ശ്രീല രൂപഗോസ്വാമിയുടെ ഒരു കൃതിയിൽ അദ്ദേഹം ഇപ്രകാരം പറയുന്നു:
സമരം ഭംഗിത്രയപരിചിതം സചിവിസ്തീർണദൃഷ്ടിം
വംശി-ന്യസ്തധര-കിസലയം ഉജ്ജ്വലം ചന്ദ്രകേന
ഗോവിന്ദാഖ്യം ഹരി-തനും ഇതി:
കേശി-തീർഥോപകണ്ഠേ
മാ പ്രേക്ഷിസ്ത്തസ്തവ യദി സഖേ!
ബന്ധു-സംഗേ fസ്തി രംഗഃ
ഇതിനെക്കുറിച്ചു ശ്രീല പ്രഭുപാദർ തൻ്റെ ഒരു പ്രഭാഷണത്തിൽ ഇപ്രകാരം പറയുന്നു:
ഒരു ഗോപികാസ്ത്രീ മറ്റൊരു ഗോപിയെ ഉപദേശിക്കുകയാണ്, “അല്ലയോ സഖീ, ഒരു ബാലനുണ്ട്. പേര് ഗോവിന്ദൻ. യമുനാനദീതീരത്തിലെ കേശിഘാട്ടിൽ പുല്ലാംകുഴൽ വായിച്ചു കൊണ്ടു നിൽക്കുകയാണ്. അതിവസുന്ദരനാണ്, പ്രത്യേകിച്ചും പൗർണമി ദിനങ്ങളിൽ അങ്ങോട്ടു പോകരുത്.” എന്തു കൊണ്ട് ? “ഈ ഭൗതികലോകത്തിൽ നിങ്ങൾ കുടുംബാംഗങ്ങളോടൊത്ത്, ഭാര്യ, ഭർത്താവ്, സന്താനങ്ങൾ എന്നിവരോടൊപ്പം ആസ്വദിക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ അങ്ങോട്ടു പോകരുത്. “
സ്മേരം ഭംഗിത്രയപരിചിതം സചിവിസ്തീർണദ്യഷ്ടിം – ഭംഗിത്രയം – കൃഷ്ണൻ ത്രിഭംഗമുരാരിയാണ് മൂന്നിടത്തു വളഞ്ഞു നിൽക്കുന്നു.
“ആകയാൽ ഈ ഭൗതികലോകത്തിൽ ജീവിതം കൂടുതൽ ആസ്വദിക്കാമെന്ന ആഗ്രഹമുണ്ടെങ്കിൽ അങ്ങോട്ടു പോകരുത്, അങ്ങോട്ടു പോകരുത്. “
ഒരിക്കൽ കൃഷ്ണൻ്റെ ദർശനം ലഭിച്ചാൽ തൽക്ഷണം ഈ അസംബന്ധപരമായ ഭൗതികാസ്വാദനം നാം പൂർണമായും മറക്കും എന്നതാണ് പൊരുൾ. അതാണ് കൃഷ്ണദർശനം.
ശ്രീകൃഷ്ണഭഗവാൻ്റെ ആകർഷണീയത അനിർവചനീയമാണെന്ന് വൈദികസാഹിത്യങ്ങൾ വെളിവാക്കുന്നു. ഭഗവാൻ്റെ ആകർഷണീയത ഇഹലോകത്തിലെ ആകർഷകവസ്തുക്കളെ പോലെയല്ല. യഥാർത്ഥത്തിൽ ഭൗതികപ്രപഞ്ചത്തിലുള്ള ഒന്നും തന്നെ ഭഗവാന്റെ സൗന്ദര്യത്തിനോടു കിട നിൽക്കുന്നതല്ല. അതു കൊണ്ടു തന്നെ ഭഗവാൻ്റെ ആകർഷണീയതയെ ഭൗതികവസ്തുക്കളുമായി താരതമ്യം ചെയ്യാൻ കഴിയുകയില്ല.
അങ്ങനെയെങ്കിൽ ഭഗവാൻ്റെ പാദങ്ങളേയും നയനങ്ങളേയുമെല്ലാം താമരപ്പൂവിനോടുപമിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യം ഉയർന്നേക്കാം. അതിൻ്റെ ഉത്തരം വളരെ ലളിതമാണ്. താമരപ്പൂവ് ഇഹലോകസൃഷ്ടിയല്ല. ഭഗവാൻ ‘പദ്മനാഭൻ’ ആണ്. ഭഗവാൻ്റെ നാഭിയിൽ നിന്നാണ് പദ്മം അഥവാ താമരയുടെ ഉദ്ഭവം. ആയതിനാൽ ഭഗവാൻ്റെ ആകാരസൗന്ദര്യത്തെ താമരയോടു താരതമ്യപ്പെടുത്തിയിരിക്കുന്നു !
