ശരത്കാലം വന്നെത്തിയപ്പോൾ ഭഗവാൻ കൃഷ്ണൻ ആകർഷകമായ വൃന്ദാവത്തിലെ വനാന്തരങ്ങളിൽ പ്രവേശിച്ചതും അദ്ദേഹത്തിന്റെ വേണുനാദം ശ്രവിച്ച ഗോപപ്പെൺകൊടികളുടെ സ്തുതികളുമാണ് ഈ അധ്യായത്തിൽ വിവരിക്കുന്നത്.
പശുക്കളെ മേയ്ക്കുവാനായി കൃഷ്ണബലരാമന്മാരും ഗോപബാലന്മാരും കാട്ടിൽ പ്രവേശിച്ചതും, കൃഷ്ണൻ മുരളിയൂതുവാൻ തുടങ്ങി. മനം മയക്കുന്ന ആ ഗാനം ശ്രവിച്ച ഗോപികമാർക്ക് കൃഷ്ണൻ കാട്ടിലെത്തുകയാണെന്നു മനസ്സിലായി. അപ്പോഴവർ പരസ്പരം കൃഷ്ണന്റെ ചരിതങ്ങൾ വർണിക്കുവാൻ തുടങ്ങി.
ഗോപികമാർ പ്രഖ്യാപിച്ചു, “കാലിമേച്ചു നടക്കുമ്പോൾ കൃഷ്ണൻ ഓടക്കുഴലൂതുന്നതു കാണുന്നതാണ് കണ്ണുകൾക്കു നേടാവുന്ന പരമോന്നതമായ സാഫല്യം. കൃഷ്ണൻ്റെ അധരാമൃതം തടസ്സമെന്യേ നുകരാൻ എന്തു പുണ്യമാണാവോ ഈ ഓടക്കുഴൽ ചെയ്തിട്ടുണ്ടാവുക! ഗോപകന്യകമാരായ നമുക്ക് ദുർലഭമല്ലേ ഈ അനുഗ്രഹം? കൃഷ്ണൻ്റെ മുരളീഗാനം ശ്രവിച്ച മയിലുകൾ നൃത്തമാടുന്നു. കൃഷ്ണനെക്കണ്ടാൽ ജീവജാലങ്ങളെല്ലാം അത്ഭുതസ്തബ്ധരാകുന്നു. വിമാനത്തിലേറി ആകാശമാർഗത്തിൽ സഞ്ചരിക്കുന്ന ദേവതമാർ കാമദേവൻ്റെ ആക്രമണം മൂലം വ്യാകുലരാകുകയും അവരുടെ വസ്ത്രങ്ങൾ അയയുകയും ചെയ്യുന്നു. വേണുനാദത്തിന്റെ അമൃതം പാനം ചെയ്യുന്ന പശുക്കൾ ചെവി വട്ടം പിടിക്കുന്നു. അവയുടെ കിടാങ്ങളാകട്ടെ, അമ്മയുടെ അകിടിൽ നിന്നു കുടിച്ചുകൊണ്ടിരിക്കുന്ന പാൽ വായിൽ വച്ചുകൊണ്ട് സ്തബ്ധരായി നിൽക്കുന്നു. പക്ഷികൾ മരക്കൊമ്പുകളിൽ അഭയം തേടി കൃഷ്ണൻ്റെ വേണുഗാനം പൂർണശ്രദ്ധയോടെ മിഴി മൂടി കേട്ടിരിക്കുന്നു. ഒഴുകുന്ന നദികൾ കൃഷ്ണനോട് ആകർഷണം തോന്നിയിട്ട് ഒഴുക്കു നിർത്തി തങ്ങളുടെ ഓളങ്ങളാകുന്ന കൈകളാൽ ആ പാദപദ്മങ്ങളെ ആലിംഗനം ചെയ്യുന്നു. മേഘങ്ങളാകട്ടെ വെയിലിൽ നിന്നു കൃഷ്ണനെ രക്ഷിക്കുവാൻ തലയ്ക്കു മുകളിൽ കൂടയായി നിന്നു. ശബരവംശത്തിലെ ആദിവാസിസ്ത്രീകൾ ഭഗവാൻ്റെ തൃപ്പാദങ്ങളിലണിഞ്ഞിരുന്ന ചെങ്കുങ്കുമം പുല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്നതുകണ്ട് കാമതാപം തീർക്കുവാനായി അതുവാരി സ്വന്തം സ്തനങ്ങളിലും മുഖങ്ങളിലും പൂശുന്നു. ഗോവർദ്ധനപർവ്വതം കൃഷ്ണനു നിവേദ്യമായി പലതരം പഴങ്ങളും കിഴങ്ങുകളും പച്ചപ്പുല്ലും സമർപ്പിക്കുന്നു സ്ഥാവരങ്ങളായ ജീവജാലങ്ങൾ ജംഗമ ജാതികളുടെ സ്വഭാവം സ്വീകരിക്കുകയും ജംഗമങ്ങൾ സ്ഥാവരങ്ങളായി ഭവിക്കുകയും ചെയ്യുന്നു. ഇതൊക്കെ എത്ര അദ്ഭുതകരങ്ങളാണ്!”
ശ്രീമദ് ഭാഗവതം അധ്യായം 21