ഇവിടെ സന്നിഹിതരായി ഈ പരിപാവനമായ കൃഷ്ണാവബോധപ്രസ്ഥാനത്തിൽ ഭാഗഭാക്കുകളാകുന്ന നിങ്ങൾ ഓരോരുത്തരോടും ഞാൻ എൻ്റെ നന്ദി രേഖപ്പെടുത്തുന്നു. നമ്മൾ ഇന്നലെ ചർച്ച ചെയ്തിരുന്നത് ‘ന മാം ദുഷ്കൃതിനോ മൂഢാഃ പ്രപദ്യന്തേ നരാധമാഃ‘ (ഭ.ഗീ 7.15) എന്ന ശ്ലോകമാണ്. പാപികൾക്ക് നമ്മെ പുരോഗതിയിലേക്ക് നയിക്കാൻ ആവില്ല. ഇതെക്കുറിച്ച് നമ്മൾ പല ആവൃത്തി പറഞ്ഞിരിക്കുന്നു. പാപകർമ്മങ്ങളിൽ നമ്മൾ മുഴുകരുത്. ‘യേഷാം ത്വം അന്തഗതം പാപം‘ പാപകർമ്മങ്ങൾ നാലുവിധമാണ്. ശ്രീമദ് ഭാഗവതം പ്രകാരം ‘ദ്യുതം പാനം സ്ത്രീയഃ സൂനായാധർമ്മശ്ചതുർവിധ‘ (ശ്രീ.ഭാ. 1.17.38). ഈ നാലു കാര്യങ്ങൾ പാപത്തിൻ്റെ നെടും തൂണുകളാണ്. മനുഷ്യസമൂഹത്തിൽ സംസ്കാരസമ്പന്നർ അനുഷ്ഠിച്ചു പോരുന്ന ഒരു വ്യവസ്ഥിതിയാണ് വിവാഹം. ദാമ്പത്യജീവിതം കാമപൂർത്തീകരണത്തിനുള്ള ഒരു ഉടമ്പടിയാണ്. ആഹാരം, നിദ്ര, ഭയം, മൈഥുനം എന്നിവ ജീവിതത്തിൽ ഒഴിച്ചുകൂടാൻ വയ്യാത്തവയാണ്. എന്നാൽ, ആത്മീയ ലോകത്തിൽ ഇതിൻ്റെയൊന്നും യാതൊരു ആവശ്യകതയുമില്ല.
ആയതിനാൽ, ആത്മീയ ജീവിതത്തിൽ പുരോഗതി കാംക്ഷിക്കുന്നവർ ഈവക കാര്യങ്ങളൊക്കെ കുറച്ചുകൊണ്ടുവരണം. ഇതിനാണ് തപസ്യ എന്ന് പറയുന്നത്. നമ്മുടെ മഹത്തായ ഭാരതത്തിൽ മഹാന്മാരായ ഋഷിമാരും, ചക്രവർത്തിമാരുമൊക്കെ ഈവക കാര്യങ്ങൾ ക്രമേണ കുറച്ചുകൊണ്ടുവരിക പതിവായിരുന്നു. സ്ത്രീസംഗം ശരീരത്തിൻ്റെ ഒരു ആവശ്യകതയാണ്. ഇവിടെ എല്ലാവർക്കും മദ്യത്തിലും, മദിരാക്ഷിയിലും, മാംസഭക്ഷണത്തിലും താത്പര്യമുണ്ട്. സ്വാഭാവികമായ ഒരുതരം അഭിനിവേശം. ഒരു ചെറിയ ഉറുമ്പിനുപോലും ഈ പ്രത്യേകത ഉണ്ട്. ശാസ്ത്രജ്ഞന്മാർ ഇതെക്കുറിച്ചൊക്കെ പഠിക്കുന്നുണ്ട്. നിയമപ്രകാരം വിവാഹം കഴിക്കുന്നത് ഇത്തരം ആസ്വാദനത്തിനുള്ള ലൈസൻസ് ആണ്.