മാത്രമല്ല, ഭഗവാനാൽ ആകർഷിക്കപ്പെടുന്നതും ഭൗതികവസ്തുക്കളാൽ ആകർഷിക്കപ്പെടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഭൗതികവസ്തുക്കളാൽ ആകർഷിതരാകുമ്പോൾ അതു നമ്മുടെ ഭൗതികബന്ധനം ശക്തിപ്പെടുവാൻ കാരണമാകുന്നു. പക്ഷേ നാം ഭഗവാനാൽ ആകർഷിതരാകുമ്പോൾ നമ്മുടെ ഭൗതികബന്ധനങ്ങളുടെ കെട്ടഴിയുന്നു. ഇതാണ് ഭഗവദ്ദർശനത്തിൻ്റെ പൊരുൾ.
രൂപഗോസ്വാമി വളരെ കാവ്യാത്മകമായി ഭഗവാന്റെ ഈ ആകർഷണീയതയെക്കുറിച്ചു വർണിക്കുന്നു. യമുനാതീരത്തു പുല്ലാംകുഴൽ വായിച്ചുകൊണ്ടു നിൽക്കുന്ന ശ്യാമസുന്ദരനായ ബാലൻ തൻ്റെ ഭക്തരെ ഒന്നടങ്കം ആകർഷിക്കുകയാണ്. ആ സൗന്ദര്യത്തിൽ ഒരിക്കൽ ആകൃഷ്ടനായ വ്യക്തി പിന്നീടൊരിക്കലും ഭൗതികമായ അവസ്ഥയിലേക്ക് മടങ്ങിച്ചെല്ലാൻ താൽപര്യപ്പെടുകയില്ല. അതുകൊണ്ട് ഗോപസ്ത്രീകൾ തങ്ങളുടെ സംഭാഷണത്തിൽ ഇതു വ്യംഗ്യരൂപത്തിൽ സൂചിപ്പിക്കുകയാണ്. യഥാർത്ഥത്തിൽ ഗോപികൾ ഭക്തിയിൽ പരിപൂർണത നേടിയവരാണ്. ഭഗവാനെ സേവിക്കുക, അദ്ദേഹത്തെ തൃപ്തിപ്പെടുത്തുക എന്നതൊഴികെ മറ്റൊന്നും അവർ ആഗ്രഹിക്കുന്നതേയില്ല. ഭഗവാൻ്റെ പരിശുദ്ധഭക്തരായ അവർക്ക് അവിടുന്നിൻ്റെ സർവാകർഷണീയതെക്കുറിച്ചു നന്നായി അറിയാം. മറ്റുള്ളവരും അതു മനസ്സിലാക്കണമെന്നും, അതിന് പാത്രങ്ങളാകണമെന്നും ഗോപികൾ ആഗ്രഹിക്കുന്നു. അതിനവർ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയാണ്.
മേൽപ്പറഞ്ഞ ശ്ലോകത്തിലൂടെ ശ്രീല രൂപഗോസ്വാമിയും അതു തന്നെയാണ് സൂചിപ്പിക്കുന്നത്. യമുനാതീരത്ത് കൃഷ്ണൻ കാത്തുനിൽക്കുന്നു, തന്റെ ഭക്തർക്കായി, വഴി തെറ്റിപ്പോയ തന്റെ സന്താനങ്ങൾക്കായി.
കൃഷ്ണനെ ദർശിക്കുന്നതുകൊണ്ടുണ്ടാകുന്ന ലാഭത്തെക്കുറിച്ചു ശ്രീമതി കുന്തീദേവിയുടെ പ്രാർത്ഥനയിലും (ശ്രീമദ് ഭാഗവതം 1.8.25) പ്രതിപാദിച്ചിട്ടുണ്ട്.
വിപദഃ സന്തു താ ശശ്വത് തത്ര തത്ര ജഗദ് ഗുരോ ഭവതോ ദർശനം യത് സ്യാദ് അപുനർ ഭവദർശനം
‘ആ ആപത്തുകളെല്ലാം വീണ്ടും വീണ്ടും വന്നു കൊണ്ടേയിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം അപ്പോൾ വീണ്ടും വീണ്ടും ഞങ്ങൾക്കവിടുത്തെ ദർശനം ലഭിക്കും, ആ ദർശനത്തിലൂടെ ഞങ്ങൾക്ക് പിന്നീട് പുനർജനനമരണങ്ങൾ ദർശിക്കേണ്ടി വരികയില്ല.”
