ഭദ്രപൂർണിമ : ശ്രീമദ് ഭാഗവതത്തിന്റെ ദിവ്യമാഹാത്മ്യോത്സവം
ഭദ്രപൂർണിമയിലെ പൂർണ്ണചന്ദ്രൻ ആകാശത്തെ പ്രകാശപൂരിതമാക്കുമ്പോൾ, അതിനേക്കാൾ ഉന്നതമായ മറ്റൊരു ദിവ്യപ്രകാശത്തിലേക്ക് ഭക്തരുടെ മനസ്സുകൾ ആകർഷിക്കപ്പെടുന്നു—അതാണ് ശ്രീമദ് ഭാഗവതം എന്ന ദിവ്യമായ ജ്ഞാനദീപം. സച്ചിതാനന്ദവിഗ്രഹനായ ശ്രീനാരായണന്റെയും, പരമപുരുഷനായ ശ്രീഗോപാലകൃഷ്ണന്റെയും, വിശുദ്ധ ഭക്തിയുടെ നിത്യമാർഗ്ഗത്തിന്റെയും ദിവ്യയശസ്സുകൾ പാടിപ്പുകഴ്ത്തുന്ന സർവ്വപാപഹരമായ ഈ പുണ്യഗ്രന്ഥം ഭക്തഹൃദയങ്ങളിൽ അറിവിന്റെ അമൃത് വർഷിക്കുന്നു. ഭദ്രപൂർണിമയുടെ ഈ സുദിനം ശ്രീമദ് ഭാഗവതത്തിന്റെ ദിവ്യജ്ഞാനം ശ്രവിക്കുന്നതിനും, പഠിക്കുന്നതിനും, മറ്റുള്ളവരിലേക്ക് പകർന്നുനൽകുന്നതിനും ഏറ്റവും അനുഗൃഹീതമായ ഒരു വേളയാണ്.
എന്താണ് ഭദ്രപൂർണിമ?
ഭദ്രമാസത്തിലെ പൗർണ്ണമി തിഥിയാണ് ഭദ്രപൂർണിമയായി ആഘോഷിക്കപ്പെടുന്നത്. കൃഷ്ണഭക്തിയുടെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും ശ്രീമദ് ഭാഗവതത്തെ സ്മരിക്കുന്നതിനും ഭക്തജനങ്ങൾക്ക് ഇത് സുവർണ്ണാവസരമൊരുക്കുന്നു. ഭഗവത് കഥാശ്രവണത്തിലൂടെയും, ഗ്രന്ഥപാരായണത്തിലൂടെയും, ദിവ്യസേവനങ്ങളിലൂടെയുമാണ് ഈ പുണ്യദിനം ആചരിക്കുന്നത്.
കൃഷ്ണകഥാ അമൃത്
വേദമെന്ന കൽപവൃക്ഷത്തിന്റെ പഴുത്തുപാകിയ അമൃതഫലമായാണ് ശ്രീമദ് ഭാഗവതം വിശേഷിപ്പിക്കപ്പെടുന്നത്. ഭഗവാന്റെയും ഭക്തരുടെയും ദിവ്യലീലകളും നാമഗുണവിശേഷങ്ങളും ഇതിലെ ഓരോ ശ്ലോകത്തിലും തുളുമ്പിനിൽക്കുന്നു. ഈ സത്ഗ്രന്ഥം ശ്രദ്ധയോടെ ശ്രവിക്കുന്നതിലൂടെ ഭക്തർക്ക് ഭഗവാനിലുള്ള സ്മരണ ദൃഢമാക്കാനും പരമഭക്തിയിൽ അടിയുറക്കാനും സാധിക്കുന്നു. ഭാഗവതശ്രവണം എന്നാൽ ഭഗവാനിലേക്ക് കൂടുതൽ അടുക്കലാണ്; ഭാഗവതപ്രചാരണം എന്നാൽ ഭക്തിയുടെ മാർഗ്ഗം ലോകത്തിന് പകർന്നുനൽകലാണ്.
