മുകളിൽ പ്രസ്താവിച്ചപോലെ, മഹാരാജാവ് യുധിഷ്ഠിരൻ, അപ്രമാദഗതിയായ ഭഗവാന്റെ – അജിതന്റെ സംരക്ഷണത്തിലാകയാൽ, നദികൾ, സാഗരങ്ങൾ, കുന്നുകൾ, വനങ്ങൾ മുതലായ, ഭഗവാന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവങ്ങളൊക്കെ പ്രഫുല്ലമായിരിക്കുകയും, അവ പതിവായി അവരുടേതായ നികുതികളുടെ വിഹിതങ്ങൾ രാജാവിന് നൽകിയുമിരുന്നു. പരമപുരുഷനായ ഭഗവാന്റെ സംരക്ഷണത്തിൻ കീഴിൽ അഭയം പ്രാപിക്കുകയാണ് വിജയരഹസ്യം. അദ്ദേഹത്തിന്റെ അനുമതിയില്ലാതെ യാതൊന്നും സാധ്യമല്ല. ഉപകരണങ്ങളുടെയും യന്ത്രസാമഗ്രികളുടെയും ബലത്തിൽ സാമ്പത്തിക പുരോഗതി നേടാനുള്ള നമ്മുടെ ഉദ്യമം എല്ലാമാകുന്നില്ല. പരമപുരുഷന്റെ അനുമതി നിശ്ചയമായും വേണം. അല്ലാത്തപക്ഷം, എല്ലാവിധ സഹായകമായ വിന്യാസങ്ങളുണ്ടെങ്കിൽത്തന്നെയും, സകലതും പരാജയപ്പെടും. വിജയത്തിന്റെ പരമകാരണം ദൈവം, അഥവാ പരമപുരുഷനാകുന്നു. സാമാന്യ ജനങ്ങളുടെ ക്ഷേമപരിപാലനത്തിനായി പരമപുരുഷന്റെ പ്രതിനിധിയാണ് രാജാവെന്ന് മഹാരാജാവ് യുധിഷ്ഠിരനെപ്പോലുള്ള രാജാക്കന്മാർ പൂർണ്ണമായും അറിയുന്നു. യഥാർത്ഥത്തിൽ രാജ്യം പരമപുരുഷനായ ഭഗവാന് അവകാശപ്പെട്ടതാകുന്നു. നദികൾ, സമുദ്രങ്ങൾ, വനങ്ങൾ, മലകൾ, ഔഷധികൾ മുതലായവയൊക്കെയും മനുഷ്യന്റെ സൃഷ്ടികളല്ല. അവയെല്ലാംതന്നെ ഭഗവാന്റെ സൃഷ്ടികളാകുന്നുവെന്നു മാത്രമല്ല, ഭഗവദ്സേവനത്തിനായി ഭഗവാന്റെ വിഭവങ്ങൾ വിനിയോഗിക്കാൻ ജീവാത്മാക്കളെ അദ്ദേഹം അനുവദിച്ചിരിക്കുന്നു. ഇന്നത്തെ മുദ്രാവാക്യം: സകലതും ജനങ്ങൾക്കു വേണ്ടിയാണ്. ആകയാൽ ഭരണകൂടവും ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്നു. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ ഈശ്വരാവബോധത്തെയും, മാനവജീവിതത്തിന്റെ പരിപൂർണ്ണതയെയും, ഈശ്വരഭക്തിയിലുള്ള ആദർശസംഹിതയെയും അടിസ്ഥാനമാക്കിയുള്ള ഒരു നവ മനുഷ്യവർഗ്ഗം സൃഷ്ടിക്കുവാൻ ലോകം വീണ്ടും മഹാരാജാവ് യുധിഷ്ഠിരനെപ്പോലെ, അല്ലെങ്കിൽ മഹാരാജാവ് പരീക്ഷിത്തിനെപ്പോലുള്ള രാജാക്കന്മാരുടെ കാലടികളെ പിന്തുടരേണ്ടതാകുന്നു. ഭഗവദേച്ഛയാൽ സകലതും യഥേഷ്ടമുണ്ട്. ആകയാൽ മനുഷ്യർ തമ്മിലും, അല്ലെങ്കിൽ മൃഗങ്ങൾ തമ്മിലും, അല്ലെങ്കിൽ മനുഷ്യനും മൃഗങ്ങളും തമ്മിലും, അല്ലെങ്കിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വിദ്വേഷം കൂടാതെ, വിഭവങ്ങളുടെ ഉചിതമായ ഉപയോഗത്തിലൂടെ നമുക്ക് സ്വസ്ഥമായി, സുഖമായി ജീവിക്കാൻ കഴിയുന്നു. ഭഗവാന്റെ നിയന്ത്രണം സർവ്വയിടത്തുമുണ്ട്. മാത്രമല്ല, ഭഗവാൻ സംപ്രീതനായാൽ പ്രകൃതിയുടെ എല്ലാ ഭാഗവും ഹൃദ്യമായിരിക്കും. ഭൂമിയെ ഫലഭൂയിഷ്ഠമാക്കാൻ നദി സമൃദ്ധമായൊഴുകും. സമുദ്രങ്ങൾ യഥേഷ്ടം ധാതുക്കളും മുത്തുകളും രത്നങ്ങളും പ്രദാനം ചെയ്യും. വനങ്ങൾ വേണ്ടുവോളം മരങ്ങൾ, തടികൾ, ഔഷധികൾ, പച്ചക്കറികൾ എന്നിവ സംഭരിച്ചു നൽകും. ഋതുഭേദങ്ങൾ ഫലങ്ങളും, പുഷ്പങ്ങളും സമൃദ്ധമായ തോതിൽ ഉല്പാദിപ്പിക്കാൻ കാര്യക്ഷമമായി സഹായിക്കും. വ്യവസായശാലകളെയും, യന്ത്രോപകരണങ്ങളെയും ആശ്രയിക്കുന്ന കൃത്രിമ മാർഗ്ഗത്തിലുള്ള ജീവിതത്തിന്, ദശലക്ഷക്കണക്കിന് രൂപയുടെ വ്യയത്തിൽ പരിമിതമായ തോതിൽ മാത്രമേ സൗഭാഗ്യം നൽകാൻ കഴിയുകയുള്ളൂ. വലിയൊരംശം ജനങ്ങളുടെയും ഊർജ്ജം വ്യവസായശാലകളിലെ ഉല്പാദനത്തിനായി വിനിയോഗിക്കുകയാൽ പ്രകൃതിയുല്പന്നങ്ങൾക്ക് പ്രതിബന്ധമുണ്ടാകുന്നു. ഇക്കാരണത്താൽ സാമാന്യ ജനങ്ങൾ അസന്തുഷ്ടരാകുന്നു. ഉചിതമാംവണ്ണം അഭ്യസിക്കപ്പെടാത്തപക്ഷം, പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുന്ന സ്ഥാപിത താത്പര്യക്കാരുടെ കാലടികളെ സാമാന്യ ജനങ്ങൾ പിന്തുടരുകയും, അങ്ങനെ വ്യക്തികൾ തമ്മിലും, രാഷ്ട്രങ്ങൾ തമ്മിലും നിശിതമായ മത്സരമുണ്ടാകുകയും ചെയ്യുന്നു. അതിനെ നിയന്ത്രിക്കാൻ ഭഗവാന്റെ ശിക്ഷിതനായ പ്രതിനിധിക്കും സാധ്യമല്ലാതാകുന്നു. ഇവിടെ നൽകിയിരിക്കുന്നവയുമായി താരതമ്യപ്പെടുത്തി ആധുനിക സംസ്കാരത്തിന്റെ ന്യൂനതകളെ നിരൂപിക്കണം. മാത്രവുമല്ല, മനുഷ്യനെ ശുദ്ധമാക്കാനും, കാലത്തിനു ചേരാത്ത കാര്യം തുടച്ചുനീക്കാനും നാം യുധിഷ്ഠിരന്റെ പാത പിന്തുടരണം.
(ശ്രീമദ് ഭാഗവതം /1/10/5/ഭാവാർത്ഥം)