വരുണന്റെ ധാമത്തിൽ നിന്ന് കൃഷ്ണൻ നന്ദമഹാരാജാവിനെ തിരിച്ചു കൊണ്ടുവരുന്നതും ഗോപന്മാർ വൈകുണ്ഠം ദർശിക്കുന്നതുമാണ് ഈ അധ്യായത്തിൽ വർണ്ണിക്കുന്നത്.
ഗോപന്മാരുടെ നായകനായ നന്ദമഹാരാജാവ് ഏകാദശിനാളിലെ ഉപവാസം കഴിഞ്ഞ് പന്ത്രണ്ടാമത്തെ നാളിൽ പാരണ വീടാനൊരുങ്ങുകയായിരുന്നു. ജ്യോതിശ്ശാസ്ത്രപ്രകാരം അശുഭകരമായ മുഹൂർത്തമായിരുന്നു വെങ്കിലും ദ്വാദശി അല്പനിമിഷങ്ങൾ കൂടിയേ ഉള്ളുവെന്നതിനാൽ നന്ദൻ രാത്രിയുടെ അന്തിമവേളയിൽ തന്നെ സ്നാനം ചെയ്യാൻ നിശ്ചയിച്ചു. അങ്ങനെ യമുനാനദിയിൽ പ്രവേശിച്ച നന്ദഗോപരെ ഒരു വരുണഭൃത്യൻ വേദങ്ങൾ വിലക്കിയവേളയിൽ നദിയിൽ ഇറങ്ങിയതിന് ബന്ധനസ്ഥനാക്കി ജലദേവനായ വരുണൻ്റെ സന്നിധിയിലേയ്ക്കു കൊണ്ടുപോയി. നേരം പുലർന്നപ്പോൾ നന്ദനെക്കാണാഞ്ഞ് ഗോപന്മാർ തിരക്കി നടന്ന് പരാജിതരായി. കൃഷ്ണനു കാര്യം മനസ്സിലായി. അദ്ദേഹം വരുണനെക്കാണാൻ പുറപ്പെട്ടു. വരുണൻ വിവിധങ്ങളായ ആഘോഷങ്ങളോടെ കൃഷ്ണനെ പുജിച്ചു. എന്നിട്ട് ഗോകുലരാജാവിനെ ബന്ധനത്തിലാക്കിയ വിഡ്ഢിത്തത്തി ന്തന്റെ സേവകനോട് പൊറുക്കണമെന്ന് യാചിച്ചു.
വരുണദേവന്റെ സഭയിൽ ശ്രീ കൃഷ്ണൻ നേടിയ സ്വാധീനം കണ്ട് നന്ദഗോപർ അദ്ഭുതപ്പെട്ടു. വീട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം ബന്ധുമിത്രാദികളോട് തന്റെ അനുഭവങ്ങൾ വിവരിച്ചു. ശ്രീകൃഷ്ണൻ പരമദിവ്യോത്ത മപുരുഷൻ തന്നെയായിരിക്കണം എന്ന് ഗോപന്മാർക്കു തോന്നി. അവർക്ക് അദ്ദേഹത്തിന്റെ പരമധാമം കാണണമെന്ന് മോഹം ജനിച്ചു. അപ്പോൾ സർവ്വശക്തനായ പരമദിവ്യോത്തമപുരുഷൻ, അക്രൂരൻ നിരപേക്ഷസത്യത്തെ ദർശിക്കാനിരിക്കുന്ന അതേ തടാകത്തിൽ കുളിക്കാൻ ഗോപന്മാർക്ക് സൗകര്യമുണ്ടാക്കിക്കൊടുത്തു. മഹായോഗികൾ ഭാവസമാധിയിൽ സാക്ഷാത്കരിക്കാറുള്ള ബ്രഹ്മലോകം അവിടെ വെച്ചു ഭഗവാൻ അവർക്ക് കാണിച്ചു കൊടുത്തു.
ശ്രീമദ് ഭാഗവതം , അധ്യായം 28