ശ്രീഭഗവാൻ കൃഷ്ണൻ തന്റെ സകല ശക്തികളും കാരുണ്യവും അനുഗ്രഹങ്ങളും പുരുഷോത്തമ മാസത്തിൽ നിക്ഷേപിച്ചിരിക്കുന്നതിനാൽ, എല്ലാ മാസങ്ങളിലും വ്രതങ്ങളിലും തപസ്സുകളിലും വെച്ച് ഇത് ഏറ്റവും ശ്രേഷ്ഠവും പവിത്രവുമാകുന്നു. ഈ മാസത്തിൽ അനുഷ്ഠിക്കുന്ന ഭക്തിനിർഭരമായ കർമ്മങ്ങൾ നമ്മുടെ മുൻകാല പാപഫലങ്ങളാൽ ഉണ്ടായ സകല മാലിന്യങ്ങളെയും ഹനിക്കുന്നു. ആത്മീയ ഉന്നതിക്ക് ഏറ്റവും അനുയോജ്യമായ കാലയളവാണിതെന്ന് വിശ്വസിക്കപ്പെടുന്നു.
പത്മപുരാണത്തിൽ പ്രതിപാദിച്ചിട്ടുള്ള പ്രകാരം പുരുഷോത്തമ വ്രതം അനുഷ്ഠിക്കേണ്ട വിധം താഴെ പറയുന്നവയാണ്:
🪔 ഒരു മാസക്കാലം പൂർണ്ണ ബ്രഹ്മചര്യം പാലിക്കുക. (തറയിൽ കിടന്നുറങ്ങുന്നത് ഐച്ഛികമാണ്).
ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ നിദ്രമുക്തനാവുക.
🪔ഹരേ കൃഷ്ണ മഹാമന്ത്രം ജപിക്കുകയും രാധാകൃഷ്ണന്മാരുടെ നാമരൂപഗുണലീലകളിൽ ശ്രദ്ധയൂന്നുകയും ചെയ്യുക. നിത്യേനയുള്ള ജപത്തിന് പുറമെ ഭക്തിപൂർവ്വം 24-ഓ, 32-ഓ, 64-ഓ മാലകൾ അധികമായി ജപിക്കുവാൻ പരിശ്രമിക്കുക.
🪔രാധാകൃഷ്ണ വിഗ്രഹങ്ങൾക്കോ ചിത്രത്തിനോ മുൻപിൽ നിത്യവും നെയ്യ് വിളക്ക് സമർപ്പിക്കുക.
🪔തുളസീദേവിക്ക് ദിവസേന ആരതി ഉഴിയുകയും പ്രദക്ഷിണം വെക്കുകയും ചെയ്യുക.
🪔നിത്യവും ക്ഷേത്രദർശനം നടത്തി നാല് തവണ പ്രദക്ഷിണം വയ്ക്കുക.
🪔രാധാകൃഷ്ണ വിഗ്രഹങ്ങളിലോ ചിത്രത്തിലോ റോസാപ്പൂക്കൾ, താമരപ്പൂക്കൾ, യഥാശക്തി തുളസീദളങ്ങൾ എന്നിവ അർപ്പിക്കുക.
🪔ദിവസവും സൂര്യോദയത്തിന് മുൻപായി സ്നാനം ചെയ്യുക. പുണ്യതീർത്ഥങ്ങളിൽ നീരാടുന്നത് അത്യുത്തമം.
🪔നിത്യവും ശ്രീമദ് ഭാഗവതം, വിശേഷിച്ചും ശ്രീരാധാകൃഷ്ണന്മാരുടെ ലീലകൾ പാരായണം ചെയ്യുക.
ശ്രീല ഭക്തിവിനോദ ഠാക്കൂറിന്റെ ആധികാരിക രചനകൾ പ്രകാരം, ഈ പുണ്യമാസത്തിൽ ഒരു ഭക്തൻ അനുഷ്ഠിക്കേണ്ട നിത്യ സാധനകൾ ഇവയാണ്:
🪔പ്രഭാതത്തിൽ ‘ശ്രീ ജഗന്നാഥാഷ്ടകം’ ആലപിക്കുക.
🪔ഉച്ചസമയത്ത് ‘ശ്രീ ചൗരാഷ്ടകം’ ജപിക്കുക.
🪔പകൽസമയത്ത് ‘ശ്രീ നന്ദനന്ദനാഷ്ടകം’, ‘ജയ രാധാ മാധവ’ തുടങ്ങിയ രാധാകൃഷ്ണ ഭജനുകളും പ്രാർത്ഥനകളും ചൊല്ലുക.
🪔കൗണ്ഡിന്യ മുനി ഉപദേശിച്ച ഈ ശ്ലോകം നിത്യവും ജപിക്കുക:
ഗോവർദ്ധന ധരാം വന്ദേ ഗോപാലം ഗോപരൂപിണം
ഗോകുലോത്സവ മീശാനം ഗോവിന്ദം ഗോപികാപ്രിയം
(അർത്ഥം: ഗോപബാലകനായി ഗോപന്മാരോടൊപ്പം സദാ ലീലകളാടുന്ന, ഗോവർദ്ധന പർവ്വതം കൈകളിലേന്തിയ ആ ഗോപാലകൃഷ്ണനെ ഞാൻ വന്ദിക്കുന്നു. നിത്യവും ഉത്സവങ്ങൾ കൊണ്ടാടുന്ന ഗോകുലത്തിന്റെ നാഥനും ഗോപികമാരുടെ പ്രാണപ്രിയനുമായ ഗോവിന്ദനെ ഞാൻ ഭജിക്കുന്നു.)
