ശ്രീ കൂർമം: കൂർമ്മ ഭഗവാൻ്റെ ദിവ്യസങ്കേതം
ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തുനിന്ന് ഏകദേശം 13 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന അതിവിശുദ്ധമായ ക്ഷേത്രമാണ് ശ്രീ കൂർമ ക്ഷേത്രം. ഇവിടെ ഭഗവാൻ വിഷ്ണു കൂർമ്മാവതാര രൂപത്തിൽ ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നു. മുൻപ് ഈ സ്ഥലം മനോഹരമായ ഒരു കുന്നിൻപ്രദേശമായിരുന്നതിനാൽ ‘ശ്വേതാചലം’ എന്നും അറിയപ്പെട്ടിരുന്നു.
ആദിശങ്കരൻ, രാമാനുജാചാര്യർ, മധ്വാചാര്യർ, ഭഗവാൻ ശ്രീ ചൈതന്യ മഹാപ്രഭു തുടങ്ങിയ ആചാര്യന്മാരുടെ പാദസ്പർശമേറ്റ പുണ്യഭൂമിയായതുകൊണ്ട്, കൂർമ ക്ഷേത്രം വൈഷ്ണവ തീർത്ഥാടന കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു.
കൂർമ്മാവതാരം
ഒരിക്കൽ അമൃത് ലഭിക്കുന്നതിനുവേണ്ടി ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി മഥനം നടത്തി. മന്ദര പർവ്വതത്തെ മത്തായും വാസുകി സർപ്പത്തെ കയറായും ഉപയോഗിച്ചാണ് മഥനം നടത്തിയത്. എന്നാൽ മന്ദര പർവ്വതത്തിൻ്റെ ഭാരം കാരണം അത് പാൽക്കടലിൽ താഴാൻ തുടങ്ങി. ദേവന്മാരും അസുരന്മാരും എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുന്ന ആ സന്ദർഭത്തിൽ, ഭഗവാൻ വിഷ്ണു ഒരു ആമയുടെ രൂപത്തിൽ (കൂർമ്മാവതാരം) കടലിൽ ഇറങ്ങി, പർവ്വതത്തെ തൻ്റെ പുറത്ത് താങ്ങിനിർത്തി.
അമൃതകുംഭവുമായി ധന്വന്തരി ഭഗവാൻ പ്രത്യക്ഷപ്പെട്ടപ്പോൾ, അസുരന്മാർ അദ്ദേഹത്തിൽ നിന്ന് അമൃത് തട്ടിയെടുത്തു. ഉടൻതന്നെ ഭഗവാൻ മോഹിനീ രൂപം ധരിച്ച് അസുരന്മാരെ മോഹിപ്പിക്കുകയും അമൃത് ദേവന്മാർക്ക് വിതരണം ചെയ്യുകയും ചെയ്തു. മന്ദര പർവ്വതത്തിൻ്റെ മുകളിൽ വിഷ്ണു ഭഗവാനും ഉണ്ടായിരുന്നുവത്രേ. അങ്ങനെ, കൂർമ്മം, ധന്വന്തരി, മോഹിനി, വിഷ്ണു എന്നിങ്ങനെ ഭഗവാൻ്റെ നാല് രൂപങ്ങളാണ് ഈ പാലാഴി മഥന ലീലയിൽ പങ്കെടുത്തത് എന്നത് ശ്രദ്ധേയമാണ്.
കൂർമ്മദേവൻ ഭക്തരുടെ ഭക്തിക്ക് അടിസ്ഥാനവും താങ്ങും നൽകുന്നതുപോലെ, കൂർമ്മാവതാരത്തെ ആരാധിക്കുന്നവരുടെ ഭക്തി സുസ്ഥിരമായി നിലനിൽക്കുമെന്ന് വൈഷ്ണവ ആചാര്യന്മാർ പറയുന്നു.