കുന്തീദേവി ജീവിതത്തിൽ ധാരാളം ദുഃഖങ്ങൾ അനുഭവിച്ച വ്യക്തിയാണ്. ഉത്തമഭക്തയുമാണ്. തൻ്റെ പുത്രതുല്യനായ കൃഷ്ണ്ണൻ സാധാരണ വ്യക്തിയല്ലെന്ന് അവർക്കറിയാമായിരുന്നു. ആയതിനാലാണ് അവർ മേൽപ്പറഞ്ഞ പ്രകാരം തൻ്റെ പ്രാർത്ഥനകൾ ആലപിച്ചത്. ഭക്തനെ സംബന്ധിച്ചിടത്തോളം ഇഹലോകദുഃഖങ്ങൾ അവനെ അലട്ടുന്നില്ല. അതിൻ്റെയർത്ഥം ഭക്തന് ദുഃഖാനുഭവങ്ങൾ ഉണ്ടാകുന്നില്ല എന്നല്ല, മറിച്ച് സുഖത്തേയും ദുഃഖത്തേയും സമചിത്തതയോടെ നേരിടാൻ അ ഭക്തന് കഴിയുന്നു എന്നതാണ്. പരിപൂർണദുഃഖനിവാരണത്തിന് ഭൗതികമായ ഒറ്റമൂലികളില്ലെന്ന് മനസ്സിലാക്കുന്ന ഭക്തൻ ഭഗവാനെ ശരണം പ്രാപിക്കുന്നു. അതിലൂടെ അവന് ഉദ്ദിഷ്ടഫലം ലഭിക്കുകയും ചെയ്യുന്നു.
അജ്ഞതയാണ് ആഗ്രഹത്തിൻ്റേയും തൻമൂലമുണ്ടാകുന്ന ദുഃഖത്തിൻ്റേയും മൂലകാരണമെന്ന് വൈദികഗ്രന്ഥങ്ങൾ വെളിവാക്കുന്നു. അജ്ഞത നീക്കുവാനും ഭഗവാൻ്റെ ദർശനം സഹായകമാകുന്നു. നവഭക്തനെ സംബന്ധിച്ചിടത്തോളം ഭഗവാൻ്റെ അർച്ചവിഗ്രഹദർശനം വളരെ സഹായകമാണ്. ഭഗവദ് വിഗ്രഹദർശനത്തിലൂടെ ക്രമേണ ഭഗവാനോടുള്ള ആകർഷണം വളരുന്നു. അതിനോടൊപ്പം തന്നെ നിർദ്ദിഷ്ടമായ രീതിയിൽ ഭഗവദ് നാമജപത്തിലേർപ്പെടുകയാണെങ്കിൽ ആത്മീയതയുടെ പാതയിലൂടെയുള്ള യാത്ര വേഗതയേറും.
ഭൗതികവസ്തുക്കളാൽ ആകർഷിതനാകുന്നതിനേക്കാൾ ലാഭദായകമാണ് ഭഗവാനാൽ ആകൃഷ്ടനാകുന്നത് എന്ന ജ്ഞാനോദയം വ്യക്തിക്ക് ഉണ്ടാകുമ്പോൾ അതിലേയ്ക്കായുള്ള പരിശീലനത്തിൻ്റെ ഗൗരവവും ആനുപാതികമായി വർദ്ധിക്കുന്നു. അങ്ങനെയുള്ള അവസ്ഥയിൽ രൂപഗോസ്വാമിയുടെ പ്രസ്തുത ശ്ലോകം വളരെ പ്രസക്തമാകുന്നു. ഭഗവാനെ സംബന്ധിച്ചിടത്തോളം അവിടുന്നിൻ്റെ ക്ഷണം സർവജീവജാലങ്ങൾക്കുമുള്ളതാണ്. വൃന്ദാവനത്തിലെ ചെടികൊടികൾക്കും പക്ഷിമൃഗാദികൾക്കുമെല്ലാം കൃഷ്ണനോടു പ്രേമമുണ്ട്. അവർക്കെല്ലാം ആ സ്നേഹം കൃഷ്നിൽ നിന്ന് ലഭിക്കുന്നുമുണ്ട്.
അത്തരം ക്രയവിക്രയം എല്ലാവർക്കും സാധ്യമാണ്. അതിനായി ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഓരോ വ്യക്തിക്കും അതു പ്രാപ്യമാകും. ‘അപുനർഭവ ദർശനം’ ആണ് നാം ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും വീണ്ടും വീണ്ടും കൃഷ്ണനെ ദർശിക്കുമാറാകണമേ എന്ന പ്രാർത്ഥന നമ്മിലുണ്ടായിരിക്കണം.