ശ്രീ ഗൗര പാദപത്മ പ്രാർത്ഥന
(ശ്രീല നരോത്തമദാസ ഠാക്കൂർ)
(1)
ശ്രീകൃഷ്ണ ചൈതന്യ പ്രഭു ദയാ കൊരോ മോരേ
തൊമാ ബിനാ കേ ദയാലു ജഗത് സംസാരേ
(2)
പതിത പാവന ഹേതു തവ അവതാര
മൊ സമ പതിത പ്രഭു ന പായിബേ ആര
(3)
ഹാ ഹാ പ്രഭു നിത്യാനന്ദ പ്രേമാനന്ദ സുഖി
കൃപാബലൊകന കോരൊ ആമി ബൊരൊ ദുഃഖി
(4)
ദയ കൊരൊ സീതാപതി അദ്വൈത ഗോസായ്
തവ കൃപ ബലേ പായ് ചൈതന്യ നിതായ്
(5)
ഗൗരാംഗേര നിജ സഖി പണ്ഡിറ്റ് ഗദാധര
ശ്രീവാസ ഹരിദാസ മോരേ കൃപ കൊരോ
(6)
ഹാ ഹാ സ്വരൂപ് സനാതന രൂപ, രഘുനാഥ
ഭട്ട ജുഗ ശ്രീ ജീവ ഹ പ്രഭു ലോകനാഥ
(7)
ദയ കൊരോ ശ്രീ ആചാര്യ പ്രഭു ശ്രീനിവാസ
രാമചന്ദ്ര സംഗമാഗേ നരോത്തമദാസ
ഭാവാർത്ഥം
(എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ)
ശ്രീല നരോത്തമദാസ ഠാക്കൂർ, ശ്രീ ചൈതന്യനോട് ഇപ്രകാരം പ്രാർത്ഥിക്കുന്നു. “അല്ലയോ ഭഗവാനേ, എന്നിൽ കരുണ കാട്ടിയാലും! ത്രിലോകങ്ങളിലും, അങ്ങയേക്കാൾ കാരുണ്യവാനായി മറ്റാരാണുള്ളത്!” ഇത് ഒരു യാഥാർത്ഥ്യമാണ്. നരോത്തമ ദാസ മാത്രമല്ല, ശ്രീല രൂപ ഗോസ്വാമിയും മഹാപ്രഭുവിനോട് ഇപ്രകാരം പ്രാർത്ഥിക്കുകയുണ്ടായി. രൂപ ഗോസ്വാമി പ്രയാഗയിൽ (അലഹബാദ്) വച്ച് ശ്രീ ചൈതന്യനെ ആദ്യമായി കാണുമ്പോൾ, ഇപ്രകാരം പറയുകയുണ്ടായി. “അല്ലയോ ഭഗവാനേ, അങ്ങാണ് എല്ലാ അവതാരങ്ങളിൽ വച്ചും അത്യുദാരൻ. എന്തുകൊണ്ടെന്നാൽ, അങ്ങ് കൃഷ്ണപ്രേമം ഉദാരമായി വിതരണം ചെയ്യുന്നു.”
കൃഷ്ണാവതാരത്തിൽ അദ്ദേഹത്തെ ശരണം പ്രാപിക്കാൻ നമ്മോടാവശ്യപ്പെട്ടതല്ലാതെ, സ്വയം അദ്ദേഹത്തെ ഇത്ര സുഗമമായി നമുക്ക് നൽകിയില്ല. ആദ്യം “നീ എന്നെ ശരണം പ്രാപിക്കുക” എന്ന ഒരു ഉപാധി വെച്ചു. എന്നാൽ, ശ്രീ ചൈതന്യ മഹാപ്രഭു, സ്വയം കൃഷ്ണൻതന്നെയായാലും, ഇത്തരം ഉപാധികളൊന്നും മുന്നോട്ടുവച്ചില്ല. “കൃഷ്ണപ്രേമം സ്വീകരിക്കൂ” എന്ന് അദ്ദേഹം വിതരണം ചെയ്യുക മാത്രം ചെയ്തു. നരോത്തമ ദാസ പറയുന്നു: “അങ്ങ് മഹാമനസ്കനാണ്. കലിയുഗത്തിലെ പതിതാത്മാക്കളിൽ അങ്ങ് അത്യന്തം അനുകമ്പയുള്ളവനാണ്. എന്നാൽ, ഞാനാണ് ഏറ്റവും പതിതൻ എന്ന് അങ്ങ് അറിഞ്ഞാലും!” പതിതപാവന ഹേതു തവ അവതാര: “ബദ്ധരായ പതിതാത്മാക്കളെ ഉദ്ധരിക്കാനായുള്ളതാണ് അങ്ങയുടെ ഈ അവതാരം. എന്നാൽ, എന്നേക്കാൾ പതിതനായ ഒരുവനെ കണ്ടുമുട്ടാൻ കഴിയാത്തതിനാൽ, എന്നെ ആദ്യം ഉദ്ധരിക്കുക.”