ക്ഷേത്ര ചരിത്രം
കൂർമ ക്ഷേത്രത്തിൽ ഭഗവാൻ കൂർമ്മദേവൻ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടതിനു പിന്നിൽ ഒരു കൗതുകകരമായ കഥയുണ്ട്. മുൻപ് ശ്വേതാചല പർവ്വതത്തിന് സമീപം ശ്വേത ചക്രവർത്തി എന്ന രാജാവ് വസിച്ചിരുന്നു. അദ്ദേഹത്തിൻ്റെ പത്നിയായ വിഷ്ണുപ്രിയ ഭഗവാൻ വിഷ്ണുവിൻ്റെ വലിയ ഭക്തയായിരുന്നു.
ഒരിക്കൽ ഏകാദശി നാളിൽ രാജ്ഞി വിഷ്ണുവിനെ ധ്യാനിച്ചിരിക്കുമ്പോൾ, രാജാവ് ശ്വേതർ തൻ്റെ ഇന്ദ്രിയപരമായ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനായി രാജ്ഞിയെ സമീപിച്ചു. എന്നാൽ തൻ്റെ വിശുദ്ധമായ ഏകാദശി വ്രതം കാത്തുരക്ഷിക്കാൻ വിഷ്ണുപ്രിയ ഭഗവാനോട് ഉള്ളുരുകി പ്രാർത്ഥിച്ചു.
അപ്പോൾ ഭഗവാൻ വിഷ്ണു അവിടെ ഒരു നീരൊഴുക്ക് സൃഷ്ടിക്കുകയും അത് രാജാവിനെ രാജ്ഞിയിൽ നിന്ന് വേർതിരിക്കുകയും ചെയ്തു. നീരൊഴുക്ക് വെള്ളപ്പൊക്കമായി മാറിയപ്പോൾ രാജാവ് ശ്വേതപർവ്വതത്തിലേക്ക് പോയി. തൻ്റെ തെറ്റ് മനസ്സിലാക്കിയ രാജാവ്, നാരദമുനിയുടെ അനുഗ്രഹത്താൽ ‘കൂർമ്മ നാരായണ’ മന്ത്രം നേടി കഠിന തപസ്സനുഷ്ഠിച്ചു. തപസ്സിൽ സംപ്രീതനായ കൂർമ്മദേവൻ രാജാവിന് ദർശനം നൽകി. ശ്വേത രാജാവിൻ്റെ ഭക്തിയിൽ അത്യധികം സന്തോഷിച്ച ഭഗവാൻ തൻ്റെ സുദർശന ചക്രമുപയോഗിച്ച് അവിടെ ഒരു അത്ഭുത കുണ്ഡം (തീർത്ഥക്കുളം) സൃഷ്ടിച്ചു. രാജാവിൻ്റെ അഭീഷ്ടപ്രകാരം ഭഗവാൻ അവിടെ കൂർമ്മരൂപത്തിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് ബ്രഹ്മാവിൻ്റെ നേതൃത്വത്തിൽ എല്ലാ ദേവന്മാരും ചേർന്ന് ശ്രീ കൂർമ്മനെ ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ഇന്നും ‘ശ്വേതപുഷ്കരിണി’ എന്നറിയപ്പെടുന്ന ഈ അത്ഭുത തീർത്ഥക്കുളം ക്ഷേത്രത്തിനു മുന്നിൽ മനോഹരമായി കാണപ്പെടുന്നു.


