പശുക്കുട്ടികളെ വെള്ളം കുടിപ്പിക്കാൻ ഗോപന്മാർ എന്നും യമുനാതീരത്തു പോകാറുണ്ട്. പശുക്കുട്ടികൾ യമുനയിൽ നിന്നു വെള്ളം കുടിച്ചു കഴിയുമ്പോൾ സാധാരണയായി കുട്ടികളും കുടിക്കും. ഒരിക്കൽ വെള്ളം കുടിച്ചശേഷം നദീതീരത്തിരിക്കുമ്പോൾ, കൊക്കിൻ്റെ രൂപത്തിൽ പർവ്വതത്തോളം വലിപ്പമുള്ള ഒരു ജീവിയെ അവർ കണ്ടു. അതിന്റെ ഊർദ്ധ്വ ഭാഗം ഇടിമിന്നൽ പോലെ ശക്തമായിരുന്നു. അസാധാരണമായ ഈ ജീവിയെ കണ്ടപ്പോൾ അവർ പേടിച്ചുപോയി. ബകാസുരൻ എന്നായിരുന്നു ഈ ജന്തുവിന്റെ പേര്. കംസൻ്റെ ഒരു ചങ്ങാതിയായിരുന്നു ബകാസുരൻ. മിന്നൽ വേഗത്തിൽ രംഗത്തു വന്ന അവൻ കൂർത്തുമൂർത്ത കൊക്കുകൾ കൊണ്ടു കൃഷ്ണനെ കടന്നാക്രമിച്ച് നിമിഷത്തിനുള്ളിൽ വിഴുങ്ങിക്കളഞ്ഞു. ഇങ്ങനെ കൃഷ്ണൻ വിഴുങ്ങപ്പെട്ടപ്പോൾ ബലരാമനുൾപ്പെടെയുള്ള കുട്ടികളുടെ മുഴുവൻ ശ്വാസഗതി നിലച്ച് അവർ മൃതപ്രായരായിത്തീർന്നു. എന്നാൽ ബകാസുരൻ കൃഷ്ണനെ വിഴുങ്ങുമ്പോൾ കൃഷ്ണന്റെ ജ്വലിക്കുന്ന ദീപ്തി കാരണം അവന് തൊണ്ടയിൽ തീകത്തുന്നതു പോലെ തോന്നി. പെട്ടെന്ന് അസുരൻ കൃഷ്ണനെ ദൂരത്തെറിഞ്ഞിട്ടു കൊക്കുകൾക്കിടയിലൂടെ ഞെരിച്ച് അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചു. നന്ദ മഹാരാജാവിൻ്റെ പുത്രൻ്റെ ഭാഗമാണഭിനയിക്കുന്നതെങ്കിലും പ്രപഞ്ചസൃഷ്ടാവായ ബ്രഹ്മദേവൻ്റെ ആദി പിതാവാണു കൃഷ്ണനെന്നു ബകാസുരനുണ്ടോ അറിയുന്നു! ദേവന്മാർക്ക് ആനന്ദത്തിന്റെ സംഭരണിയും പുണ്യാത്മാക്കളുടെ സംരക്ഷകനുമായ യശോദാപുത്രൻ ഈ ഭീമാകാരനായ ബകത്തിൻ്റെ കൊക്കുകളിൽ കടന്നു പിടിച്ച്, തന്റെ കൂട്ടുകാരായ ഗോപന്മാരുടെ കൺമുമ്പിൽ വെച്ച് ഒരു ബാലൻ പുൽക്കൊടി കീറിയെറിയുന്നത്ര ലാഘവത്തോടെ ആ കൊക്കുകൾ രണ്ടായി കീറിയെറിഞ്ഞു. ആകാശത്തു നിന്നു സ്വർല്ലോകവാസികൾ അഭിനന്ദനസൂചകമായി ഏററവും സുഗന്ധകാരിയായ ചമേലി പുഷ്പങ്ങൾ വർഷിച്ചു. ഒപ്പം ശംഖ മദ്ദള കാഹള ധ്വനികളും മുഴങ്ങി.
പുഷ്പവൃഷ്ടി കാണുകയും ദിവ്യനാദങ്ങൾ കേൾക്കുകയും ചെയ്ത കുട്ടികൾ അദ്ഭുതസ്തബ്ധരായി. കൃഷ്ണനെ കണ്ടപ്പോൾ ബലരാമനുൾപ്പെടെ എല്ലാവരും തങ്ങളുടെ ജീവൻ്റെ പ്രഭവത്തെ തിരിച്ചു കിട്ടിയാലെന്നപോലെ ആമോദം കൊണ്ടു തുള്ളിച്ചാടി. തങ്ങളുടെ നേരെ നടന്നു വരുന്ന നന്ദകുമാരനെ അവർ ഓരോരുത്തരായി ആശ്ലേഷിച്ചു മാറോടു ചേർത്തുനിർത്തി. തുടർന്ന് പശുക്കുട്ടികളെ മുഴുവൻ അടുത്തുകൂട്ടി വീടുകളിലേക്കു മടങ്ങുകയും ചെയ്തു.
അനുസരണയില്ലായ്മ, ഗുരുവിനേയും കൃഷ്ണനേയും കബളിപ്പിക്കാനുള്ള പ്രവണത, എന്നിവയെ സൂചിപ്പിക്കുന്നതാണ് ബകാസുരൻ എന്ന്ഭക്തി വിനോദ ഠാക്കൂർതന്റെ ചൈതന്യശിക്ഷാമൃതത്തിൽ പറഞ്ഞിരിക്കുന്നു
ശ്രീമദ് ഭാഗവതം 10.11
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