ശിവഭഗവാന്റെ പ്രാർത്ഥനയും വിഘ്നേശ്വരന്റെ ആവിർഭാവവും
വാമനപുരാണത്തിൽ വിനായകന്റെ ആവിർഭാവത്തെക്കുറിച്ച് ഇപ്രകാരമാണ് പ്രതിപാദിക്കുന്നത്: പാർവതീദേവി തന്റെ സ്വേദബിന്ദുക്കളിൽനിന്ന് ഒരു രൂപമുണ്ടാക്കുകയും, അതിൽ ശിവഭഗവാന്റെ ശരീരത്തിലെ ഭസ്മം തൊട്ട് പ്രാണപ്രതിഷ്ഠ നടത്തുകയും ചെയ്തു. ആയതിനാൽ ഭഗവാൻ ‘അയോനിജൻ’ (ഗർഭപാത്രത്തിൽനിന്ന് ജനിക്കാത്തവൻ) എന്ന് അറിയപ്പെടുന്നു.
എന്നാൽ ബ്രഹ്മവൈവർത്തപുരാണം, ശിവപുരാണം, സ്കന്ദപുരാണം എന്നിവയിൽ പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്:
സന്താനസൗഭാഗ്യത്തിനായി പാർവതീദേവി ശിവഭഗവാനോട് അപേക്ഷിച്ചു: “മൂന്നു ലോകങ്ങൾക്കും നാഥനായ അങ്ങയെ നാഥനായി ലഭിച്ചിട്ടും എനിക്ക് ഒരു കുഞ്ഞില്ലല്ലോ. വന്ധ്യയായ സ്ത്രീയുടെ ജീവിതം നിഷ്ഫലമാണെന്നാണ് പറയപ്പെടുന്നത്.”
ദേവിയുടെ അഭിലാഷം മനസ്സിലാക്കിയ ശിവഭഗവാൻ ഇപ്രകാരം ഉപദേശിച്ചു: “സുചരിതേ! പുണ്യകവ്രതം അനുഷ്ഠിച്ച് ഭഗവാനിൽ ഭക്തി അർപ്പിക്കുന്നതിലൂടെ നിനക്ക് സർവതേജസ്വിയായ ഒരു മകനെ ലഭിക്കും. ഈ വ്രതത്തിലൂടെ ആരാധിക്കേണ്ടുന്നത് ശ്രീക്രിഷ്ണഭഗവാനെയാണ്. ഭക്തരുടെ ആഗ്രഹങ്ങൾ സാധിച്ചുനൽകുകയും അവരുടെ പൂർവികർക്ക് സദ്ഗതി പ്രധാനം ചെയ്യുകയും ചെയ്യുന്നത് അവിടുന്നാണ്. ഭഗവാന്റെ ദിവ്യമന്ത്രം ജപിക്കുന്നവർ സർവകാര്യവിജയവും നേടി ഒടുവിൽ ശാശ്വതമായ വൈകുണ്ഠധാമത്തിൽ നിത്യവാസം പ്രാപിക്കുന്നു.”
തദനന്തരം പാർവതീദേവി ഒരു വർഷം മുഴുവൻ ഏകാഗ്രഭക്തിയോടെ ശ്രീകൃഷ്ണഭഗവാനെ ധ്യാനിച്ച് ആ വ്രതം അനുഷ്ഠിച്ചു. പാർവതിയുടെ വ്രതം സഫലമാകുന്നതിനായി ശിവഭഗവാൻ തന്നെ ഭഗവാൻ ശ്രീകൃഷ്ണനെ സമീപിച്ചു. തത്സമയം ശ്രീകൃഷ്ണൻ ഇപ്രകാരം അരുളിച്ചെയ്തു:
“കാരുണ്യമൂർത്തേ! അങ്ങ് വൈഷ്ണവന്മാരിൽ അഗ്രഗണ്യനായതുകൊണ്ട് അങ്ങയുടെ പുത്രൻ ‘ഗണേശൻ’ എന്ന പേരിൽ മൂന്നു ലോകങ്ങളിലും പ്രശസ്തനാകും. അവനെ സ്മരിക്കുന്നതിലൂടെ പ്രാണികളുടെ ജീവിതത്തിലെ വിഘ്നങ്ങളെല്ലാം ഒഴിഞ്ഞുമാറും. അതിനാൽ അവൻ ‘വിഘ്നേശ്വരൻ’ എന്ന് അറിയപ്പെടും. അതുകൂടാതെ, ഭക്തർ അർപ്പിക്കുന്ന സകല നൈവേദ്യങ്ങളും സ്വീകരിക്കുന്നതിനാൽ അവൻ ‘ലംബോദരൻ’ (മഹോദരൻ) എന്നും അറിയപ്പെടും.”
