ഭഗവദ് ശിക്ഷണങ്ങൾ അടങ്ങുന്ന ഭഗവദ്ഗീതയുടെ പത്താം അദ്ധ്യായത്തിലെ എട്ടു മുതൽ പതിനൊന്നു വരെയുള്ള നാലു ശ്ലോകങ്ങൾ “ഗീതാസാരം” എന്നറിയപ്പെടുന്നു. ഭഗവാന്റെ ശിക്ഷണങ്ങളുടെ സാരാംശം ഉൾക്കൊള്ളുന്ന ശ്ലോകങ്ങളാണിവ.
ശ്ലോകം 8
അഹം സർവസ്യ പ്രഭവോ മത്തഃ സർവം പ്രവർത്തതേ
ഇതി മത്വാ ഭജന്തേ മാം ബുധാ ഭാവ സമന്വിതാഃ
വിവർത്തനം:
ഭൗതികാദ്ധ്യാത്മികലോകങ്ങളുടെ ഉറവിടം ഞാനാണ്. എല്ലാം എന്നിൽ നിന്നാണുണ്ടായത്. ഇത് പൂർണമായി അറിയുന്ന ബുദ്ധിമാൻമാർ എൻ്റെ സേവനത്തിലേർപ്പെടുകയും എന്നെ ഉള്ളഴിഞ്ഞാരാധിക്കുകയും ചെയ്യും.
ശ്ലോകം 9
മച്ചിത്താ മദ്ഗതപ്രാണാ ബോധയന്തഃ പരസ്പരം
കഥയന്തശ്ച മാം നിത്യം തുഷ്യന്തി ച രമന്തി ച
വിവർത്തനം:
എൻ്റെ ശുദ്ധഭക്തന്മാരുടെ ചിന്ത എന്നിൽ കുടികൊള്ളുന്നു. അവരുടെ ജീവിതം തികച്ചും എൻ്റെ സേവനത്തിനായി സമർപ്പിതമായിരിക്കും. എന്നെക്കുറിച്ചുള്ള സംഭാഷണങ്ങളിലേർപ്പെട്ട് പരസ്പരം ബോധദീപ്തരാകുകവഴി അവർ സംതൃപ്തിയും ആനന്ദവും അനുഭവിക്കുന്നു.
ശ്ലോകം 10
തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂർവകം
ദദാമി ബുദ്ധിയോഗം തം യേനമാമുപയാന്തി തേ
വിവർത്തനം:
പ്രേമഭക്തിയോടെ എന്നെ സദാ ആരാധിക്കുന്നവർക്ക്, എന്നെ പ്രാപിക്കാനുതകുന്ന ബുദ്ധിവിശേഷം ഞാൻ നൽകും.
ശ്ലോകം 11
തേഷാമേവാനുകമ്പാർഥം അഹമജ്ഞാനജം തമഃ
നാശയാമ്യാത്മഭാവസ്ഥാ ജ്ഞാനദീപേനഭാസ്വതാ
വിവർത്തനം:
അവരിൽ സവിശേഷാനുകമ്പയോടെ ഞാൻ, ഹൃദയസ്ഥനായിട്ട്, ജ്ഞാനദീപം കൊണ്ട് അവരുടെ അജ്ഞാന ജന്യമായ തമസ്സിനെ അകറ്റുന്നു.
അയ്യായിരത്തിൽപരം വർഷങ്ങൾക്കുമുൻപ്, ഒരു മോക്ഷദ ഏകാദശി പുണ്യദിനത്തിലാണ് പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ ശ്രീ കൃഷ്ണൻ തൻ്റെ പ്രിയസുഹൃത്തും, ഭക്തനുമായ അർജുനന് ഭഗവദ്ഗീത ഉപദേശിച്ചത്. ആ ദിവസം ഗീതാജയന്തിയായി ലോകമെമ്പാടും ആഘോഷിക്കുന്നു. കുരുക്ഷേത്രത്തിലെ ജ്യോതിസാർ തീർഥമെന്ന സ്ഥലത്തുവച്ചാണ് ശ്രീകൃഷ്ണൻ അർജ്ജുനന് ഗീത ഉപദേശിച്ചത്. ഇന്നും അവിടെ നിൽക്കുന്ന വൃക്ഷം ഗീതോപദേശം ശ്രവിച്ച വൃക്ഷത്തിൻ്റെ പിൻഗാമിയാണെന്നു പറയപ്പെടുന്നു.