🪔സായംസന്ധ്യയിൽ ഭഗവാന് ശുദ്ധമായ നെയ്യ് വിളക്ക് സമർപ്പിക്കുക (ദീപദാനം).
🪔രാത്രിയിൽ ശ്രീമദ് ഭാഗവതം പത്താം സ്കന്ധത്തിലെ പതിനാലാം അധ്യായത്തിലുള്ള ‘ബ്രഹ്മ സ്തുതി’ (40 ശ്ലോകങ്ങൾ) പാരായണം ചെയ്യുക.
🪔തുടര്ന്ന് ഈ ശ്ലോകം ജപിക്കുക:
വന്ദേ നവഘനശ്യാമം ദ്വിഭുജം മുരളീധരം
പീതാംബരധരം ദേവം ശാരദം പുരുഷോത്തമം
(അർത്ഥം: പുതുമഴ മേഘത്തിന്റെ ശ്യാമവർണ്ണമുള്ളവനും ഇരുകൈകളിലും ഓടക്കുഴൽ ഏന്തിയവനുമായ കൃഷ്ണനെ ഞാൻ വണങ്ങുന്നു. മഞ്ഞപ്പട്ടുടുത്തവനും ശരത്കാല ചന്ദ്രനെപ്പോലെ ശോഭിക്കുന്നവനുമായ ആ പുരുഷോത്തമ ഭഗവാനെ ഞാൻ ആരാധിക്കുന്നു.)
🪔മാസത്തിലുടനീളം ശാന്തതയും സത്യസന്ധതയും പുലർത്തുമെന്ന് വ്രതമെടുക്കുക.
🪔ഭക്തർ, ബ്രാഹ്മണർ, സാധുക്കൾ, ഗോക്കൾ, ശാസ്ത്രങ്ങൾ, പുരുഷോത്തമ വ്രതം നോൽക്കുന്നവർ എന്നിവരെ നിന്ദിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
🪔സ്വന്തം കഴിവിനനുസരിച്ച് ഭക്തിപരമായ തപസ്സുകൾ അനുഷ്ഠിച്ച് രാധാകൃഷ്ണന്മാരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുക. എടുത്ത വ്രതം മധ്യത്തിൽ ഉപേക്ഷിക്കരുത്.
🪔തറയിലിരുന്ന് ഇലയിൽ ആഹാരം കഴിക്കുക (ഐച്ഛികം).
🪔നഖം വെട്ടുന്നതും ക്ഷൗരം ചെയ്യുന്നതും ഒഴിവാക്കുക (ഐച്ഛികം).
🪔എണ്ണ ചേർത്ത പാചകം ഒഴിവാക്കുക. ശരീരത്തിൽ എണ്ണ തേയ്ക്കുന്നതും വർജ്ജിക്കുക.
🪔ആഹാരക്രമം: ഉച്ചയ്ക്കോ സൂര്യാസ്തമയത്തിന് ശേഷമോ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നത് ഉത്തമമാണ്. താഴെ പറയുന്നവയിൽ ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്:
i) പാൽ മാത്രം.
ii) പഴങ്ങൾ മാത്രം (പാലോ പച്ചക്കറികളോ പാടില്ല).
iii) ധാന്യങ്ങൾ ഒഴിവാക്കിയുള്ള ഭക്ഷണം (തിരഞ്ഞെടുത്ത പച്ചക്കറികൾ, പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, പാൽ എന്നിവ).
iv) ചാതുർമ്മാസ്യ നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള ലഘു ഭക്ഷണം.
🪔യോഗ്യരായ ബ്രാഹ്മണർക്കും വൈഷ്ണവർക്കും ദാനധർമ്മങ്ങൾ ചെയ്യാൻ ഏറ്റവും അനുയോജ്യമായ മാസമാണിത്.
അതുകൊണ്ട്, ഈ പുണ്യമാസത്തിൽ നാം ‘നിരപേക്ഷ വ്രതം’ അനുഷ്ഠിക്കേണ്ടതാണ്. അതായത് മുപ്പത് ദിവസവും ഏകാഗ്രതയോടെ പരമകാരുണികരായ രാധാകൃഷ്ണന്മാരുടെ ആരാധനയിലും സേവനത്തിലും മുഴുകുക. പൂർണ്ണ വിശ്വാസത്തോടും ഭക്തിയോടും കൂടി പുരുഷോത്തമ വ്രതം അനുഷ്ഠിക്കുകയും ഭഗവാന്റെ ദിവ്യനാമങ്ങൾ, രൂപം, ഗുണങ്ങൾ, ലീലകൾ എന്നിവ ശ്രവിക്കുകയും കീർത്തിക്കുകയും സ്മരിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് ഭഗവദ്ധാമത്തിലേക്ക് മടങ്ങാൻ സാധിക്കുന്നു. ഗോലോക വൃന്ദാവനത്തിൽ രാധാ ഗോവിന്ദന്മാരെ നിത്യമായി സേവിക്കാനുള്ള ഭാഗ്യം ഇതിലൂടെ കൈവരുന്നു.
ഹരേ കൃഷ്ണ 🙏
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