മാംസഭക്ഷണം അഭിലഷണീയമല്ല
നിങ്ങൾ മാംസഭക്ഷണം നിർബ്ബന്ധമുള്ള ആളാണെങ്കിൽ മാസത്തിലൊരിക്കൽ ഒരു ആടിനെ കാളിക്ക് ബലി കൊടുത്തതിന് ശേഷം ഭക്ഷിക്കാമെന്ന് താമസിക പുരാണത്തിൽ പറയുന്നു. ശ്രീ ബുദ്ധൻ അവതരിച്ചത് ഹിംസ ഇല്ലായ്മ ചെയ്യാനാണ്; പാവപ്പെട്ട ജീവജാലങ്ങളെ രക്ഷിക്കാൻ. ജയദേവഗോസ്വാമി ഇതെപ്പറ്റി പാടിയിരിക്കുന്നു.
എന്നാൽ, പുരാണങ്ങളിൽ മാംസബലിയെക്കുറിച്ച് പറഞ്ഞിരിക്കുന്നതിനാൽ ശ്രീബുദ്ധന് വേദങ്ങളെ തള്ളിപ്പറയേണ്ടതായി വന്നു. വേദങ്ങളുടെ പിൻബലത്തിലായിരുന്നു ജനങ്ങൾ മൃഗങ്ങളെ കൊന്നൊടുക്കിയിരുന്നത്. എന്നാൽ, യഥാർത്ഥത്തിൽ മൃഗങ്ങളെ നിഷ്ക്കരുണം കൊന്നൊടുക്കാൻ ഉള്ള അനുവാദം ഇല്ലായിരുന്നു. ഉദാഹരണത്തിന് ഭരണകൂടം മദ്യശാലകൾ തുറക്കുന്നു. ഇതിനർത്ഥം ഗവൺമെൻ്റ് ഇത് പ്രോത്സാഹിപ്പിക്കുകയാണ് എന്നല്ല. എന്നാൽ, പൂർണ്ണമായും മദ്യം നിരോധിക്കുന്നതോടുകൂടി ചിലർ രഹസ്യമായി ഇത് ഉത്പാദിപ്പിക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇത് ഇല്ലായ്മ ചെയ്യാനായിട്ടാണ് ഗവൺമെൻ്റ് മദ്യശാലകൾ തുറന്ന് അധിക വിലക്ക് മദ്യം വിൽക്കുന്നത്.
ആയതിനാൽ ഇപ്രകാരമുള്ള സംവിധാനങ്ങളുടെ ഉദ്ദേശ്യം ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കലല്ല, നേരെമറിച്ച്, ഇവ നിയന്ത്രിക്കലാണ്. അതുപോലെ, മാംസഭക്ഷണം, മൈഥുനം തുടങ്ങിയവയെക്കുറിച്ചെല്ലാം വേദങ്ങളിൽ പ്രതിപാദിക്കുന്നത് ഇവ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല. ആയതിനാൽ, ആത്മീയമായി മുന്നേറണം എന്ന ആഗ്രഹമുള്ള ഏതൊരാളും ഇത്തരം കാര്യങ്ങളൊക്കെ മനസ്സിലാക്കി അതിനനുസൃതമായി കൃഷ്ണാവബോധപ്രക്രിയയിൽ ഏർപ്പെടണം. മാംസഭക്ഷണം (മത്സ്യവും മുട്ടയുമടക്കം), മദ്യസേവ, അവിഹിതവേഴ്ച, പുകവലി, ചൂതാട്ടം എന്നീ പ്രവൃത്തികൾ കൃഷ്ണാവബോധപ്രസ്ഥാനത്തിൽ നിരോധിച്ചിരിക്കുന്നു.
ശ്രീകൃഷ്ണഭഗവാൻ പറയുന്നു. ‘ചതുർവ്വിധാ ഭജന്തേ മാം ജനാഃ സുകൃതിനോർജ്ജുന‘ മുകളിൽ പറഞ്ഞ പ്രവൃത്തികളിൽ മുഴുകാതെ ധാർമികജീവിതം നയിക്കുന്നവരാണ് സുകൃതികൾ. ഉദാഹരണത്തിന് മൈഥുനം. ഇത് ആവശ്യമാണ്. അതിനായി നിങ്ങൾക്ക് വിവാഹം എന്ന പ്രക്രിയയിലൂടെ ലൈസൻസ് തന്നിരിക്കുന്നു. അവിഹിതമായ വേഴ്ച പാടുള്ളതല്ല. അതേപോലെ, മദ്യപാനം ശീലമാക്കിയവർക്കായി പലതരം നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ ഗവൺമെൻ്റ് മദ്യശാലകൾ തുറക്കുന്നു.
