അന്ന് സൂര്യഗ്രഹണ ദിനമായതിനാൽ സൂര്യനെ വിഴുങ്ങാനായി രാഹു അവിടേക്ക് അടുത്തു. എന്നാൽ സൂര്യനരികിൽ മറ്റൊരു ബാലനെ കണ്ട രാഹു ഭയപ്പെട്ട് ദേവേന്ദ്രന്റെ സന്നിധിയിൽ അഭയം തേടി. ഭയത്തിന് കാരണമെന്തെന്ന് ചോദിച്ച ഇന്ദ്രനോട്, ‘ഞാൻ സൂര്യനെ പിടിക്കുന്നതിന് മുൻപേ മറ്റൊരു രാഹു അവിടെ സൂര്യനെ പിടികൂടിയിരിക്കുന്നു’ എന്ന് അവൻ മറുപടി നൽകി. ഇതുകേട്ട് ആശ്ചര്യപ്പെട്ട ഇന്ദ്രൻ തന്റെ വജ്രായുധമേന്തി ഐരാവതത്തിലേറി സൂര്യനരികിലേക്ക് പാഞ്ഞു. ദൂരെ നിന്ന് ഐരാവതത്തെ കണ്ട ആഞ്ജനേയൻ, അതിനോടൊപ്പം കളിക്കാനായി അതിന്റെ നേർക്ക് നീങ്ങി. ഇതുണ്ട് ഭയന്ന ഇന്ദ്രൻ വജ്രായുധം കൊണ്ട് ബാലനെ പ്രഹരിച്ചു. വജ്രായുധമേറ്റ് കുട്ടിയുടെ താടിയെല്ലിന് പരിക്കേൽക്കുകയും അവൻ ബോധരഹിതനായി ഉദയഗിരി പർവ്വതത്തിന് മുകളിൽ വീഴുകയും ചെയ്തു.
ഇതൊന്നുമറിയാതെ പഴങ്ങളുമായി വനത്തിൽ നിന്ന് തിരിച്ചെത്തിയ അഞ്ജനാദേവി മകനെ കാണാതെ വിലപിക്കാൻ തുടങ്ങി. കേസരി തന്റെ പത്നിയെ ആശ്വസിപ്പിക്കുകയും വായുദേവനോട് പ്രാർത്ഥിക്കുകയും ചെയ്തു. ജ്ഞാനദൃഷ്ടിയാൽ നടന്നതെല്ലാം അറിഞ്ഞ വായുഭഗവാൻ, ബോധരഹിതനായി മലമുകളിൽ കിടക്കുന്ന മകനെ കണ്ട് കുപിതനായി. ഇന്ദ്രനെ പാഠം പഠിപ്പിക്കാനായി അദ്ദേഹം പ്രപഞ്ചത്തിലെ വായുസഞ്ചാരം പൂർണ്ണമായും സ്തംഭിപ്പിച്ചു. ശ്വാസമെടുക്കാൻ കഴിയാതെ സർവ്വ ചരാചരങ്ങളും ദുരിതത്തിലായി. പരിഭ്രാന്തരായ ദേവന്മാർ ബ്രഹ്മാവിനെ കണ്ട് സങ്കടമുണർത്തി.
ബ്രഹ്മദേവൻ വായുദേവനെ സമീപിച്ച് പറഞ്ഞു: ‘അല്ലയോ വായുദേവാ, അവിടുന്ന് സകല ജീവജാലങ്ങളുടെയും പ്രാണശക്തിയാണ്. അവിടുത്തെ ഈ പ്രവൃത്തി ലോകത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചിരിക്കുന്നു. ദേഷ്യം കാരണം കടമയിൽ നിന്ന് പിന്മാറുന്നത് ശരിയാണോ?’ അപ്പോൾ വായുദേവൻ ആഞ്ജനേയനെ ബ്രഹ്മാവിന്റെ പാദങ്ങളിൽ സമർപ്പിച്ചുകൊണ്ട്, ‘നിഷ്കളങ്കനായ എന്റെ മകന് നേരെ ഇന്ദ്രൻ എന്തിനാണ് ക്രൂരമായ വജ്രായുധം പ്രയോഗിച്ചത്?’ എന്ന് ചോദിച്ചു. ബ്രഹ്മാവ് ആഞ്ജനേയന്റെ ശരീരത്തിൽ മൃദുവായി തലോടിയതോടെ അവന് ബോധം തിരിച്ചുകിട്ടി. വായുദേവൻ പ്രപഞ്ചത്തിൽ വീണ്ടും വായുസഞ്ചാരം പുനഃസ്ഥാപിച്ചു.
‘ഈ കുട്ടി ലോകത്തിന് വലിയ നന്മകൾ ചെയ്യും, അതിനാൽ നിങ്ങളെല്ലാവരും ഇവനെ അനുഗ്രഹിക്കണം’ എന്ന് ബ്രഹ്മാവ് ദേവന്മാരോട് നിർദ്ദേശിച്ചു. ഇന്ദ്രൻ തന്റെ വജ്രായുധത്തിന്റെ കരുത്ത് ആഞ്ജനേയന്റെ കൈകൾക്ക് നൽകി. സൂര്യഭഗവാൻ അവന്റെ ഗുരുവായി മാറി സകല ശാസ്ത്രങ്ങളും ഉപദേശിച്ചു. യമധർമ്മൻ അവനെ മരണഭയത്തിൽ നിന്ന് മോചിപ്പിച്ചു. ബ്രഹ്മാവ് അവന് ‘ചിരഞ്ജീവി’ പദം നൽകി അനുഗ്രഹിച്ചു. ഇന്ദ്രന്റെ വജ്രായുധമേറ്റ് കുട്ടിയുടെ താടിയെല്ലുകൾക്ക് (ഹനു) ചെറിയ വീക്കം സംഭവിച്ചതിനാൽ ഇന്ദ്രൻ അവനെ ‘ഹനുമാൻ’ എന്ന് വിളിച്ചു. യാതൊരു ആയുധത്താലും വധിക്കപ്പെടില്ലെന്നും ആഗ്രഹിക്കുന്ന രൂപം സ്വീകരിക്കാൻ കഴിയുമെന്നും ദേവന്മാർ അവന് വരം നൽകി. ഒടുവിൽ വായുദേവൻ ഹനുമാനെ അഞ്ജനാദേവിയുടെ പക്കൽ തിരിച്ചെത്തിച്ചു. തന്റെ മകനെ സുരക്ഷിതനായി കണ്ട അഞ്ജന ആനന്ദപുളകിതയായി.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഭാഗം 3 . . തുടരും . . .