ഭദ്രപൂർണിമയുടെ പ്രത്യേക മഹിമ
ഭദ്രപൂർണിമ നാളിൽ ഈ ദിവ്യഗ്രന്ഥം സമർപ്പിക്കുന്നതിന്റെ സവിശേഷമായ മഹത്വത്തെ ശ്രീമദ് ഭാഗവതം വാഴ്ത്തുന്നു. ആയതിനാൽ, കൃഷ്ണകഥയും ഭാഗവതസന്ദേശവും ജനഹൃദയങ്ങളിലെത്തിക്കുന്ന സേവനത്തിൽ പങ്കുചേരാൻ ഈ സുദിനം ഏവരെയും ക്ഷണിക്കുന്നു. ഒരുവന്റെ കയ്യിൽ ഏൽപ്പിക്കപ്പെടുന്ന ഒരു പുണ്യഗ്രന്ഥം അവന്റെ ജീവിതത്തിലെ പരമപ്രധാനമായ ആത്മീയയാത്രയുടെ നാന്ദിയായിത്തീരാം. വിശ്വാസത്തോടുകൂടി കേൾക്കുന്ന ഒരു ചെറിയ ശ്ലോകം പോലും ഒരു ഹൃദയത്തെത്തന്നെ മാറ്റിയേക്കാം. അർപ്പണബോധത്തോടെ ചെയ്യുന്ന ഒരു ചെറിയ സേവനം ശ്രീകൃഷ്ണന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്ന അമൂല്യ പുഷ്പാഞ്ജലിയായി മാറുന്നു.
വൃന്ദാവന ധാമത്തിൽ നിന്നുള്ള സന്ദേശം
ശ്രീ കൃഷ്ണന്റെ നിത്യദിവ്യ ലീലാവിലാസ ഭൂമിയായ വൃന്ദാവന ധാമത്തിൽ നിന്ന് ശ്രീമദ് ഭാഗവതത്തിന്റെ സന്ദേശം പ്രേഷണം ചെയ്യുന്നതിനേക്കാൾ സൗഭാഗ്യം മറ്റെന്തുണ്ട്? ഈ പുണ്യഭൂമിയിൽ നിന്നും ഭക്തജനങ്ങൾ കൃഷ്ണകഥയുടെ മാധുര്യവും ഭക്തിയുടെ ശാശ്വത തത്വങ്ങളും ലോകമെങ്ങും എത്തിച്ചുകൊണ്ടിരിക്കുന്നു. ഭദ്രപൂർണിമയുടെ ഈ വേളയിൽ, ഈ ദിവ്യസന്ദേശം കൂടുതൽ ഭവനങ്ങളിലേക്കും ആത്മാർത്ഥരായ അന്വേഷകരിലേക്കും എത്തിക്കാൻ ഏവർക്കും ഒത്തുകൂടാം.
നിങ്ങളുടെ സേവനം ഭഗവാനിലേക്കുള്ള പാലമായി മാറട്ടെ
ഈ ലോകത്ത് എവിടെയെങ്കിലും ആത്മീയമായ അഭയം തേടി അലയുന്ന ഒരു മനസ്സ് ഉണ്ടാകാം. ജീവിതത്തിലെ പരമമായ ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നവരുണ്ടാകാം. കൃഷ്ണകഥ കേൾക്കാൻ വെചുതുമ്പുന്ന ഒരു ഹൃദയമെങ്കിലും എവിടെയെങ്കിലുമുണ്ടാകാം. അങ്ങയുടെ നിസ്വാർത്ഥമായ സേവനം അത്തരം ഒരു ആത്മാവിലേക്ക് ശ്രീമദ് ഭാഗവതത്തെ എത്തിക്കാൻ സഹായിച്ചേക്കാം. നിങ്ങളുടെ സമയവും ഊർജ്ജവും ഹൃദയപൂർവ്വമായ സേവനവും സമർപ്പിച്ചുകൊണ്ട് കൃഷ്ണകഥയുടെ അമൃത് വർഷിക്കുന്നതിൽ ഒരു പങ്കാളിയാകാം.