ഭഗവദ്ഗീത എന്ന ഗ്രന്ഥം സൈദ്ധാന്തികരും, അഭ്യസ്ഥവിദ്യരും, തത്ത്വചിന്തകന്മാരും, ശാസ്ത്രജ്ഞരും, രാഷ്ട്രീയ നേതാക്കളും, എന്നുവേണ്ട ജീവിതത്തിൻ്റെ എല്ലാ തുറയിലുമുള്ള വ്യക്തികൾ വായിക്കുകയും പ്രചോദനമുൾക്കൊള്ളുകയും ചെയ്യുന്ന ഒരു ഗ്രന്ഥമാണ്. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം, ഭഗവദ്ഗീതയ്ക്ക് ഇത്രയധികം ഭാഷ്യങ്ങളുണ്ടായത് ! ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ഐൻസ്റ്റീൻ മുതൽ ഗാന്ധിജി വരെയുള്ള പ്രശസ്തവ്യക്തികൾ ഭഗവദ് ഗീത പഠിച്ചിട്ടുണ്ട്. ഇവരാരും തന്നെ ഭഗവദ്ഗീതയെ വെറുമൊരു മത ഗ്രന്ഥമായി കരുതിയിരുന്നില്ല. യഥാർഥത്തിൽ ഭഗവദ്ഗീത ഒരു ഗ്രന്ഥത്തിനും അതീതമായ ഗ്രന്ഥമാണ്. എല്ലാ ജീവാത്മാക്കൾക്കും ഒരു പോലെ ബാധകമാകുന്ന തത്ത്വങ്ങളാണ് ഭഗവദ്ഗീതയിലെ വിഷയങ്ങൾ.
ഭഗവദ്ഗീതയെ പലരും പലവിധത്തിൽ സമീപിക്കുന്നു. തികച്ചും ബൗദ്ധികമായി മാത്രം ഗീതയെ സമീപിക്കുന്ന ബുദ്ധിജീവികൾക്ക് അതിനനുസൃതമായ സാക്ഷാത്കാരം ലഭിക്കുന്നു. കർമിക്കും, ജ്ഞാനിക്കും, യോഗിക്കും, മായാവാദിക്കും, ബ്രഹ്മവാദിക്കും ഭഗവദ് ഗീതയിൽ നിന്ന്, അവരുടെ വീക്ഷണത്തിനും, സമീപനരീതിക്കും അനുസൃതമായ ഫലം ലഭിക്കുന്നു. അങ്ങനെനോക്കുമ്പോൾ ഭഗവദ് ഗീത ഒരു കൽപ വൃക്ഷം തന്നെയാണ്. അതുകൊണ്ടു തന്നെ, പഠിതാവ് ഭഗവദ്ഗീതയെ വളരെ ശ്രദ്ധയോടെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
ഭഗവദ് ഭക്തന്മാർ ഭഗവദ് ഗീതയെ ഭഗവാൻ്റെ വാക്കുകളായി സ്വീകരിക്കുന്നു. അതിൽ സ്വേച്ഛപ്രകാരമുള്ള വ്യഖ്യാനങ്ങൾക്ക് പ്രസക്തിയില്ല. ഭഗവദ് മുഖത്തിൽ നിന്നും നേരിട്ടു ബഹിർഗമിക്കുന്ന ശിക്ഷണങ്ങളുള്ള ഭഗവദ് ഗീതയെ വ്യഖ്യാനിക്കാൻ സാധാരണ മനുഷ്യർക്ക് കഴിയില്ല എന്നതാണ് സത്യം. ഭഗവദ് ഗീതയെ യഥാരൂപം സ്വീകരിക്കുക എന്നതാണ് ഭക്തന് ഏറ്റവും അഭികാമ്യമായത്.
ഭഗവദ് ഗീത ഉപദേശിക്കുന്ന വ്യക്തി ഭഗവാൻ ശ്രീ കൃഷ്ണനാണ്. അദ്ദേഹം ആരുടെയും സന്ദേശവാഹകനല്ല. പറയൂന്നതെല്ലാം അദ്ദേഹത്തിൻ്റെ സ്വന്തം വാക്കുകൾ മാത്രം! ആരെയും ഉദ്ധരിക്കേണ്ട ആവശ്യം കൃഷ്ണനില്ല, കാരണം സർവസ്വത്തിൻ്റെയും ഉറവിടവും, ആശ്രയവും കൃഷ്ണൻ തന്നെ. ആ പരമപുരുഷൻ്റെ വാക്കുകൾ “അപൗരുഷേയം” ആണെന്ന് ശ്രീല പ്രഭുപാദർ പറയുന്നു. ആകയാൽ, ഗീതാ ശ്ലോകങ്ങളിൽ ന്യൂനതകൾ ഉണ്ടാവില്ല.