വൃന്ദാവനത്തിലെ ഗോസ്വാമിമാർ യഥാർത്ഥത്തിൽ മഹാത്മാക്കളായിരുന്നു. ‘നിദ്രാഹാര വിഹാരകാദി വിജിതൗ‘ – ശരീരത്തിൻ്റെ ആവശ്യങ്ങളെയൊക്കെ അവർ കീഴടക്കിയിരുന്നു. നിദ്ര, ഭക്ഷണം എന്നിവയൊക്കെ ഇവരുടെ അധീനതയിലായിരുന്നു. ധാർമികത എന്നു പറഞ്ഞാൽ ശരീരത്തിൻ്റെ ഇത്തരം ആവശ്യങ്ങൾ ലഘൂകരിച്ചുകൊണ്ടു വരിക എന്നതാണ്. ഇത്തരത്തിൽ ജീവിതം നയിക്കാത്തവരെയാണ് “ദുഷ്കൃതിന” എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.
കൃഷ്ണനെ മനസ്സിലാക്കാൻ എന്താണ് മാർഗ്ഗം ?
ആയതിനാൽ പാപകർമ്മങ്ങളിൽ മുഴുകിയിരുന്നാൽ കൃഷ്ണനെ മനസ്സിലാക്കാൻ കഴിയില്ല. പല അവസരങ്ങളിലും ഗീതയിൽ ഭഗവാൻ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അസാന്മാർഗിക പ്രവൃത്തികളായ മദ്യപാനം, ചൂതുകളി തുടങ്ങിയവയൊക്കെ വർജിക്കണം. ‘ചതുർവ്വിധാ ഭജന്തേ മാം ജനാഃ സുകൃതിനൊ അർജുന‘ നാലുതരം ധർമ്മിഷ്ഠർ എന്നെ ഭജിക്കുന്നു. നമ്മൾ ഏവരും ദുരിതപൂർണമായ ജീവിതം നയിക്കുന്നവരാണ്. ത്രി താപം – മൂന്ന് തരത്തിലുള്ള ആധ്യാത്മിക, ആദിഭൗതിക, ആദിദൈവിക തുടങ്ങിയവ. നമ്മുടെ ശരീരത്തിൽ നിന്നും, മനസ്സിൽ നിന്നും ഉണ്ടാകുന്ന ദുരിതങ്ങൾ, മറ്റു ജീവജാലങ്ങളിൽ നിന്നുണ്ടാകുന്നവ. ഇപ്രകാരം നാം എപ്പോഴും ബുദ്ധിമുട്ടിൽ അകപ്പെട്ടിരിക്കുന്നു എന്നത് ഒരു സത്യമാണ്. എന്നാൽ, മായയുടെ ആവരണം നിമിത്തം ഇത്തരം അവസ്ഥകൾ നമുക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല. നമ്മൾ വിചാരിക്കുന്നത് നമ്മൾ സന്തോഷത്തിലാണ് എന്നാണ്. ഇതാണ് മായയുടെ സ്വാധീനം.
ആർത്തോ, അർഥാർത്ഥി – ഇത് ഗൃഹസ്ഥരെ സംബന്ധിച്ചുള്ളതാണ്. ജ്ഞാനി, ജിജ്ഞാസു – ഇവ ത്യാഗികൾക്കുള്ളതാണ്. ഗൃഹസ്ഥർ ഭോഗികളും, ത്യാഗികൾ ബ്രഹ്മചാരികളും, സന്ന്യാസികളുമാകുന്നു. ജ്ഞാനികൾ പരമ സത്യത്തെ അന്വേഷിക്കുമ്പോൾ അവർ ഒരിക്കലും ബുദ്ധിമുട്ടുകളിൽ അകപ്പെടുകയോ, സാമ്പത്തിക ഉന്നമനത്തിനായി ചിന്തിക്കുകയോ ഇല്ല. ദൈവത്തിനുവേണ്ടി അവർ ദൈവത്തെ അന്വേഷിക്കുന്നു. ‘അഥതോ ബ്രഹ്മജിജ്ഞാസ‘ – അവർ അന്വേഷിക്കുന്നത് ബ്രഹ്മജ്ഞാനമാണ്. ഇവരെ ജ്ഞാനികൾ എന്ന് വിളിക്കുന്നു. ജിജ്ഞാസുക്കളും ഏകദേശം ഈ വിഭാഗത്തിൽപ്പെടുന്നവരാണ്. ജ്ഞാനിയും, ജിജ്ഞാസുക്കളും മറ്റ് വിഭാഗങ്ങളിൽപ്പെട്ടവരിൽ നിന്നും ഏറെ ദൂരം മുന്നിലാണ്. ‘ആർത്തോ‘ എന്നാൽ ദുരിതം അനുഭവിക്കുന്നവർ, അർഥാർത്ഥി എന്നാൽ സമ്പത്ത് ആഗ്രഹിക്കുന്നവർ എന്നർത്ഥം. അപ്പോൾ ബുദ്ധിമുട്ട് ഇല്ലാതാക്കാനും, സാമ്പത്തിക ഉന്നമനത്തിനായും ജനങ്ങൾ ശ്രീകൃഷ്ണഭഗവാനെ സമീപിക്കുന്നു. ഭഗവാൻ പറയുന്നു ‘ചതുർവ്വിധാ ഭജന്തേ മാം‘ – ധർമ്മത്തിൻ്റെ പാതയിൽ ചരിക്കുന്നവർക്ക് ദൈവത്തെ സമീപിക്കുകയല്ലാതെ വേറെ മാർഗങ്ങൾ ഇല്ല. നമ്മുടെ കണ്ടുപിടുത്തങ്ങളൊക്കെ യഥാർത്ഥത്തിൽ പലപ്പോഴും നമ്മുടെ പ്രയാസങ്ങൾ ഇല്ലാതാക്കുന്നില്ല. ഉദാഹരണത്തിന്, രോഗിയായ ഒരാൾ ഒന്നാന്തരം ഡോക്ടറുടെ ചികിത്സക്ക് വിധേയനായാൽപ്പോലും പലപ്പോഴും ജീവൻ വെടിയുന്നത് നമ്മൾ കാണാറുണ്ട്. കാരണം, ദൈവം വിചാരിച്ചാൽ മാത്രമേ അയാളെ രക്ഷിക്കാനാവൂ.
അതുകൊണ്ട്, നമ്മുടെ പ്രതിപ്രവർത്തനത്തിൻ്റെ രീതി എത്രമാത്രം ശേഷിയുള്ളതായാലും, ഗുരുവിൻ്റെയോ, ദൈവത്തിൻ്റെയോ അനുഗ്രഹമില്ലെങ്കിൽ അതിന് ഫലം കാണില്ല. ഇതിന് എത്രയോ ഉദാഹരണങ്ങൾ ഉണ്ട്. നമുക്കറിയാം ‘ടൈറ്റാനിക്ക്‘ എന്ന കപ്പലിന് സംഭവിച്ച ദുരന്തം. നിർമ്മാതാക്കൾ അവകാശപ്പെട്ടത് ആ കപ്പൽ ഒരിക്കലും മുങ്ങില്ല എന്നായിരുന്നു. വളരെ പ്രധാനികളായ അമേരിക്കക്കാർ കയറിയ കപ്പൽ ഏതാനും മൈലുകൾ യാത്ര ചെയ്യുമ്പോഴേക്കും മുങ്ങി. ഏറെ ബുദ്ധിമാൻമാരായ ശാസ്ത്രജ്ഞർ ആധുനിക ശാസ്ത്രപ്രകാരമുള്ള എല്ലാ സംരക്ഷണവും ഈ കപ്പലിൻ്റെ നിർമ്മിതിയിൽ ഉപയോഗിച്ചെങ്കിലും അതൊന്നും അതിനെ രക്ഷിക്കാൻ പര്യാപ്തമായില്ല. ആയതിനാൽ സുകൃതികളായ ജനങ്ങൾ മനസ്സിലാക്കുന്നത് ദൈവത്തിൻ്റെ അനുഗ്രഹമില്ലെങ്കിൽ നമ്മുടെ ഭൗതികദുരിതങ്ങൾ കുറച്ചുകൊണ്ടുവരാൻ കഴിയില്ല എന്നാണ്. പുണ്യാത്മാക്കളായി ജീവിക്കുന്നവർ ‘കൃഷ്ണാ ഭഗവാനേ! എന്നെ അനുഗ്രഹിക്കേണമേ!‘ എന്ന പ്രാർത്ഥനയോടെ ദൈവത്തെ സമീപിക്കുന്നു.