ക്ഷേത്ര ഘടന
ക്ഷേത്രത്തിൻറെ പ്രവേശന കവാടത്തിന്റെ ഭംഗി ഏവരെയും ആകർഷിക്കത്തക്കതാണ്. ക്ഷേത്രത്തിൻ്റെ മുൻഭാഗത്തും പിൻഭാഗത്തും കൊടിമരങ്ങൾ സ്ഥിതി ചെയ്യുന്നു എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
‘കൃഷ്ണകർണ്ണാമൃതം’ രചിച്ച ബിൽവമംഗല താക്കൂറിന് ഒരു പ്രത്യേക സാഹചര്യത്തിൽ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാൻ സാധിക്കാതെ വന്നു. അദ്ദേഹം പടിഞ്ഞാറ് ഭാഗത്തുള്ള മതിൽക്കെട്ടിന് സമീപം വിനയത്തോടും ഭക്തിയോടും പ്രാർത്ഥിച്ചപ്പോൾ, കിഴക്കോട്ട് ദർശനമായിരുന്ന കൂർമ്മദേവൻ, ബിൽവമംഗല താക്കൂർ നിന്നിരുന്ന പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞ് ദർശനം നൽകി. ഈ കാരണം കൊണ്ടാണ് ക്ഷേത്രത്തിൽ രണ്ട് കൊടിമരങ്ങൾ ഉള്ളതെന്നാണ് പറയപ്പെടുന്നത്.
ക്ഷേത്രത്തിൻ്റെ ഇടതുഭാഗത്ത് ബിൽവമംഗല താക്കൂറിനായി ഒരു ചെറിയ ശ്രീകോവിലുമുണ്ട്. വൈകുണ്ഠവാസി കൂടിയായ ബിൽവമംഗല താക്കൂർ ഇവിടെ നാല് കൈകളോടെയാണ് കാണപ്പെടുന്നത്. അഞ്ച് നിലകളുള്ള മനോഹരമായ ഗോപുരത്തോടുകൂടിയ കൂർമ്മദേവൻ്റെ ക്ഷേത്ര പ്രവേശന കവാടം കിഴക്ക് ദിശയിലേക്കാണ്. 210 തൂണുകളോടുകൂടി തലയുയർത്തി നിൽക്കുന്ന ഈ ക്ഷേത്രത്തിൻ്റെ ഇപ്പോഴത്തെ ഘടന ഏകദേശം 1,800 വർഷത്തിലധികം പഴക്കമുള്ളതാണ്. സ്വയംഭൂവായ കൂർമ്മദേവനെ ഭക്തർക്ക് അടുത്തുവന്ന് ദർശിക്കാമെന്നത് ഈ ക്ഷേത്രത്തിൻ്റെ മറ്റൊരു സവിശേഷതയാണ്.
രാമാനുജാചാര്യരുടെ സന്ദർശനം
രാമാനുജാചാര്യർ കൂർമ ക്ഷേത്രം സന്ദർശിച്ചതിനെക്കുറിച്ച് ‘നവദ്വീപ ധാമ മാഹാത്മ്യം, പരിക്രമ ഖണ്ഡം, പതിനഞ്ചാം അധ്യായത്തിൽ’ വിശദമായി പറയുന്നുണ്ട്. രാമാനുജർ ജഗന്നാഥപുരിയിൽ എത്തിയപ്പോൾ ഒരു ദിവസം ജഗന്നാഥ ഭഗവാൻ്റെ ഇച്ഛയാൽ കൂർമ ക്ഷേത്രത്തിലെത്തി. കൂർമ്മ വിഗ്രഹം ആദ്യം ഒരു ശിവലിംഗമാണെന്ന് കരുതി അദ്ദേഹം ഉപാസിച്ചു. പിന്നീട്, വിഗ്രഹത്തിന് തലയും വാലും ചെറിയ കാലുകളും ഉള്ളതായി കണ്ടപ്പോൾ അത് കൂർമ്മദേവനാണെന്ന് മനസ്സിലാക്കി. തുടർന്ന്, അദ്ദേഹം ശ്രീദേവി, ഭൂദേവി വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ച് പൂജാവിധികൾ ആരംഭിച്ചു.
മധ്വാചാര്യർ ഈ തീർത്ഥസ്ഥാനത്ത് എത്തിയപ്പോൾ കൂർമ്മദേവന് സമീപം സീതാ-രാമ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. ഭഗവാൻ ശ്രീരാമൻ്റെ പുത്രന്മാരായ ലവനും കുശനും ഈ സ്ഥലത്ത് വന്നിട്ടുണ്ട്. കൂടാതെ, ഭഗവാൻ ബലരാമനും ഇവിടെ എത്തിയിട്ടുണ്ട്.
