവുകയും ചെയ്തു. ചുഴലിക്കാറ്റ് തട്ടിയെടുത്ത കുഞ്ഞിനെപ്പറ്റി ഗോപികമാർ പരിഭ്രാന്തരായി. പക്ഷേ ആകാശത്തേക്കുയർന്ന അസുരന് കുഞ്ഞിൻ്റെ ഭാരം കാരണം അധികദൂരം കൊണ്ടുപോകാൻ കഴിഞ്ഞില്ല. കുഞ്ഞ് തന്നെ മുറുകെപ്പിടിച്ചിരിക്കുന്നതിനാൽ അവനെ താഴേയ്ക്കിടാനും പറ്റിയില്ല. തൻ്റെ ശരീരത്തിൽനിന്ന് വിടുവിക്കാനാകാത്തവിധം മുറുക്കിയുള്ള പിടിത്തമായിരുന്നു അത്. തോളിൽ മുറുകെ പിടിച്ചിരിക്കുന്ന കുഞ്ഞുമായി വലിയ ഉയരത്തിൽനിന്ന് തൃണാവർത്തൻ താഴെ വീണ് ഉടനടി മരണമടഞ്ഞു. അസുരൻ താഴെ വീണപ്പോൾ കുഞ്ഞിനെ ഗോപികമാർ വീണ്ടെടുത്ത് യശോദയുടെ മടിയിലേക്ക് കൈമാറി. യശോദ അത്ഭുതപരവശയായെങ്കിലും യോഗമായയുടെ ശക്തി കാരണം ആർക്കും കൃഷ്ണനാരെന്നോ യഥാർത്ഥത്തിൽ എന്തു സംഭവിച്ചുവെന്നോ മനസ്സിലാക്കാൻ കഴിഞ്ഞില്ല. വലിയൊരാപത്തിൽ നിന്ന് രക്ഷപ്പെട്ട കുഞ്ഞിന്റെ ഭാഗ്യത്തെ പുകഴ്ത്തുകയാണവർ ചെയ്തത്. നന്ദമഹാരാജാവ് വസുദേവരുടെ അത്ഭുതകരമായ പ്രവചനത്തെക്കുറിച്ചോർക്കുകയും അദ്ദേഹത്തെ മഹായോഗിയെന്നു പുകഴ്ത്താൻ തുടങ്ങുകയും ചെയ്തു. പിന്നൊരിക്കൽ കൃഷ്ണൻ യശോദാമാതാവിൻ്റെ മടിയിൽവച്ച് കോട്ടുവായിട്ടപ്പോൾ അമ്മ സർവ്വപ്രപഞ്ചവും ആവായിൽ കണ്ടു.
ശ്രീമദ് ഭാഗവതം 10.7