ഭാരതീയ സംസ്കാരത്തിൽ ഏറെ പ്രാധാന്യമുള്ള ആഘോഷമാണ് മഹാശിവരാത്രി. എല്ലാ വർഷവും കുംഭമാസത്തിലെ (ഫെബ്രുവരി-മാർച്ച്) കറുത്ത പക്ഷ ചതുർദശി നാളിലാണ് ഈ പുണ്യാവസരം വന്നെത്തുന്നത്. ‘മഹാശിവരാത്രി’ എന്ന പദത്തിന്റെ അർത്ഥം തന്നെ ഭഗവാൻ പരമശിവനായി സമർപ്പിക്കപ്പെട്ട മഹത്തായ രാത്രി എന്നാണ്.
ശിവരാത്രി നാളിൽ ശിവക്ഷേത്രങ്ങളെല്ലാം അതിമനോഹരമായി അലങ്കരിക്കപ്പെടുന്നു. ഭഗവാന്റെ തിരുമുന്നിൽ പ്രണാമമർപ്പിക്കാൻ ഭക്തജനങ്ങളുടെ വലിയ നിര തന്നെ ദൃശ്യമാകാറുണ്ട്. തങ്ങളുടെ ജീവിതത്തിൽ ഭഗവാൻ ചൊരിയുന്ന അനുഗ്രഹങ്ങൾക്ക് നന്ദിസൂചകമായി അവർ പ്രാർത്ഥനകളും വഴിപാടുകളും അർപ്പിക്കുന്നു.
ശിവരാത്രി നാളിൽ ഭക്തർ രാത്രിയുറക്കമൊഴിഞ്ഞ് ഭഗവാനെ ആരാധിക്കുന്നതിന് പിന്നിൽ സാരവത്തായ ഒരു കഥയുണ്ട്:

ഒരിയ്ക്കൽ ഭഗവാൻ ശിവന്റെ പരമഭക്തനായ ഒരു പാവപ്പെട്ട വേടൻ വിറക് ശേഖരിക്കാനായി വനത്തിൽ പോയി. കാടിന്റെ വന്യതയിൽ വഴിതെറ്റിയ അദ്ദേഹത്തിന് നേരം ഇരുട്ടും മുൻപ് വീട്ടിലെത്താൻ സാധിച്ചില്ല. ഇരുട്ട് പടർന്നതോടെ കാട്ടുമൃഗങ്ങളുടെ ഗർജ്ജനം കേട്ട് ഭയചകിതനായ അദ്ദേഹം രക്ഷയ്ക്കായി അടുത്തുള്ള ഒരു മരത്തിൽ കയറി ഇരുന്നു. ഉറങ്ങിപ്പോയാൽ താഴെ വീണ് മൃഗങ്ങൾക്ക് ഇരയാകുമെന്ന് ഭയന്ന വേടൻ, ഉറക്കം വരാതിരിക്കാൻ മരത്തിലെ ഇലകൾ ഓരോന്നായി പറിച്ച് താഴെയിടാൻ തീരുമാനിച്ചു. ഓരോ ഇല പറിക്കുമ്പോഴും അദ്ദേഹം ഭക്തിയോടെ ശിവനാമം ജപിച്ചുകൊണ്ടിരുന്നു.
അദ്ദേഹം കയറിയിരുന്നത് ഭഗവാൻ ശിവന് ഏറ്റവും പ്രിയപ്പെട്ട കൂവള വൃക്ഷത്തിലായിരുന്നു.. ആ മരച്ചുവട്ടിലാകട്ടെ ഒരു ശിവലിംഗവും ഉണ്ടായിരുന്നു. താൻ പോലുമറിയാതെ ആ വേടൻ രാത്രി മുഴുവൻ കൂവളത്തിലകൾ അർപ്പിച്ച് ഭഗവാനെ പൂജിക്കുകയായിരുന്നു. തന്റെ ഭക്തന്റെ നിഷ്കളങ്കമായ പ്രവൃത്തിയിൽ പ്രസാദിച്ച ഭഗവാൻ ശിവൻ അദ്ദേഹത്തിന് ദർശനം നൽകി അനുഗ്രഹിച്ചു.