ചൈതന്യ മഹാപ്രഭുവിൻ്റെ ആഗമനം
ശ്രീ ചൈതന്യ മഹാപ്രഭു തൻ്റെ തെക്കേ ഇന്ത്യാ പര്യടനത്തിനിടയിൽ 1512-ൽ കൂർമ ക്ഷേത്രത്തിൽ വന്നത് ശ്രദ്ധേയമാണ്. മഹാപ്രഭുവിൻ്റെ ഈ ആഗമനത്തെ അനുസ്മരിച്ചുകൊണ്ട് ശ്രീപാദ പ്രഭുപാദരുടെ ഗുരുവായ ശ്രീ ഭക്തിസിദ്ധാന്ത സരസ്വതി താക്കൂർ 1930-ൽ ഇവിടെ ചൈതന്യ മഹാപ്രഭുവിൻ്റെ പാദമുദ്രകൾ സ്ഥാപിച്ചു.
ചൈതന്യ മഹാപ്രഭു ഈ സ്ഥലത്ത് കൃഷ്ണഭക്തിയുടെ പരമമായ ആനന്ദത്തിൽ ആടുകയും പാടുകയും നാമസങ്കീർത്തനത്തിൽ പൂർണ്ണമായി മുഴുകുകയും ചെയ്തു. മഹാപ്രഭുവിനെ കണ്ട മാത്രയിൽ എല്ലാവരും ഭക്തരായി മാറി. അദ്ദേഹത്തിൻ്റെ ദിവ്യരൂപം കണ്ടവർ അത്ഭുതപ്പെട്ടുപോയി. മാത്രമല്ല, കൃഷ്ണപ്രേമത്തിൽ മുഴുകിയ ഈ ജനങ്ങൾ സ്വന്തം ഗ്രാമങ്ങളിൽ തിരിച്ചെത്തിയപ്പോൾ, അവരെ കണ്ട ഗ്രാമീണർ മുഴുവനും കൃഷ്ണപ്രേമത്തിൽ ലയിച്ചു. ആ ഗ്രാമത്തിലുള്ള ആരെങ്കിലും മറ്റ് ഗ്രാമങ്ങളിലേക്ക് പോയാൽ, അവിടെയുള്ളവരും കൃഷ്ണപ്രേമം അനുഭവിച്ചു. അത്രത്തോളം ശ്രീ ചൈതന്യ മഹാപ്രഭു തൻ്റെ അതീന്ദ്രിയ ശക്തിയാൽ മറ്റുള്ളവർക്ക് ഊർജ്ജം പകരുകയും എണ്ണമറ്റ ലീലകൾ പ്രകടിപ്പിക്കുകയും ചെയ്തു.
“ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ, ഹരേ ഹരേ / ഹരേ രാമ, ഹരേ രാമ, രാമ രാമ, ഹരേ ഹരേ” എന്ന മഹാമന്ത്രം ചൈതന്യ മഹാപ്രഭു ഇവിടെയും പ്രചരിപ്പിച്ചു. ഭാരതത്തിൽ ജനിച്ച ഓരോരുത്തരും ഈ മഹാമന്ത്രം എല്ലാ ജീവജാലങ്ങൾക്കും വിതരണം ചെയ്യണമെന്ന് അദ്ദേഹം ആജ്ഞാപിച്ചു.
കൂർമ ബ്രാഹ്മണൻ്റെ അപേക്ഷ
കൂർമ ക്ഷേത്രത്തിന് സമീപമുള്ള ഒരു ഗ്രാമത്തിൽ ശ്രീ ചൈതന്യ മഹാപ്രഭു വന്നപ്പോൾ, കൂർമ ബ്രാഹ്മണൻ അദ്ദേഹത്തെ തൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു. കൂർമ ബ്രാഹ്മണൻ ശ്രീ ചൈതന്യ മഹാപ്രഭുവിൻ്റെ പാദങ്ങൾ കഴുകിയ ജലം കുടുംബസമേതം പാനം ചെയ്തു. തുടർന്ന്, അദ്ദേഹം മഹാപ്രഭുവിനോട് അപേക്ഷിച്ചു: “പ്രിയപ്പെട്ട ഭഗവാനേ, എന്നോട് കരുണ കാണിച്ച് അങ്ങയോടൊപ്പം വരാൻ എന്നെ അനുവദിക്കണം. ഈ ഭൗതിക ദുരിതങ്ങളെ എനിക്ക് സഹിക്കാൻ കഴിയുന്നില്ല.”
എങ്കിലും, ചൈതന്യ മഹാപ്രഭു അദ്ദേഹത്തോട് ഗൃഹസ്ഥാശ്രമത്തിൽ (കുടുംബജീവിതം) തുടർന്നുകൊണ്ട് കൃഷ്ണനാമം ജപിക്കാൻ ഉപദേശിച്ചു. ഗൃഹസ്ഥജീവിതം ഉപേക്ഷിക്കുന്നതിൽ വലിയ താൽപര്യം കാണിക്കാതെ, പുണ്യനാമം ജപിച്ച് ഓരോരുത്തരും തങ്ങളുടെ അസ്തിത്വം ശുദ്ധീകരിക്കണം എന്നാണ് ചൈതന്യ മഹാപ്രഭു ഉപദേശിച്ചത്. ചൈതന്യ മഹാപ്രഭുവിൻ്റെ ഈ ആജ്ഞ കലിയുഗത്തിലെ ജനങ്ങൾക്കുള്ള പരമപ്രധാനമായ ഉപദേശമാണ്.
ഗുരുക്കന്മാരായി പ്രവർത്തിക്കുക
ഗൗഡീയ വൈഷ്ണവന്മാർക്കിടയിൽ വളരെ പ്രസിദ്ധമായ താഴെക്കൊടുത്തിരിക്കുന്ന ശ്ലോകം ചൈതന്യ മഹാപ്രഭു ആദ്യമായി കൂർമ ക്ഷേത്രത്തിൽ വെച്ചാണ് പറഞ്ഞതെന്നെന്നതും ശ്രദ്ധേയമാണ്:
ജാരെ ദേഖ താരെ കഹ കൃഷ്ണ-ഉപദേശ
ആമാര ആജ്ഞായ ഗുരു ഹഞ്ഞ താര ഏഇ ദേശ
“നിങ്ങൾ ആരെയാണോ കണ്ടുമുട്ടുന്നത്, അവർക്കെല്ലാം ഭഗവദ്ഗീത, ശ്രീമദ് ഭാഗവതം തുടങ്ങിയ കൃഷ്ണോപദേശങ്ങൾ നൽകുക. ഇപ്രകാരം, എൻ്റെ ആജ്ഞപ്രകാരം ഒരു ആചാര്യനായി പ്രവർത്തിച്ച് ഈ ഭൂമിയിലുള്ള എല്ലാവരെയും ഭൗതികബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കുക.”
(ശ്രീ ചൈതന്യ ചരിതാമൃതം, മധ്യ ലീലാ-7.128)
ഈ ഉപദേശം പിന്തുടരുകയാണെങ്കിൽ, ഗൃഹത്തിലെ ഭൗതിക ജീവിതം ആത്മീയ പുരോഗതിക്ക് തടസ്സമാകില്ലെന്നും തൻ്റെ (ചൈതന്യ മഹാപ്രഭുവിൻ്റെ) സാമീപ്യം ഒരിക്കലും നഷ്ടമാകില്ലെന്നും അദ്ദേഹം കൂർമ ബ്രാഹ്മണനെ ഉപദേശിച്ചു.