“ശനിദേവന്റെ ദൃഷ്ടിപതിച്ച് ലംബോദരന്റെ ശിരസ്സ് ഛേദിക്കപ്പെടുകയും, തദ്സ്ഥാനത്ത് ഒരു ഗജശിരസ്സ് ഘടിപ്പിക്കപ്പെടുകയും ചെയ്യും; അതിനാൽ അവിടുന്ന് ‘ഗജാനനൻ’ എന്ന് അറിയപ്പെടും. പരശുരാമനുമായുള്ള യുദ്ധത്തിൽ ഒരു ദന്തം ഖണ്ഡിക്കപ്പെടുന്നതിനാൽ ‘ഏകദന്തൻ’ എന്നും വിളിക്കപ്പെടും. ഈ പ്രപഞ്ചമൊട്ടുക്കും ജനങ്ങൾ അവനെ പൂജിക്കും. മറ്റു ദേവന്മാരെ ആരാധിക്കുന്നതിന് മുൻപായി വിഘ്നേശ്വരനെ വന്ദിക്കുന്നവർ വിജയം വരിക്കും; അല്ലാത്തപക്ഷം അവരുടെ പരിശ്രമങ്ങൾ നിഷ്ഫലമായിത്തീരും.”
ഇവ്വണ്ണമാണ് ശ്രീഗണേശൻ ആവിർഭവിച്ചത്. തനയനെ നോക്കി ശിവഭഗവാൻ ഇപ്രകാരം ആശീർവദിച്ചു: “മകനേ! എന്റെ സ്വന്തം പ്രാണനേക്കാൾ പ്രിയപ്പെട്ടവനാണ് നീ എനിക്ക്. എന്നെപ്പോലെ തന്നെ നീയും ദാനധർമ്മങ്ങൾ ചെയ്യുക; ശ്രീഹരിയോട് അനന്യമായ ഭക്തി പുലർത്തുക! സർവാദരണീയനായി ശത്രുക്കളെ പരാജയപ്പെടുത്തുമാറാകട്ടെ!”
അതുകൊണ്ട്, ശ്രീഗണേശൻ സ്വതന്ത്രനായ ഒരീശ്വരനോ, പരമസ്രഷ്ടാവോ, സർവകാരണകാരണനോ അല്ലെന്ന് ഈ പുരാണകഥയിൽനിന്ന് വ്യക്തമാകുന്നു.
ശ്രീഗണേശൻ ശ്രീകൃഷ്ണഭഗവാന്റെ ദിവ്യസങ്കല്പത്താൽ ആവിർഭവിക്കുകയും, ഭഗവാനാൽ ശക്തി സമർപ്പിക്കപ്പെട്ട് ധർമ്മമാർഗത്തിൽ സഞ്ചരിക്കുന്നവരുടെ വഴിയിലെ വിഘ്നങ്ങളെ നിശേഷം അകറ്റുകയും ചെയ്യുന്നു.
ശ്രീ ബ്രഹ്മസംഹിതയിലെ സിദ്ധാന്തശ്ലോകവും അതിന്റെ പൊരുളും
ശ്രീ ബ്രഹ്മസംഹിതയിൽ (5.50) ബ്രഹ്മദേവൻ തന്റെ പ്രാർത്ഥനയിൽ ഇപ്രകാരം അരുളിച്ചെയ്യുന്നു:
യദ്പാദ പല്ലവയുഗം വിനിധായ കുംഭ-
ദ്വന്ദ്വേ പ്രണാമ സമയേ സ ഗണാധിരാജഃ
വിഘ്നാൻ വിഹന്തുമലമസ്യ ജഗത്രയസ്യ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം :
മൂന്നു ലോകങ്ങളുടെയും പുരോഗമനത്തിൽ വരുന്ന തടസ്സങ്ങൾ സംഹരിക്കുവാനുള്ള ശക്തി ലഭിക്കുവാൻ വേണ്ടി ഗണേശൻ ആരുടെ പാദാരവിന്ദങ്ങളെയാണോ, ആനത്തലയിൽനിന്നും മുഴച്ചു നിൽക്കുന്ന കൊമ്പുകളാൽ എപ്പോഴും മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നത് ആ പരമപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ബ്രഹ്മവൈവർത്തപുരാണത്തിൽ (4-6-117) ഇപ്രകാരം പ്രസ്താവിക്കുന്നു:
“ഗണേശഃ കാർത്തികേയശ്ചനത്വാ കൃഷ്ണം പരാത്പരം
നനാമ ശങ്കരം ധർമം അനന്തം കമലോദ്ഭവം”
(വിവർത്തനം : പരമപുരുഷനായ ശ്രീകൃഷ്ണഭഗവാനെ ആദ്യം പ്രണമിച്ചതിനുശേഷം, ശ്രീഗണേശനും കാർത്തികേയനും ശിവഭഗവാനേയും യമധർമരാജാവിനെയും അനന്തശേഷനെയും ബ്രഹ്മദേവനെയും സാഷ്ടാംഗം പ്രണമിച്ചു.)
