കൃഷ്ണൻ്റെ ശക്തിയെക്കുറിച്ചറിയാത്ത ഗോപന്മാർ അവൻ്റെ അസാധാരണങ്ങളായ പ്രവൃത്തികൾ കണ്ട് അത്ഭുത പരവശരായി. കൃഷ്ണനെപ്പോലെ ഏഴു വയസ്സുമാത്രമുള്ളൊരു കുട്ടി പർവ്വതമെടുത്തുയർത്തിയതും, പൂതനയെപ്പോലുള്ള അസുരരെ വധിച്ചതും, വൃന്ദാവനവാസികൾ ഏവരുടേയും ഹൃദയങ്ങളെ അതിയായി ആകർഷിച്ചതുമൊക്കെ കണ്ടപ്പോൾ അവരിൽ സംശയമുണർന്നു. കൃഷ്ണനെങ്ങനെ ഈ ഗോപസമൂഹംപോലൊരു ഇണങ്ങാത്ത സാഹചര്യത്തിൽ വന്നു പിറന്നുവെന്ന് അവർ കുഴങ്ങി. നന്ദഗോപരെ സമീപിച്ച് അവരിതൊക്കെ ഉണർത്തിച്ചപ്പോൾ ഗർഗ്ഗമുനി കൃഷ്ണനെക്കുറിച്ചു പറഞ്ഞതൊക്കെ നന്ദൻ അവരെ അറിയിച്ചു.
കഴിഞ്ഞ മൂന്നു യുഗങ്ങളിൽ നന്ദൻ്റെ പുത്രൻ വെളുത്തിട്ടും ചുവന്നിട്ടും പീതവർണത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ഈ ദ്വാപരയുഗത്തിൽ കൃഷ്ണരൂപത്തിൽ കാർവർണ്ണനായി ജനിച്ചിരിക്കുന്നുവെന്നും ഗർഗ്ഗമുനി പറഞ്ഞിരുന്നു. വസുദേവരുടെ പുത്രനായി അവതരിച്ചതിനാൽ അവന്റെ നാമങ്ങളിലൊന്നു വാസുദേവനെന്നാണ്. അവൻ്റെ ഗുണങ്ങൾക്കും പ്രവൃത്തികൾക്കും ചേർന്നവിധം അവന് എണ്ണമറ്റ നാമങ്ങൾ വേറെയുണ്ട്.
ഗോകുലത്തിലുണ്ടാകുന്ന പലതരം വിപത്തുകളെ കൃഷ്ണൻ തടയുമെന്നും, അതിരറ്റ മംഗളം പരത്തുമെന്നും ഗോപീഗോപന്മാരുടെ ആനന്ദം വർദ്ധിപ്പിക്കുമെന്നും ഗർഗ്ഗമുനി പ്രവചിച്ചിരുന്നു. പണ്ടൊരു കാലത്ത് ഹീനരായ കൊള്ളക്കാർ ബ്രാഹ്മണരെ ഉപദ്രവിച്ചപ്പോൾ (ശരിയായ ഒരു ഭരണാധികാരിയില്ലാത്ത നാട്ടിൽ) കൃഷ്ണനവർക്ക് സുരക്ഷ പ്രദാനം ചെയ്തു. വിഷ്ണു സ്വന്തം വശത്തുള്ള ദേവന്മാരെ ആകാശവാസികളായ അസുരർക്ക് ഒരിക്കലും തോൽപ്പിക്കാനാവില്ല. അതുപോലെ കൃഷ്ണനെ സ്നേഹിക്കുന്നവരെ ഒരു ശത്രുവിനും തോൽപ്പിക്കാനാവില്ല. ഐശ്വര്യത്തിലും ശക്തിയിലും പിന്നെ ഭക്തവാത്സല്യത്തിലും കൃഷ്ണൻ നാരായണനു തുല്യനാണ്.
ഗർഗ്ഗമുനിയുടെ പ്രസ്താവനകളിൽ അത്യധികം അത്ഭുതപ്പെട്ടും അതിരറ്റ് ആഹ്ലാദിച്ചും പരമപുരുഷനായ നാരായണൻ്റെ അതിശക്തനായ പ്രതിനിധിയാവും കൃഷ്ണണനെന്ന നിഗമനത്തിൽ ഗോപന്മാരെത്തിച്ചേർന്നു. അവർ കൃഷ്ണനെയും നന്ദമഹാരാജാവിനെയും വണങ്ങി.
ശ്രീമദ് ഭാഗവതം അധ്യായം 26