ഭദ്രപൂർണിമ ആചരിക്കുന്ന വിധം
ഈ പവിത്രദിനം ഭക്തജനങ്ങൾ വിവിധ സൽക്കർമ്മങ്ങളിലൂടെ ധന്യമാക്കുന്നു: ശ്രീമദ് ഭാഗവതം പാരായണം ചെയ്യുക, കൃഷ്ണകഥ ശ്രവിക്കുക, ഭാഗവത തത്വങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കുക, ഹരേ കൃഷ്ണ മഹാമന്ത്രം ജപിക്കുക, ക്ഷേത്രദർശനം നടത്തുക, സത്സംഗങ്ങളിൽ പങ്കെടുക്കുക, ഭക്തിപൂർവ്വമായ സേവനങ്ങൾ അനുഷ്ഠിക്കുക, അന്വേഷകർക്ക് ഭാഗവതഗ്രന്ഥങ്ങൾ എത്തിച്ചുകൊടുക്കാൻ സഹായിക്കുക എന്നിവയാണ് ഈ ദിവസത്തെ പ്രധാന അനുഷ്ഠാനങ്ങൾ. ശ്രവണത്തിലൂടെയും കീർത്തനത്തിലൂടെയും ഭഗവാനുമായുള്ള ബന്ധം ദൃഢമാക്കുക എന്നതാണ് ഇതിന്റെയെല്ലാം ലക്ഷ്യം.
ഭദ്രപൂർണിമയിലെ ദിവ്യസമർപ്പണം
ഈ ഭദ്രപൂർണിമ നാളിൽ നമുക്ക് പൂർണ്ണചന്ദ്രന്റെ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം ശ്രീമദ് ഭാഗവതത്തിന്റെ ദിവ്യപ്രകാശം ലോകമെങ്ങും പരത്തുവാൻ യത്നിക്കാം. ഭാഗവതത്തിന്റെ ജ്ഞാനം ഹൃദയങ്ങളിൽ ഭക്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വെളിച്ചം നിറയ്ക്കട്ടെ. ഭാഗവതത്തിന്റെ പ്രകാശം സർവ്വവ്യാപിയാകട്ടെ. കൃഷ്ണകഥ ഓരോ ഹൃദയത്തിലും ചെന്നെത്തട്ടെ. നമ്മുടെ സേവനം ഭഗവാനിലുള്ള അനന്തമായ പ്രണയസമർപ്പണമായി മാറട്ടെ. ഹരേ കൃഷ്ണ!
ഉപസംഹാരം
ശ്രീമദ് ഭാഗവതത്തിന്റെ ദിവ്യയശസ്സിനെ സ്മരിക്കുന്നതിനും അതിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ പങ്കുചേരുന്നതിനും ലഭിച്ച അമൂല്യമായ അവസരമാണ് ഭദ്രപൂർണിമ. വൃന്ദാവന ധാമത്തിന്റെ ചൈതന്യത്തിൽ നിന്ന് ഭാഗവത ജ്യോതിസ്സ് കൂടുതൽ ഭവനങ്ങളിലേക്കും കുടുംബങ്ങളിലേക്കും ആത്മാർത്ഥതയുള്ള അന്വേഷകരിലേക്കും എത്തിക്കുവാൻ നമുക്ക് കൈകോർക്കാം. ശ്രീമദ് ഭാഗവതം നമ്മുടെ ഹൃദയങ്ങളെ ഭക്തികൊണ്ടും ആത്മീയജ്ഞാനംകൊണ്ടും ഭഗവാനിലുള്ള പ്രണയംകൊണ്ടും പ്രകാശപൂരിതമാക്കട്ടെ.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ആത്മീയ വിഷയങ്ങൾ വായിക്കുവാനും കേൾക്കുവാനുമായി താഴെ കാണുന്ന ലിങ്കുകൾ വഴി ഞങ്ങളോടൊപ്പം ചേരുക:
🌐 Website: https://suddhabhaktimalayalam.com
📲 Mobile App: https://play.google.com/store/apps/details?id=com.destine.suddhabhakti
✈️ Telegram: https://t.me/suddhabhaktimalayalam
💬 WhatsApp:https://chat.whatsapp.com/IElaVAiyfJsFQXEVZfbonR?mode=wwt
▶️ YouTube: https://www.youtube.com/@suddhabhakti
📘 Facebook:https://facebook.com/share/17aJNJJKiy
📷 Instagram:https://instagram.com/suddhabhaktimalayalam1
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.