അടുത്തതായി, അദ്ദേഹം നിത്യാനന്ദ പ്രഭുവിനോട് പ്രാർത്ഥിക്കുന്നു: ഹാ ഹാ പ്രഭു നിത്യാനന്ദ പ്രേമാനന്ദ സുഖി: “അല്ലയോ നിത്യാനന്ദ പ്രഭു, അങ്ങ് എല്ലായ്പ്പോഴും ആത്മീയാനന്ദത്തിലാണ്. അങ്ങ് എപ്പോഴും സന്തോഷവാനാകയാൽ, ദുഃഖിതനായ ഞാൻ അങ്ങയുടെ അടുക്കൽ വരുന്നു. അങ്ങ് എന്നിൽ ദൃഷ്ടി ചെലുത്തിയാൽ ഞാനും സന്തോഷവാനാകും.” പിന്നീട് അദ്ദേഹം അദ്വൈത പ്രഭുവിനോട് പ്രാർത്ഥിക്കുന്നു: ദയാ കൊരോ സീതാ പതി അദ്വൈത ഗോസായ്: സീതയെന്നാണ് അദ്ദേഹത്തിന്റെ പത്നിയുടെ പേര്. “അല്ലയോ അദ്വൈത പ്രഭു, അങ്ങ് ദയാലുവാണ്. എന്നിൽ കരുണ കാട്ടൂ! അങ്ങ് കരുണ കാട്ടിയാൽ, സ്വാഭാവികമായും ശ്രീ ചൈതന്യനും, നിത്യാനന്ദനും എന്നിൽ കരുണകാട്ടും.” വാസ്തവത്തിൽ, അദ്വൈതനാണ് ശ്രീ ചൈതന്യനെ അവതരിക്കാൻ ക്ഷണിച്ചത്. കൃഷ്ണാവബോധമില്ലാതെ, ഇന്ദ്രിയാസ്വാദനത്തിൽ വ്യാപൃതരായ കലിയുഗത്തിലെ ബദ്ധാത്മാക്കളിൽ അനുകമ്പ തോന്നിയ അദ്വൈതാചാര്യൻ, ഭഗവാൻ കൃഷ്ണനോട് ഇപ്രകാരം പ്രാർത്ഥിച്ചു: “ദയവായി അങ്ങ് വരിക! അങ്ങയുടെ വ്യക്തിപരമായ സാന്നിദ്ധ്യമില്ലാതെ ഈ പതിതാത്മാക്കളെ ഉദ്ധരിക്കാനാകില്ല.” അതിനാൽ മഹാപ്രഭു അവതരിച്ചു.
അടുത്തതായി, ഗോസ്വാമിമാരോട് പ്രാർത്ഥിക്കുന്നു : ഹാ ഹാ സ്വരൂപ് സനാതന രൂപ, രഘുനാഥ : സ്വരൂപ ദാമോദരൻ, മഹാപ്രഭുവിന്റെ സഹായിയായി എല്ലായ്പ്പോഴും അടുത്ത് ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിഗത പരിചാരകരായ സ്വരൂപ് ദാമോദരനും, ഗോവിന്ദനും എപ്പോഴും മഹാപ്രഭുവിനോടൊപ്പമുണ്ടാകും. മഹാപ്രഭു നേരിട്ട് ഉപദേശം നൽകിയ ആറ് ഗോസ്വാമിമാരുടേയും (ശ്രീ രൂപ, സനാതന, രഘുനാഥഭട്ട, ഗോപാല ഭട്ട, ശ്രീ ജീവ, രഘുനാഥദാസ) കാരുണ്യത്തിനായി നരോത്തമദാസ് പ്രാർത്ഥിക്കുന്നു.
ഈ ആറ് ഗോസ്വാമിമാർക്ക് അടുത്തത് ശ്രീനിവാസ ആചാര്യനാണ്. ഗുരുശിഷ്യ പരമ്പരയിൽ ശ്രീനിവാസ ആചാര്യന് അടുത്തതായി വരുന്ന നരോത്തമദാസ ഠാക്കൂർ അദ്ദേഹത്തിന്റെ സമകാലീനനാണ്. നരോത്തമന്റെ മിത്രമായ രാമചന്ദ്ര ചക്രവർത്തിയുടെ സാമീപ്യവും അദ്ദേഹം ആഗ്രഹിക്കുന്നു. നാം മുകളിലുള്ള ആചാര്യന്മാരുടെ കാരുണ്യത്തിനായി പ്രാർത്ഥിക്കുകയും, പരിശുദ്ധ ഭക്തന്മാരുടെ സഹവാസത്തിൽ വർത്തിക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രക്രിയ. അപ്പോൾ ശ്രീ ചൈതന്യന്റേയും, കൃഷ്ണന്റേയും കാരുണ്യത്തിന് പാത്രമായി സുഗമമായി ആത്മീയ പുരോഗതി കൈവരിക്കാം. ഇതാണ് നരോത്തമദാസ ഠാക്കൂർ രചിച്ച ഈ ഗാനത്തിന്റെ സാരാംശം.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