ഭഗവാൻ ശ്രീ കൃഷ്ണൻ ഭഗവദ്ഗീതയിൽ പറയുന്നത് ശ്രദ്ധിച്ചാൽ നമുക്കു മനസ്സിലാകും
വേദൈസ് ച സർവൈർ അഹം ഏവ വേദ്യോ
വേദാന്തകൃദ് വേദവിദേവ ചാഹം
“വേദങ്ങളിലൂടെ മനസ്സിലാക്കേണ്ടത് എന്നെയാണ്. വേദാന്തരചയിതാവും ഞാൻ തന്നെയാണ്. വേദങ്ങൾ അറിയുന്നവനും ഞാൻ തന്നെ.” (ഭഗവദ് ഗീത 15.15)
ഇവിടെ “ഞാൻ” എന്നു പറയുന്നത് ഗീത ഉപദേശിക്കുന്ന സ്വയം ഭഗവാനായ കൃഷ്ണൻ തന്നെയാണ്. അതിൽ യാതൊരു സംശയവും വേണ്ട. ഭഗവാൻ എന്ന വ്യക്തിയുടെ വാക്കുകളായി ഭഗവദ്ഗീതയെ മനസ്സിലാക്കാൻ കഴിഞ്ഞാൽ പഠിതാവിന് ജീവിതവിജയം ഉറപ്പുവരുത്താം. ആത്യന്തികമായ ജീവിതവിജയം എന്നു പറയുന്നത്, ഭൗതികാവസ്ഥയെ തരണം ചെയ്ത് ശാശ്വതമായ ആത്മീയ ശരീരം നേടി ആത്മീയലോകത്തിൽ പ്രവേശിച്ച് ഭഗവദ് സേവനത്തിലേർപ്പെടുക എന്നതാണ്. അതിനുള്ള ശിക്ഷണം ഭഗവദ്ഗീതയി ൽ നിന്ന് നമുക്ക് ലഭ്യമാകുന്നു.
ഭഗവദ്ഗീത ഒരു മതത്തിൻ്റെ, അല്ലെങ്കിൽ ഒരു രാഷ്ട്രത്തിന്റെ മാത്രം ഗ്രന്ഥമല്ല. മറിച്ച് സർവജീവജാലങ്ങൾക്കും തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള തത്ത്വങ്ങളുടെ സമാഹരണമാണ്. അതുകൊണ്ടു തന്നെയാണ് ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റ് ഇന്ന് ഭഗവദ്ഗീത 80 ൽ പരം ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നത്. ലോകത്തിലുള്ള എല്ലാ മനുഷ്യരും ഭഗവദ്ഗീത പഠിക്കേണ്ടതുണ്ട്. മനുഷ്യരാശി നേരിടുന്ന എല്ലാ പ്രശ്നങ്ങളുക്കുമുള്ള പരിഹാരമാർഗ്ഗങ്ങൾ ഭഗവദ്ഗീതയെന്ന മഹദ് ഗ്രന്ഥത്തിലുണ്ട്. ഇന്നത്തെ കലുഷിതമായ സാമൂഹിക വ്യവസ്ഥയിൽ ഭഗവദ്ഗീതയെന്ന മഹദ് ഗ്രന്ഥം ജനങ്ങളുടെ അടുത്തെത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഗീതാതത്ത്വങ്ങൾ അതിൻ്റെ യഥാർത്ഥ രൂപത്തിൽ മനസിലാക്കുന്ന ഒരു സമൂഹം തീർച്ചയായും ശാന്തിയും സമാധാനവും നിറഞ്ഞതാകും, സമാധാനത്തിനുവേണ്ടിയുള്ള യത്നങ്ങളുടെ വിജയം ഭഗവദ്ഗീതയുടെ പ്രചാരത്തിലൂടെ സാധ്യമാകും, ഉറപ്പ്.