വാസുദേവ ബ്രാഹ്മണൻ്റെ വിനയം
കൂർമ ക്ഷേത്ര ഗ്രാമത്തിൽ താമസിച്ചിരുന്ന വാസുദേവൻ എന്ന ഒരു വൈഷ്ണവ ബ്രാഹ്മണൻ കുഷ്ഠരോഗം ബാധിച്ച് കഷ്ടപ്പെട്ടിരുന്നു. അദ്ദേഹം ചൈതന്യ മഹാപ്രഭുവിനെ ദർശിക്കാൻ അതിയായ ആഗ്രഹത്തോടെ കൂർമ ബ്രാഹ്മണൻ്റെ വീട്ടിലേക്ക് പോയി. എന്നാൽ അദ്ദേഹം വരുന്നതിന് തൊട്ടുമുമ്പ് ചൈതന്യ മഹാപ്രഭു ആ സ്ഥലം വിട്ടുപോയിരുന്നു. ഈ വാർത്ത കേട്ട് വാസുദേവ ബ്രാഹ്മണൻ ബോധരഹിതനായി വീണു.
വാസുദേവ ബ്രാഹ്മണൻ്റെ ആഗ്രഹം മനസ്സിലാക്കിയ പരമാത്മാവായ ശ്രീ ചൈതന്യ മഹാപ്രഭു ഉടൻതന്നെ ആ സ്ഥലത്തേക്ക് തിരികെ വന്നു. ചൈതന്യ മഹാപ്രഭു വാസുദേവ ബ്രാഹ്മണനെ ആലിംഗനം ചെയ്തപ്പോൾ, അദ്ദേഹത്തിൻ്റെ കുഷ്ഠരോഗവും എല്ലാ ദുരിതങ്ങളും തൽക്ഷണം നീങ്ങി, ശരീരം സൗന്ദര്യത്താൽ പ്രകാശിച്ചു.
വിനയത്തിനും താഴ്മയ്ക്കും പേരുകേട്ട വാസുദേവർ ചൈതന്യ മഹാപ്രഭുവിനോട് വിനയത്തോടെ ചോദിച്ചു: “അങ്ങ് എന്നെ ആലിംഗനം ചെയ്തതുകൊണ്ട് എനിക്ക് അങ്ങയുടെ കരുണയ്ക്ക് പാത്രമായി എന്ന അനാവശ്യമായ അഹങ്കാരം വന്നിരിക്കുന്നു. ഇത് എങ്ങനെ ഇല്ലാതാക്കും?” അതിന് ചൈതന്യ മഹാപ്രഭു മറുപടി നൽകി: “ഭഗവാൻ ശ്രീകൃഷ്ണൻ്റെ നാമം ഇടതടവില്ലാതെ ജപിക്കുകയും കൃഷ്ണനെക്കുറിച്ച് പ്രചരിപ്പിക്കുകയും ചെയ്യുക.”
കൂർമ ക്ഷേത്രഭൂമി
കൂർമ ക്ഷേത്രത്തിലെ കൂർമ ബ്രാഹ്മണൻ, വാസുദേവ ബ്രാഹ്മണൻ എന്നിവരിലൂടെ ലോകത്തിലെ എല്ലാ ആളുകളും കൃഷ്ണാവബോധ പ്രചാരണത്തിൽ ഏർപ്പെടണമെന്ന് ശ്രീ ചൈതന്യ മഹാപ്രഭു ആജ്ഞാപിച്ചിരിക്കുന്നു. ഇതാണ് നാം മറ്റു ജീവജാലങ്ങളോട് കാണിക്കേണ്ട യഥാർത്ഥ കാരുണ്യം. രാമാനുജർ, മധ്വാചാര്യർ, ചൈതന്യ മഹാപ്രഭു എന്നിങ്ങനെ നിരവധി ആചാര്യന്മാർ സന്ദർശിച്ച കൂർമ ക്ഷേത്രത്തിൽ പോകുന്നവരുടെ ഭക്തി സുസ്ഥിരമായി നിലനിൽക്കും എന്നതിൽ സംശയമില്ല.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
