പരമോന്നതനായ ഭഗവാനെ ഭക്തികൊണ്ട് നേടാം (ഭക്ത്യാ മാം അഭിജാനാതി). ഭക്തിയും, പരമദിവ്യോത്തമപുരുഷനായ ഭഗവാനെ സേവിക്കുവാനുള്ള ഇച്ഛയും മാത്രമാണ് യഥാർത്ഥ യോഗ്യതകൾ. ഈശ്വരൻ്റെ ഹൃദയപൂർവമായ താത്പര്യം ലഭിക്കുന്നതിനുളള മൂല്യം, അത് നേടുന്നതിനുള്ള ഒരുവൻ്റെ ആത്മാർത്ഥമായ ആകാംക്ഷ (ലൗല്യം ഏകം മൂല്യം) മാത്രമാണെന്ന് രൂപഗോസ്വാമിയും പറഞ്ഞിട്ടുണ്ട്. ചൈതന്യഭാഗവതത്തിൽ ഇത് പറഞ്ഞിട്ടുണ്ട്
ഖോലാവേചാ സേവകേര ദേഖ ഭാഗ്യ-സീമാ
ബ്രഹ്മാ ശിവ കാന്ദേ യാര ദേഖിയാ മഹിമാ
ധനേ ജനേ പാണ്ഡിത്യേ കൃഷ്ണ നാഹി പായ്
കേവല ഭക്തിര വശ ചൈതന്യ-ഗോസാഞ്
“”ഭക്തനായ ഖോലാവേചൻ്റെ മഹാസൗഭാഗ്യം നോക്കുക. ബ്രഹ്മദേവനും മഹാദേവനും അദ്ദേഹത്തിൻ്റെ മഹത്ത്വം കണ്ട് കണ്ണുനീർ വാർത്തു. സമ്പത്തും, അനുയായികളും, ജഞാനവും എത്രയധികം ഉണ്ടായാലും ഒരുവന് കൃഷ്ണനെ പ്രാപിക്കാനാവില്ല. ശ്രീ ചൈതന്യ മഹാപ്രഭൂവിനെ പരിശുദ്ധമായ ഭക്തികൊണ്ടു മാത്രമേ നിയന്ത്രിക്കാൻ കഴിയൂ.” ശ്രീ ചൈതന്യ മഹാപ്രഭുവിന് ഖോലാവേച ശ്രീധരനെന്നു പേരുളള ഒരാത്മാർത്ഥ ഭക്തനുണ്ടായിരുന്നു. നേന്ത്രവാഴയുടെ പോളകൾകൊണ്ടു നിർമിച്ച കലങ്ങൾ വിൽക്കുകയായിരുന്നു അവൻ്റെ ഏകതൊഴിൽ. എത്ര വരുമാനം കിട്ടിയാലും അതിൻ്റെ നേർപകുതി ഗംഗാമാതാവിനെ ആരാധിക്കാൻ ഉപയോഗിച്ചിരുന്ന അവൻ ബാക്കികൊണ്ടാണ് ജീവിതാവശ്യങ്ങൾ നിർവഹിച്ചിരുന്നത്. വളരെ പാവപ്പെട്ടവനായിരുന്ന അദ്ദേഹം പൊട്ടിപ്പൊളിഞ്ഞ് ദ്വാരങ്ങൾ വീണ മേൽക്കൂരയളെള്ളൊരു കുടിലിലാണ് ജീവിച്ചിരുന്നത്. ഓട്ടുപാത്രങ്ങൾ വാങ്ങാൻ നിവർത്തിയില്ലാതിരുന്ന അദ്ദേഹം ഇരുമ്പുകലത്തിൽ വെള്ളം ശേഖരിച്ചാണ് പാനം ചെയ്തിരുന്നത്. എന്നിരുന്നാലും അദ്ദേഹം ഭഗവാൻ ശ്രീ ചൈതന്യ മഹാപ്രഭുവിൻ്റെ ഒരു മഹാഭക്തനായിരുന്നു. ഭൗതിക സ്വത്തുക്കളില്ലാത്ത ഒരു പാവപ്പെട്ട മനുഷ്യന് ഭഗവാൻ്റെ ഏറ്റവും ശ്രേഷ്ഠനായ ഭക്തനായിത്തീരാൻ എങ്ങനെ കഴിയുമെന്നതിന് പ്രത്യേക ഉദാഹരണമാണ് അദ്ദേഹം. ഒരുവന് കൃഷ്ണഭഗവാന്റെ, അല്ലെങ്കിൽ ശ്രീ ചൈതന്യ ഗോസാനിയുടെ പങ്കജപാദങ്ങളിൽ ഭൗതികൈശ്വര്യങ്ങളിലൂടെ ശരണം പ്രാപിക്കാൻ കഴിയില്ലെന്ന് രത്നച്ചുരുക്കം; ആശരണം പരിശുദ്ധമായ ഭക്തിയുതസേവനത്തിലൂടെ മാത്രമേ നേടാൻ കഴിയുകയുളളു.
അന്യാഭിലാഷിതാ-ശൂന്യം ജഞാന-കർമാദി-അനാവൃതം
ആനുകൂല്യേന കൃഷ്ണാനു- ശീലനം ഭക്തിർ ഉത്തമാ
“ഒരുവൻ പരമോന്നതനായ ഭഗവാൻ കൃഷ്ണന് ഹൃദയപൂർവകമായും, ഭൗതിക നേട്ടങ്ങളോ, ഫലകാംക്ഷാ കർമങ്ങളിലൂടെയും, തത്ത്വശാസ്ത്രപരമായ അഭ്യൂഹങ്ങളിലൂടെയുമുളള നേട്ടങ്ങളോ ആഗ്രഹിക്കാതെ അതീന്ദ്രിയ പ്രേമസേവനം അനുഷ്ഠിക്കണം. ഇതിനെ പരിശുദ്ധ ഭക്തിയുതസേവനമെന്നുവിളിക്കുന്നു.
(ശ്രീമദ് ഭാഗവതം 5.19.7 / ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
