അഗ്നിയെയും അതിൻ്റെ ഇന്ധനത്തെയും ആത്മാവിനോടും ശരീരത്തോടും സാദൃശ്യപ്പെടുത്തുന്ന ഉപമ സംബന്ധിച്ച്, അഗ്നി ഒരു പരിധി വരെ അതിൻ്റെ ഇന്ധനത്തെ ആശ്രയിക്കുന്നുവെന്നും ഇന്ധനമില്ലാതെ അതിന് അസ്തിത്വമില്ലെന്നും ഒരുവൻ വാദിച്ചേക്കാം. അഗ്നി, ഇന്ധനമില്ലാതെ സ്വതന്ത്രമായി നിലനിൽക്കുന്നത് നമുക്ക് അനുഭവമില്ലാത്തതിനാൽ, ആത്മാവിന് ശരീരത്തിൽ നിന്ന് വേറിട്ട് നിൽക്കുവാനും, പിന്നീട് ശരീരത്താൽ ആവരണം ചെയ്യപ്പെടാനും അവസാനം അതിൽ നിന്ന് സ്വതന്ത്രനാകുവാനും എങ്ങനെ കഴിയുമെന്ന് ചോദ്യമുയർന്നേക്കാം. ജ്ഞാനവിദ്യയിലൂടെ മാത്രമേ ഒരുവന് ജീവാത്മാവിൻ്റെ സ്വഭാവം വ്യക്തമായി ഗ്രഹിക്കുവാൻ കഴിയുകയുള്ളൂ. വിദ്യയാൽ അഥവാ യഥാർഥ ജ്ഞാനത്താൽ, ഒരുവന് ഭൗതികാസ്തിത്വത്തെ കഷണങ്ങളാക്കി ഛേദിക്കുവാനും ഈ ജീവിതകാലത്തു പോലും ആധ്യാത്മിക യാഥാർഥ്യം അനുഭവിക്കാനും കഴിയും. ശ്രീല വിശ്വനാഥ ചക്രവർത്തി ഠാക്കൂറിൻ്റെ അഭിപ്രായത്തിൽ, നമ്മുടെ ഭൗതികമായ നിലനിൽപ്പ് കൃത്രിമമായ ഒരു ഭാരം ചുമത്തലാണ്. ഭഗവാൻ അചിന്ത്യമായ മായാശക്തിയാൽ സ്ഥൂലവും സൂക്ഷ്മവുമായ ഗുണങ്ങളിലുള്ള ഭൗതികരൂപങ്ങൾ ജീവാത്മാവിൽ അടിച്ചേൽപ്പിക്കപ്പെടുകയും, ശരീരവുമായുള്ള തെറ്റായ താദാത്മ്യം മൂലം അവൻ മായിക കർമങ്ങളുടെ ശൃംഖലക്ക് പ്രാരംഭം കുറിക്കുകയും ചെയ്യുന്നു. മുൻ അധ്യായത്തിൽ വിവരിച്ചതു പോലെ, ഇപ്പോഴത്തെ ശരീരം അടുത്ത ശരീരത്തിനുള്ള കർമബീജം ഉത്പാദിപ്പിക്കുന്ന ഒരു വൃക്ഷത്തെപ്പോലെയാണ്. എന്നാൽ അജ്ഞതയുടെ ഈ ചക്രം ഭഗവാനാൽ വിശദമാക്കപ്പെട്ട അതീന്ദ്രിയ ജ്ഞാനത്താൽ ഖണ്ഡങ്ങളായി ഛേദിക്കാൻ കഴിയും.
ദൗർഭാഗ്യവശാൽ, ജീവസത്തകൾ ഭഗവാനിൽ വൈരം പുലർത്തുകയാൽ ഭഗവാനാൽ പറയപ്പെട്ട പരിപൂർണ ജ്ഞാനം സ്വീകരിക്കുന്നില്ല. പകരം അവർ സ്ഥൂലവും സൂക്ഷ്മവുമായി മായാശക്തിയിൽ മഗ്നരായി തുടരുന്നു. എന്നാൽ ജീവസത്ത ഭഗവാൻ്റെ ജ്ഞാനം സ്വീകരിക്കുന്ന പക്ഷം, അവൻ്റെ സമസ്ത സാഹചര്യവും തിരുത്തപ്പെടുകയും, ഭഗവാൻ്റെ പ്രത്യക്ഷ സഹവാസത്തിലുള്ള, സച്ചിദാനന്ദകരമായ യഥാർഥ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ കഴിയും.
(ശ്രീമദ് ഭാഗവതം 11/10/10 / ഭാവാർത്ഥം )