ശുദ്ധഭക്തി എന്നാൽ ഭൗതികമായ യാതൊരു വാഞ്ഛയും ഇല്ലാത്ത അവസ്ഥയാണ്. ഹരേകൃഷ്ണ മന്ത്രജപം നമ്മുടെ ദുരിതങ്ങൾ അകറ്റാനുള്ള ഒരു ഉപാധിയായി സ്വീകരിക്കരുത് എന്നാണ് ശാസ്ത്രമതം. ഒരു ശുദ്ധഭക്തനും ഇത്തരം ചിന്താഗതികൾ ഉണ്ടായിക്കൂടാ.
ഇത് പത്ത് അപരാധങ്ങളിൽപ്പെടുന്ന ഒന്നാണ്. എന്നാൽ നിങ്ങൾക്ക് ഭൗതികതാത്പര്യങ്ങളാണ് ഉള്ളതെങ്കിലും, കൃഷ്ണഭഗവാനെ ഭജിക്കണം എന്ന്, ഗ്രന്ഥങ്ങൾ പറയുന്നു. ‘അകാമഃ സർവകാമോവാ മോക്ഷകാര ഉദാരധീഃ‘ (ശ്രീ ഭാ. 2.3.10) ഇതിനർത്ഥം മോക്ഷം ആഗ്രഹിക്കുന്നവരായാലും അവർ ആഗ്രഹങ്ങളുള്ളവരാണ്. ഭൗതികാഭിലാഷമുള്ളവരും അതേഗണത്തിൽപ്പെടുന്നു. എന്നാൽ ശുദ്ധ ഭക്തർ യാതൊന്നും തന്നെ ഭഗവാനിൽ നിന്ന് ആഗ്രഹിക്കുന്നില്ല.
അന്യാഭിലാഷിത ശൂന്യം ജ്ഞാന കർമാദി അനാവതാ ആനുകൂല്യേന കൃഷ്ണാനുശീലനം ഭക്തിർ ഉത്തര (ഭക്തിരസാമ്യത സിന്ധു 1.1.11) ഇത്തരം ഭക്തി നമുക്ക് കാണാൻ കഴിയുന്നത് വൃന്ദാവനവാസികളിലാണ്. കൃഷ്ണൻ സന്നിഹിതനായിരുന്നപ്പോൾ അദ്ദേഹം തൻ്റെ അതീന്ദ്രിയ ലീലകൾ ഇവിടെ ആടി. ഗോപബാലന്മാരും, ഗോപികകളും ശുദ്ധ ഭക്തരായിരുന്നു.
കൃഷ്ണൻ പറയുന്നു ‘ചതുർവിധ ഭജന്തേമാം ജനാഃ സുകൃതിനോർജ്ജുന’ ഭഗവദ്ഗീത മനസ്സിലാക്കിയപ്പോൾ അർജുനൻ പറയുകയാണ്. ‘പരം ബ്രഹ്മ പരം ധാമ പവിത്രം പരമം ഭവാൻ‘ (ഭ.ഗീ 10.12) പരം ധാമ എന്നാൽ പരമമായ വാസസ്ഥാനം എന്നർത്ഥം. ഭൗതികതയുടെ മാലിന്യങ്ങളിൽ നിന്നും മുക്തി കൈവരിച്ച് ശുദ്ധീകരിക്കപ്പെടാതെ ആർക്കും ശ്രീകൃഷ്ണഭഗവാനെ സമീപിക്കാൻ കഴിയില്ല. ഇതൊരു യാഥാർത്ഥ്യമാണ്. എന്നാൽ ദയാവാരിധിയായ ഭഗവാൻ പറയുന്നു. ‘നിനക്ക് ഭൗതികമായ ആഗ്രഹങ്ങൾക്കും എന്നെ സമീപിക്കാം’ എന്ന് സർവ്വധർമ്മാൻ പരിത്യജ്യ (ഭ.ഗീ. 10.66) മറ്റൊന്നിനെയും ആശ്രയിക്കാതെ എന്നെ ഒന്നിനെ മാത്രം ശരണം പ്രാപിക്കുക എന്ന്. എല്ലാ സുരക്ഷിതത്വവും ഭഗവാൻ വാഗ്ദാനം ചെയ്യുന്നു. ഭഗവാൻ്റെ വചനങ്ങളിൽ വിശ്വാസം അർപ്പിച്ച് അദ്ദേഹത്തിൻ്റെ പാദചരണങ്ങളിൽ പൂർണ്ണ ഭക്തിയോടെ ശരണം പ്രാപിക്കുമ്പോൾ നമ്മൾ ആനന്ദത്തിൽ ആറാടുകയും കൃഷ്ണാവബോധപ്രക്രിയയിൽ അനുദിനം മുന്നോട്ട് പോയി ഭഗവദ്ധാമത്തിൽ എത്തുക എന്ന പരമമായ ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇടവരികയും ചെയ്യും. ‘യദ് ഗത്വാ ന നിവർത്തന്തേ തദ്ധാമ പരമം മമ‘ (ഭ.ഗീ. 15.6)