ജീവിതവിജയത്തിനുള്ള പല പുസ്തകങ്ങളും ഇന്നു വാങ്ങാൻ കിട്ടും, പക്ഷേ അവയൊന്നും തന്നെ യഥാർത്ഥ ജീവിതവിജയത്തിനുതകുന്നതല്ല എന്നതാണ് പരമാർഥം. ഇങ്ങനെയുള്ള പുസ്തകങ്ങൾ രചിക്കുന്നവർ ഒടുവിൽ ആത്മഹത്യ ചെയ്യുന്നതും നമുക്കു കാണാൻ സാധിക്കും. പക്ഷേ, ഭഗവദ് ഗീതയുടെ ഉപദേശകൻ സച്ചിദാനന്ദസ്വരൂപനായ ഭഗവാൻ ശ്രീ കൃഷ്ണനാകയാൽ അവിടുന്നു വരുന്ന നിർദേശങ്ങൾ തികച്ചും ഉത്തമം തന്നെയാണ്.
അതുകൊണ്ടാണ് വ്യാസശിഷ്യനായ സഞ്ചയൻ ഇങ്ങനെപറയുന്നത് :
യത്ര യോഗേശ്വരഃ കൃഷ്ണോ
യത്ര പാർഥോ ധനുർധരഃ
തത്ര ശ്രീർ വിജയോ ഭൂതിർ
ധ്രുവാ നീതിർ മതിർ മമ
“എവിടെ യോഗേശ്വരനായ കൃഷ്ണനുണ്ടോ, എവിടെ വില്ലാളിവീരനായ അർജുനനുണ്ടോ, അവിടെയാണ് ഐശ്വര്യവും വിജയവും അസാധാരണശക്തിയും നീതിയും ഉള്ളത്.” (ഭഗവദ് ഗീത 18.78)
ഗീതാ ജയന്തിയോടനുബന്ധിച്ച് അന്താരാഷ്ട്ര കൃഷ്ണാവബോധസമിതിയിലെ ഭക്തന്മാർ എല്ലായിടത്തും വമ്പിച്ച തോതിൽ ഭഗവദ്ഗീത വിതരണം ചെയ്യുന്നു. ഡിസംബർ മാസം ഹരേ കൃഷ്ണ പ്രസ്ഥാനത്തിൽ ഗ്രന്ഥ വിതരണ മാസമാണ്. ഈ മാസം ഭഗവദ് ഗീത വാങ്ങുവാനും, മറ്റുള്ളവർക്ക് ഭഗവദ്ഗീത സമ്മാനിക്കുവാനും അനുയോജ്യമായ സമയമാണ്.
ഭഗവദ്ഗീതയുടെ യഥാരൂപസന്ദേശം പ്രചരിപ്പിക്കുക. എന്നത് ഏറ്റവും വലിയ ധർമപ്രവർത്തനമാണ്. ഇസ്കോണിൻ്റെ സ്ഥാപകാചാര്യനായ ദിവ്യപൂജ്യ ശ്രീ ശ്രീമദ് ഏ.സി. ഭകതിവേദാന്തസ്വാമി പ്രഭുപാദർ ആഗ്രഹിച്ചതും അതു തന്നെയാണ്. അദ്ദേഹം ഭാവാർഥം നൽകിയ ഭഗവദ് ഗീതാ യഥാരൂപം ഇന്ന് ലോകത്തിൻ്റെ നാനാഭാഗത്തിലുള്ള മനുഷ്യർക്ക് കൃഷ്ണഭക്തരാകനുള്ള അവസരം ചെയ്യുന്നു.
ഗീതാജയന്തി ദിനത്തിൽ ധർമക്ഷേത്രമായ കുരുക്ഷേത്രത്തിൽ ചെന്ന് ഭഗവദ് ഗീത മുഴുവൻ പാരായണം ചെയ്തു കൊണ്ട് ഭക്തന്മാർ ഭഗവദ് സ്മരണയിൽ ആ പുണ്യദിനം ചിലവഴിക്കുന്നു. ഭഗവദ് ഗീതയുടെ ആവിർഭാവദിനമായ ഈ പാവനാവസരം ഗീതപഠനത്തിനും, ശ്രവണത്തിനും വേണ്ടി മാത്രമായി ചിലവിടുന്നത് വളരെ ഉത്തമമാണ്. മറ്റേതൊരു ഉത്സവവും പോലെ തന്നെ ഗീതാജയന്തിയും നമുക്ക് ഭഗവാൻ ശ്രീകൃഷ്ണനെ സ്മരിക്കാനുള്ള അവസരം ഒരുക്കിത്തരുന്നു. ആത്യന്തികമായി മനുഷ്യന് ഏറ്റവും അത്യാവശ്യമായ വസ്തുവും ഭഗവദ് സ്മരണ തന്നെയാണല്ലോ.