കൃഷ്ണാവബോധമില്ലാതെ ഒരു നിമിഷംപോലും കഴിച്ചുകൂട്ടാനാകാത്ത ഭക്തൻ ദിവസത്തിൽ ഇരുപത്തിനാല് മണിക്കൂറും കൃഷ്ണനെപ്പറ്റി ചിന്തിക്കുന്നു. അയാൾ ശ്രവണം, കീർത്തനം, സ്മരണം, പാദസേവനം, അർച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മസമർപ്പണം തുടങ്ങിയ കർമ്മങ്ങളിലൂടെ ഭക്തിയുതസേവനത്തിലേർപ്പെടുകയും ചെയ്യും. ശുഭാവഹങ്ങളും ആത്മീയപ്രഭാവങ്ങളുമായ ഈ കർമ്മങ്ങൾ ഭക്തനെ പൂർണ്ണമായ ആത്മസാക്ഷാത്കാരത്തിലേയ്ക്ക് നയിക്കും. പിന്നെ അയാൾക്ക് ഭഗവത്സമ്പർക്കത്തിലൊഴികെ യാതൊന്നിലും ആഗ്രഹമുണ്ടാവില്ല. ആ ഭക്തന് ഭഗവത്സാമീപ്യം നിഷ്പ്രയാസം സാധിക്കുമെന്നതിൽ സംശയമില്ല. ഇതത്രേ യോഗം. കൃഷ്ണന്റെ കൃപാതിരേകത്താൽ അത്തരമൊരാൾക്ക് ഒരിക്കലും ഭൗതിക ജീവിതത്തിന്റെ അവസ്ഥയിലേയ്ക്ക് തിരിച്ചുപോരേണ്ടിവരില്ല. ക്ഷേമമെന്നതിന് ഭഗവാന്റെ കരുണാമയമായ രക്ഷയിൽ എന്നർത്ഥം. യോഗത്താൽ കൃഷ്ണാവബോധം നേടാനുള്ള യത്നത്തിൽ ഭഗവാൻ ഭക്തനെ സഹായിക്കും. അങ്ങനെ കൃഷ്ണാവബോധം ലഭിച്ചശേഷം ക്ലേശപൂർണ്ണമായ ബദ്ധജീവിതത്തിലേയ്ക്ക് വീണ്ടും വീഴാനിടവരുത്താതെ രക്ഷിക്കുകയും ചെയ്യും.
(ശ്രീമദ് ഭഗവദ്ഗീത /9/22/ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