ഈ കൃഷ്ണാവബോധപ്രസ്ഥാനം പൂർണ്ണമായും ഗീതാപഠനത്തിൽ അധിഷ്ഠിതമാണ്. അല്ലാതെ ഞങ്ങൾ കൃത്രിമമായി സൃഷ്ടിച്ചതല്ല. പ്രധാനപ്പെട്ട തത്ത്വം ഗീതയാണ്. കൃഷ്ണാവബോധപ്രക്രിയ വളരെ ഗൗരവമായി നമ്മൾ സ്വീകരിക്കുകയാണെങ്കിൽ യാതൊരു സംശയവും ഇല്ലാതെ പരമമായ ലക്ഷ്യം കൈവരിക്കുമെന്ന് ഭഗവദ്ഗീത ഊന്നിപ്പറയുന്നു. ‘മാ ശുചഃ‘ – സംശയാലുവാകാതെ എന്നിൽ ശരണം പ്രാപിക്കു എന്ന് ഭഗവാൻ പറയുന്നു. ഭഗവദ്ഗീതയുടെ സാരം ഇതാണ്.
മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്കുരു (ഭ.ഗീ. 18.65)
മാം ഏവ യേ പ്രപദ്യന്തേ മായാമേതാം തരന്തിതേ (ഭ.ഗീ. 7.14)
ഇത്തരത്തിൽ ഭഗവദ്ഗീത മുഴുവനും സ്ഥിരീകരിക്കുന്നത് പരമദിവ്യോത്തമപുരുഷൻ കൃഷ്ണനാണെന്നാണ്.
ആയതിനാൽ കൃഷ്ണാവബോധപ്രസ്ഥാനവുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെങ്കിൽ അതിൻ്റെ ഫലം വളരെ എളുപ്പത്തിൽ ലഭിക്കുന്നതാണ്. വെറുതെ ഈ നിർദ്ദേശങ്ങൾ കേട്ടിട്ട് കാര്യമില്ല. ഇവയൊക്കെ ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോൾ അതിശീഘ്രം പുരോഗതി പ്രാപിച്ച് ഭഗവദ്ധാമത്തിൽ എത്തിച്ചേരാൻ നമുക്ക് കഴിയുന്നു. ഭഗവദ്ഗീതയിൽ കൃഷ്ണലോകത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഈ ലോകത്തിന് ഉപരിയായി മറ്റൊരു പ്രകൃതിയുണ്ട്. അതാണ് സനാതനധാമം. അവിടെ നിരവധി ബ്രഹ്മാണ്ഡങ്ങൾ ഉണ്ട്. ഇവ വൈകുണ്ഠലോകങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.
ഇവയൊക്കെ യാഥാർത്ഥ്യങ്ങളാണ്. നിങ്ങൾ വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുന്ന ആളാണെങ്കിൽ ഈ കൃഷ്ണാവബോധപാത പിന്തുടർന്ന് ആത്മീയലോകത്തിൽ എത്തിച്ചേരാൻ കഴിയും. നമ്മൾ ആത്മാക്കളായതിനാൽ പൂർണ്ണമായ ആനന്ദം അനുഭവിക്കണമെങ്കിൽ ആത്മീയ ലോകത്തിൽ എത്തിപ്പെടണം. ഇതൊരു സത്യമാണ്.
ഇവയെക്കുറിച്ചൊക്കെ വളരെ വ്യക്തമായി നമ്മുടെ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ഭഗവദ്ഗീത അതിൻ്റെ പൂർണ്ണമായ അർത്ഥതലങ്ങളോടെ മനസ്സിലാക്കാൻ ശ്രമിക്കണം. ഇതാണ് എല്ലാവരോടുമായിട്ടുള്ള ഞങ്ങളുടെ അപേക്ഷ.

