ഈ മാസത്തിലാണ് സൂര്യൻ മേടരാശിയിലേക്ക് സംക്രമിക്കുന്നത്. ഭാരതീയ പഞ്ചാംഗങ്ങൾ അനുസരിച്ച് മിക്കയിടങ്ങളിലും ഈ സമയം പുതുവർഷം ആരംഭിക്കുന്നു.
ഈ ശുഭവേളയിലാണ് കേശവവ്രതം തുടങ്ങുന്നത്. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഈ വ്രതാനുഷ്ഠാനത്തിൽ ഇന്ദ്രിയനിഗ്രഹം പാലിക്കുകയും തറയിൽ ശയിക്കുകയും വേണം. നിത്യേന രണ്ടുനേരം പുഴയിൽ സ്നാനം ചെയ്ത് ഭഗവാനെ ആരാധിക്കുകയും വസ്ത്രം, ശർക്കര, എള്ള്, അരി, സ്വർണം എന്നിവ ബ്രാഹ്മണർക്ക് ദാനം ചെയ്യുകയും വേണം. ഈ മാസത്തിൽ ഭഗവാൻ മധുസൂദനനെ ഭക്തിപുരസ്സരം ആരാധിക്കുന്നവർക്ക് ഒരു വർഷത്തെ ആരാധനാഫലം സിദ്ധിക്കുമെന്നാണ് പ്രമാണം.
കേശവവ്രതം അനുഷ്ഠിക്കുന്ന വേളയിൽ, ചെറിയ സുഷിരമിട്ട ഒരു പാത്രത്തിൽ ജലം നിറച്ച് തുളസീദേവിയുടെയും ശാലഗ്രാമശിലയുടെയും മുകളിൽ ജലധാരയായി പതിപ്പിക്കാവുന്നതാണ്.
ഉത്തരാർദ്ധഗോളത്തിൽ വേനൽച്ചൂട് വർദ്ധിച്ചുവരുന്ന സമയമായതിനാൽ, ശാലഗ്രാമ ശിലാവിഗ്രഹത്തിന് മേൽ തണുത്ത ജലം ഇപ്രകാരം വർഷിക്കുന്നത് അത്യന്തം പ്രീതികരമാണ്. ഒരു ചട്ടക്കൂട് നിർമ്മിച്ചോ അതല്ലെങ്കിൽ മേൽക്കൂരയിൽ നിന്ന് ചങ്ങലയിലോ ചരടിലോ പാത്രം തൂക്കിയിട്ടോ ജലധാര ഒരുക്കാവുന്നതാണ്.
ഉത്തരാർദ്ധഗോളത്തിലെ ഈ കഠിനമായ വേനൽക്കാലത്ത് തുളസീദേവിയുടെ വളർച്ചയ്ക്ക് ജലം അത്യന്താപേക്ഷിതമാണ്. എന്നാൽ ദക്ഷിണാർദ്ധഗോളത്തിൽ വേനൽക്കാലം കഴിഞ്ഞ് ശിശിരം ആരംഭിക്കുന്ന സമയമായതിനാൽ അമിതമായി ജലം ഒഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