അഷ്ടസഖികൾ
സഖീ വിനാ ഏയ് ലീലാ പുഷ്ട നാഹി ഹയ
സഖീ ലീലാ വിസ്ത്താരിയാ, സഖീ ആസ്വാദയ
വിവർത്തനം
“രാധയും കൃഷ്ണനും തമ്മിലുളള ഈ ലീലകൾ ഗോപികമാരില്ലാതെ പുഷ്ടി പ്രാപിക്കുകയില്ല. അവരുടെ സഹകരണം കൊണ്ട് മാത്രമേ ഈ ലീലകൾ അറിയപ്പെടുകയുള്ളൂ. ഈ രസങ്ങൾ ആസ്വദിക്കുന്നത് അവരുടെ പ്രവൃത്തിയാണ്.
ശ്രീ ചൈതന്യ ചരിതാമൃതം – മധ്യലീല – 8.203
വൃന്ദാവനത്തിലെ എട്ട് പ്രധാന ഗോപിമാർ: ലളിത, വിശാഖ, ചിത്രാ, ചമ്പകലതാ, തുങ്ഗവിദ്യാ, ഇന്ദുലേഖ, രംഗദേവി, സുദേവി. ഇവർ ‘അഷ്ടസഖികൾ’ എന്നും ‘പരമപ്രേഷ്ഠ സഖികൾ’ എന്നും അറിയപ്പെടുന്നു, കാരണം അവർ ശ്രീമതി രാധാ റാണിയുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളാണ്.
ഈ ശ്രേഷ്ഠരായ ഗോപിമാർ ശ്രീ രാധാകൃഷ്ണന്മാരുടെ ഏറ്റവും അടുത്ത സഖിമാർ എന്ന നിലയിൽ പ്രസിദ്ധരാണ്. ദിവ്യ ദമ്പതികളുടെ പ്രേമലീലകൾ പ്രകടിപ്പിക്കാൻ സഹായിക്കുന്നതിൽ ഇവർ എപ്പോഴും തീവ്രമായി ലീനരായിരിക്കും.
ശ്രീ രാധാ-കൃഷ്ണന്മാരോടുള്ള ഇവരുടെ പ്രേമം അപൂർവവും അതുല്യവുമായതാണ്. മനോഹരമായ ദിവ്യരൂപം, ആകർഷകമായ സ്വഭാവഗുണങ്ങൾ, മധുരഭാവങ്ങളാൽ ഇവർ സമ്പന്നരാണ്.
ഈ അഷ്ടസഖികളുടെ കുടുംബ പശ്ചാത്തലം, ഭാവങ്ങൾ, സേവനങ്ങൾ എന്നിവയുടെ ലഘു പരിചയം താഴെ നൽകിയിരിക്കുന്നു.
ലളിതാ സഖി
വൃന്ദാവനത്തിലെ അഷ്ടസഖികളിൽ ശ്രീ ലളിതാദേവിയാണ് മുഖ്യസ്ഥാനം അലങ്കരിക്കുന്നത്. ശ്രീമതി രാധാറാണിയേക്കാൾ 27 ദിവസം മുതിർന്നതാണ് ലളിതാ. ലളിതാ ദേവി ‘അനുരാധാ’ എന്നും അറിയപ്പെടുന്നു.
ലളിതാ ദേവിയുടെ ശരീരം ഗോരോചന വർണ്ണത്തോട് കൂടിയുള്ളതാണ്. മയിൽപീലിക്ക് സമാനമായ നിറത്തോട് കൂടിയ വേഷധാരണവും മനോഹരമാണ്. വിശോകൻ ആണ് ദേവിയുടെ പിതാവ്, ശാരദ അവരുടെ മാതാവ്. കർക്കശത എന്ന ഗുണം ലളിതാദേവിയുടേതായി പ്രത്യേകമായി കാണപ്പെടുന്നു. അതുവഴി കൃഷ്ണനോടുള്ള അവരുടെ ബന്ധത്തിൽ പ്രത്യേക രസം പകരുന്നു. ദേവിയുടെ ഭർത്താവിന്റെ നാമം ഭൈരവൻ എന്നാകുന്നു.
ലളിതാദേവി ശ്രേഷ്ഠരായ ഗോപിമാരുടെ എല്ലാ പ്രവർത്തനങ്ങളുടെയും ചുമതല വഹിക്കുന്നു. ശ്രീരാധാ-കൃഷ്ണന്മാരുടെ പ്രേമ ലീലകളിൽ അവർ തമ്മിൽ ഉണ്ടായേക്കാവുന്ന പ്രേമപൂർവമായ കലഹങ്ങളിൽ ഒത്തുതീർപ്പ് വരുത്തുന്നതിൽ വിദഗ്ദയാണ് ലളിതാ ദേവി. ചിലപ്പോൾ ശ്രീമതി രാധാ റാണിയുടെ പക്ഷം വഹിക്കാൻ വേണ്ടി അവർ കൃഷ്ണനെ വഴക്ക് പറയുകയും ചെയ്യുന്നു. ശ്രീ രാധാകൃഷ്ണന്മാരുടെ സംഗമങ്ങൾ നടക്കാൻ അവസരം ഒരുക്കുന്നത് ലളിതാദേവിയും പൂർണമാസിയും ചേർന്നാണെങ്കിലും അവരുടെ സംഗമ വേളകളിൽ ലളിതാദേവി ഉദാസീനയായി പെരുമാറുന്നു,
ശ്രീരാധാ-കൃഷ്ണന്മാർക്ക് താമ്പൂലം മുതലായവ നൽകുന്ന ദാസിമാരായ ഗോപികമാരുടെയും, അതുപോലെ ശ്രീബലരാമനോടു ഭക്തിയുള്ള ഗോപിമാരുടെ സംഘത്തെയും ലളിതാദേവിയാണ് നിയന്ത്രിക്കുന്നത്.