മറ്റൊരു പ്രധാനപ്പെട്ട കഥ ശ്രീമദ് ഭാഗവതത്തിൽ പ്രതിപാദിക്കുന്നുണ്ട്:
പണ്ട് ദേവാസുരന്മാർ അമൃതിനായി പാൽക്കടൽ മഥനം ചെയ്യാൻ തീരുമാനിച്ചു. ഭഗവാൻ വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം വാസുകി എന്ന സർപ്പത്തെ കയറായും മന്ദരപർവ്വതത്തെ മത്തായും ഉപയോഗിച്ചാണ് മഥനം ആരംഭിച്ചത്. പർവ്വതം കടലിൽ താഴ്ന്നുപോയപ്പോൾ ഭഗവാൻ വിഷ്ണു കൂർമ്മരൂപം ധരിച്ച് പർവ്വതത്തെ തന്റെ പുറത്ത് താങ്ങിനിർത്തി. കടൽ കടഞ്ഞപ്പോൾ അത്യന്തം അത്ഭുതകരമായ പല വസ്തുക്കളും ഉയർന്നു വന്നു. എന്നാൽ പെട്ടെന്ന് ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശേഷിയുള്ള ‘ഹാലാഹലം’ എന്ന മാരകവിഷം പുറത്തുവന്നു.

തന്റെ പ്രിയ ഭക്തനായ ഭഗവാൻ ശിവന്റെ മഹിമ ലോകത്തിന് കാട്ടിക്കൊടുക്കാൻ ആഗ്രഹിച്ച വിഷ്ണുഭഗവാൻ, വിഷത്തിൽ നിന്ന് രക്ഷനേടാൻ ശിവനെ അഭയം പ്രാപിക്കാൻ ദേവന്മാരോട് നിർദ്ദേശിച്ചു. ഭഗവാൻ വിഷ്ണുവിനെ പ്രസാദിപ്പിക്കുന്നതിനും സർവ്വ ജീവജാലങ്ങളോടുമുള്ള കാരുണ്യത്താലും ശിവഭഗവാൻ ആ വിഷം പാനം ചെയ്യുകയും അത് തന്റെ തൊണ്ടയിൽ കുടുക്കി നിർത്തുകയും ചെയ്തു. വിഷത്തിന്റെ കാഠിന്യത്താൽ ഭഗവാന്റെ തൊണ്ട നീലനിറമായി മാറി. അങ്ങനെയാണ് ഭഗവാന് ‘നീലകണ്ഠൻ’ എന്ന നാമം സിദ്ധിച്ചത്.
ലോകരക്ഷയ്ക്കായി ഭഗവാൻ നടത്തിയ ഈ മഹാത്യാഗത്തെ സ്മരിച്ചാണ് ഭക്തർ ശിവരാത്രി നാളിൽ ഉറക്കമൊഴിഞ്ഞ് ഭഗവാന്റെ ലീലകൾ വാഴ്ത്തുന്നത്. ഭൂതപ്രേതാദികളെപ്പോലും തന്റെ സാമീപ്യത്താൽ മോചിപ്പിക്കുന്നവനാണ് കാരുണ്യമൂർത്തിയായ ശിവൻ. സ്വാർത്ഥത വെടിഞ്ഞ് മറ്റുള്ളവരുടെ നന്മയ്ക്കായി ജീവിക്കാൻ മഹാശിവരാത്രി നമ്മെ പഠിപ്പിക്കുന്നു. ശ്രീമദ് ഭാഗവതത്തിൽ ഭഗവാൻ ശിവനെ ‘വൈഷ്ണവാനാം യഥാ ശംഭു’ എന്ന് വിശേഷിപ്പിക്കുന്നു—അതായത് ഭഗവാൻ വിഷ്ണുവിന്റെ ഭക്തരിൽ ഏറ്റവും ഉന്നതനും സർവ്വഭൂതദയയുള്ളവനുമാണ് ശംഭു. ശിവനെപ്പോലെ ലളിതമായും സ്വാർത്ഥതയില്ലാതെയും മറ്റുള്ളവരെ സേവിക്കുന്നത് ഈശ്വരനെ അത്യധികം പ്രസാദിപ്പിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