ഇതിൽനിന്ന് വ്യക്തമാകുന്നത്, ഭഗവാൻ ശ്രീകൃഷ്ണന്റെ പരമമായ ഭഗവത്തത്വത്തെക്കുറിച്ച് അറിവില്ലാത്തവർ വിഘ്നങ്ങൾ നീങ്ങുന്നതിനായി ശ്രീഗണേശനെ പൂജിച്ച് വന്ദിക്കുന്നു എന്നാണ്.
ആദിവരാഹപുരാണത്തിൽ (211.85) ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ജന്മാന്തരസഹസ്രേഷു സമാരാധ്യ വൃഷധ്വജം
വൈഷ്ണവത്വം ലഭേത് കശ്ചിത് സർവപാപക്ഷയേ സതി”
(വിവർത്തനം : ആയിരമായിരം ജന്മങ്ങളിലൂടെ ഒരു ജീവൻ ശ്രീഗണേശനെയും മറ്റു ദേവന്മാരെയും ആരാധിക്കുകയും, തദ്ദ്വാരാ സർവപാപങ്ങളിൽനിന്നും മുക്തനാവുകയും ചെയ്തതിനുശേഷം മാത്രമാണ് വൈഷ്ണവത്വം എന്ന ഭക്തിയുടെ പരമപദത്തിലെത്തുവാൻ സാധിക്കുന്നത്.)
പദ്മപുരാണത്തിൽ ഇപ്രകാരം നിർദേശിക്കുന്നു:
“അനന്യശരണോ ഭക്തോ നാമമന്ത്രേഷു ദീക്ഷിതഃ
കദാചിന്നാർചയേദ് ദേവാൻ ഗണേശാദീംസ്തു വൈഷ്ണവഃ”
(വിവർത്തനം : ഭഗവാന്റെ ദിവ്യനാമമന്ത്രങ്ങളിൽ ദീക്ഷ സ്വീകരിച്ച് അവിടുത്തെ മാത്രം ശരണ പ്രാപിച്ച ഏകാന്തഭക്തനായ ഒരു വൈഷ്ണവൻ, ഒരിക്കലും ശ്രീഗണേശനെയോ മറ്റ് അന്യദേവന്മാരെയോ സ്വതന്ത്രരെന്ന ഭാവേന പൂജിക്കേണ്ടതില്ല.)
ആകയാൽ, ഒരു ശുദ്ധഭക്തന്റെ ഹൃദയവും മനസ്സും ആത്മാവും ഭഗവാൻ ശ്രീകൃഷ്ണനിലല്ലാതെ മറ്റാരിലും അനുരക്തമാകുകയില്ല.
പതിവ്രതയായ ഒരു സ്ത്രീ തന്റെ പ്രാണനാഥനിൽ മാത്രം പൂർണമായി ആശ്രയിച്ചു ജീവിക്കുന്നതുപോലെ, ഭഗവാന്റെ അനന്യഭക്തന്മാർ സർവാവസ്ഥയിലും ശ്രീകൃഷ്ണനെ മാത്രം ആശ്രയിച്ച്, പരിപൂർണ വിശ്വാസത്തോടും അഹേതുകമായ ഭക്തിയോടും കൂടെ ഭഗവൽസേവ അനുഷ്ഠിക്കുന്നു. ഇതാണ് കേവലമായ (ശുദ്ധമായ) ഭക്തിയുടെ ലക്ഷണം.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ആത്മീയ വിഷയങ്ങൾ വായിക്കുവാനും കേൾക്കുവാനുമായി താഴെ കാണുന്ന ലിങ്കുകൾ വഴി ഞങ്ങളോടൊപ്പം ചേരുക:
🌐 Website: https://suddhabhaktimalayalam.com
📲 Mobile App: https://play.google.com/store/apps/details?id=com.destine.suddhabhakti
✈️ Telegram: https://t.me/suddhabhaktimalayalam
💬 WhatsApp:https://chat.whatsapp.com/IElaVAiyfJsFQXEVZfbonR?mode=wwt
▶️ YouTube: https://www.youtube.com/@suddhabhakti
📘 Facebook:https://facebook.com/share/17aJNJJKiy
📷 Instagram:https://instagram.com/suddhabhaktimalayalam1
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.